Homeഅനുസ്മരണം

ഇനിയീ മനസ്സില്‍ കവിതയില്ല

കെ.എ.ബീന

സുഗതകുമാരി ടീച്ചര്‍ യാത്രയായപ്പോള്‍ നമുക്ക് നഷ്ടപ്പെട്ടത് സര്‍ഗ് സമ്പന്നയും സമര്‍പ്പിത ചേതസ്സുമായ ഒരു കവി മാത്രമല്ല , വലിയൊരു പ്രസ്ഥാനം തന്നെയാണ് . സാഹിത്യ സാമൂഹിക – പാരിസ്ഥിതിക- രാഷ്ട്രീയ മേഖലകളിലെമ്പാടും ഇത്രയധികം സ്വാധീനം ചെലുത്തിയ ഇത്രയധികം സാന്നിധ്യം തെളിയിച്ച മറ്റൊരു വ്യക്തി കേരളത്തിന്‍റെ സമീപകാല ചരിത്രത്തില്‍ വേറെ ഉണ്ടായിട്ടില്ല.

മഹാമാരി കവര്‍ന്നെടുത്തത് ചെറിയൊരു ജീവിതമല്ല . തികച്ചും പുരുഷാധിപത്യം നില നില്‍ക്കുന്ന സമൂഹത്തില്‍ സ്ത്രീകള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുന്ന മറ്റൊരാള്‍ സുഗതകുമാരി ടീച്ചറെപ്പോലെ , സമീപഭാവിയില്‍ ഇനിയുണ്ടാകുമെന്ന് തോന്നുന്നില്ല . ടീച്ചര്‍ ഇവിടെ ഉപേക്ഷിച്ചു പോയത് നിരാലംബരുടേയും പ്രാന്ത വത്കരിക്കപ്പെട്ടവരുടെയും വലിയൊരു പ്രതീക്ഷയാണ്, അവര്‍ ശുന്യമാക്കി പോയത് ഈ വിഭാഗത്തിലുള്ള സ്ത്രീക ളുടേയും കുട്ടികളുടേയും കരുത്തുറ്റ ശബ്ദം കൂടിയാണ് . അത്രയും നിര്‍ഭയത്തോടെയാണ് ടീച്ചര്‍ അനീതിക്കെതിരെ പോരാടിയത് .
നമുക്കറിയാം കവിയെന്ന നിലയില്‍ സുഗതകുമാരി ടീച്ചര്‍ക്ക് മലയാള സാഹിത്യത്തിലുള്ള ഉന്നത സ്ഥാനം. മലയാളത്തിലെ ഏറ്റവുമുയര്‍ന്ന ശ്രേണിയിലാണ് അവരുടെ പദവി. നാമത് വേണ്ടവിധം മനസിലാക്കിയിട്ടുണ്ടോ എന്ന് പോലും സംശയമാണ്. ആധുനിക മലയാള കവിത നിലനില്‍ക്കുന്നത്. അന്നെ ഇത്രയും വലിയൊ രു അടിത്തറയിലാണെന്ന വസ്തുത കൂടി ചരിത്രം നാളെ അടയാളപ്പെടുത്തും. കാവ്യമേഖലയ്ക്ക് അവര്‍ നല്‍കിയ സംഭാവനക്കുളെക്കുറിച്ച് എന്നെപ്പോ ലെയൊരാള്‍ വിധിയെഴുതേണ്ട ആവശ്യവുമില്ല . ചേതോഹരമായ ആ കവിതകള്‍ തന്നെയാണ് അതിനു സാക്ഷ്യം.
സുഗതകുമാരി പരിസ്ഥിതി മേഖലയിലും മറ്റ് സാമൂഹിക മേഖല കളിലും അര്‍പ്പിച്ച സേവനങ്ങള്‍ നിസ്ഥുലമാണ് . ലോകപരിസ്ഥിതി പ്ര സ്ഥാനത്തിന് പോലും വലിയൊരു ഊര്‍ജം പകര്‍ന്ന സൈലന്‍റ് വാലി പോരാട്ടത്തിനു മുന്‍നിരയില്‍ ടീച്ചറുണ്ടായിരുന്നു. ഇന്ന് സൈലന്‍റ് വാലി വനമേഖല മാത്രമല്ല, സഹ്യാദ്രിയുടെ താഴ്വാരമാകെ അതിന്‍റെ ശ്വാസം നിലനിര്‍ത്തുന്നത് പോലും സുഗതകുമാരി ടീച്ചറും മറ്റും നടത്തിയ പ്രക്ഷോപത്തിന്‍റെ കൂടി ഫലമാണ്. അന്തരീക്ഷ മലിനീകര ണത്തിനും വന നശീകരണത്തിനുമെതിരായ പോരാ ട്ടങ്ങളത്രയും കേരള ചരിത്രത്തിലെ മായാമറകളാണ്, സൈലന്‍റ് വാലിയിലെ നിര്‍ദ്ദിഷ്ട വൈദ്യുതി പദ്ധതി, കാടുകളുടെ പച്ചപ്പ് നഷ്ടപ്പെടുത്തുമെന്നും പാരിസ്ഥിതിക സന്തുലനം തകര്‍ക്കുമെന്നറിഞ്ഞ് അസ്വസ്ഥയായ ടീച്ചര്‍ , എന്‍.വി കൃഷ്ണവാര്യരേയും മറ്റും കണ്ട് ഇതിനായി ഒരു പ്രസ്ഥാനം തന്നെ രൂപം നല്‍കി, കവികളും എഴുത്തുകാരും പരിസ്ഥിതി നാശത്തിനെതിരെ ശബ്ദമുയര്‍ത്തി . മേധാപട്കറെപ്പോലുള്ളവര്‍ സൈലന്‍റ് വാലിയുടെ നിലനില്‍പിനായി മുന്‍ നിരയില്‍ നിന്നത് സുഗതകുമാരി ടീച്ചറെപ്പോലുള്ളവരുടെ പ്രേരണ കാരണം കൂടിയായിരുന്നു . അവസാനം പദ്ധതി ഉപേക്ഷിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി.
കേരളത്തിനകത്തും പുറത്തുമുള്ള അടിച്ചമര്‍ത്തപ്പെടുന്ന, ആത്മാവ് ചുട്ടുപൊള്ളുന്ന അബലകളും അഗതികളും ആയ ആര്‍ക്കും ഏതു സമയവും കടന്നു ചെല്ലാനും സങ്കടങ്ങള്‍ കേള്‍പ്പിക്കാനും ഉണ്ടായിരുന്നത് ടീച്ചറായിരുന്നു. മനസ്സിനും ശരീരത്തിനും മുറിവേറ്റ സ്ത്രീകളെ ഒന്നാകെ അവര്‍ ചേര്‍ത്ത് പിടിച്ചു . അഭയ, അത്താണി തുടങ്ങിയ കൂട്ടായ്മകളിലെ അവരുടെ സേവനം ചെറുതല്ല.. അധികൃതര്‍ക്കു മുന്നില്‍ അബലകളുടെ പ്രശ്നങ്ങള്‍ അവതരിപ്പിക്കാന്‍ അവര്‍ മുന്‍കൈയെടുത്തു. നീതി നിഷേധത്തിനെതിരെ സുധീരം പൊരുതി. അധികാരികളുടെ മുന്നില്‍ ശിരസ്സുയര്‍ത്തി പിടിച്ചു. പല പോരാട്ടങ്ങളും വിജയംകണ്ടു. രാപ്പകലില്ലാതെയുള്ള ടീച്ചറുടെ സമരങ്ങള്‍. ഞങ്ങള്‍ക്കൊക്കെ എന്നും ആവേശമായിരുന്നു. സ്വന്തം പ്രശ്നങ്ങളത്രയും മാറ്റിവെച്ചുകൊണ്ട് പരക്ഷേമ താല്പര്യത്തിനായുള്ള പ്രതിരോധമാണ് അവര്‍ നടത്തിയത്. എഴുത്ത് പോലും ടീച്ചര്‍ക്ക് ഒരു പ്രതിരോധം ആയിരുന്നു. നന്മക്കായുള്ള എല്ലാ വിവിധ പോരാട്ടങ്ങളുടെയും മുന്നില്‍ അവരുണ്ടായിരുന്നു. നമുക്ക് ചുറ്റിലുമുള്ള മനുഷ്യരുടെ വ്യഥകളിലായിരുന്നു സുഗതകുമാരി ടീച്ചര്‍ക്കുള്ള ഉത്കണ്ഠ. സാമൂഹിക പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്ന സ്ത്രീകള്‍ പലവിധ പരിഹാസങ്ങള്‍ക്കും വിധേയമാകുന്ന കേരളീയ പരിസരത്ത് നിന്ന് കൊണ്ടാണ് അവര്‍ അന്ത്യം വരെ പോരാട്ടം തുടര്‍ന്നു കൊണ്ടുപോയതെന്നത് പുതുതലമുറക്കാകെ മാതൃകയാണ്. എല്ലാ വിഷമങ്ങളെയും മറികടന്നാണ് ടീച്ചര്‍ നമുക്കെല്ലാം വേണ്ടി ഉറങ്ങാത്ത മനസ്സും അടയാത്ത കണ്ണുകളുമായി കാത്തിരുന്നത്. നിരാലംബരായ പെണ്‍കുട്ടികള്‍ക്ക് വേണ്ടിയുള്ള ശബ്ദമാണ് നിലച്ചു പോയത് . ഞങ്ങളെ സംബന്ധിച്ചിടത്തോളം തിരുവനന്തപുരത്തെ മാത്രമല്ല കേരളത്തിലെ മുഴുവന്‍ എഴുത്തുകാരികളുടെയും വനിതാ സാമൂഹിക പ്രവര്‍ത്തകരുടെയും എല്ലാം പ്രവര്‍ത്തനങ്ങളുടെ ഒരു കേന്ദ്ര ബിന്ദുവായിരുന്നു സുഗതകുമാരി ടീച്ചര്‍. ഉപദേശങ്ങള്‍ തേടാനും വിലപ്പെട്ട നിര്‍ദ്ദേശങ്ങള്‍ കേള്‍ക്കാനുമുള്ള കരുതലിന്‍റെ ഒരു രക്ഷാ കേന്ദ്രം. അവരെ ആദരിക്കാന്‍ തിരുവനന്തപുരത്തെ സ്ത്രീകൂട്ടായ്മ മുന്‍കൈയെടുത്ത് ‘പവിഴമല്ലി ‘ എന്ന പേരില്‍ ഒരു പരിപാടി സംഘടിപ്പിച്ചത് ഓര്‍ക്കുന്നു. അവരുടെ എണ്‍പത്തി രണ്ടാം പിറന്നാളിനായിരുന്നു ഇത്. ഒരുമാസം നീണ്ടുനിന്ന പവിഴമല്ലിയുടെ ഭാഗമായി 82 പൂമരങ്ങള്‍ പലസ്ഥലത്തും നട്ടുപിടിപ്പിക്കുകയും വന്ദനാ ശിവ , കെ.അജിത ,മേധാപട്ക്കര്‍ തുടങ്ങി നിരവധി പേരുടെ സാന്നിധ്യം ചടങ്ങ് അനുഗ്രഹീതമാക്കുകയും ചെയ്തു. ടീച്ചറെ സംബന്ധിച്ചിടത്തോളം ഏറ്റവും സന്തോഷപ്രദമായ ചടങ്ങായിരുന്നു ഇത് ഞങ്ങളുടെ സ്നേഹവും ആരാധനയും എല്ലാം ഈ പ്രവര്‍ത്തിയിലൂടെ തെളിയിക്കാനും കഴിഞ്ഞു.
എനിക്ക് വഴികാട്ടിയും അമ്മയുമായിരുന്നു സുഗതകുമാരി ടീച്ചര്‍. ഒരുപാട് സ്നേഹവും വാത്സല്യവും സൗഹൃദവും അവര്‍ പങ്കുവച്ചു തന്നു. ഏറ്റവും ഒടുവില്‍ അവരുടെ സമ്പൂര്‍ണ്ണ കവിതകള്‍ ‘എന്‍റെ കൊച്ചു കൂട്ടുകാരിക്ക്’ എന്ന് പറഞ്ഞാണ് ഒപ്പിട്ട് തന്നത്. അത്രയേറെ കരുതലായിരുന്നു ടീച്ചര്‍ ഞങ്ങള്‍ക്കൊക്കെ നല്‍കിയത്. നിറഞ്ഞ സങ്കടത്തോടെ പ്രിയപ്പെട്ട ടീച്ചര്‍ക്ക് സ്നേഹാഞ്ജലി അര്‍പ്പിക്കുമ്പോള്‍ അവര്‍ പകര്‍ന്നു തന്ന വാത്സല്യവും എക്കാലത്തും ഞങ്ങളെപ്പോലെയുള്ളവരുടെ വരുംകാല ജീവിതത്തെ സുരഭിലം ആക്കുമെന്ന് ഉറപ്പാണ്.

കെ.എ.ബീന
എഴുത്തുകാരി, പത്രപ്രവര്‍ത്തക

COMMENTS

COMMENT WITH EMAIL: 0