Homeചർച്ചാവിഷയം

കാടനക്കങ്ങളില്‍ കവിത പെയ്യുമ്പോള്‍ -ഗോത്ര കവിത-കാടും ജീവിതവും

ജൈവീക മണ്ഡലത്തെ തനത് ഭാഷ കൊണ്ട് അടയാളപ്പെടുത്തുന്ന ആദിവാസി സാഹിത്യപരിസരം സമകാലിക മലയാളത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയാണ്. അരികുവത്ക്കകരിക്കപ്പെട്ട ജനതയുടെ ജീവിതം ,ചുറ്റുപാട് ,ആശകള്‍ എല്ലാം വാമൊഴി പാരമ്പര്യത്തില്‍ അടയാളപ്പെട്ടതുപോലെ ആദിവാസി വിഭാഗങ്ങളുടെ വര്‍ത്തമാനകാല ജീവിതം ,സംസ്കാരം, പ്രതിരോധമെല്ലാം കവിതയിലും ഉള്‍ക്കൊള്ളുന്നു.കാടകങ്ങളില്‍ നിന്ന് ലോകത്തെ ആകമാനം പ്രതിനിധീകരിക്കുന്ന ജൈവകവിതകളാണ് അവയോരോന്നും.
കേരളത്തിലെ വിവിധ ഗോത്രങ്ങളില്‍ നിന്ന് ഇന്ന് കവിതയെഴുതുന്നവരുണ്ട് . അവരില്‍ ശ്രദ്ധേയരാണ് അശോകന്‍ മറയൂര്‍ ,ശിവലിംഗന്‍, പ്രകാശ് ചെന്തളം, സുകുമാരന്‍ ചാലിഗദ്ദ, ആര്‍.കെ അട്ടപ്പാടി, മണികണ്ഠന്‍ അട്ടപ്പാടി,ശാന്തി പനയ്ക്കന്‍, ലിജിന കടുമേനി, രശ്മി ടി ,ബിന്ദു ഇരുളം ,രാജി രാഘവന്‍ , ഉഷ ,സിന്ധു ചുള്ളിയോട് ,അജിത ,അംബിക,സീന തച്ചങ്ങാട് തുടങ്ങിയവര്‍ ഭാഷ കൊണ്ടും രചനാശൈലി കൊണ്ടും വ്യത്യസ്തത പുലര്‍ത്തുന്നവരാണ് ഓരോരുത്തരും. സ്വന്തം ജീവിത പരിസരങ്ങള്‍ തന്നെയാണ് അവയുടെ കാമ്പും.
മുഖ്യധാര സാഹിത്യം പെണ്ണെഴുത്തിനെ എഴുത്തിനുള്ളിലെ പെണ്ണിനെ പലതരത്തില്‍ പ്രതിനിധാനം ചെയ്തിട്ടുണ്ട്. അത്തരം സാഹചര്യത്തില്‍ ഗോത്രവര്‍ഗ്ഗ സ്ത്രീകളുടെ ജീവിതത്തെയും പരാമര്‍ശിച്ചുള്ള കൃതികളും മലയാളസാഹിത്യത്തിന്‍റെതായുണ്ട്.
ഗോത്ര സമൂഹം സമത്വത്തില്‍ വിശ്വസിക്കുന്നു സാമ്പത്തിക-സാമൂഹിക ആചാര അനുഷ്ഠാനങ്ങള്‍ എന്നു തുടങ്ങി ഒരു വ്യക്തിയുടെ ജനനം മുതല്‍ മരണാനന്തരം വരെ വിഭിന്നമായ കര്‍ത്തവ്യങ്ങളും അവകാശങ്ങളും പദവികളുമെല്ലാം ഉള്‍ക്കൊള്ളുന്നവ കൂടിയാണ്.എങ്കിലും ഗോത്ര ജീവിതത്തില്‍ പലപ്പോഴും വിലക്കുകളെയും അഭിമുഖീകരിക്കേണ്ടതായിട്ടുണ്ട് .ഈ ജീവിതപരിസരങ്ങളില്‍ നിന്ന് ഗോത്രഭാഷയില്‍ കവിതകളെഴുതുന്ന പെണ്‍കവികളുടെ അറിവനുഭവങ്ങള്‍ പഠിക്കപ്പെടേണ്ടുന്നവ തന്നെയാണ് .അതോടൊപ്പം സ്ത്രീപക്ഷ രചനകളും പഠിക്കേണ്ടതുണ്ട്.
പ്രകാശ് ചെന്തളത്തിന്‍റെ ‘റെല്ല് പാട്ണ പാട്ട് ‘ (ഉരല് പാടുന്ന പാട്ട്) എന്ന കവിത നോക്കുക.

റെല്ല് പാട്ണ പാട്ട്

പൂങ്കിയെ നെല്ല് അമ്മെ റെല്ലില് ഇട്ട്
കുത്തുമ
നല്ലെ പാട്ട്ണ്ട്
അമ്മെ പാട്ണ്
റെല്ല് കൊട്ട്ണ്.

പച്ചെ നെല്ല്ങ്ക് നല്ലെ
വാസനെ
വാരിത്തിനുവാ
നാവു ബിളിക്കും
അമ്മെ കയ്യ്ല് വളെ കിലിക്കി
നെല്ലു കുത്ത്ണ്.

അപ്പെന്‍ കൊത്തിയെ റെല്ല്
അപ്പെന്‍ തന്ത്ട്ട് പോയെ റെല്ല്
അപ്പെന്‍റെ വാസനെ
ഇണ്ട് ഇണ്ണ് ഈ
റെല്ല്ങ്ക്.

പിലരുമ പോണ അപ്പന്‍
മോന്തിക്ക് വെരുമാ
കൊണ്ട് വന്തെ നെല്ല്.
ഈ റെല്ലില് കുത്തി
കയ്യ്ഞ്ചെ കാലം .
അണ്ണണ്ണ് ക്ട്ട് ണെ നെല്ല്
അണ്ണണ്ണ് കുത്തുണും
കയ്യുവ
വതക്കെ പാകി നെല്ലുണക്കണും
പൂങ്കുണും വാക്കി വന്തത്.

പൈപ്പ്ളകുമ
അപ്പന്‍ പാടും
അമ്മെ റെല്ല് കൊട്ടും
നെല്ലു കുത്തി പൈപടക്കും.

അണ്ണത്ത റെല്ലില്
പാട്ട്ണ്ട് കൊട്ട്ണ്ട്
റെല്ലങ്ക് താളത്ത് ങ്ക്
അപ്പെങ്ക് കതെ ഇണ്ട്
ആദിക്കത്ത മയക്ക്
മണ്ണ് മണ്ക്ക്ണ
വാസനെ

വിവ :

ഉരല്‍ പാടുന്ന പാട്ട്.

പുഴുങ്ങിയ നെല്ല്
അമ്മ ഉരലിലിട്ട് കുത്തുമ്പോള്‍ നല്ല
പാട്ടുണ്ട്
അമ്മ പാടുന്നു ഉരല്‍
കൊട്ടുന്നു.

പച്ചനെല്ല്ന് നല്ല മണം
വാരി തിന്നുവാന്‍ നാവ് വിളിക്കും
അമ്മ കൈയ്യിലെ വള കിലുക്കി ഉരല്‍
കൊട്ടുന്നു.

അച്ഛന്‍ കൊത്തിയ ഉരല്‍
അച്ഛന്‍ തന്നു പോയ ഉരല്‍
അച്ഛന്‍റെ മണമുണ്ട് ഇന്ന് ഈ ഉരലിന് .

പുലരുമ്പോള്‍ പോയ അച്ഛന്‍
അന്തിക്ക് വരുമ്പോള്‍ കൊണ്ടുവന്നതാ നെല്ല്
ഈ ഉരല്‍ കുത്തി
കഴിഞ്ഞ കാലം.

അന്നന്ന് കിട്ടണ നെല്ല്
അന്നന്നു കുത്തണം
ആ ദിനം കഴിയാന്‍
തട്ട് പാകി നെല്ലുണക്കണം
പുഴുങ്ങണം ബാക്കി വന്നവ.

വിശപ്പു മുട്ടുമ്പോള്‍
അച്ഛന്‍ പാടും
അമ്മ ഉരല്‍ കൊട്ടും
നെല്ലു കുത്തി
വിശപ്പടക്കും.

അന്നത്തെ ഉരലില്‍
പാട്ടുണ്ട് താളമുണ്ട്
ഉരല്‍ താളത്തില്‍
അച്ഛന്‍റെ കഥയുണ്ട്
പുതുമഴയില്‍ മണ്ണ് മണക്കുന്ന ആ
നല്ല മണ്ണിന്‍റെ മണം .

ജീവിതം കെട്ടിപ്പടുക്കുമ്പോള്‍ ഉത്തരവാദിത്വങ്ങളുടെ കണക്ക് പറഞ്ഞു കലഹിക്കുന്നവരല്ല. ഊണിലും ഉറക്കത്തിലും ,സുഖത്തിലും ദു:ഖത്തിലും, ഉയര്‍ച്ചയിലും താഴ്ചയിലും ഒന്നിച്ചിരുന്ന് വിയര്‍ക്കുന്നവരാണ് ഗോത്രങ്ങളിലെ ആണും പെണ്ണും . പ്രകാശ് ചെന്തളത്തിന്‍റെ റെല്ല് പാട്ണ പാട്ട് എന്ന കവിത പറഞ്ഞുവെക്കുന്നത് ഗോത്രസംസ്കാരത്തിന്‍റെ ഐക്യബോധമാണ്.ഇതേ ഐക്യബോധം തന്നെയാണ് ആര്‍.കെ അട്ടപ്പാടി
‘ഇണക്കിനാവ് ‘ എന്ന കവിതയില്‍ പറഞ്ഞ് വെക്കുന്നത്.അതിജീവനവും നിലനില്‍പ്പും സ്ത്രീയുടെ അനിവാര്യതയാണ് .പൊതുസമൂഹം ഒറ്റപ്പെട്ടു പോകുന്ന പെണ്ണിനെ പറഞ്ഞു പഠിപ്പിച്ചിരുന്നത് അടങ്ങി ഒതുങ്ങി ജീവിക്കണം എന്നാണ് . തന്‍റെ സംരക്ഷണം തന്‍റെ പുരുഷന്‍റെ കീഴിലാണ് എന്ന് അബോധത്തില്‍ എങ്കിലും കുത്തികയറ്റും. എന്നാല്‍ അശോകന്‍ മറയൂറിന്‍റെ ‘പുലി പിടിച്ചാല്‍ ‘ എന്ന കവിത പറഞ്ഞുവെക്കുന്നത് സ്ത്രീയുടെ നിലനില്‍പ്പിന്‍റെ രാഷ്ട്രീയമാണ്.

പെണ്ണെഴുത്ത് അത് എപ്രകാരമാണ് ഗോത്ര സ്വത്വത്തെ സര്‍ഗ്ഗാത്മകമായി പ്രതിഫലിപ്പിക്കുന്നത് എന്ന് നോക്കാം.
ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കാട്ടുനായ്ക്ക ഭാഷയില്‍ എഴുതുന്ന ബിന്ദു ഇരുളത്തിന്‍റെ കവിതകള്‍ .അവിടുത്തെ കാട്, സസ്യലതാദികളുടെ അറിവനുഭവങ്ങള്‍ എന്നിവയുടെ കടലു തന്നെയുണ്ട്.
സ്വന്തം ജീവിതാനുഭവത്തെ കാടിനോട് കാടിനുള്ളിലെ സഹജീവികളോട് ഒപ്പം ചേര്‍ത്ത് വെക്കുന്ന സഹോദര്യം ആണ് പ്രകടമാകുന്നത്. ഗോത്ര സംസ്കാരത്തിന്‍റെ ഓരോ അംശവും കവിതയായി മാറുന്നു.പാരമ്പര്യ ഭക്ഷണം, ചുറ്റുപാട്, ഔഷധങ്ങള്‍ എന്നിങ്ങനെ അവയുടെ പട്ടിക നീളുന്നു. വിശപ്പ്, വിഭവങ്ങളുടെ അഭാവം എന്നിവയെ കുറിച്ച് സൂക്ഷ്മമായി പറയുന്നതിങ്ങനെയാണ്
‘ഒരു കലം നീരില്‍
ഒരു പിടി അരിയിട്ടപ്പോള്‍
കെട്ടുവെള്ളത്തില്‍
ഉറുമ്പു നീന്തുന്നൊരു തിള’
മിന്ന ബ്ണ് സല് കണ്ട ബുത്തി (നുറുങ്ങ് വെട്ടത്തില്‍ കണ്ട തുണിക്കെട്ട് )
കാടുകേറി വന്നവര്‍ അപ്പനില്ലാത്ത കുഞ്ഞുങ്ങളെ കൊടുത്തു. അപ്പന്‍ ഇല്ലാത്ത കുഞ്ഞിനെ കളഞ്ഞ് നാടത്തം കാട്ടാത്ത കഥ പറയുന്ന കവിതയാണ് ‘ ആ കാട്ഗ് അപ്പയിദെനെവ്വ ( ആ കാടിന് അപ്പനില്ലേ ) ‘
‘ചുടു മണ്ണില്‍ വീണു
ചുടുക്കാറ്റത്തടിയും
ചുടുചോരയേറി പെറ്റ കാടവള്‍ ‘
ചൂഷണം ചെയ്യപ്പെടുമ്പോഴും ഇത്തരം മുറിവുകള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കുന്ന സാമൂഹികനീതിയും കരുത്തും കവിത കൊള്ളുന്നു.
പണിയ ഭാഷയില്‍ കവിതകളെഴുതുന്ന ശാന്തി പനയ്ക്കലിന്‍റെ
‘വടി ‘ എന്ന കവിത താന്‍ ജീവിക്കുന്ന ജൈവ പ്രപഞ്ചവുമായുള്ള വൈകാരിക ബന്ധത്തെ തുറന്നു വയ്ക്കുന്നു . പ്രകൃതിയും മനുഷ്യനും പരസ്പര പൂരകങ്ങള്‍ ആണെന്നും അവയുടെ കൊടുക്കല്‍ വാങ്ങലുകള്‍ക്ക് വേലി കെട്ടരുതെന്നും അറുത്ത് മാറ്റരുതെന്നുമുള്ള പ്രകൃതിതത്വമാണ് ഓര്‍മ്മപ്പെടുത്തുന്നത്.

ഉറവേ

ഒരു ചില്ലുട്ട ആകാശംപൊട്ടി
കാരുവുണ പുള്ളെ
മണ്ണിലി വീന്ത.

മരം ചിരിച്ച ചാലിലി
കണ്ണു തുറന്തു ഉറവേ പെച്ച പുള്ളെ പൊണ്ണു .

പുഴയായി ഒയുകെഞ്ചു കാച്ചു പറഞ്ച.
കടലായി തീരെഞ്ചു
വെയിലും പറഞ്ച.

കിനവു കണ്ട കണ്ണിലി കുത്തി
കല്ലുട്ടു അടച്ച തൊണ്ടക്കു
ഇഞ്ചു വൊള്ളത്തെങ്കു ദാഹ.

മലയാളം പരിഭാഷ:

ഉറവ്

ഒറ്റ ചില്ലിട്ട ആകാശം പൊട്ടി.
കാര്‍മേഘ കുഞ്ഞ് മണ്ണില് വീണു.

മരം ചിരിച്ച ചാലില്‍
കണ്‍ തുറന്ന് ഉറവ പെറ്റ കുഞ്ഞ് പെണ്ണ്.

പുഴയായ് ഒഴുകെന്ന്
കാറ്റു പറഞ്ഞു.
കടലായ് തീരെന്നു
വെയിലും പറഞ്ഞു.

സ്വപ്നം കണ്ട കണ്ണില്‍ കുത്തി
കല്ലിട്ട് അടച്ച തൊണ്ടയ്ക്ക്
ഇന്ന് വെള്ളത്തിന് ദാഹം.

സ്വപ്നങ്ങള്‍ക്കെപ്പോഴും കഴിഞ്ഞാണ് വീഴ്ത്തുന്ന ഒരു പറ്റം സമൂഹത്തിന്‍റെ തൊണ്ടകൂടി അടുപ്പിക്കുകയാണ് കവി . പ്രകൃത്യാ ലഭിക്കുന്ന ഉറവുകള്‍ക്ക് മീതെയല്ല സ്വപ്നം കാണുന്ന പെണ്ണിന്‍റെ കണ്ണില്‍ കല്ലടക്കുന്ന കാലത്തോടാണ് ശാന്തിയുടെ കവിത സംവദിക്കുന്നത്.
മഴ കട്ടന്‍ചായ…. എന്ന തലവാചകം അല്ല മറിച്ച് അതിവര്‍ഷത്തില്‍ നിസ്സഹായതയോടെ മഴയെയും വീടിനെയും നോക്കി നെടുവീര്‍പ്പിടുന്ന കുടുംബചിത്രമാണ് മലവേട്ടുവ ഭാഷയില്‍ എഴുതുന്ന അജിത പി യുടെ കറുപ്പ് ചൂടുന്ന മാനം എന്ന കവിത ചര്‍ച്ച ചെയ്യുന്നത്. മലവേട്ടുവ ഭാഷയില്‍ തന്നെ കവിത എഴുതുന്ന ലിജിന കടുമേനി വേറിട്ടൊരു സ്വരം തന്നെയാണ്. അവകാശങ്ങളും അരക്ഷിതാവസ്ഥയും കവിതയിലൂടെ ചോദ്യങ്ങളാക്കുന്നു. എല്ലാ ഗോത്രജനതയുടെയും ശബ്ദമായി തീരുന്നു ലിജിനയുടെ കവിത. താന്‍ പിറന്ന് വീണ മണ്ണില്‍, കാലൂന്നി നില്‍ക്കാന്‍ പഠിച്ച മണ്ണില്‍ , വിശപ്പും ദാഹവും ഒരുപോലെ അറിഞ്ഞ് ജീവിച്ച മണ്ണിനുവേണ്ടി ഓഫീസ് വരാന്തകള്‍ കയറി ഇറങ്ങുന്ന നിരവധി വനവാസികളെ പ്രതിനിധീകരിക്കുന്ന കവിത കൂടിയാണ്
‘പട്ടയക്കള്ളാത്ത്’ വനവകാശം അട്ടിമറിക്കപ്പെടുന്ന കാലത്തിനോടുള്ള പ്രതിരോധമായി ഈ കവിത മാറുന്നു . അതേ പ്രതിഷേധാഗ്നി തന്നെയാണ് ‘സംവരണം’ എന്ന കവിതയിലും തുറന്നുവെക്കുന്നത്

സംവരണം
****
ചോരുമെന്‍ കുടിയിലായ്
ഇത്തിരി കഞ്ഞിയിലുപ്പിട്ട്
തിന്നുമൊരച്ചനെ കണ്ട്
തൊഴില്‍ തേടിയലഞ്ഞു ഞാന്‍
ഇന്നോളം കിട്ടിയ ബിരുദവുമായ്
കാര്യാലയങ്ങള്‍ കയറിയിറങ്ങിയെന്‍ തേഞ്ഞൊര ചെരുപ്പൊന്ന് തുന്നിടുമ്പോള്‍
പീടിക കോണിലായ് ആരോ പറയുന്നു സംവരണമില്ലെടോ പിന്നെന്ത് ഭയക്കണം.
ആദിവാസി ജീവിത പരിസരങ്ങളില്‍ നിന്ന് പിറവിയെടുത്ത കവിതകളില്‍ ഗോത്ര സംസ്കാരത്തിന്‍റെ വലിയ രീതിയിലുള്ള അടയാളങ്ങള്‍തന്നെയാണ് കലര്‍ന്നിരിക്കുന്നത്. അവ ആചാരാനുഷ്ഠാനങ്ങള്‍, ഭക്ഷണം, സാമ്പത്തിക ഘടന, സാമൂഹികഘടന, കലകള്‍ വിശ്വാസങ്ങള്‍ ,ഭൂമിശാസ്ത്രപരത എന്നിവയെ എല്ലാം ഉള്‍കൊള്ളുമ്പോഴും വര്‍ത്തമാനസാമൂഹികപശ്ചാത്തലത്തില്‍ സാംസ്കാരികാംശങ്ങള്‍ ചോര്‍ന്ന് പോകുന്നതിന്‍റെ ആകുലതയും വ്യാകുലതയെയും കൂടി സ്പര്‍ശിക്കുന്നുണ്ട്. ഗോത്ര കവിത സമകാലികസാഹചര്യത്തില്‍ പ്രതിരോധവും പ്രതിഷേധവുമായി തീരുകയാണ്. വര്‍ത്തമാനസമൂഹത്തില്‍ മാതൃഭാഷയെ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുകയും നിലനിര്‍ത്താന്‍ ശ്രമിക്കുകയും ആദിവാസി സാഹിത്യത്തെ സമ്പന്നമാക്കുയെന്ന ശ്രമകരമായ ദൗത്യം കൂടിയാണ് ഗോത്രകവിത നിര്‍വഹിക്കുന്നത്.

 

 

 

 

 

ധന്യ വേങ്ങച്ചേരി

കവയിത്രി

COMMENTS

COMMENT WITH EMAIL: 0