Homeചർച്ചാവിഷയം

ഉലച്ചിലിന്‍റെ രാഷ്ട്രീയം : ശരീരം, ചലനം, ലിംഗപദവി

രീരം, ചലനം, ലിംഗപദവി ഈ മൂന്ന് സങ്കല്പനങ്ങളേയും ചേര്‍ത്തുവച്ച് ആലോചിക്കാനുള്ള ശ്രമമാണിത്. മോഹിനിയാട്ടം പരിശീലിക്കുന്ന ഒരാള്‍(ണ്‍), ശരീരത്തെയും സമൂഹത്തെയും ആ നൃത്തരൂപത്തെയും അടുത്തറിയാന്‍ നടത്തുന്ന ശ്രമത്തിന്‍റെ ഭാഗം എന്നേ ഇതിനെ വിശേഷിപ്പിക്കേണ്ടതുള്ളൂ. സത്താപരമായ സംവര്‍ഗം എന്ന നിലയ്ക്കല്ല ഇവിടെ ആണ്‍, പെണ്‍ എന്നീ വിഭാഗങ്ങളെ അടയാളപ്പെടുത്തുന്നത് എന്ന് ആമുഖമായി പറയട്ടെ. ജൈവികമായതോ ആര്‍ജിച്ചെടുക്കുന്നതോ ആയ പ്രത്യേകതകള്‍ ഈ വിഭാഗങ്ങള്‍ക്കോരോന്നിനും സവിശേഷമായി ഉണ്ടായിരിക്കണം എന്നോ അതിനാല്‍ അവ വിഭിന്നങ്ങളാണ് എന്നോ ലേഖനം പറഞ്ഞു വയ്ക്കുന്നില്ല. ചരിത്രത്തില്‍ ഉറച്ചുപോയ സംവര്‍ഗങ്ങള്‍ എന്നേ ആണ്‍, പെണ്‍ എന്നീ സംജ്ഞകള്‍ ഉപയോഗിക്കുമ്പോള്‍ അര്‍ത്ഥമാക്കുന്നുള്ളൂ. അതിനാല്‍ തമ്മില്‍ കലരാത്ത, അനന്യമായ വിഭാഗങ്ങളാണവ എന്ന് മനസ്സിലാക്കേണ്ടതില്ല. ആ നിലയ്ക്ക് സ്വന്തം തന്മയെത്തന്നെ പൂര്‍ണമായ അര്‍ത്ഥത്തില്‍ ആണ്‍ എന്ന് വിളിക്കാന്‍ ഇവിടെ മുതിരുന്നുമില്ല. ചരിത്രപരവും ഭാഷാപരവുമായി ഈ വഴിയില്‍ പൊതുവെ ഉയരുന്ന വെല്ലുവിളികള്‍ ലേഖനത്തിനും നേരിടേണ്ടി വരും എന്ന് സാരം.

മോഹിനിയാട്ടം പഠിക്കുന്ന പുരുഷന്‍ എപ്പോഴും നേരിടേണ്ടി വരുന്ന ചോദ്യമാണ്, മോഹിനിയാട്ടം പുരുഷന്മാര്‍ ചെയ്യുമോ എന്നത്. നിലവില്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്ന പുരുഷനര്‍ത്തകരെ എണ്ണിയെടുത്തു പറഞ്ഞാല്‍ മാത്രം തീരുന്നതല്ല ആ സംശയം. അതിനകത്ത് ഒരു കലാരൂപത്തിന്‍റെ സൗന്ദര്യശാസ്ത്രപരമായ അംശങ്ങള്‍ എങ്ങനെയാണ് ലിംഗപദവിപരം ആയിത്തീരുന്നത് എന്നതിനെ സംബന്ധിക്കുന്ന ചില കാര്യങ്ങളുണ്ട്. ശരീരത്തെ, അതിന്‍റെ ചലനത്തെ ലിംഗപദവിപരം ആക്കിത്തീര്‍ക്കുന്നതിന്‍റെ രാഷ്ട്രീയവുമുണ്ട്. അത്തരം ചില കാര്യങ്ങളെക്കുറിച്ചാണ് ഈ ലേഖനം.

മോഹിനിയാട്ടം ‘സ്ത്രീകളുടെ കല’ എന്ന് പൊതുവെ അംഗീകരിക്കപ്പെടുമ്പോഴും എല്ലാ സ്ത്രീകളേയും മോഹിനിയാട്ടത്തിന് ഇണങ്ങുന്നവരാണെന്ന് കണക്കാക്കി കാണുന്നില്ല. മെലിഞ്ഞു നീണ്ട ശരീരമുള്ളവര്‍ക്ക് യോജിച്ചതല്ല മോഹിനിയാട്ടം എന്ന പൊതുബോധം ശക്തമാണ്. ഉയരമുള്ള ശരീരത്തിന്‍റെയും മെലിഞ്ഞു നീണ്ട കൈകാലുകളുടേയും പേരില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് ദിവ്യ നെടുങ്ങാടിയെപ്പോലുള്ള നര്‍ത്തകര്‍ തുറന്നു പറയാറുണ്ട്. മോഹിനിയാട്ടത്തിന് ചേര്‍ന്ന സ്ത്രീശരീരം, ചേരാത്ത സ്ത്രീ ശരീരം എന്ന ദ്വന്ദം സമൂഹം നിര്‍മ്മിച്ചിട്ടുണ്ട്. അവിടെയാണ് ‘സ്ത്രീ’ എന്ന സംവര്‍ഗത്തെ തന്നെ പ്രശ്നവല്‍ക്കരിക്കേണ്ടി വരുന്നത്. സ്ത്രീകളുടെ കല എന്നതിലെ സ്ത്രീ എന്താണ് എന്ന് ചോദിക്കേണ്ടി വരുന്നത്. ‘സ്ത്രൈണം’ എന്ന് സാമ്പ്രദായികമായി നിര്‍വചിച്ചെടുത്ത കല്പനയോട് തീര്‍ത്തും യോജിച്ച് പോകുന്ന ഒരു ശരീരമാണ് മോഹിനിയാട്ടത്തിന് അനുഗുണമായ സ്ത്രീ ശരീരമായി പൊതുവെ കണക്കാക്കുന്നത്.

മോഹിനിയാട്ടചലനത്തെ പലപ്പോഴും അടയാളപ്പെടുത്തുന്നത് ‘ഉലച്ചില്‍’ ആയാണ്. ഈ ഉലച്ചിലിനെ തെങ്ങോലകളുടെ, നെല്‍ക്കതിരിന്‍റെ ചലനത്തോട് ചേര്‍ത്തുനിര്‍ത്തി അവതരിപ്പിക്കുന്നത് പതിവാണ്. നാട്യശാസ്ത്രഗ്രന്ഥങ്ങളുടെ വെളിച്ചത്തില്‍ ഈ ഉലച്ചിലിനെ ‘ആന്തോളിക’ എന്ന സാങ്കേതികപദത്തിലൂടെ ഡോ. നീന പ്രസാദ് അവതരിപ്പിക്കുന്നുണ്ട്. എങ്ങനെ ആയാലും ഒരു നൈരന്തര്യത്തെ മോഹിനിയാട്ട ചലനത്തില്‍ കണ്ടെടുക്കാം. ആ ചലനം ക്രമത്തില്‍ ആവര്‍ത്തിക്കുന്ന ഒന്നാണ്. വര്‍ത്തുളവുമാണ്. മോഹിനിയാട്ടത്തിലുള്ള ‘ആട്ടം’ എന്താണെന്നതും പരിശോധിച്ചുനോക്കാവുന്നതാണ്. ‘ഊഞ്ഞാലാട്ടം’, ‘ചാഞ്ചാട്ടം’ എന്നിവ പോലെ, ‘ആട്ടം’ ചേര്‍ന്ന വാക്കുകള്‍ ഇപ്പോഴും പ്രചാരത്തിലുണ്ടല്ലോ. അവിടെയൊക്കെ ആട്ടം എന്നത് ഇളക്കത്തേയോ നിരന്തരമുള്ള ചലനത്തെയോ ഒക്കെ കുറിക്കുന്നു. അത് സ്ത്രൈണമായ ഗുണമായി കണക്കാക്കപ്പെടുന്ന സമൂഹമാണ് നമ്മുടേത്. അപ്പുറത്ത് ഉറപ്പിന്‍റെയും ദൃഢതയുടെയും പര്യായമാണ് ആണത്തം എന്നത്. അതിനാല്‍ ഉലയുന്ന, ആടുന്ന ഒരു പുരുഷശരീരം സങ്കല്പിക്കാന്‍ ഈ സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാവുന്നത് സ്വാഭാവികമാണ്.

ആണുങ്ങള്‍ മോഹിനിയാട്ടം ചെയ്യുമോ എന്ന ചോദ്യത്തിന് അനുബന്ധമായി ഉയരുന്ന വേറെ ചില ചോദ്യങ്ങളും ഉണ്ട്. ഏത് വേഷം ധരിക്കും? മുടി എന്തു ചെയ്യും? എന്നിങ്ങനെ ആഹാര്യത്തെ സംബന്ധിക്കുന്നവയാണ് അതിലൊരു വിഭാഗം. മറ്റൊരു വിഭാഗം മോഹിനിയാട്ടത്തില്‍ അവതരിപ്പിച്ചു കാണുന്ന വിഷയങ്ങളെ പറ്റിയുള്ളതാണ്. ശൃംഗാരം എങ്ങനെ അവതരിപ്പിക്കും? നായികയുടെ ഭാവങ്ങള്‍ എങ്ങനെ കൊണ്ടുവരും? എന്നീ ചോദ്യങ്ങള്‍ അക്കൂട്ടത്തില്‍ പെടുന്നു. വാസ്തവത്തില്‍ ഈ ചോദ്യങ്ങളുടെ ആധാരം സാമൂഹികമായി നടക്കുന്ന ശരീരചലനത്തിന്‍റെ ലിംഗപദവി ക്രമപ്പെടുത്തല്‍ (ജെന്‍ററിങ്) എന്ന പ്രക്രിയയാണെന്നാണ് ഈ ലേഖനം വാദിക്കുന്നത്. അതിന്‍റെ അനുബന്ധമായി ഉയരുന്ന പ്രശ്നങ്ങളാണ് മേല്‍പ്പറഞ്ഞവ. അങ്ങനെ നോക്കുമ്പോള്‍ ആണുങ്ങള്‍ മോഹിനിയാട്ടം ചെയ്യുമോ എന്ന ചോദ്യത്തിനടിയില്‍ ആണ്‍ശരീരം ഉലയാനുള്ളതാണോ എന്ന ചോദ്യം അടിഞ്ഞുകിടക്കുന്നതായി കാണാം. അതിനാല്‍ ഉറച്ചു പടുത്ത ഒരു ശരീരത്തില്‍ നിന്ന് വിടുതി നേടിയ, രാഷ്ട്രീയപ്രാധാന്യമുള്ള ശരീരമാണ് ഒരു മോഹിനിയാട്ട നര്‍ത്തകന്‍റേത് എന്ന് പറയാം.

ഉപസംഹാരം
‘സ്ത്രീകളുടെ കല’ എന്ന സംജ്ഞയെ പ്രശ്നവല്‍ക്കരിക്കുമ്പോള്‍ ശരീരത്തെയും അതിന്‍റെ ചലനത്തെയും ലിംഗപദവിപരമായി പരുവപ്പെടുത്തി ചെയ്തുവന്നതിന്‍റെ രാഷ്ട്രീയമാണ് തെളിഞ്ഞു വരുന്നത്. ഓരോ ലിംഗപദവി സ്വത്വത്തിനും പൂര്‍വ്വനിശ്ചിതമായ ചില ശാരീരിക പ്രത്യേകതകളും, ശരീരചലന സാധ്യതകളും സാമൂഹം കല്പിച്ചിട്ടുണ്ട്. മോഹിനിയാട്ടത്തെ സ്ത്രീകളുടെ കല എന്ന് വിളിച്ചുപോരുന്നത് അതിന്‍റെ അടിസ്ഥാനത്തിലാണ്. എന്നാല്‍ പുതിയൊരു ശരീരസാധ്യത മുന്നോട്ട് വയ്ക്കാന്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്ന നര്‍ത്തകന് സാധിച്ചേക്കും. കാരണം സമൂഹം പരിചയപ്പെട്ടിട്ടില്ലാത്ത ഒരു പുതിയ പുരുഷശരീരമാണ് മോഹിനിയാട്ടനര്‍ത്തകന്‍റേത്. അത് ഉലയുന്ന ഒരു പുരുഷശരീരമാണ്.

*( ഇരിങ്ങാലക്കുടയില്‍ പ്രവര്‍ത്തിക്കുന്ന നടനകൈരളിയിലെ മോഹിനിയാട്ട വിദ്യാര്‍ത്ഥിയുമായ ലേഖകന്‍, സാന്‍ ഫ്രാന്‍സിസ്കോയിലെ Nava Dance Theatre സൗത്ത് ഏഷ്യന്‍ നര്‍ത്തകര്‍ക്ക് വേണ്ടി നടത്തുന്ന വിര്‍ച്വല്‍ റെസിഡന്‍സി പ്രോഗ്രാമില്‍, മോഹിനിയാട്ടത്തില്‍ ഫെല്ലോഷിപ്പ് കരസ്ഥമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര തലത്തില്‍ വ്യത്യസ്ത വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പത്ത് കലാകാരന്‍മാരെയാണ് ഇതിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.)
ചിത്രങ്ങള്‍ : ആസാദ്

അമിത്ത് കെ.
ഗവേഷകന്‍
മലയാള വിഭാഗം
ശ്രീ ശങ്കരാചാര്യ
സംസ്കൃത സര്‍വകലാശാല കാലടി

COMMENTS

COMMENT WITH EMAIL: 0