Homeചർച്ചാവിഷയം

മഴവില്ലില്‍ മഷി പടരുമ്പോള്‍: ട്രാന്‍സ്ജെണ്ടര്‍ ആത്മകഥാ സാഹിത്യം

‘ശിവ- ശക്തി സംയോഗത്തിന്‍റെ ആള്‍ രൂപം’ എന്ന ചിന്തകള്‍ ഉള്‍ക്കൊണ്ട്,  ഇന്ത്യന്‍ ഐതിഹാസിക പുരാണങ്ങളില്‍ വ്യക്തമായ ഒരിടം ഉള്ളവരാണ് ട്രാന്‍സ്ജന്‍ഡര്‍  വിഭാഗം. മുഗള്‍ രാജവംശ കാലഘട്ടത്തില്‍ ഈ വിഭാഗത്തിലെ ജനങ്ങള്‍ കൊട്ടാരങ്ങളിലെ സുപ്രധാന സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തു പോന്നിരുന്നു. 1871 ല്‍ നടപ്പാക്കിയ Criminal Tribes Act,  പ്രസ്തുത ജനങ്ങളുടെ അവകാശങ്ങള്‍ അടിച്ചമര്‍ത്തുകയും അവരെ കുറ്റവാളികളായി കണക്കാക്കുകയും ചെയ്തു. ഇന്ന് ഇന്ത്യയില്‍ ഒട്ടാകെ ഏകദേശം 5ലക്ഷത്തോളം ട്രാന്‍സ്ജന്‍ഡര്‍ വ്യക്തികള്‍ ജീവിക്കുന്നുണ്ട്. എന്നാല്‍ അവരില്‍ പലരും  ഇപ്പോഴും വെറുപ്പിന്‍റെയും അനീതികളുടെയുടെയും ലോകത്തു തന്നെ കുടുങ്ങി കിടക്കുകയാണ്. ഈ അപചയങ്ങളുടെ ലോകത്തിലേക്കുള്ള ഒരു കണ്ണാടിയാണ് ഓരോ ട്രാന്‍സ്ജന്‍ഡര്‍ ആത്മകഥകളും. സ്വന്തം വ്യക്തിത്വം തുറന്ന് കാട്ടാനും, അനീതിക്കെതിരെ പ്രതികരിക്കാനും ഒരിടം ഒരുക്കി കൊടുക്കാന്‍ സാഹിത്യ ലോകത്തിനു ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. ‘ജീവിതത്തിന്‍റെ യാതനകള്‍ എഴുതപ്പെടെണ്ടതാണ്,  കുറിച്ചു വെക്കപ്പെടേണ്ടതാണ്,’ എന്നുള്ള  പ്രശസ്ത ട്രാന്‍സ്ജന്‍ഡര്‍ പ്രവര്‍ത്തക ലക്ഷ്മി നാരായണ്‍ ത്രിപാഠിയുടെ വാക്കുകള്‍ നമുക്ക് ഇതിനോട് ചേര്‍ത്ത് വായിക്കാം.

ദളിത് ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തിനെ പ്രതിനിധീകരിച്ച് എഴുതപെട്ട ‘ഐ ആം വിദ്യ ‘(I Am Vidhya, ഞാന്‍ വിദ്യ: 2007 ) എന്ന ആത്മകഥ ഇന്ത്യയിലെ ഹിജഡ സമൂഹത്തിലേക്കു തുറന്നു വച്ചിരിക്കുന്ന ഒരു  വാതിലാണ്. ശരീരവും മനസ്സും തമ്മില്‍ ഉടലെടുക്കുന്ന  അനന്തമായ ഒരു  സംഘര്‍ഷമാണ് ഏതൊരു ട്രാന്‍ജന്‍ഡര്‍ വ്യക്തിയേയും പോലെ ചെറുപ്പത്തില്‍ വിദ്യയും നേരിടുന്നത്. ശരിയായ ബോധവല്‍ക്കരണത്തിന്‍റെ അഭാവം മൂലം ഉണ്ടാകുന്ന സഹപാഠികളുടെ  കളിയാക്കലുകള്‍ ഇതിന്‍റെ ആഘാതം കൂട്ടുന്നു. വിദ്യ പറയുന്നു,  ചെറിയ ക്ലാസ്സിലെ കുട്ടികള്‍ പോലും സ്കൂളില്‍ എന്നെ കളിയാക്കി. ‘ഈ പെണ്ണിനെ നോക്കൂ’ എന്നു  നിലവിളിച്ചു കൊണ്ട് അവര്‍ പുറകെ വന്നു. ആണ്‍കുട്ടികള്‍ കളിയാക്കുന്നത് ഒരു പതിവായി മാറി. ഞാന്‍ നന്നായി പഠിക്കുന്ന കുട്ടിയായിരുന്നു. പക്ഷെ ഹൈസ്കൂള്‍ കാലഘട്ടം മുഴുവനും ഞാന്‍ ഒറ്റപെട്ടു (ഞാന്‍ വിദ്യ 45). ആണ്‍ശരീരത്തില്‍ അകപ്പെട്ട് പോയ ഒരു സ്ത്രീ എന്ന വികാര വിചാരത്തോടെയാണ് അവള്‍ ജീവിതം മുന്നോട്ടു നീക്കുന്നത്. ഒരു ലിംഗ മാറ്റ ശസ്തക്രിയ നടത്തി ഇതില്‍ നിന്ന് മോചനം നേടാന്‍ ആണ് ആഗ്രഹങ്ങള്‍ പിന്നീടുള്ള സന്ദര്‍ഭങ്ങളില്‍ വിദ്യ പങ്കു വെക്കുന്നുണ്ട്. എന്നാല്‍ അവളുടെ സുഹൃത്തുക്കളോ കുടുംബമോ, ട്രാന്‍സ്ജെന്‍റര്‍  എന്‍.ജി.ഓകളോ ആഗ്രഹത്തിന് കൂട്ട് നില്‍ക്കുന്നില്ല. ‘ലിംഗ മാറ്റം നടത്തി ജീവിതം നശിപ്പിക്കരുത്. നിന്‍റെ വിദ്യാഭ്യാസം വെച്ച് നിനക്ക് മറ്റെവിടെയെങ്കിലും നല്ലൊരു ജോലി കിട്ടും. ഇടക്ക് മറ്റു കോത്തി(ട്രാന്‍സ്ജെണ്ടര്‍)കളുടെ കൂടെ സമയം ചിലവഴിക്കാന്‍ ഇവിടെ വരാമല്ലോ’ എന്നതായിരുന്നു  എന്‍.ജി.ഒ അധികാരികളുടെ ഉപദേശം. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തിന് എതിരെയുള്ള മുന്‍വിധികളില്‍ നിന്ന് രക്ഷപെടാന്‍ സ്വന്തം വ്യക്തിത്വം ഒളിപ്പിക്കുക എന്നതാണ് എല്ലാവരും നല്‍കുന്ന നിര്‍ദേശം. എന്നാല്‍ ഈ മുന്‍വിധികളെ ആണ് മാറ്റി നിര്‍ത്തേണ്ടത് എന്നാണ് വിദ്യയുടെ ആത്മകഥ വാദിക്കുന്നത്.

വിദ്യ നമ്മളെ കൂട്ടികൊണ്ട് പോകുന്നത് ട്രാന്‍സ്ജന്‍ഡര്‍ സമൂഹത്തിന്‍റെ അകത്തളങ്ങളിലേക്കാണ്. പുറമേ നിന്ന് നേരിടേണ്ടി വരുന്ന അന്യായങ്ങള്‍ക്കുമപ്പുറം ഈ അകത്തളങ്ങളിലും അവര്‍ സ്വതന്ത്രര്‍ അല്ല എന്ന വസ്തുത ഞെട്ടിക്കുന്നതാണ്. ‘ഒരു തിരുനംഗായുടെ (ട്രാന്‍സ്ജന്‍ഡര്‍) ജീവിതം ആയിരം നിയമങ്ങള്‍ കൊണ്ട് കെട്ടപ്പെട്ടു കിടക്കുകയാണ്, എല്ലാം അലിഖിത നിയമങ്ങള്‍’ എന്ന വിദ്യയുടെ വാക്കുകള്‍ വായനക്കാര്‍ക്കു നല്‍കുന്ന ആഘാതം  ചെറുതല്ല.  പൂനെയിലേക്ക് ചേക്കേറുന്ന  അവള്‍ക്ക് ജീവിതമാര്‍ഗ്ഗം ഭിക്ഷാടനം  മാത്രമാണ്. അവളുടെ ഉപരിപഠനത്തിന്‍റെ സര്‍ട്ടിഫിക്കറ്റുകള്‍ക്കൊന്നും ആ ലോകത്ത് വിലയില്ലാതായി പോവുന്നു. തകര ഷീറ്റുകള്‍ മേഞ്ഞ ഒരു ഇടുങ്ങിയ മുറിയിലേക്ക് അവളെ എത്തിക്കുന്നത് ദാരിദ്ര്യമോ  പട്ടിണിയോ അല്ല. ഒരു ട്രാന്‍സ്ജന്‍ഡര്‍ ആയി ജനിച്ചു പോയി എന്നുള്ള സത്യം  മാത്രമാണ് അവളെ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും അകറ്റുന്നത്. ഭിക്ഷാടന സമയത്ത് നേരിടേണ്ടി വരുന്ന ശാരീരികവും മാനസികവുമായ അതിക്രമങ്ങള്‍  സ്വന്തമായി മറ്റൊരു  തൊഴില്‍ ചെയ്തു ജീവിക്കാന്‍ അവരെ പ്രേരിപ്പിക്കുന്നുണ്ട്. എന്നാല്‍, അവരുടെ ഉദ്യമത്തെ സഹായിക്കാനോ അവരുമായി സഹകരിക്കാനോ ആരും തയ്യാറാവുന്നില്ല.

തന്നാല്‍ ആവുന്ന രീതിയില്‍ എല്ലാ ട്രാന്‍സ് വ്യക്തികളും  പൈസ സ്വരുക്കൂട്ടുന്നത് വലിയ വീടോ സന്നാഹങ്ങളോ സ്വപ്നം കണ്ടല്ല; ‘നിര്‍വാണ’ ആണ് അവരുടെ സ്വപ്നം. അവരനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങള്‍ക്കുള്ള ഒരുത്തരമാണ് ലിംഗ മാറ്റ ശസ്ത്രക്രിയ. എന്നാല്‍ ഈ മേഖലയിലും വലിയ തോതിലുള്ള ചൂഷണം ആണ് അവര്‍ നേരിടുന്നത്.

വിദേശ രാജ്യങ്ങളില്‍ മുന്‍പേ തന്നെ  ടെസ്റ്റ് ചെയ്ത് ആരോഗ്യം ഉറപ്പ് വരുത്തിയതിനു ശേഷം മാത്രം  ശസ്ത്രക്രിയയിലേക്ക് കടക്കുന്ന പ്രവണത ആണ് കാണപ്പെടുന്നത്.  ‘ഇന്ത്യയിലെ കഥ മറ്റൊന്നാണ്. ഇവിടെ സംഭവിക്കുന്നത് ലിംഗ മാറ്റ ശസ്ത്രക്രിയ അല്ല. ഇവിടെ നടപ്പാക്കുന്നത് കേവലം അനസ്തേഷ്യ കൊടുത്തിട്ടുള്ള വൃഷ്ണഛേദം മാത്രം ആണ്. അതും യാതൊരു സര്‍ക്കാര്‍ അനുമതിയും കൂടാതെ.’ (ഞാന്‍ വിദ്യ, 183) വളരെ വൃത്തി ഹീനമായ സാഹചര്യത്തില്‍ ഒരു സുരക്ഷാ ക്രമീകരണങ്ങളും ഇല്ലാതെ നടത്തുന്ന ഇവ വളരെ അപകടം നിറഞ്ഞതാണ്. അനന്യ എന്ന പെണ്‍കുട്ടിയുടെ ആത്മഹത്യ ഈ മേഖലയിലെ ചൂഷണത്തിനോട് ചേര്‍ത്ത് നിര്‍ത്തി സംവദിക്കുന്ന ഈ കാലഘട്ടത്തില്‍ വിദ്യയുടെ ആത്മകഥ വളരെ പ്രസക്തമാണ്.

അവസാന താളുകളില്‍ അവള്‍ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ ഇന്നും ആവശ്യങ്ങളായി പരിഗണന കാത്തു കിടക്കുകയാണ്. നിയമപരമായ ലിംഗ മാറ്റ ശസ്ത്രക്രിയകള്‍ക്കും മറ്റ് പ്രാഥമിക ആവശ്യങ്ങള്‍ക്കും വേണ്ടിയാണ് അവള്‍ വാദിക്കുന്നത്. ‘കുട്ടികള്‍ക്ക് ട്രാന്‍സ് വ്യകതികളുടെ  ബുദ്ധിമുട്ടുകളെ പറ്റി പറഞ്ഞു കൊടുക്കണം. സിനിമകളില്‍ അവരെ അശ്ലീലം ആയി ചിത്രീകരിക്കുന്ന സീനുകള്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ട് എടുത്ത് മാറ്റണം.ഗവണ്മെന്‍റിനു അത് സാധിക്കും’. ഇത്തരം ചെറിയ വലിയ ആവശ്യങ്ങള്‍ക്ക്  അവരുടെ ജീവിതത്തില്‍ വലിയ പ്രസക്തി ഉണ്ട്. മനുഷ്യരായി പരിഗണന ലഭിക്കുക എന്ന പ്രാഥമിക ആവശ്യം പോലും നിറവേറ്റി കൊടുക്കാന്‍ നമുക്ക് പലപ്പോഴും സാധിക്കാതെ പോവുന്നുണ്ട്. വിദ്യയുടെ ആത്മകഥ ഒരു ഓര്‍മ്മപ്പെടുത്തല്‍ ആണ്. നമ്മളുടെ പുരോഗതിയും ജനാധിപത്യവും സ്വാതന്ത്ര്യ ലബ്ധി യുടെ 75 വര്‍ഷങ്ങള്‍ക്കിപ്പുറം എവിടെ നില്‍ക്കുന്നു എന്നൊരു ഓര്‍മ്മപ്പെടുത്തല്‍. ‘ഞാന്‍ സ്വര്‍ഗം ആവശ്യപ്പെടുന്നില്ല. എന്‍റെ യാചന ഈ ജീവിക്കുന്ന നരകത്തില്‍ നിന്ന് ഒരു വിടുതല്‍ മാത്രം ആണ്’ (225) എന്നു പറഞ്ഞ് വിദ്യ അവസാനിപ്പിക്കുമ്പോള്‍ നമ്മള്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങണം. ഇനി വരുന്ന വര്‍ഷങ്ങളില്‍ എങ്കിലും എല്ലാവരും ഒരുപോലെ പരിഗണിക്കപ്പെടുന്ന ഒരു ലോകത്തിന് വേണ്ടി.

 

ജിന്‍റ്റു ഏലിയാസ്
ഗവേഷക വിദ്യാര്‍ത്ഥിനി
ടഞങ യൂണിവേഴ്സിറ്റി, ആന്ധ്ര പ്രദേശ്

 

COMMENTS

COMMENT WITH EMAIL: 0