Homeപെൺപക്ഷം

ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഭീകരാവസ്ഥ!

കുറച്ചു ദിവസങ്ങള്‍ക്കുമുമ്പ് സംഭവിക്കാന്‍ പാടില്ലാത്ത ഒരു സംഭവം ഇന്ത്യയില്‍ നടന്നു. 2002 ഗുജറാത്തില്‍ സംഘപരിവാര്‍ മുസ്ലിം ജനവിഭാഗങ്ങള്‍ക്കു നേരെ നടത്തിയ വംശഹത്യയും അത്തരം അക്രമസംഭവങ്ങള്‍ക്കിടയില്‍ നടന്ന അതിനീചമായ സ്ത്രീ പീഡനങ്ങളും ലോകജന സമക്ഷം കൃത്യമായി തുറന്നുകാട്ടിയ ഒരു ധീരയായ മനുഷ്യാവകാശ പ്രവര്‍ത്തകയാണ് ടീസ്റ്റ സെതല്‍വാദ്. അക്കാലത്ത് അവിടത്തെ ഒരു ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ശ്രീ ആര്‍.ബി.ശ്രീകുമാര്‍. നരേന്ദ്രമോദിയും അമിത്ഷായും നയിച്ച ഗുജറാത്തിലെ ബി.ജെ.പി.സര്‍ക്കാര്‍ സംഘപരിവാറിന്‍റെ ക്രിമിനല്‍ അജണ്ടയ്ക്ക് പൊലീസ് സേനയെ ഉപയോഗിച്ച് ഒത്താശ ചെയ്തതെങ്ങനെയെന്ന് കാര്യകാരണ സഹിതം മൊഴികൊടുത്തയാളാണ് ശ്രീകുമാര്‍.
ഇവരെ രണ്ടുപേരേയും ഗുജറാത്ത് പൊലീസ് അറസ്റ്റ് ചെയ്തു. തലേദിവസം സുപ്രീംകോടതി നല്കിയ ഒരു വിധിയുടെ പിന്‍ബലത്തിലാണ് ടീസ്റ്റയേയും ശ്രീകുമാറിനേയും കേന്ദ്ര സര്‍ക്കാര്‍ ഒത്താശയോടെ മുംബൈയിലെ അവരുടെ വീടുകളില്‍നിന്ന് അറസ്റ്റ് ചെയ്തത്.

2002ലെ വംശഹത്യക്കിടയില്‍ നടന്ന നരഹത്യകളില്‍ കുപ്രസിദ്ധമാണ് കോണ്‍ഗ്രസ് എം.പി ഇര്‍സാന്‍ ജിഫ്രിയുടെ അരുംകൊല. മുഖ്യമന്ത്രി നരേന്ദ്രമോദിയേയും ഉയര്‍ന്ന പൊലീസുദ്യോഗസ്ഥരേയും മാറി മാറി വിളിച്ചിട്ടും ആള്‍ക്കൂട്ട അക്രമത്തെ തടയാനോ നിയന്ത്രിക്കാനോ ഒരു വിരല്‍ പോലുമനക്കാതെ സംഘപരിവാറിന്‍റെ പദ്ധതികളെല്ലാം കൃത്യമായി നടപ്പിലാക്കിയ ശേഷമാണ് പൊലീസ് ഇടപെട്ടത്. എം.പി ജിഫ്രിയുടെ മാത്രമല്ല, അദ്ദേഹം ജീവിച്ച അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലെ മുസ്ലിങ്ങളായ സാധാരണ മനുഷ്യരെ തിരഞ്ഞുപിടിച്ച് കൊല്ലുകയും അദ്ദേഹത്തെ റോഡിലൂടെ വലിച്ചിഴച്ച് വെട്ടിക്കൊല്ലുകയുമാണ് ആ ആള്‍ക്കൂട്ടം ചെയ്തത്.

തൊട്ടടുത്ത നരോദാപാടിയ എന്ന മുസ്ലിം ചേരിയില്‍ നടന്ന അക്രമം അങ്ങേയററം ഞെട്ടിക്കുന്ന തായിരുന്നു. അവിടെ ഒരു കിണറുണ്ട്. ആ കിണറില്‍ ചേരിയിലെ മനുഷ്യരെ കൊന്നു തള്ളുകയായിരുന്നു. അക്രമികളില്‍ നിന്ന് രക്ഷ നേടാന്‍ തൊട്ടടുത്ത പൊലീസ്ക്യാമ്പില്‍ അഭയം പ്രാപിച്ച ചേരിനിവാസികളെ ആ ക്യാമ്പിന്‍റെ കവാടം പൂട്ടിയിട്ടുകൊണ്ടാണ് പൊലീസ് നേരിട്ടത്. കൗസര്‍ബാനു എന്ന പൂര്‍ണ ഗര്‍ഭിണിയുടെ നിറഞ്ഞ വയര്‍ കുത്തിക്കീറി ഗര്‍ഭസ്ഥ ശിശുവിനേയും അതിന്‍റെ ഉമ്മയേയും അറുത്തുകൊന്നു.
ഇത്തരം അക്രമങ്ങള്‍ക്കു പുറകില്‍ സംഘപരിവാറിന്‍റെ കൃത്യമായ ആസൂത്രണം മാത്രമല്ല, ഭരണസംവിധാനത്തിന്‍റെ സജീവമായ ഒത്താശയുമുണ്ടെന്നത് പകല്‍പോലെ വ്യക്തമാണ്. ഇത്തരം അപ്രിയ സത്യങ്ങള്‍ സ്വന്തം ജീവന്‍ പോലും പണയപ്പെടുത്തി തുറന്നു കാട്ടാന്‍ തയ്യാറായതും പീഡിത ജനവിഭാഗത്തോടൊപ്പംനിന്ന് നിയമപ്പോരാട്ടങ്ങള്‍ക്ക് വഴിയൊരുക്കിയതുമാണ് ടീസ്റ്റയും ശ്രീകുമാറും ചെയ്ത ‘കുറ്റം’. തങ്ങളുടെ ഹിന്ദുത്വ ഫാഷിസം നടപ്പിലാക്കുന്നതിന് തടസ്സമായ ആരേയും ഇല്ലാതാക്കുക എന്നത് സംഘപരിവാര്‍ അജണ്ടയാണല്ലൊ. ഗൗരീലങ്കേഷിനെപ്പോലെ, കല്‍ബുര്‍ഗിയെപ്പോലെ മാര്‍ഗതടസ്സങ്ങള്‍ വെട്ടിമാററുന്ന ഈ രീതി ഇന്ത്യന്‍ ജനാധിപത്യ, മതേതര സംവിധാനം തകിടംമറിച്ചേ അടങ്ങൂ. പോരാട്ടമല്ലാതെ ജനങ്ങള്‍ക്ക് വേറെ വഴിയില്ല.

അജിത കെ.

 

 

 

 

COMMENTS

COMMENT WITH EMAIL: 0