Homeപഠനം

സ്ത്രൈണതയുടെ ദൃശ്യ ലാവണ്യം

മാധ്യമങ്ങളിലെ സ്ത്രീ എന്നും ഒരു വിവാദവിഷയമാണ്. കാഴ്ചയുടെ കലയായ സിനിമയില്‍, സ്ക്രീന്‍ സ്പേസില്‍ ഉള്‍പ്പെടെ പുരുഷാധിപത്യ പ്രത്യയശാസ്ത്രങ്ങളാണ് സാധാരണയായി വര്‍ത്തിക്കുന്നതെങ്കിലും ഭരതന്‍സിനിമകള്‍ പലപ്പോഴും ഇതിനൊരു അപവാദമായി മാറുന്നു. നിറങ്ങളുടെ അപൂര്‍വ്വ വിന്യാസം പോലെതന്നെ സൗന്ദര്യാവിഷ്കരണത്തിലെ അപൂര്‍വതയും അദ്ദേഹത്തിന്‍റെ ചിത്രങ്ങളില്‍ കാണാം. അത് കേവലം ബാഹ്യസൗന്ദര്യ പ്രകാശനങ്ങളില്‍ മാത്രമല്ല. ലൈംഗികതയടക്കമുള്ള കാര്യങ്ങളില്‍ എടുക്കുന്ന നിലപാടുകളിലൂടെയും അഭിപ്രായപ്രകടനങ്ങളിലൂടെയും സ്വന്തം സ്വത്വം ഉറപ്പിക്കുന്ന സ്ത്രീകഥാപാത്രങ്ങള്‍ ഈ ചിത്രങ്ങളിലുണ്ട് . ആദ്യചിത്രമായ പ്രയാണത്തിലെ സാവിത്രി മുതല്‍ തുടര്‍ന്നിങ്ങോട്ടുള്ള മിക്ക ചിത്രങ്ങളിലും വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ അഭ്രപാളിയില്‍ തെളിയുന്നു.

സ്വതന്ത്രസ്വത്വമുള്ള കഥാപാത്രങ്ങളില്‍ രതിനിര്‍വേദത്തിലെ രതി, തകരയിലെ സുഭാഷിണി, പാര്‍വ്വതി യിലെ പാര്‍വ്വതി എന്നിവര്‍ സവിശേഷത ശ്രദ്ധയര്‍ഹിക്കുന്നവരാണ് . കൗമാര കാമനകളെ മുന്‍നിര്‍ത്തി രീതിയെക്കുറിച്ചുള്ള ചിട്ടകളും വഴക്കങ്ങളും സൗന്ദര്യ ശാസ്ത്രപരമായി അട്ടിമറിക്കപ്പെട്ട ചിത്രമായിരുന്നു രതിനിര്‍വേദം. ചിത്രത്തിലെ നായികയായ രതി വിവാഹപ്രായം (സമൂഹം നിര്‍മ്മിതിയായ വിവാഹ പ്രായം) കഴിഞ്ഞിട്ടും വിവാഹമൊന്നും ‘ശരിയാകാതെ’ നില്‍ക്കുന്നവളായാണ് അവതരിപ്പിക്കപ്പെടുന്നത്. എന്നാല്‍ വിവാഹം നടക്കാത്തതിന്‍റെ ആകുലതകളൊന്നും തന്നെ അവള്‍ക്കില്ല . കുട്ടികളോടൊപ്പം നീര്‍ക്കുമിളകള്‍ ഉണ്ടാക്കുവാനും കണ്ണുപൊത്തി കളിക്കാനും അവളുണ്ട്. ‘യൗവനം വന്നുദിച്ചിട്ടും ചെറുതായില്ല ചെറുപ്പം’ എന്ന് പറയുന്ന തരം പ്രകൃതം പലപ്പോഴും അവളില്‍ കാണാം. എന്നാല്‍ അനുകൂല സാഹചര്യങ്ങളില്‍ തന്‍റെ കാമ മോഹങ്ങള്‍ പ്രകടമാക്കുവാനും അവള്‍ മടിക്കുന്നില്ല. രതി എന്ന പേര് തന്നെ പ്രത്യേകതയുള്ളതാണ്. അംഗലാവണ്യവും അതിനെ കൂടുതല്‍ പ്രകാശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രധാരണവും കൊണ്ട് അവള്‍ തന്‍റെ പേരിനെ അന്വര്‍ത്ഥമാക്കുന്നു. അവിവാഹിതയായ രതിക്ക് പപ്പുവിനോട് ആദ്യം തോന്നുന്ന വികാരം വാത്സല്യമാണ് . എന്നാല്‍ പൂര്‍ത്തീകരിക്കപ്പെടാത്ത കാമനകള്‍ അനുകൂലമായ ചുറ്റുപാടുകളില്‍ വാത്സല്യത്തിനുമേല്‍ ലൈംഗിക ചിന്തകള്‍ ഉണര്‍ത്തുന്നു. പപ്പുവിനോട് അടുപ്പം തോന്നിയ അവള്‍ മറ്റൊരു വിവാഹം ഇഷ്ടപ്പെടുന്നില്ല . അവന്‍റെ ആലിംഗനങ്ങളെ എതിര്‍ക്കുമ്പോഴും അവളത് ആഗ്രഹിക്കുന്നുണ്ട്.

സ്ത്രീയുടെ പ്രണയ കാമനകളെ സദാചാരബോധ്യങ്ങള്‍ക്കു പുറത്തുനിന്നുകൊണ്ട് വെളിപ്പെടുത്തിയ കഥാപാത്രമാണ് രതി . തകരയിലെ നായികയായ സുഭാഷിണിക്ക് പ്രണയം തോന്നിയതാകട്ടെ മന്ദബുദ്ധിയായ തകരയോടാണ് . രണ്ടു വ്യക്തികള്‍ക്ക് തമ്മില്‍ പ്രണയം തോന്നാനുതകുന്ന പ്രാഥമിക ഘടകങ്ങളിലൊന്നാണ് ബാഹ്യസൗന്ദര്യം എന്ന കല്‍പ്പിത നിയമത്തിന്‍റെ പൊളിച്ചെഴുത്താണ് ഈളയും ഒലിപ്പിച്ചു നടക്കുന്ന തകരയോടുള്ള സുഭാഷിണിയുടെ പ്രണയം. നാട്ടിലെ മറ്റു പുരുഷന്മാരുടെ കൊച്ചുവര്‍ത്തമാനങ്ങള്‍ക്കൊന്നും അവള്‍ വഴങ്ങുന്നില്ല എന്നു മാത്രമല്ല അവരെക്കുറിച്ച് ഭീകരനായ പിതാവിനോട് പരാതി പറയുന്നുമുണ്ട്. സാധാരണ കാണുന്ന നായികാ കഥാപാത്രങ്ങളുടെ അടക്കവും ഒതുക്കവും ഒന്നും അവള്‍ പുലര്‍ത്തുന്നില്ല . നടപ്പിലും ഇരിപ്പിലും സംസാരത്തിലും എല്ലാം കൂസലില്ലായ്മ നിറഞ്ഞുനില്‍ക്കുന്നതാണ് സുഭാഷിണിയുടെ പ്രകൃതം .

ലജ്ജാ വിവശയായ ഒരു കാമുകി അല്ല അവള്‍ . എന്നാല്‍ തകരയോടുള്ള നോട്ടത്തില്‍ അവള്‍ക്ക് അവനോടുള്ള പ്രണയം പ്രകടമാണ്. തകരയുമായുള്ള ലൈംഗിക ബന്ധത്തില്‍ മുന്‍കൈയെടുക്കുന്നത് സുഭാഷിണിയാണ് എന്നത് ഏറെ ശ്രദ്ധേയം. സ്ത്രീകള്‍ ലൈംഗികതയില്‍ ഒരു ഉപകരണം മാത്രമാണെന്ന കാഴ്ചപ്പാടിനേല്‍ക്കുന്ന പ്രഹരമാണ് സുഭാഷിണി എന്ന കരുത്തയായ സ്ത്രീയുടെ ലൈംഗിക ഇടപെടലുകള്‍. പാര്‍വതിയിലെ നായികയായ പാര്‍വതി സാമ്പ്രദായിക ജീവിത രീതികളില്‍ നിന്ന് പുറത്ത് കടക്കുകയും തന്‍റെ കാമ്യ പരിഗ്രഹേച്ഛകളെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവളുമാണ്. കുടുംബത്തിന്‍റെ മുഴുവന്‍ സംരക്ഷകയായും അവള്‍ മാറുന്നുണ്ട്. തന്‍റെ കുടുംബത്തിലെ സാമ്പത്തിക സ്ഥിതി അനുസരിച്ച് തനിക്ക് ഒരു വിവാഹജീവിതം ഉണ്ടാകും എന്ന് അവള്‍ കരുതുന്നില്ല . എന്നാല്‍ ശരീരത്തിന്‍റെയും മനസ്സിന്‍റെയും ചോദനകളെ നിയന്ത്രിക്കുവാന്‍ കഴിയാതെ വന്ന സാഹചര്യത്തിലാണ് അവള്‍ ഉറുമീസിനോട് അടുക്കുന്നത്. തന്‍റെ രത്യാഗ്രഹങ്ങളെ തൃപ്തിപ്പെടുത്തുകയും സ്ത്രീത്വത്തെ തിരിച്ചറിയുകയും ചെയ്ത ഉറുമീസിനോട് മാത്രമാണ് അവള്‍ വിധേയത്വം കാണിക്കുന്നത്. രതി, സുഭാഷിണി, പാര്‍വതി എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച ജയഭാരതി ,സുരേഖ ,ലത എന്നിവര്‍ ബാഹ്യമായ രൂപലാവണ്യങ്ങളെല്ലാം തികഞ്ഞവരായിരുന്നു . എന്നാല്‍ കേവലം രതിചോദകങ്ങളായ ശരീരം എന്ന നിലയിലല്ല അവര്‍ വെള്ളിത്തിരയില്‍ പ്രത്യക്ഷരായത്. നായകന്മാര്‍ക്കൊപ്പമോ അതിനേക്കാളേറെയോ ആയിരുന്നു അവരുടെ സ്ഥാനം .

സ്ക്രീന്‍ സ്പേസില്‍ ഉള്‍പ്പെടെ അത് പ്രകടവുമാണ് . ഈ നായികമാര്‍ തിരഞ്ഞെടുത്ത പുരുഷന്മാരാകട്ടെ അംഗീകൃത നായക സങ്കല്‍പ്പങ്ങള്‍ക്കിണങ്ങാത്ത കൗമാരപ്രായക്കാരന്‍ , മന്ദബുദ്ധി, വിവാഹിതനും മദ്ധ്യവയസ്കനുമായ വ്യക്തി എന്നിവരാണ്. ചിത്രങ്ങളുടെ അവസാന ഭാഗങ്ങളില്‍ ഈ നായകന്മാരുടെ ‘ഇല്ലാതാകല്‍ ‘സിനിമയുടെ പുരുഷാധിപത്യ വ്യാകരണ നിയമങ്ങളുടെ തിരുത്തിക്കുറിക്കലുകള്‍ കൂടിയാകുന്നു …. ലൈംഗിക ബന്ധങ്ങളിലെ ആണധികാരങ്ങളെ നിരസിച്ച് സ്ത്രീലൈംഗികത അനാവൃതമാക്കിയ ചിത്രങ്ങളായിരുന്നു രതിനിര്‍വ്വേദം,തകര, പാര്‍വതി എന്നിവ. സ്ത്രീയുടെ അടിസ്ഥാന കാമനകളെ സത്യസന്ധമായി ചിത്രങ്ങളില്‍ ആവിഷ്കരിച്ചിരിക്കുന്നു. ഇതിലെ നായികമാര്‍ രതിയെക്കുറിച്ച് സ്വന്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നവരും അത് പ്രകടമാക്കുന്നവരുമാണ്. രതി, സുഭാഷിണി , പാര്‍വതി എന്നിവരുടെ ഉടല്‍ വിന്യാസത്തില്‍ തന്നെ ലൈംഗികത ദൃശ്യമാണ്. സുന്ദരികളും കരുത്തരുമാണ് ഈ സ്ത്രീ കഥാപാത്രങ്ങള്‍. ഇഷ്ട പുരുഷനോടുള്ള പ്രണയവും രതിയും ആണ് അവരെ ദുര്‍ബലരാക്കിയിരിക്കുന്നത്. പ്രണയവും രതിയും ജീവിതവും മരണവും വേര്‍തിരിക്കപ്പെടാത്ത ഒന്നായി അവതരിപ്പിക്കപ്പെടുന്ന ഈ ചിത്രങ്ങളിലെ മുഖ്യ സ്ത്രീകഥാപാത്രങ്ങളുടെ ചെറുചലനങ്ങളില്‍ പോലും രതിയുടെ സൂക്ഷ്മമായ പകര്‍ച്ചകളുണ്ട് . സുന്ദരികളായ നായികമാരൊടൊപ്പം പലപ്പോഴും സുന്ദരമായ പ്രകൃതിയും ദൃശ്യപ്പെടുന്നു .

പ്രകൃതി തന്നെ സ്ത്രീയായി മാറുന്ന കാഴ്ചയും ചിലയിടങ്ങളില്‍ കാണാം .സ്ത്രീ-പുരുഷ ബന്ധങ്ങളുടെ മനശ്ശാസ്ത്രപരമായ സമീപനം ചിത്രങ്ങളിലെ രതിരംഗങ്ങളെ സ്വാഭാവിക ലൈംഗികത എന്ന നിലയിലേക്ക് കാഴ്ചപ്പെടുത്തുന്നു. സ്ത്രീകളുടെ മാനസിക ഭാവങ്ങള്‍ പ്രവചനാതീതമാണ് എന്ന വാദത്തെ ഉറപ്പിക്കുന്ന തരം തിരഞ്ഞെടുപ്പുകള്‍ ആണ് ഈ നായികമാര്‍ നടത്തുന്നത്. അവരുടെ കാമമോഹങ്ങളുടെ പ്രകാശനവും പ്രകടനവും അങ്ങനെതന്നെ.മാദക ശരീരവും സൗന്ദര്യവുമുള്ള സ്ത്രീകളെ പ്രത്യേക കള്ളികളില്‍ ഉള്‍പ്പെടുത്തി അശ്ലീലഭാവം നല്‍കി പ്രദര്‍ശിപ്പിക്കുന്ന സിനിമയുടെ ലോകത്താണ് ഈ മൂന്ന് സ്ത്രീകള്‍ തങ്ങളുടെ ഉടലഴകും ഉള്ളഴകുമായി നിറഞ്ഞു തെളിഞ്ഞു നില്‍ക്കുന്നത്.

 

 

 

 

സ്മൃതി എസ്. ബാബു
ഗസ്റ്റ് ലെക്ചറര്‍, മലയാളവിഭാഗം, ഡി ബി കോളേജ്, തലയോലപ്പറമ്പ്

COMMENTS

COMMENT WITH EMAIL: 0