Homeഅനുസ്മരണം

കമല ഭാസിന്‍ : ലിംഗനീതിയുടെ കാവലാള്‍ക്ക് ഹൃദയപൂര്‍വ്വം

ലിംഗവിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ട ചുവടുകള്‍ അതിസമര്‍ത്ഥമായി സമൂഹത്തിന്‍റെ വിവിധമണ്ഡലങ്ങളിലേക്ക് കൊണ്ടുവന്ന അവിസ്മരണീയ തേജസ്സാണ് ഈയിടെ ലോകത്തോട് വിടപറഞ്ഞ നമ്മുടെ പ്രിയ കമല ഭാസിന്‍. എല്ലാവരും സ്നേഹത്തോടെ തങ്ങളുടെ കമലാദി എന്ന് വിളിച്ചിരുന്ന കമല ദക്ഷിണ ഏഷ്യന്‍ ഫെമിനിസ്റ്റ് ശൃംഖലയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. ഇന്ത്യന്‍ സ്ത്രീപ്രസ്ഥാനങ്ങളുടെ ജീവനാഡി എന്ന് തന്നെ ഇവരെ വിലയിരുത്താവുന്നതാണ്. ലിംഗവിവേചനങ്ങള്‍ ശൈശവ ദശയില്‍ തന്നെ വ്യക്തികളുടെ ജീവിതത്തില്‍ വേരൂന്നുന്നുവെന്നും അതിനാല്‍ ശൈശവജീവിതങ്ങളിലേക്ക് ഇറങ്ങി ചെന്ന് സസൂക്ഷമം അത്തരം വിവേചനങ്ങളെ വേരോടെ പിഴുതെടുക്കണമെന്നും അവര്‍ കരുതിയിരുന്നു. കുട്ടികളിലും സ്ത്രീകളിലും മുതിര്‍ന്നവരിലും ഗ്രാമീണ ജനങ്ങളിലും നാഗരിക ജനങ്ങളിലും സമൂഹത്തിന്‍റെ മേലറ്റം തൊട്ട് താഴെ തട്ടു വരെ ലിംഗ നീതി ലഭ്യമാക്കാന്‍ ഇന്ത്യക്ക് അകത്തും പുറത്തും നിന്നുകൊണ്ട് അഹോരാത്രം പ്രവത്തിച്ചിട്ടുണ്ട് കമലയെന്ന കാവലാള്‍. ആത്മാര്‍ത്ഥവും സൂക്ഷ്മവുമായ കമലയുടെ പരിശ്രമഫലമാണ് അവരെഴുതിയ പാട്ടുകള്‍, കവിതകള്‍, ലഘുലേഖകള്‍, പുസ്തകങ്ങള്‍, പ്രബന്ധങ്ങള്‍ തുടങ്ങിയവ ഇന്നും ജനപ്രിയമായി തുടരുന്നത്.

കമല ഭാസിനും ലിംഗനീതിക്കായുള്ള പോരാട്ടങ്ങളും
പശ്ചാത്യ കോളനിവല്‍ക്കരണത്തിന്‍റെ ക്ഷതങ്ങള്‍ ഏറ്റ മൂന്നാം ലോക രാഷ്ട്രങ്ങളുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു ദാരിദ്ര്യ നിര്‍മാര്‍ജനം. സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ അതിന്‍റെ മാറ്റൊലികള്‍ ഉയര്‍ന്നു കേള്‍ക്കാമായിരുന്നു. 1971-ല്‍ ഇന്ദിരഗാന്ധിയുടെ ‘ഗരീബി ഹാട്ടാഓ’ ദാരിദ്ര്യത്തെ തുടച്ചു മാറ്റു എന്ന മുദ്രാവാക്യവും അന്നത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പഞ്ചവത്സര പദ്ധതിയില്‍ ഇതിനുള്ള പ്രാധാന്യവും അത് വ്യക്തമാക്കുന്നുണ്ട്. അത്തരം ഒരു രാഷ്ട്രീയ സാഹചര്യത്തിലാണ് കമല തന്‍റെ പൊതുപ്രവര്‍ത്തനം ആരംഭിക്കുന്നത്. രാജസ്ഥാനിലെ ഗ്രാമീണ ദരിദ്രരേയും പ്രാന്തവല്‍കൃത നഗര ദരിദ്രരേയും ശാക്തീകരിക്കുന്നതിന്‍റെ ഭാഗമായി 1972ല്‍ കമല ആരംഭിച്ച സന്നദ്ധ സാമൂഹിക പ്രവര്‍ത്തനം ഇതിനുദാഹരണമാണ്. എഴുപതുകളില്‍ തന്നെ ഐക്യരാഷ്ട്രസഭയുടെ ‘വിശപ്പില്‍ നിന്നും മോചനം’ എന്ന പ്രചരണ പരിപാടിയുടെ മുഖ്യ നേതൃത്വമാകാന്‍ സാധിച്ചത് കമലയുടെ ജീവിതത്തിന്‍റെ മുഖ്യ വഴിത്തിരിവാണ്. ഈ പ്രചാരണ പരിപാടിയുടെ ഭാഗമായാണ് ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ വിവിധ NGO കള്‍ക്ക് 2001 വരെ പരിശീലനങ്ങളും പഠന ശിബിരങ്ങളും സംഘടിപ്പിക്കാനായത്. ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലേയും തെക്കു കിഴക്കന്‍ രാജ്യങ്ങളിലെയും സ്ത്രീകളെ സംഘടിപ്പിക്കാനും ശാക്തീകരിക്കാനും ഈ രാജ്യങ്ങളിലെ സ്ത്രീ സംഘടനകളുമായി അടുത്ത സൗഹൃദം സ്ഥാപിക്കാനും ഈ പ്രവര്‍ത്തനങ്ങള്‍ കമലയെ സഹായിച്ചിട്ടുണ്ട്. ഈയടുത്ത കാലം വരെ ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍ സ്റ്റഡീസിന്‍റെ ദക്ഷിണേഷ്യന്‍ പാനലിന്‍റെ സംഘാടകയായിരുന്നു അവര്‍. ഡല്‍ഹിയില്‍ കമലാ ഭാസിന്‍റെ നേതൃത്വത്തില്‍ “ജാഗോരി” എന്ന സംഘടന സ്ഥാപിക്കുകയുണ്ടായി. ജാഗോരിയുമായി ചേര്‍ന്ന് കൊണ്ടാണ് ഭാസിന്‍ ‘സംഘട്ട്’ SANGAT എന്ന ദക്ഷിണേഷ്യന്‍ ഫെമിനിസ്റ്റ് ശൃംഘലയുടെ ഉപദേശകയായി സേവനമനുഷ്ഠിച്ചത്. ഇത് പിന്നീടുള്ള ഇവരുടെ പ്രവര്‍ത്തങ്ങള്‍ക്ക് കൂടുതല്‍ ബലം നല്‍കുന്നത് കാണാം. ഒരു നല്ല സംഘാടകയെന്ന നിലയ്ക്ക് ദക്ഷിനേഷ്യന്‍ സ്ത്രീകളെ ഫെമിനിസ്റ്റ് പോരാട്ടങ്ങളുടെ മുന്‍പില്‍ അണിനിരത്താന്‍ ഇത് സഹായകമായിട്ടുണ്ട്.
പിന്നീട് പീസ് വിമന്‍ ആക്രോസ്സ് ദി ഗ്ലോബ് ആന്‍ഡ് സൗത്ത് ഏഷ്യ എന്ന പ്രവര്‍ത്തനത്തിന്‍റെ സഹഅധ്യക്ഷയും, ‘വണ്‍ ബില്യണ്‍ റൈസിംഗ്’ പരിപാടിയുടെ സംഘാടകയുമായിരുന്നു ഭാസിന്‍.
സ്ത്രീ ശാക്തീകരണ പരിശീലകര്‍ക്കും പ്രവര്‍ത്തകര്‍ക്കും വേണ്ടിയുള്ള പുസ്തകങ്ങള്‍ എഴുതുന്നതിലൂടെയും പാട്ടുകള്‍ രചിക്കുന്നതിലൂടെയും അവര്‍ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള സ്ത്രീകളുടെ ശാക്തീകരണത്തിന് സാഹചര്യം ഒരുക്കുകയായിരുന്നു. സ്ത്രീ വിദ്യാഭ്യാസത്തിന് വേണ്ടിയുള്ള അവരുടെ ഇടപെടല്‍ പ്രശംസനീയമാണ്.

കമല ഭാസിനെ കേരളത്തിലെ ഫെമിനിസ്റ്റുകള്‍ നെഞ്ചോടു ചേര്‍ക്കുമ്പോള്‍
കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളുമായി വളരെ നല്ല ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിയായിരുന്നു കമലഭാസിന്‍. കമലയുടെ സന്ദര്‍ശനങ്ങളും പ്രവര്‍ത്തനങ്ങളും തങ്ങളെ വളരെയധികം സ്വാധീനിച്ചതായി പലരും തുറന്ന് പറയുകയുണ്ടായി. ഞാന്‍ കമല ഭാസിനെ ആദ്യമായി കാണുന്നത് അന്വേഷിയില്‍ വച്ചാണ്. അപൂര്‍വങ്ങളായ ഫെമിനിസ്റ്റ് പുസ്തകങ്ങളുടെ അമൂല്യ ശേഖരമായിരുന്നു അന്വേഷി ലൈബ്രറി. കമല ഭാസിനെയും അവരുടെ പ്രവത്തനങ്ങളെയും എന്‍റെ മുന്നില്‍ തുറന്നു തന്നത് ആ ലൈബ്രറിയാണ്. കമലയെ വായിക്കുമ്പോള്‍ തന്നെ നേരിട്ട് കാണാന്‍ സാധിച്ചത് ആനന്ദം നല്‍കിയിരുന്നു. അന്ന് കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ അന്വേഷി സംഘടിപ്പിച്ച യോഗത്തില്‍ വളരെ ആവേശത്തോടെയാണ് കമല സംസാരിച്ചത്.

ഫെമിനിസത്തെ പുച്ഛത്തോടെ കണ്ടിരുന്ന കോഴിക്കോട്ടെ ചില പുരുഷന്മാര്‍ക്ക് മാതൃകാപരമായ രീതിയിലാണ് അന്ന് അവര്‍ ഉത്തരങ്ങള്‍ നല്‍കിയത്. എല്ലാവരോടും സ്നേഹത്തോടെ സംസാരിച്ചിരുന്ന കമല എന്നെയും അന്ന് ചേര്‍ത്തി നിര്‍ത്തി സംസാരിച്ചത് ഇന്നും നല്ലൊരു ഓര്‍മ്മയാണ്. ഉപരി പഠനം തുടരണമെന്നായിരുന്നു എന്നോട് അന്ന് ആവശ്യപ്പെട്ടത്. പിന്നീട് ഡല്‍ഹിയില്‍ പലവേദികളിലും കാണാന്‍ സാധിച്ചതും അവരുടെ ഓര്‍മ്മകളും സ്നേഹവും എത്രത്തോളമാണ് നമ്മെ സ്വാധീനിക്കുന്നതെന്നും തിരിച്ചറിയാനായി. 2020 -ല്‍ കഅണട ഡല്‍ഹിയില്‍ സംഘടിപ്പിച്ച കോണ്‍ഫെറെന്‍സില്‍ വച്ചു സമകാലികരായ പ്രവര്‍ത്തകര്‍ക്കൊപ്പം സംസാരിക്കുമ്പോള്‍ ഹാസ്യം നിറച്ച ഭാഷയില്‍ ഭാസിന്‍ ഇങ്ങിനെ പറയുകയുണ്ടായി “We were cute while young and we are still cute with our silver hair”.  പ്രായത്തെ വെല്ലുവിളിക്കുന്ന ഉര്‍ജ്ജസ്വലത അതായിരുന്നു കമലയെന്ന തേജസ്സ്.
കമലയോടൊത്തു പ്രവര്‍ത്തിക്കാനായതും വിദേശരാജ്യങ്ങളില്‍ ഒരുമിച്ച് കോണ്‍ഫറന്‍സ്കളില്‍ പങ്കെടുത്തതിനെ കുറിച്ചും അവരുടെ എഴുത്തിനെ കുറിച്ചും, അവര്‍ കോഴിക്കോട് അന്വേഷി സന്ദര്‍ശിച്ചതിനെ കുറിച്ചും ഡല്‍ഹിയില്‍ അവരുടെ വീട് സന്ദര്‍ശിച്ചതും പ്രതികൂലമായ കുടുംബസാഹചര്യത്തില്‍ നിന്നും എങ്ങിനെയാണ് കമല തന്‍റെ പ്രവര്‍ത്തനങ്ങള്‍ തികഞ്ഞ ആത്മാര്‍ത്ഥതയോടും ഉശിരോടും കൂടി നിര്‍വഹിച്ചതെന്നും കോഴിക്കോട്ടെ അന്വേഷിയുടെ സ്ഥാപക നേതാവായ കെ. അജിത ഓര്‍മ്മിക്കുന്നുണ്ട്. കമലയുടെ മകള്‍ ആത്മഹത്യ ചെയ്തതും, ബുദ്ധി വൈകല്യമുള്ള കമലയുടെ മകന്‍ ഒറ്റയ്ക്കായിപ്പോകുമോ എന്ന ആശങ്കയും വേദനയോടെയാണ് അജിത ഓര്‍ക്കുന്നത്.
തിരുവനന്തപുരത്തെ സഖി വിമന്‍സ് റിസോഴ്സ് സെന്‍റര്‍ സ്ഥാപക നേതാവ് ഏലിയമ്മ വിജയന്‍ ജഗോരിയുടെയും സംഘട്ടിന്‍റെയും ദേശീയ യോഗങ്ങളില്‍ പങ്കെടുക്കുമ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഓര്‍ക്കുമ്പോള്‍ തന്നെ ഒരുപാടൊരുപാട് പറയാനുള്ള വ്യക്തിത്വമാണ് കമല എന്ന് പറയുന്നുണ്ട്. ബേജിഗ് കോണ്‍ഫറന്‍സ് മുതല്‍ തന്നെ കമലയുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ്. നളിനി നായ്ക്കിന്‍റെ കൂടെ പ്രവര്‍ത്തിക്കുമ്പോള്‍ മരിയനാടുള്ള ഫിഷിങ് കമ്മ്യൂണിറ്റി ഡെവലപ്പ്മന്‍റ് സെന്‍റര്‍ കമലഭാസിന്‍ സന്ദര്‍ശിച്ചതും, പിന്നീട് വണ്‍ ബില്യണ്‍ റൈസിംഗ് പരിപാടിയുടെ ഭാഗമായി തിരുവനന്തപുരത്തു വന്നതും ആവേശം നിറഞ്ഞ അനുഭവം ആയിരുന്നുവെന്ന് ഏലിയമ്മ വിജയന്‍ ഓര്‍ക്കുന്നു.


ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമെന്‍സ് സ്റ്റഡീസ് മുന്‍ അധ്യക്ഷയും ജന്‍ഡര്‍ അനലിസ്റ്റുമായ മീര വേലായുധന്‍ കമലയെ കുറിച്ചുള്ള അനുഭവങ്ങള്‍ മലയാളപെണ്‍കൂട്ടത്തിന് അയച്ച കുറിപ്പില്‍ : ‘1970 കളില്‍ മാനുഷി ഫെമിനിസ്റ്റ് മാഗസിന്‍റെ പ്രവര്‍ത്തന വേളയിലാണ് കമലയുടെ വീട്ടില്‍ വച്ച് മീര ഇവരെ കണ്ടു മുട്ടുന്നതെന്നും പിന്നീട് ഡല്‍ഹിയില്‍ നടന്ന സ്ത്രീധന വിരുദ്ധ, ബലാത്സംഗ വിരുദ്ധ സമരങ്ങളിലും വിദ്യാര്‍ത്ഥി സമരങ്ങളിലും ഇരുവരും സജീവമായിരുന്നെനും South Asia for Peace and Solidarity, SAARC Civil Society Meet, , ലാന്‍ഡ് റൈറ്റ്സ് ഇന്‍ സൗത്ത് ഏഷ്യ തുടങ്ങിയവയിലും പിന്നീടുള്ള പ്രവര്‍ത്തനങ്ങളിലും ഒരുമിച്ച് പ്രവര്‍ത്തിച്ചു. ഇന്ത്യന്‍ അസോസിയേഷന്‍ ഫോര്‍ വിമന്‍സ് സ്റ്റഡീസിന്‍റെ പ്രാരംഭ ഘട്ടം മുതല്‍ക്ക് തന്നെ കമല അതില്‍ സജീവമായിരുന്നു. സ്ത്രീ പ്രസ്ഥാനത്തിന്‍റെ സജീവ സാന്നിധ്യമായ കമലയുടെ വിയോഗം നികത്താനാകാത്ത നഷ്ടമാണെന്നും ദുഃഖത്തോടുകൂടിയാണ് മീര പങ്കുവച്ചത്”.
കേരളത്തിലെ SEWA പ്രവര്‍ത്തകയായ സോണിയജോര്‍ജ്, വാര്‍ദ്ധക്യം വകവെക്കാതെയുള്ള ദേശ ഭാഷ അതിര്‍ത്തികള്‍ ഭേദിച്ചുള്ള കമലയുടെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങളെ പറ്റി പറയുന്നുണ്ട്. ജന്‍ഡര്‍ പരിശീലന പരിപാടികളുടെ ഭാഗമായി കുറച്ച് വര്‍ഷങ്ങള്‍ക്കു മുന്‍പ് വരെ ഡല്‍ഹി, ഒറീസ്സ തുടങ്ങിയ ഇടങ്ങളില്‍ ഗോത്ര ജനതയുമായി കമല ഇടപഴകുന്നത് ആവേശം പകരുന്ന കാഴ്ചയായിരുന്നു എന്നോര്‍ക്കുന്നുണ്ട്.
2004 ഏപ്രില്‍ മാസം പാകിസ്ഥാനിലെ ലഹോറില്‍ മെറിയെന്ന മനോഹര പര്‍വത നിരകളില്‍ വച്ചു നടന്ന ഒരു മാസത്തോളം നീണ്ടു നിന്ന ദക്ഷിണേഷ്യന്‍ സ്ത്രീകള്‍ക്ക് വേണ്ടി സൗത്ത് ഏഷ്യന്‍ നെറ്റ്വര്‍ക്ക് ഫോര്‍ ജന്‍ഡര്‍ ആക്റ്റിവിസ്റ്റ് ആന്‍ഡ്ട്രൈനേഴ്സ് സംഘടിപ്പിച്ച ഒന്‍പതാമത് ഇന്‍റര്‍നാഷണല്‍ കോര്‍സ് ഓണ്‍ ജന്‍ഡര്‍ പീസ് ആന്‍ഡ് ഡെവലപ്പ്മന്‍റ് പരിശീലനത്തെ കുറിച്ചുള്ള ഓര്‍മകളാണ് കേരളത്തിലെ പ്രമുഖ ഫെമിനിസ്റ്റും അക്കാഡമിസ്റ്റും ആയ കെ. പി. ഗിരിജയ്ക്ക് പങ്കു വയ്ക്കാനുള്ളത്. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാല്പതോളം സ്ത്രീകള്‍ പങ്കെടുത്ത പരിപാടിയില്‍ ഇന്ത്യയില്‍ നിന്ന് പങ്കെടുത്ത മൂന്നു പേരില്‍ ഒരാളാണ് കെ. പി. ഗിരിജ. കമലഭാസിന്‍ തുടര്‍ച്ചയായി പരിശീലകയായി എത്തിയ വേദി ദക്ഷിനേഷ്യന്‍ സ്ത്രീകള്‍ക്ക് വേറിട്ടൊരു അനുഭവമായിരുന്നു. അന്ന് സ്ത്രീ ശരീരത്തെ കുറിച്ചുള്ള പ്രത്യേകിച്ചു ശരീരത്തിലെ ആനന്ദ കേന്ദ്രങ്ങളെ കുറിച്ചുള്ള ക്ലാസിനു ശേഷമുള്ള ചര്‍ച്ചയില്‍ സ്ത്രീകള്‍ നിയന്ത്രണാതീതമായി കരഞ്ഞതും പിന്നീടുള്ള ക്ലാസ്സിന്‍റെ ഭാഗമായുള്ള നൃത്ത വേളയിലും സ്ത്രീകള്‍ കരഞ്ഞതും, സ്ത്രീകള്‍ക്ക് അവരുടെ ശരീരത്തില്‍ ആലേഖനം ചെയ്യപ്പെട്ട അല്ലെങ്കില്‍ അവരുടെ ശരീരം അനുഭവിച്ച ഹിംസയുടെയും ആനന്ദത്തിന്‍റെയും വ്യാപ്തിയുടെ ഓര്‍മ്മകളായിരുന്നുവെന്ന് ഗിരിജ ഓര്‍ക്കുന്നു. കുടുംബത്തില്‍ അവര്‍ നേരിടുന്ന പലതരം ഹിംസകളെ പറ്റി തുറന്നു പറയാന്‍ കമല നയിച്ച ഇത്തരം തന്ത്രങ്ങള്‍ പരിശീലന കളരിയില്‍ പങ്കെടുത്ത സ്ത്രീകളെ സഹായിച്ചുവെന്നു ഗിരിജയോര്‍ക്കുന്നു. പാകിസ്ഥാനില്‍ നിന്നുള്ള ഫെമിനിസ്റ്റ് സ്കിറ്റുകളുടെ വിഷയങ്ങള്‍ ഇന്ത്യന്‍ വിദ്വേഷങ്ങളും വിമര്‍ശനങ്ങളുമായി നേരിട്ടപ്പോള്‍ അവയെ അനുഭാവപൂര്‍വവും പക്വതയോടെയും കമല സമീപിച്ചത് ഇന്നും ഗിരിജയ്ക്ക് അത്ഭുതമാണ്. പിന്നീട് ‘ഇരുത്തം’ കേന്ദ്ര വിഷയമായി വന്ന പരിശീലന കളരിയില്‍ ഒരുസ്ഥലത്തു നിന്നും മാറി മാറിയുള്ള ഇരുത്തം എത്രത്തോളം വ്യത്യസ്ത സാധ്യതകളാണ് വ്യക്തികള്‍ക്ക് നല്‍കുന്നത് എന്ന തിരിച്ചറിവ് നല്‍കുന്നതായിരുന്നുവെന്നും സന്തോഷത്തോടെയാണ് ഗിരിജ ഓര്‍ക്കുന്നത്. സരസം നിറഞ്ഞ നിമിഷ കവിതകളും, പാട്ടുകളും, ഒക്കെയായി ക്ലാസുകള്‍ വളരെ സാമാര്‍ഥ്യത്തോടെയാണത്രേ കമല ലിംഗ വിവേചനങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ ഉള്‍ചേര്‍ത്തത്.
സഖിയുടെ മുന്‍പ്രവര്‍ത്തകയും ജന്‍ഡര്‍ പരിശീലകയുമായ രജിത ജി. കമലയെ ആദ്യമായിട്ട് കാണുന്നത് ഡല്‍ഹിയില്‍ നടന്ന ഫെമിനിസ്റ്റ് കൂടിച്ചേരലില്‍ വച്ചായിരുന്നു. പിന്നീട് പല യോഗങ്ങളിലും അവസാനമായി 2016ല്‍ തിരുവനതപുരത്തു വണ്‍ ബില്യണ്‍ റൈസ് പരിപാടിയുടെ ഭാഗമായി കണ്ടതും ഓര്‍ക്കുന്നു. ഈ പരിപാടിയുടെ പ്രാരംഭ യോഗത്തില്‍ പങ്കെടുത്തതാണ് അവസാന ഓര്‍മ. എന്നും ലളിതമായ ഭാഷയില്‍ സംസാരിച്ചിരുന്ന കമല അവര്‍ പലപ്പോഴും താമസിച്ചിരുന്ന ഹോട്ടലുകളിലെ തൊഴിലാളികളോട് പോലും സൗഹൃദം പുലര്‍ത്തുന്നത് കണ്ടിട്ടുണ്ട്. പല യോഗങ്ങള്‍ക്കിടയില്‍ പെട്ടന്ന് കയറി പാട്ടുപാടുകയും പാടിപ്പിക്കുകയും ചെയ്യുന്ന അവരുടെ രീതി വളരെ ഇഷ്ടപെട്ട ഒന്നായിരുന്നു. ഹിന്ദി അറിയാത്തവരാണെങ്കില്‍ പോലും പ്രാസമൊപ്പിച്ചുള്ള പദപ്രയോഗങ്ങളും മറ്റും അത്തരം പാട്ടുകളെ സഹപ്രവര്‍ത്തകര്‍കിടയില്‍ പ്രിയമുള്ളതാക്കിയിരുന്നു. എല്ലാവരെകൊണ്ടും അവര്‍ പാട്ട് പാടാന്‍ ശ്രമിപ്പിച്ചിരുന്നത്രെ. ഇതെല്ലാം ഒരു നല്ല ഓര്‍മ്മയായാണ് രജിത സൂക്ഷിക്കുന്നത്.
1990-കളില്‍ തന്നെ കമലയുടെ എഴുത്തുകള്‍ തന്നെ സ്വാധീനിച്ചിരുന്നതായും കമലയുടെ എഴുത്തുകളെ പറ്റി ഒരു നല്ല വിശകലനം നടത്തിയത്തോടൊപ്പം തന്നെ തന്‍റെ വ്യക്തി ജീവിതത്തിനും പിന്നീടുള്ള രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ക്കും അവരുടെ ഫെമിനിസ്റ്റ് ആശയങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നിട്ടുണ്ടെന്നും, ഒരു ബഹുമുഖ പ്രതിഭ എന്ന നിലയില്‍ എങ്ങിനെയാണ് ഡല്‍ഹിയില്‍ പല വേദികളിലും അവര്‍ നിറസാന്നിധ്യമായി അമ്പരിപ്പിച്ചതെന്നും ഡോ.പി. എം. ആരതി പറയുകയുണ്ടായി.

2013 ഡിസംബര്‍ 27 വണ്‍ ബില്യണ്‍ റൈസിങ് (OBR ) യോഗം

കമല ഭാസിനുമായി ഡല്‍ഹിയില്‍ വച്ചുണ്ടായ അനുഭങ്ങളെ പങ്കു വയ്ക്കുന്നതോടൊപ്പം കമല എന്ത് കൊണ്ട് സമകാലീന ഇന്ത്യയിലെ ഫെമിനിസ്റ്റ് പ്രവര്‍ത്തനങ്ങളുടെ അവിഭാജ്യ ഘടകമായി നിലനില്‍ക്കുന്നു എന്നതിനെ കുറിച്ചായിരുന്നു ബിന്ദു അമ്മിണി ഓര്‍ത്തത്.
കേരളത്തില്‍ എന്നല്ല ലോകത്തിന്‍റെ ഏതു കോണില്‍ ചെന്നാലും കമലയുടെ പ്രവര്‍ത്തനോര്‍ജ്ജം ലഭിച്ചവരെ കാണാന്‍ സാധിക്കും. കമലയെന്ന വ്യക്തിത്വം എങ്ങനെയാണ് ഭാഷ-ദേശാതിര്‍ത്തികള്‍ ഭേദിച്ച് എല്ലാവരോടും ഐക്യപ്പെടുന്നതെന്നും ആ ഐക്യപ്പെടലില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനീതികള്‍ക്കും, വിവേചനങ്ങള്‍ക്കും, അടിച്ചമര്‍ത്തലുകള്‍ക്കും, ചൂഷണങ്ങള്‍ക്കും എതിരെയുള്ള അവരുടെ ഉറച്ച പോരാട്ടം ഫെമിനിസ്റ്റ് സോളിഡാരിറ്റിയുടെയും സാഹോദര്യത്തിന്‍റെയും ആക്കം എങ്ങിനെയാണ് കൂട്ടിയതെന്നു കേരളത്തിലെ സമകാലീന പ്രവര്‍ത്തകരായ മീര വേലായുധന്‍റെയും കെ. അജിതയുടെയും സോണിയ ജോര്‍ജിന്‍റെയും ഓര്‍മ്മ പങ്കുവയ്ക്കലുകളില്‍ പ്രകടമാണ്.
തികച്ചും വ്യത്യസ്തവും പ്രായോഗികവും സര്‍ഗാത്മകവുമായ രീതിയില്‍ ലിംഗവിവേചനത്തിന് എതിരെ ഉള്ള പോരാട്ടങ്ങളെ സമീപിച്ച അവിസ്മരണീയ വ്യക്തിത്വമാണ് അവര്‍. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ ഇരുപത്തി അഞ്ചാം തിയതി പുലര്‍ച്ചെ മൂന്ന് മണിക്ക് അര്‍ബുദത്തോട് മല്ലടിച്ച് ഈ ലോകത്തോട് കമല വിടപറയുമ്പോള്‍ വരും തലമുറയ്ക്ക് കമല ബാക്കിവച്ചത് ഇന്ത്യന്‍ സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ ലിംഗവിവേചനകള്‍ക്കെതിരെ പോരാടാനുള്ള ശക്തമായ ആശയാടിത്തറകളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുമാണ്. കവിതകളിലൂടെയും വിപ്ലവ ഗാനങ്ങളിലൂടെയും സര്‍വോപരി തന്‍റെ ബഹുമുഖ സര്‍ഗാത്മക രാഷ്ട്രീയ പ്രവര്‍ത്തനങ്ങളിലൂടെയും പകര്‍ന്നു നല്‍കിയ സ്നേഹ സാഹോദര്യത്തന്‍റെ ഊര്‍ജ്ജമായിരുന്നു ഈ വിയോഗംകൊണ്ട് നഷ്ട്ടമാകുന്നത്. കമലയുടെ പ്രവര്‍ത്തനങ്ങളും എഴുത്തുകളും തലമുറകള്‍ താണ്ടി കരുത്തു പകരുമെന്നതിന് സംശയമേതുമില്ല. അവിഭക്ത ഇന്ത്യയിലെ ഇപ്പോള്‍ പാക്കിസ്ഥാന്‍റെ ഭാഗമായ പഞ്ചാബില്‍ 1946ല്‍ ജനിച്ച കമല ഭാസിന്‍ തന്‍റെ പ്രവര്‍ത്തന മണ്ഡലം തെക്കന്‍ ഏഷ്യയില്‍ സജീവമായി നില നിര്‍ത്തി. പാകിസ്താനി സ്ത്രീ സംഘടനകളില്‍ നിന്നും പകര്‍ന്നു കിട്ടിയ ആസാദി ഗാനം ഇന്ത്യന്‍ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന് അനുയോജ്യമായ രീതിയില്‍ രൂപ കല്പന ചെയ്തു ജനപ്രിയമാക്കുകയും . പട്ടിണിയില്‍ നിന്നും, പുരുഷാധിപത്യത്തില്‍ നിന്നും, മനുവാദത്തില്‍ നിന്നും, ബ്രാഹ്മണവാദത്തില്‍ നിന്നും, മുതലാളിത്തത്തില്‍ നിന്നും മോചനം ആവശ്യപ്പെടുന്ന ഈ വിപ്ലവ ഗാനം അടിച്ചമര്‍ത്തപ്പെട്ട മനുഷ്യരുടെ വിമോചന ഗാനമായി മാറി. കനയ്യ കുമാറിന്‍റെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടന്ന സംഘപരിവാര്‍ വിരുദ്ധ പോരാട്ടത്തിന്‍റെ ഉള്‍കരുത്തായി മാറിയതും ഇതേ ഗാനമാണല്ലോ. കമലയുടെ വേര്‍പാട് ഇന്ത്യന്‍ സ്ത്രീപ്രസ്ഥാനങ്ങള്‍ക്ക് കടുത്ത വേദനയാണ് നല്‍കുന്നത്. രാജ്യത്തിന്‍റെ പലഭാഗത്തു നിന്നുമുള്ള അനുസ്മരണ പ്രഭാവങ്ങള്‍ കാണിക്കുന്നത് ആ നഷ്ടത്തിന്‍റെ ആഴം തന്നെയാണ്. വ്യത്യസ്തമായ പ്രവര്‍ത്തന മികവ് കൊണ്ട് ഫെമിനിസ്റ്റ് ലോകം മുഴുവന്‍ നിറഞ്ഞു നില്‍ക്കുന്ന വിപ്ലവ വീര്യം തന്നെയായിരുന്നു കമലാഭാസിന്‍. അതിനാല്‍ തന്നെ പലതരം പോരാട്ട മുറകള്‍ കൊണ്ട് മരണം വരെ ലിംഗ വിവേചനങ്ങള്‍ക്കെതിരെ പോരാടിയ ഒരു സമര നായികയായാണ് ചരിത്രം അവരെ രേഖപ്പെടുത്താന്‍ പോകുന്നതെന്ന് നിസ്സംശയം പറയാം.

കമല ഭാസിന്‍റെ എഴുത്തിടപെടലുകള്‍
സരസവും ചോദ്യങ്ങളും ഉത്തരങ്ങളും നിറഞ്ഞ രീതികള്‍ തന്‍റെ എഴുത്തുകളില്‍ അവലംഭിച്ചിരുന്നത് കമലയെ ഏറെ കുറെ ജനകീയ എഴുത്തുകാരി ആക്കിയിട്ടുണ്ട്. ലാഫിങ് മാറ്റേഴ്സ് എന്ന കുഞ്ഞു പുസ്തകം ഫെമിനിസ്റ്റ് ഹാസ്യങ്ങള്‍ നിറഞ്ഞ ഒന്നാണ്. നിത്യജീവിതത്തിലെ ഹിംസയേയും കുടുംബം, വിവാഹം, രാഷ്ട്രീയം എന്നീ സ്ഥാപനങ്ങള്‍ക്കുള്ളില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങള്‍, എന്നിവ കൂടാതെ ഫെമിനിസം എന്ന ആശയത്തെയും വളരെ സരസമായ രൂപത്തിലൂടെ നമ്മുടെ ഉള്ളില്‍ എത്തിക്കാന്‍ കഴിഞ്ഞ പുസ്തകമാണ് ഇത്. ‘സ്ത്രീകള്‍ക്ക് പാചകം ചെയ്യാമെങ്കില്‍ പുരുഷനും ഇത് സാധ്യമാണ് കാരണം സ്ത്രീകള്‍ അവരുടെ ഗര്‍ഭ പാത്രം ഉപയോഗിച്ചല്ല പാചകം ചെയ്യുന്നത്’ എന്ന പ്രസക്ത വാക്യം കുറിക്കു കൊള്ളുന്ന ഒന്നാണ്.
കമല കുഞ്ഞുങ്ങള്‍ക്ക് വേണ്ടി എഴുതിയ നഴ്സറി പാട്ടുകള്‍, കഥകള്‍ തുടങ്ങിയവ കുഞ്ഞുങ്ങളിലേക്ക് പോലും ഇറങ്ങി ചെല്ലാനുള്ള അവരുടെ മികവിനെ എടുത്തു കാട്ടുന്നതാണ്. കുട്ടികള്‍ക്ക് വേണ്ടി എഴുതിയ രചനകളായ ഹൗസ് വര്‍ക്ക് ഈസ് എവരിവണ്‍സ് വര്‍ക്ക് : റയിംസ് ഫോര്‍ ജസ്റ്റ് ആന്‍ഡ് ഹാപ്പി ഫാമിലിസ് ; റൈന്‍ബോ ബോയ്സ് ; റൈന്‍ബോ ഗേള്‍സ്, ഐ വിഷ് സംവണ്‍ ഹാഡ് ടോള്‍ഡ് മി – ചൈല്‍ഡ് സെക്സ് അബ്യുസ്, വാട്ട് ഈസ് എ ഗേള്‍ , വാട്ട് ഈസ് എ ബോയ് ? തുടങ്ങിയവ സമൂഹത്തെ പറ്റിയും ലിംഗസമത്വത്തെ പറ്റിയും, പുരുഷാധിപത്യത്തെ പറ്റിയും ചൂഷണത്തെ പറ്റിയും കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ എഴുതിയവയാണ്.

ഹൗസ് വര്‍ക്ക് ഈസ് എവരിവന്‍സ് വര്‍ക്ക് : റയിംസ് ഫോര്‍ ജസ്റ്റ് ആന്‍ഡ് ഹാപ്പി ഫാമിലിസ് എന്ന നഴ്സറി പാട്ടുകള്‍ വീട്ടു ജോലികള്‍ ആണിന്‍റെയും പെണ്ണിന്‍റെയും ഉത്തവാദിത്തമാണ് എന്ന് ബോധ്യപ്പെടുത്തുന്നു. കമലയുടെ മകളും ഭര്‍ത്താവും അടങ്ങിയ ഗൃഹാന്തരീക്ഷമാണ് ഇതിന്‍റ മറ്റൊരു വശം. ബദല്‍ മാതൃകയായ തന്‍റെ കുടുംബം തന്നെയാണ് കമല ഉദാഹരണമായി കാണിച്ചു തരുന്നതും.
ഇന്നും സ്ത്രീപഠന തല്പരരായവര്‍ ആദ്യം വായിച്ചു നോക്കാന്‍ ഇഷ്ടപ്പെടുന്ന കൃതികളില്‍ പ്രധാനപെട്ടതാണ് കമല ഭാസിന്‍ എഴുതിയ ലഘുലേഖകള്‍. “Understanding Gender “, “what is patriarchy”, Exploring masculinity, feminism and its relevance in South Asia എന്നീ ലഘുലേഖകള്‍ വളരെ ഫലപ്രദമായ രീതിയിലാണ് എഴുതിയിരിക്കുന്നത്. ശക്തമായ വാക്കുകള്‍ കൊണ്ട് സമൂഹത്തില്‍ ആഴത്തില്‍ വേരൂന്നിയ പുരുഷാധിപത്യത്തിന്‍റെ നാഡികളെ പിഴുതെറിയേണ്ട ആവശ്യകതയെ നമ്മളില്‍ ഒരു ബോധമാക്കി മാറ്റാന്‍ ഈ എഴുത്തുകളിലൂടെ അവര്‍ക്ക് സാധിച്ചിട്ടുണ്ട്.
1989-ല്‍ പ്രസിദ്ധീകരിച്ച Feminism and its relevance in South Asia എന്ന ലഘുലേഖ ഇതിനുത്തമ ഉദാഹരണമാണ്. ഫെമിനിസവുമായി ബന്ധപ്പെട്ട് ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളില്‍ നിലനില്‍ക്കുന്ന മിഥ്യാധാരണകളെ പൊളിച്ചടുക്കാനുള്ള ശ്രമങ്ങള്‍ ഇതില്‍ വ്യക്തമായി കാണാം. ഒരു വിമോചന ആശയമെന്ന നിലയില്‍ പലതരം പുരുഷാധിപത്യങ്ങള്‍ നിലനില്‍ക്കുന്ന ദക്ഷിണ ഏഷ്യന്‍ രാജ്യങ്ങളിലെ സ്ത്രീകള്‍ക്ക് ഫെമിനിസം എത്രത്തോളം പ്രധാനപ്പെട്ടതാണെന്ന് ഈ ലഘുലേഖയിലൂടെ അവര്‍ വ്യക്തമാക്കുന്നുണ്ട്. കമല എഴുതിയ മറ്റൊരു ലഘുലേഖയാണ് 1993-ല്‍ പ്രസിദ്ധീകരിച്ച ‘what is patriarchy’. സമൂഹത്തില്‍ സ്ത്രീകള്‍ നേരിടുന്ന അടിച്ചമര്‍ത്തലുകളെ മനസ്സിലാക്കാന്‍ പിതൃമേധാവിത്വത്തെ എങ്ങിനെ ഒരു വിശകലന ഉപാധിയായി ഉപയോഗിക്കാം എന്നാണു ഈ കൃതിയിലൂടെ കാണിച്ച് തരുന്നത്. നിത്യജീവിതത്തില്‍ സ്ത്രീകള്‍ നേരിടുന്ന വിവേചനങ്ങളെയും, ചൂഷണങ്ങളെയും, ആക്രമണങ്ങളെയും ഉദാഹരണ സഹിതം വ്യക്തമാക്കുകയും, പിതൃമേധാവിത്തം ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ചരിത്രപരമായി എങ്ങിനെ ഉടലെടുത്തുവെന്നും, അത് എങ്ങിനെ സ്ത്രീകളുടെ ജീവിതത്തെ കുടുംബം, മതം, ജാതി, വര്‍ഗ്ഗം, രാഷ്ട്രീയം തുടങ്ങിയ സാമൂഹിക സ്ഥാപനങ്ങളിലൂടെ നിയന്ത്രിക്കുന്നുവെന്നും വ്യക്തമാക്കുന്നു. സമൂഹം എങ്ങിനെയാണ് സ്ത്രീ- പുരുഷ സങ്കല്‍പ്പങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്നും ഇത്തരം സാമൂഹിക നിര്‍മ്മിതികള്‍ എങ്ങിനെയാണ് വിവേചനങ്ങള്‍ക്ക് ആക്കം കൂട്ടുന്നതെന്നുമാണ് 2000 -ല്‍ പ്രസിദ്ധീകരിച്ച ‘Understanding Gender’ എന്ന ലഖുലേഖയിലൂടെ മനസ്സിലാക്കി തരാന്‍ ശ്രമിക്കുന്നത്. പെണ്ണത്തം/സ്ത്രൈണത എന്നത് പരിചരണം, വൈകാരികത, ആശ്രിതത്വം, പ്രേമം, സ്നേഹം, വാത്സല്യം, കുടുംബിനീ ഗുണങ്ങള്‍, ദുര്‍ബലാവസ്ഥ എന്നിവയൊക്കെയാണ് എന്ന് പുരുഷാധിപത്യമാണ് വരച്ച് വയ്ക്കുന്നത് എന്ന് വിശദീകരിക്കുന്നുണ്ട്. പുരുഷാധിപത്യ സമൂഹം സ്ത്രീകളില്‍ കാണാന്‍ ആഗ്രഹിക്കുന്ന അത്യുത്തമ ഗുണങ്ങളായി ഇവ മാറുന്നതെങ്ങനെയെന്നും ഫലപ്രദമായ രീതിയിലാണ് ഇവര്‍ വരച്ചു കാട്ടുന്നത്. പൗരുഷം/ആണത്തം എന്ന സങ്കല്പത്തെ ഇതിനു നേര്‍ വിപരീതമായാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും, അധികാരശേഷി, ധൈര്യം, ആത്മവിശ്വാസം, യുക്തിചിന്ത, ബൗദ്ധികത, ആക്രമണോത്സുകത, താന്‍പോരിമ, സ്വാതന്ത്ര്യബോധം, തുടങ്ങിയവയാണ് ആണത്തത്തിന്‍റെ ഉത്തമലക്ഷണങ്ങളായി പുരുഷാധിപത്യസമൂഹം വീക്ഷിക്കുന്നുവെന്നും ഇവര്‍ ഈ പുസ്തകങ്ങളിലൂടെ വ്യക്തമാക്കുന്നു. ഇത്തരം നിര്‍മ്മിതികള്‍ ഭാഷകളിലും സംസ്കാരങ്ങളിലും ശക്തമായി കലര്‍ന്നിരിക്കുന്നുവെന്നും ട്രാന്‍സ്ജന്‍ഡര്‍, ഇന്‍റര്‍സെക്സ് തുടങ്ങിയ വിഭാഗങ്ങളെ പൂര്‍ണ്ണമായും സാമൂഹിക നിര്‍മ്മിതിയില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നു എന്നും ഇവര്‍ വാദിക്കുന്നു. ഇത്തരം നിര്‍മ്മിതികള്‍ സ്ത്രീകള്‍ക്ക് ഭാരിച്ച ഉത്തരവാദിത്തം കല്പിക്കുന്നുവെന്നും സ്ത്രീകളുടെ സാമൂഹികവും, സാമ്പത്തികവും, വിദ്യാഭ്യാസപരവും, രാഷ്ട്രീയപരവുമായ മുന്നേറ്റങ്ങളെ തടസ്സപ്പെടുത്തുന്നുവെന്നും ഉദാഹരണ സഹിതം അവര്‍ എടുത്ത് കാണിക്കുന്നു. അങ്ങിനെ സ്ത്രീകളെ സമൂഹത്തില്‍ അടിച്ചമര്‍ത്തുന്ന ഘടകങ്ങളെ എടുത്തു കാട്ടികൊണ്ടു സ്ത്രീകളുടെ മോചനത്തിലേക്കുള്ള ശക്തമായ ഒരു ചവിട്ടുപടിയായി ഈ ലഘുലേഖകള്‍ ജനപ്രിയമായ് ഇന്നും തുടരുന്നു. 2004 -ല്‍ പ്രസിദ്ധീകരിച്ച Exploring masculinity ആണത്തത്തെ കുറിച്ചും അതിന്‍റെ സാമൂഹിക നിര്‍മ്മിതിയെക്കുറിച്ചും ഈ കാലഘട്ടത്തില്‍ മനസ്സിലാക്കേണ്ട ആവശ്യകതയെ കുറിച്ചുമാണ് പറഞ്ഞിരിക്കുന്നത്. അനേകം പിതൃമേധാവിത്വം നില നില്‍ക്കുന്നതുപോലെ ആണത്തങ്ങളും നിലനില്‍ക്കുന്നുവെന്നും നെഗറ്റീവ് ആണത്ത/ പെണ്ണത്തങ്ങളുടെ നിര്‍മ്മിതികള്‍ സ്ത്രീകളെയും പുരുഷന്മാരെയും പ്രതികൂലമായാണ് ബാധിക്കുന്നതെന്നും പറയുന്നതോടൊപ്പം ലിംഗ ബന്ധങ്ങളെ പരിവര്‍ത്തനം ചെയ്യാനുള്ള മറ്റുവഴികള്‍ കണ്ടെത്തണമെന്നും ഇവര്‍ നിര്‍ദ്ദേശിക്കുന്നു.
പലഭാഷകളിലേക്കും പരിവര്‍ത്തനം ചെയ്യപ്പെട്ട പലതവണ അച്ചടികള്‍ക്ക് വിധേയമാകുന്ന ഈ ലഖുലേഖകള്‍ കാണിക്കുന്നത് ഭാഷ ദേശങ്ങള്‍ക്കതീതമായി കമല ഭാസിന്‍റെ കൃതികള്‍ ജനപ്രിയവും സ്വീകാര്യവുമാണ്. ഈ ലഘുലേഖകള്‍ കൂടാതെ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍, പിതൃമേധാവിത്വം, ഫെമിനിസ്റ്റ് പ്രവര്‍ത്തനം, വികസന ഫെമിനിസ്സത്തിന്‍റെ പ്രാധാന്യം, വര്‍ഗീയത തുടങ്ങിയ വിഷയങ്ങളില്‍ ഇവര്‍ തന്‍റെ രചനകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഫെമിനിസ്റ്റ് കഥകളും കവിതകളും പാട്ടുകളുമാണ് കമലയുടെ മറ്റു ജനപ്രിയ രചനകള്‍ എന്ന് നേരത്തെ സൂചിപ്പിച്ചുവല്ലോ. പാട്ടും കവിതകളും കഥകളും ചോദ്യങ്ങളും തമാശകളും ഒക്കെയായി അവരുടെ ജീവിതം ഓരോ നിമിഷവും സ്ത്രീകളോട് സംവദിച്ചുകൊണ്ടേയിരുന്നു.
പലര്‍ക്കും അറിവും ആവേശവും പകര്‍ന്ന് അവരുടെയൊക്കെ ഭാഗമാകാന്‍ കമലയ്ക്ക് സാധിച്ചിട്ടുണ്ട്. അനേകം ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പ്രിയപ്പെട്ട കമലയുടെ രചനകള്‍ ഭാഷ ദേശാതിര്‍ത്തികള്‍ ഭേദിച്ചു പുരുഷാധിപത്യത്തോടും ലിംഗ വിവേചനങ്ങളോടും അവരുടെ വേര്‍പാടിന് ശേഷവും കലഹിക്കുമെന്നതിനു തര്‍ക്കം ഏതുമില്ല. ലിംഗനീതിയുടെ കാവലാളായി കമല ഭാസിന്‍ നമ്മുടെ ഹൃദയങ്ങളില്‍ എന്നും നിലനില്‍ക്കുമെന്ന് കമലയുടെ എഴുത്തുകളും അവരെക്കുറിച്ചുള്ള സ്മരണകളും ഓര്‍മ്മിപ്പിക്കുന്നു.

ഹമീദ സി. കെ.
കോഴിക്കോട്
സര്‍വകലാശാലയിലെ
സ്ത്രീ പഠന
വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0