Homeകഥ

കണ്ണുകള്‍ പറഞ്ഞത്

പുഴയുടെ ആഴത്തിലൂടെ നീന്തുകയായിരുന്നു. തണുപ്പുള്ള വെള്ളം ,ശരീരവും മനസ്സും കുളിര്‍ത്തു. ആഴം കുറഞ്ഞ ഭാഗത്ത് മുങ്ങി കിടന്നപ്പോള്‍,വെള്ളാരംകല്ലുകള്‍ തിളങ്ങുന്ന പുഴത്തട്ട്. പരല്‍മീനുകള്‍ കൂട്ടമായി നീന്തി അകലുന്നു.
കണ്ണുകള്‍ തുറന്ന് പിടിച്ച് മുങ്ങി. പച്ചനിറമുള്ള പായലുകള്‍ വള്ളിപോലെ പിരിഞ്ഞു കിടക്കുന്നു. നീളമുള്ള മുടി അഴിച്ചിട്ടപോലെ. സൂക്ഷിച്ചുനോക്കി. പായലുകള്‍ക്കിടയില്‍ ചുരുണ്ടമുടി പോലെ അങ്ങനെ എന്തോ ഒന്ന്. വീണ്ടും നോക്കി.
‘അതെ അതൊരു മുഖം ആണല്ലോ, ‘ ‘ കറുത്ത ചുരുണ്ട മുടിയുള്ള തിളങ്ങുന്ന കണ്ണുള്ള പുഞ്ചിരിക്കുന്ന ഒരു മുഖം’.
‘ആ മുഖം തന്നെ നോക്കുന്നല്ലോ. വീണ്ടും സൂക്ഷിച്ചു നോക്കി. അതേ ആ മുഖം കണ്ണുകള്‍ വിടര്‍ത്തി വീണ്ടും ചിരിച്ചു.’
‘വരൂ വരൂ എന്ന് മന്ത്രിക്കുന്നത് പോലെ ‘
‘അയ്യോ’
നടുങ്ങിപ്പോയി .ഉറക്കെ നിലവിളിച്ചു ചാടി എഴുന്നേറ്റു. കുറച്ചു നേരത്തേക്ക് എന്താണ് എന്ന് മനസ്സിലായില്ല. ജഗ്ഗില്‍ ഇരുന്ന വെള്ളം കുറെ കുടിച്ചു. വിയര്‍പ്പു ചാലിട്ടൊഴുകി. വല്ലാത്തൊരു മരവിപ്പ്. ഹിമക്കൊന്നും മനസ്സിലായില്ല.
‘ആ കണ്ണുകള്‍, ആ മുഖം…’
‘ആരാണത്?’ ‘ഒരു പരിചയവും തോന്നുന്നില്ല, പക്ഷെ.. പക്ഷെ എന്തോ ഒരു ഒരു ‘അതെന്താണെന്നു ഹിമക്ക് എത്ര ആലോചിച്ചിട്ടും മനസ്സിലായില്ല. ക്ലോക്കില്‍ മണി അഞ്ചടിച്ചു. പിന്നെ കിടക്കാന്‍ തോന്നിയില്ല. അടുക്കളയിലേക്ക് നടന്നു. ജനല്‍ തുറന്നു. തണുത്ത കാറ്റ് ഇരച്ചുകയറി. നേരം പുലരുന്നേയുള്ളു. അമ്പലത്തില്‍ നിന്നും ദേവിസ്തുതി കേള്‍ക്കുന്നു. ഹിമ പതുക്കെ ചായക്ക് വെള്ളം വച്ചു. പച്ചക്കറികള്‍ നുറുക്കി തുടങ്ങി. ആ സ്വപ്നം വീണ്ടും മനസ്സില്‍ തേങ്ങി നിന്നു.
ആ കണ്ണുകള്‍… ആര്? ആരാണത്?
‘ഹോ’ കൈയും മുറിഞ്ഞു.
‘അതൊരു സ്വപ്നമല്ലേ.’
ഹിമ മനസ്സിനെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.
ജോലിയൊക്കെ ഒതുക്കി
വേഗം റെഡി ആകാന്‍ തുടങ്ങി.
തനിക്കേറ്റവും ഇഷ്ടപ്പെട്ട റോസ് ചുരിദാര്‍ ന്‍റെ ഷോള്‍ ഞൊറിഞ്ഞു കുത്തുകയായിരുന്നു ഹിമ. എത്ര പ്രാവശ്യമായി. ശരിയാകുന്നില്ല. എത്രനേരമായി,
‘നാശം.’
അവള്‍ക്കു ദേഷ്യം വന്നു. സമയം പോകുന്നു. ഇന്നും ലേറ്റ്. അല്ലെങ്കിലും ഇപ്പോള്‍ അങ്ങിനെയാണല്ലോ.ഒന്നും ശരിയല്ലല്ലോ. ഇന്നാണെങ്കില്‍ മീറ്റിംഗ് ഉള്ളതാണ് രാവിലെ. ഹിമ ഒരു ഐടി കമ്പനിയിലാണ് ജോലി ചെയ്യുന്നത്. ഹിമയുടെ ഭര്‍ത്താവ് സന്തോഷ്. മറ്റൊരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ സീനിയര്‍ ഓഫീസര്‍ ആണ്. ഒരേയൊരു മകള്‍ മൃദുല ചെന്നൈയില്‍ പഠിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ വീട്ടില്‍ ഹിമയും സന്തോഷും മാത്രമേയുള്ളൂ. രണ്ടാളും ജോലി കഴിഞ്ഞ് രണ്ടു സമയത്ത് വരും. രണ്ടു ധ്രുവങ്ങളില്‍ എന്നപോലെ ഇരുവരും ജീവിക്കാന്‍ തുടങ്ങിയിട്ട് കുറച്ചുനാളായി.
ചില താളപ്പിഴകള്‍. ബോധപൂര്‍വമോ അല്ലാതെയോ ഉള്ള ചില സംസാരങ്ങള്‍. അകല്‍ച്ചയുടെ ആദ്യഘട്ടത്തില്‍ ഹിമ ഒന്നും കാര്യമാക്കിയില്ല. തിരക്ക് കൊണ്ടാണെന്ന് കരുതി.അല്ലാതെ മറ്റൊരു തരത്തില്‍ ചിന്തിക്കാന്‍ അവള്‍ക്ക് ആവുമായിരുന്നില്ല. സന്തോഷ് എന്ന് വെച്ചാല്‍ ഹിമയ്ക്ക് ഭ്രാന്തായിരുന്നു. ജീവന്‍റെ ജീവനായിരുന്നു. ഓരോ അണുവിലും അയാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ചേര്‍ക്കാന്‍ പറ്റാത്ത വിധം അകലുകയാണ് എന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഹൃദയം നുറുങ്ങി നോക്കിനില്‍ക്കാനേ അവള്‍ക്ക് കഴിഞ്ഞുള്ളൂ. മനസ്സിനെ എത്ര പറഞ്ഞു പഠിപ്പിച്ചിട്ടും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
ലോകം ഇങ്ങനെയാണ്. കാലം മാറി. ബന്ധങ്ങളില്‍ വിള്ളലുകള്‍ വരുന്നു. ഇതൊക്കെ അറിയാഞ്ഞിട്ടല്ല. എത്ര പുരോഗമനം പറഞ്ഞാലും ചില സത്യങ്ങള്‍ അംഗീകരിക്കാന്‍ പറ്റില്ല. കാലമെത്ര കഴിഞ്ഞാലും ചാരം മൂടിയാലും ജ്വലിച്ചു വരും ഇടക്ക്. അങ്ങനെയാണ് മനസ്സ്. മറക്കാന്‍ ശ്രമിക്കും തോറും കുത്തിക്കയറുന്ന വേദന ഉണര്‍ത്തുന്ന ചിന്തകള്‍. ശരിക്കും ഭ്രാന്തായിരുന്നു ഹിമയ്ക്ക്. ആരോടും പറയാതെ, അല്ലെങ്കില്‍ ആരോടും പറയാന്‍ ഇഷ്ടപ്പെടാതെ ഉരുകിയുരുകി കഴിയുകയായിരുന്നു. പണ്ടുമുതലേ അങ്ങനെയായിരുന്നു തന്‍റെ സങ്കടങ്ങള്‍ ഒന്നും ആരോടും പറയില്ലായിരുന്നു.
ചിലപ്പോള്‍ നെഞ്ചിലെ പിടപ്പ് ഒതുക്കാന്‍ പറ്റാതെ വരും വണ്ടിയുടെ കീ എടുത്തു ഹിമ ഇറങ്ങി. ടാറ്റയുടെ ആ പുതിയ വണ്ടി നിരത്തിലൂടെ ഒഴുകി.
‘ദൂരെയാരോ പാടുകയായി’
ഹരീഷ് ശിവരാമകൃഷ്ണന്‍ തകര്‍ത്തു പാടുന്നു. പാട്ടിനൊപ്പം സ്റ്റിയറിങ്ങില്‍ താളമിട്ടു. പതിവ് തിരക്കുകളിലേക്ക് അവളൂളിയിട്ടു.
ഓഫീസില്‍ എത്തിയിട്ടും ഒരു സ്വസ്ഥതയും ഉണ്ടായില്ല. തിരക്കോട് തിരക്ക്. വൈകുന്നതുവരെ എങ്ങനെയോ കഴിച്ചു കൂട്ടി. വൈകിട്ട് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ പാര്‍വതി അടുത്തെത്തി.
‘ഹിമ ഒരു ലിഫ്റ്റ് വേണമിന്ന്’
‘ങും’
വണ്ടിയില്‍ കയറി ഇരുന്ന് പാര്‍വതി ചോദിച്ചു.
‘രാവിലെ മുതല്‍ ഞാന്‍ ശ്രദ്ധിക്കുന്നതാണ്. എന്തു പറ്റിയെടാ നിനക്ക്.’
‘എന്തെങ്കിലും വയ്യാതെ ഉണ്ടോ?’
‘നിന്‍റെയാ പഴയ പ്രസരിപ്പ് ഒക്കെ പോയല്ലോ’
‘എന്തെങ്കിലും പ്രശ്നമുണ്ടോ?’
ഹിമ വെറുതെ ചിരിച്ചു.
‘നിനക്ക് തോന്നുന്നതാ’
‘ഒന്നുമില്ലെങ്കില്‍ ഓക്കേ’
ഷോപ്പിങ് മാളിന് മുന്‍പില്‍ എത്തിയപ്പോള്‍ പാര്‍വ്വതി പറഞ്ഞു.
‘വരു നമുക്ക് ഒരു കപ്പു കാപ്പി കുടിക്കാം’
യാന്ത്രികമായി പാര്‍വതി യോടൊപ്പം നടന്നു. കോഫി കുടിച്ചു. പാര്‍വതി എന്തൊക്കെയോ പറഞ്ഞു. വെറുതെ മൂളി. ഒന്നും സംസാരിക്കാന്‍ തോന്നുന്നില്ല. യാത്ര പറഞ്ഞു പിരിഞ്ഞു. വീട്ടിലെത്തിയിട്ടും ആകെ മടുപ്പ്. ആരുമില്ല. വല്ലാത്ത ശൂന്യത. ഭക്ഷണമൊന്നും ഉണ്ടാക്കാന്‍ തോന്നിയില്ല.
‘ആര്‍ക്കുവേണ്ടിയാണ് ഈ ജീവിതം’? സ്വന്തം എന്ന് കരുതിയത് ഒക്കെ കൈ വിരലുകള്‍ക്കിടയിലൂടെ ഉതിര്‍ന്നു പോകുന്നത് നോക്കി നിന്നതാണ്. ഇപ്പോള്‍ എന്തൊരു മരവിപ്പാണ് മനസ്സിന്. ബാല്‍ക്കണി യിലേക്കുള്ള വാതില്‍ തുറന്ന് ഹിമ പുറത്തേക്ക് നോക്കിയിരുന്നു. ആകാശത്തു നക്ഷത്രങ്ങള്‍ ചിമ്മുന്നു. ഒരു നക്ഷത്രം തന്നെ തന്നെ നോക്കുന്നു.
‘അതേ ആ കണ്ണുകള്‍ പോലെ തന്നെ’
‘ഹോ’
ഹിമ ശക്തിയായി തല കുടഞ്ഞു.. ഭ്രാന്ത് പിടിക്കുന്നു.
‘എന്താണ് ഇത്.’
ആ കണ്ണുകള്‍ തന്നെ വിടാതെ പിന്തുടരുകയാണല്ലോ. രാത്രി പതിനൊന്നു കഴിഞ്ഞു. എസ്. ഹരീഷിന്‍റെ ആഗസ്റ്റ് 17 എന്ന നോവല്‍ വായിച്ചു നിര്‍ത്തിയിടത്തുനിന്ന് തുടങ്ങി. ചരിത്രവും രാഷ്ട്രീയവും സാഹിത്യവും. ഒന്നും മനസ്സില്‍ തങ്ങിയില്ല. ചിന്തകള്‍ കാട് കയറി പോകുന്നു.മനസ്സ് ഒരിടത്തും ഉറക്കുന്നില്ല. എന്തൊക്കെയോ ആലോചിച്ചു കിടന്നു. പതുക്കെ ഉറക്കത്തിലേക്ക് വഴുതി. രാവിലെ സന്തോഷ് പറഞ്ഞു. ‘ഞാന്‍ 4 ദിവസം സ്ഥലത്തുണ്ടാവുകയില്ല’ ഹിമ ചോദ്യഭാവത്തില്‍ അയാളെ നോക്കി.
‘ചെന്നൈയില്‍ ഒരു മീറ്റിംഗ് ‘
അത് പുത്തരിയല്ലല്ലോ. ഹിമ ഒന്നും മിണ്ടിയില്ല.
‘ സാരമില്ല ഞാന്‍ മാനേജ് ചെയ്തോളാം’
‘ഓക്കേ 12 മണിക്കാണ് ഫ്ലൈറ്റ്.’
അവള്‍ക്ക് പ്രത്യേകിച്ച് ഒന്നും പറയാന്‍ തോന്നിയില്ല. ഇതു പതിവാണല്ലോ. മീറ്റിംഗുകള്‍. എത്ര നാളായി ഇങ്ങനെ. തോന്നുമ്പോള്‍ വരും പോകും. താന്‍ ഇവിടെയുണ്ടെന്നു പോലും ശ്രദ്ധിക്കാറില്ല. ഒന്നു ചേര്‍ത്തു പിടിച്ചിട്ട്, ഒരു തമാശ പറഞ്ഞിട്ട്… ‘വേണ്ട ഒന്നും ചിന്തിക്കുന്നില്ല’
മടുപ്പു തോന്നി. ഓഫീസില്‍ എത്ര ശ്രമിച്ചിട്ടും ശ്രദ്ധകേന്ദ്രീകരിക്കാന്‍ പറ്റിയില്ല. ഭിത്തിയിലിരിക്കുന്ന പോര്‍ട്രേറ്റ് ലേക്ക് കണ്ണുകള്‍ നീണ്ടു . ചിത്രത്തിന്‍റെ കണ്ണുകള്‍ തന്നെ നോക്കുന്നു. ആ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു.
‘ഹോ ‘ ഹിമക്ക് തല പെരുത്തു.
വയ്യ. ഇവിടെ നിന്നും രണ്ടു ദിവസം ഒന്നു മാറണം. അല്ലെങ്കില്‍ ഭ്രാന്ത് പിടിക്കും.മൂന്നാലു ദിവസം ലീവ് എഴുതി വച്ചു ഹിമ ഇറങ്ങി. വൈകിട്ടത്തെ ട്രെയിനിന് നാട്ടിലേക്ക്.
ഒരു ഗ്രാമത്തിലാണ് ഹിമയുടെ വീട്. കാടുകളും കാവുകളും തോടുകളും മലനിരകളും നിറഞ്ഞ മനോഹരമായ ഒരു ഗ്രാമം. ഹിമയുടെ കുട്ടിക്കാലവും യൗവനവും ഗ്രാമത്തിലായിരുന്നു. വിവാഹശേഷമാണ് നഗരത്തിലേക്ക് പറിച്ചുനട്ടത്. അതുകൊണ്ടുതന്നെ നഗരത്തിലെ തിരക്കുകളും കപടതയും ഒന്നും ഹിമയ്ക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. എല്ലായിടത്തും തിരക്ക് മാത്രമായിരുന്നു. പലപ്പോഴും ഒറ്റക്കിരിക്കാന്‍ ഏകാന്തമായി ഇരിക്കാന്‍ അവള്‍ ആഗ്രഹിക്കാറുണ്ടായിരുന്നു.
സന്തോഷ് ഒരു പക്കാ നഗര സന്തതിയായിരുന്നു. പാര്‍ട്ടിയും കമ്പനിയും സ്മോളും ഒക്കെ ആയിരുന്നു അയാളുടെ ലോകം. നാട്ടിന്‍പുറത്തെ നന്മയും ചിത്രങ്ങളും സ്വപ്നങ്ങളും ഉള്ള ഒരു സ്വപ്നജീവി ആയിരുന്ന ഹിമക്ക് അതൊന്നും ഒട്ടും പറ്റുന്നുണ്ടായിരുന്നില്ല. സ്വാഭാവികമായും അവര്‍ക്കിടയില്‍ ഒരു ചേര്‍ച്ച കുറവുണ്ടായിരുന്നു. അത് വലിയൊരു വിടവായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല.
പിന്നീട് മോള്‍ ഉണ്ടായപ്പോള്‍ അതായിരുന്നു ഏക ആശ്രയം. അവള്‍ക്കും അമ്മ ഒരു പഴഞ്ചന്‍. അവള്‍ ഉപരിപഠനത്തിന് പോയതോടെ ഹിമ വീണ്ടും തനിച്ച്. ഈ ജോലി കൂടി ഇല്ലാതിരുന്നെങ്കിലോ?
‘ഹോ ആലോചിക്കാന്‍ വയ്യ’.
ട്രെയിന്‍ കുതിച്ചു പായുകയാണ്. കാഴ്ചകള്‍ പിന്നിലേക്ക് ഓടിമറയുന്നു. പുറത്തേക്ക് നോക്കിയിരുന്നു. തണുത്ത കാറ്റ് ജനലിലൂടെ എത്തി അവളുടെ മുടിയിഴകളെ തൊട്ടുരുമ്മി. ഹിമ കണ്ണടച്ചിരുന്നു. മനസ്സിന് വല്ലാത്തൊരു ലാഘവം.. പതിയെ പതിയെ അവളുടെ കണ്ണുകള്‍ അടഞ്ഞു.
‘ഒടുവില്‍ പുറപ്പെട്ടു. വരാതിരിക്കാന്‍ കഴിഞ്ഞില്ല അല്ലേ?’
ചിരിക്കുന്ന കണ്ണുകള്‍
ഹിമ ഞെട്ടിയുണര്‍ന്നു.
‘എന്താണിത്?’
ആലോചിച്ചിട്ട് ഒന്നും മനസ്സിലായില്ല. ആ കണ്ണുകള്‍ നല്ല പരിചയം ഉണ്ട്. കറുത്ത പുരികവും നീണ്ടു വാലിട്ടെഴുതിയ മിഴികള്‍…
അത്… അത്….
‘എടോ തന്‍റെ കണ്ണ് എന്തു ഭംഗിയാ’
‘ആരും കവിതയെഴുതി പോകും ഈ കണ്ണിലേക്കു നോക്കിയാല്‍ ‘
ഭൂതകാലത്തില്‍ നിന്ന് ഒരു സ്വരം മനസ്സിലേക്ക് ഓടിയെത്തി. എന്നേ മറന്നുപോയ ശബ്ദം. നഷ്ടപ്പെട്ടുപോയ ശബ്ദം. ആ ഒരു ഇഷ്ടത്തിനു വേണ്ടി വാശിപിടിക്കാന്‍ ധൈര്യമില്ലായിരുന്ന ഒരു ഇരുപതു കാരി. മറ്റുള്ളവരുടെ താല്‍പര്യങ്ങള്‍ക്ക് വേണ്ടി തനിക്ക് മറന്നു കളയേണ്ടി വന്ന ഇഷ്ടം. കണ്ണുകള്‍ ഇറുക്കിയടച്ചു. അറിയാതെ കണ്‍കോണില്‍ ഒരു നനവ് പടര്‍ന്നു. നേരം പുലരുന്നതേ ഉള്ളൂ. അവള്‍ക്ക് ഇറങ്ങേണ്ട സ്റ്റേഷന്‍ എത്തി. ചെറിയ ബാഗ് തോളിലിട്ടു. ഓട്ടോ വിളിച്ചാലോ?
‘വേണ്ട’
വരമ്പത്ത് കൂടി അവള്‍ പതുക്കെ നടന്നു. അമ്പലത്തില്‍ നിന്ന് പാട്ട് കേള്‍ക്കുന്നു. പാല്‍ക്കാരനും പത്രക്കാരും സൈക്കിളില്‍ പോകുന്നു. തന്‍റെ നാടിന്‍റെ ഗന്ധം ആവോളം നുകര്‍ന്നു കൊണ്ട് നടന്നു. ഗേറ്റ് കടന്ന് അകത്തെത്തി.
‘അമ്മേ’
‘എന്താ കുട്ടി ഇത്ര രാവിലെ’
‘ ഒറ്റയ്ക്ക് ആണോ വന്നത്?’
അമ്മ ഓടിയെത്തി
‘എന്താ എനിക്ക് എന്‍റെ വീട്ടില്‍ ഒറ്റയ്ക്ക് വന്നൂടെ?’ അവള്‍ ചിരിച്ചു.
‘അല്ലെങ്കിലും ഞാന്‍ എന്നും ഒറ്റയ്ക്ക് അല്ലെ അമ്മേ’
‘എന്താ മോളെ?’ അമ്മ വേവലാതിപ്പെട്ടു
‘ ഹേയ് ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ.
‘സന്തോഷ് ടൂറില്‍ ആണ് . ഞാന്‍ പിന്നെ അവിടെ ഒറ്റയ്ക്ക് അല്ലേ. അതുകൊണ്ട് പോന്നതാ ‘
‘അച്ഛനെവിടെ അമ്മേ ‘
അമ്മയുടെ തോളില്‍ പിടിച്ചു കൊണ്ട് ഹിമ അകത്തേക്ക് നടന്നു.
‘ഞാന്‍ വേഷം മാറി വരാം അമ്മേ’
അവള്‍ തന്‍റെ മുറിയിലേക്ക് നടന്നു. പതിയെ കട്ടിലില്‍ ഇരുന്നു. തന്‍റെ ലോകം. ചുറ്റും നോക്കി. തന്‍റെ സ്വപ്നങ്ങള്‍,മോഹങ്ങള്‍, നഷ്ടങ്ങള്‍, എല്ലാം മൊട്ടിട്ടതും കരിഞ്ഞതും ഇവിടെയായിരുന്നു. പതിയെ മേശ തുറന്നു. വെറുതെ ഓരോന്ന് നോക്കി. പഴയ ഒരു ഓട്ടോഗ്രാഫ് കൈയില്‍ തടഞ്ഞു. റോസ് നിറമുള്ള പേജുകള്‍. കൈയില്‍ വച്ചു കുറെ നേരം ഇരുന്നു. പതിയെ ഓരോ പേജുകള്‍ മറിച്ചു.
‘നിന്‍ കരി മിഴികളില്‍ കാണുന്നു
ഞാനൊരു പുതുലോകം
വിട ചൊല്ലിപ്പിരിഞ്ഞാലും
നിറയരുതെ ഇവയൊരുനാളും
വടിവൊത്ത കൈയക്ഷരത്തില്‍ നാലു വരികള്‍. ഹിമയുടെ ചുണ്ടുകള്‍ വിറച്ചു. കണ്ണുകള്‍ നിറയാതിരിക്കാന്‍ പാടുപെട്ടു. ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത ഒരിഷ്ടം. അത് തന്‍റെ നെഞ്ചില്‍ കൊളുത്തി വലിക്കുന്നു. എത്ര വലിയ നഷ്ടമായിരുന്നു അത്. ഓരോ നിമിഷവും ആ ഓര്‍മ്മ അവളെ പൊള്ളിക്കുന്നുണ്ട്.
ആ നാലുവരിയോടൊപ്പം …. വരച്ചിരിക്കുന്ന ആ കണ്ണുകള്‍…. അത്.. നിറഞ്ഞിരിക്കുന്ന ആ കണ്ണുകള്‍. ഹിമ പിടഞ്ഞുപോയി. എത്രനേരം അങ്ങനെ ഇരുന്നു എന്ന് അറിയില്ല. ടും.. ടും.. വാതിലില്‍ മുട്ട് കേട്ടാണ് ഞെട്ടി ഉണര്‍ന്നത്.
വാതില്‍ തുറന്നു. അമ്മയാണ്.
‘എത്ര നേരമായി മോളെ വിളിക്കുന്നു.? എന്തൊരു ഉറക്കമാ.വന്നിട്ട് ഒന്നു കുളിച്ചു പോലുമില്ലല്ലോ.
‘എന്താ നിന്‍റെ മുഖം വാടി ഇരിക്കുന്നത്?’
‘ എന്‍റെ മോള്‍ക്ക് എന്താ പറ്റിയത്? ‘
ഹിമ അമ്മയുടെ തോളിലേക്ക് ചാഞ്ഞു. അവരെ കെട്ടിപ്പിടിച്ചുകൊണ്ട് പറഞ്ഞു.
‘. ഒന്നുമില്ല അമ്മേ. ഇത്തിരി നേരം കിടന്നു.’
‘ നല്ല യാത്ര ക്ഷീണം ഉണ്ട്. അതാ ‘
‘എങ്കില്‍ താഴേക്കു വാ.ചായ എടുത്തു വച്ചിട്ടുണ്ട് ‘
ചായയും കൊഴുക്കട്ടയും. നല്ല രുചി തോന്നി. ഏറെനാളായി നാവിന് രുചി ഒന്നുമില്ലായിരുന്നു. ഇന്നെന്തോ. രണ്ടുമൂന്നെണ്ണം കഴിച്ചു.
‘ തോട്ടില്‍ വെള്ളമുണ്ടോ?
‘ എത്ര നാളായി മുങ്ങിക്കുളിച്ചിട്ട്’
‘ ഞാനൊന്നു കുളിച്ചു വരാം അമ്മേ ‘
ഹിമ തോര്‍ത്തും സോപ്പും മാറാനുള്ള വസ്ത്രങ്ങളുമായി തോട്ടുവക്കത്തേക്ക് നടന്നു. തോടിന്‍റെ ആഴം കുറഞ്ഞ ഭാഗത്തെ പാറയില്‍ ഇരുന്നു. കാലുകള്‍ മുട്ടൊപ്പം വെള്ളത്തില്‍. പരല്‍ മീനുകളും കല്ലേമുട്ടിയും കാലില്‍ ഉരുമ്മി നീന്തി നടക്കുന്നു. നല്ല തണുപ്പ്. ഹിമ പതിയെ വെള്ളത്തിലേക്ക് ഇറങ്ങി. കുറേ നാളുകള്‍ക്കുശേഷമാണ് ഒന്നു മുങ്ങിക്കുളിക്കുന്നത്.
മനസ്സും ശരീരവും ഒരുപോലെ ചൂടായിരുന്നു. പതിയെ പതിയെ മുങ്ങി. ആഴത്തിലേക്കു ഊളിയിട്ടു. പെട്ടെന്ന്, വെള്ളാരം കല്ലുകള്‍ക്കിടയില്‍, തെളിഞ്ഞ ജലത്തില്‍, കൂട്ടമായി നീന്തിപ്പോകുന്ന പൊടിമീനുകള്‍ക്കിടയില്‍ പായലുകള്‍ പച്ച നിറത്തില്‍ അല്ല ചുരുണ്ടമുടി പോലെ അങ്ങനെ എന്തോ ഒന്ന്. കണ്ണുകള്‍ തുറന്ന് വീണ്ടും വീണ്ടും നോക്കി
‘അതെ അതൊരു മുഖം.. ഇത് ആ മുഖം ആണല്ലോ, ‘കറുത്ത തിളങ്ങുന്ന കണ്ണുള്ള പുഞ്ചിരിക്കുന്ന ഒരു മുഖം’ ഇപ്പോള്‍ ആ കണ്ണുകള്‍ തിളങ്ങുന്നു . അവള്‍ നടുങ്ങിപ്പോയി. വെള്ളത്തില്‍ നിന്ന് ഉയര്‍ന്നു. ചുറ്റും നോക്കി തോടിന്‍റെ കരയില്‍ ഒന്നും ആരുമില്ല.
‘ശ്ശേ, സ്വപ്നം മനസ്സില്‍ കിടക്കുന്നത് കൊണ്ട് തോന്നുന്നത് ആകാം ‘സ്വയം സമാധാനിച്ചു.
വീണ്ടും മുങ്ങാംകുഴിയിട്ടു.
‘ങ്ഹേ ‘
അത് അവിടെ തന്നെയുണ്ട്. ആ കണ്ണുകള്‍ സംസാരിച്ചു തുടങ്ങി.
‘വന്നുവല്ലേ ഒടുവില്‍’
‘ആരാ നീ? എന്തിനാണ് എന്‍റെ പിന്നാലെ ‘ ഹിമയുടെ ശബ്ദം പതറി.
‘ഇനിയും മനസ്സിലായില്ലേ?’ ആ കണ്ണുകള്‍ ചിരിച്ചു നിനക്ക് നിന്നില്‍ നിന്നും എത്രനാള്‍ ഒളിച്ചിരിക്കാന്‍ പറ്റും’
‘നിന്‍റെ തന്നെ കണ്ണുകളെ നിനക്ക് എങ്ങനെ മറച്ചു പിടിക്കാന്‍ പറ്റും?
‘നഷ്ടങ്ങളൊക്കെ നഷ്ടങ്ങള്‍ തന്നെയാണ് എന്ന് തിരിച്ചറിഞ്ഞിട്ടും എന്തിനാണ് നീ അഭിനയിക്കുന്നത്? ‘
‘നിനക്ക് നിന്നെ തിരിച്ചറിയാന്‍ പറ്റാത്തതാണ് ഹിമ നിന്‍റെ തോല്‍വി ‘
‘ആര്‍ക്കുവേണ്ടി? ഒരു യന്ത്രത്തെ പോലെ ഇത്രനാള്‍ ജീവിച്ചില്ലേ?’
‘മതിയാക്ക് നിന്‍റെ അഭിനയം. മനസ്സിലെ സങ്കടങ്ങള്‍ എല്ലാം കഴുകി കളഞ്ഞിട്ട് തിരികെ പോകൂ’
‘ജീവിതം നിനക്ക് ജീവിച്ചു തീര്‍ക്കാനുള്ളതാണ്. നഷ്ടപ്പെടുത്താനുള്ളതല്ല.അത് നിന്‍റെ മാത്രമാണ്’ ആ കണ്ണുകള്‍ അവളുടെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട് പറഞ്ഞു. ഹിമ നിശബ്ദയായി. പതിയെ പായലും ചുരുണ്ട മുടിയും കണ്ണുകളും എല്ലാം അപ്രത്യക്ഷമായി. ഹിമ ചുറ്റും നോക്കി കിതച്ചു. വെള്ളത്തില്‍ മുങ്ങിക്കിടന്ന് രണ്ട് കൈകളും കൊണ്ട് മുഖം പൊത്തി അവള്‍ ഏങ്ങി ഏങ്ങി കരഞ്ഞു. സൂര്യന്‍ കടലിലേക്ക് ഇറങ്ങാന്‍ തുടങ്ങി. ആകാശം നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി. ഹിമ ഉറച്ച കാല്‍വയ്പ്പുകളോടെ വീട്ടിലേക്ക് നടന്നു.

സിന്ധു ഉല്ലാസ്
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല ജീവനക്കാരി.

COMMENTS

COMMENT WITH EMAIL: 0