Homeചർച്ചാവിഷയം

വിവര്‍ത്തനത്തില്‍ നഷ്ടപ്പെടാത്തത്

അഞ്ജു കുശന്‍

സിനിമ വളരുകയാണ്. ലോകത്തിന്‍റെ ഓരോ കോണിലും ഇറങ്ങുന്ന സിനിമകളും ഭൂഗോളത്തിന്‍റെ അങ്ങേയറ്റത്തിരുന്ന് മറ്റൊരാള്‍ കാണുകയാണ്. സബ്ടൈറ്റിലുകള്‍ സിനിമയില്‍ നിന്ന് മുറിച്ചുമാറ്റാന്‍ കഴിയാത്ത ഒരു ജൈവഭാഗമായിക്കൊണ്ടിരിക്കുന്നു. അഞ്ജു കുശന്‍, അപര്‍ണ, ശ്യാം നാരായണന്‍, ജെംസി ക്ലാരിസ് അലക്സ് എന്നിവരടങ്ങിയ ഫില്‍ ഇന്‍ ദ ബ്ളാങ്ക്സ് എന്ന സബ്ടൈറ്റിലിംഗ് സംരംഭം മലയാളസിനിമയെ ലോകപ്രേക്ഷകര്‍ക്കു മുന്‍പിലെത്തിക്കുകയാണ്. ഒരു സോഷ്യല്‍ വര്‍ക്ക് പോസ്റ്റ് ഗ്രാജ്വേറ്റായ അഞ്ജു സബ്ടൈറ്റിലിംഗ് എന്ന മേഖലയിലേക്ക് കടന്നു വരുന്നത് യാദൃശ്ചികമായാണ്. കോളേജ് കാലഘട്ടത്തില്‍ തന്നെ സാഹിത്യവിവര്‍ത്തനം ഇഷ്ടമേഖലയായിരുന്നു അഞ്ജുവിന്. എന്നാല്‍ ഏതൊരു സാധാരണക്കാരെയും പോലെ വിദ്യാഭ്യാസത്തിനു ശേഷം മറ്റൊരു നാട്ടില്‍ മറ്റൊരു തൊഴില്‍മേഖല അഞ്ജുവും സ്വീകരിച്ചു. എന്നാല്‍ ആ തൊഴിലന്തരീക്ഷം അഞ്ജുവിന്‍റെ താല്പര്യങ്ങളുമായി ഒരു രീതിയിലും ഒത്തുപോകുന്ന ഒന്നായിരുന്നില്ല. അതിനാല്‍ അഞ്ജു മറ്റൊരു തൊഴില്‍മേഖലയെപ്പറ്റി ചിന്തിച്ച് ജോലിയുപേക്ഷിച്ച് നാട്ടിലെത്തി. ആ ഘട്ടത്തില്‍ത്തന്നെ ജീവിതപങ്കാളി നാട്ടില്‍ ഒരു വി എഫ് എക്സ് കമ്പനി ആരംഭിച്ചത് അഞ്ജുവിന്‍റെ താല്പര്യങ്ങള്‍ക്ക് വഴിത്തിരിവായി. കമ്പനിയുമായി ബന്ധപ്പെട്ട് അഞ്ജു ഫേസ്ബുക് പോസ്റ്റുകളെഴുതുകയും വിവര്‍ത്തനം ചെയ്യുകയും ചെയ്തു. ആ സന്ദര്‍ഭത്തിലാണ് എന്തുകൊണ്ട് സിനിമകള്‍ക്ക് സബ്ടൈറ്റില്‍ എഴുതിക്കൂടാ എന്ന ആശയം ഉയര്‍ന്നു വന്നത്. പരിചിതമല്ലാത്ത മേഖലയായതിനാല്‍ സുഹൃത്ത് അപര്‍ണയെയും കൂടെക്കൂട്ടിയാണ് ഫില്‍ ഇന്‍ ദ ബ്ലാങ്ക്സ് ആരംഭിക്കുന്നത്. കോവിഡ് കാലഘട്ടത്തില്‍ ആരംഭിച്ച ഫില്‍ ഇന്‍ ദി ബ്ളാങ്ക്സ് ഇതിനോടകം തന്നെ ഇരുപത്തിയഞ്ചോളം ചലച്ചിത്രങ്ങള്‍ക്ക് ഇംഗ്ലീഷ് സബ്ടൈറ്റില്‍ ചെയ്തു കഴിഞ്ഞിരിക്കുന്നു.

സിനിമകളുടെ തിരഞ്ഞെടുപ്പ്
സബ്ടൈറ്റിലിംഗ് ഒരു വിവര്‍ത്തനകലയാണ്. അതിനാല്‍ത്തന്നെ സബ്ടൈറ്റില്‍ ചെയ്യുന്ന കലാകാരന്‍ പ്രവര്‍ത്തിക്കുന്നത് ഒരു സ്വതന്ത്രവിതാനത്തിലല്ല. അവിടെ വിവര്‍ത്തനം ചെയ്യപ്പെടുന്നത് അതിന്‍റെ സ്രഷ്ടാവിന്‍റെ താല്പര്യങ്ങളും രാഷ്ട്രീയവുമാണ്. അവിടെ വെള്ളം ചേര്‍ക്കാന്‍ സബ്ടൈറ്റില്‍ ചെയ്യുന്ന വ്യക്തിക്ക് അവകാശമില്ല. ഒരു ഫെമിനിസ്റ്റായിരിക്കെ അങ്ങേയറ്റം ദുഃഖിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങള്‍ പല സിനിമകളിലും കടന്നു വരാറുണ്ട്. എന്നാല്‍ അത് അതേ രീതിയില്‍ത്തന്നെ പ്രേക്ഷകരിലേക്കും എത്തിക്കുക എന്നതാണ് സബ്ടൈറ്റിലിംഗ് ചെയ്യുന്ന വ്യക്തിയുടെ തൊഴില്‍. അതിനാല്‍ത്തന്നെ അവിടെ മാറ്റങ്ങള്‍ വരുത്താനുള്ള സ്വാതന്ത്ര്യം സബ്ടൈറ്റില്‍ ചെയ്യുന്നയാള്‍ക്കില്ല. അത് സബ്ടൈറ്റിലിംഗ് എന്ന തൊഴിലിന്‍റെ പ്രത്യേകതയാണ്.

സബ്ടൈറ്റിലിംഗ് എന്ന ആസ്വാദനകല
സബ്ടൈറ്റില്‍ ചെയ്യുമ്പോള്‍ എപ്പോഴും ഊന്നല്‍ കൊടുക്കാറുള്ളത് സിനിമയുടെ അല്ലെങ്കില്‍ സംഭാഷണത്തിന്‍റെ ഭാവം (മൂഡ്) പകര്‍ത്തുന്നതിലാണ്. അതിനാല്‍ത്തന്നെ ആസ്വദിച്ചല്ലാതെ ഒന്നും സബ്ടൈറ്റില്‍ ചെയ്യാന്‍ സാധിക്കില്ല. പാട്ടുകള്‍ക്ക് സബ്ടൈറ്റില്‍ ചെയ്യുമ്പോള്‍ ആസ്വാദനം സബ്ടൈറ്റിലിംഗിനെ സ്വാധീനിക്കുന്നതായി അനുഭവപ്പെടാറുണ്ട്. ഉദാഹരണത്തിന്, മുഹ്സിന്‍ പരാരിയുടെ 3 എ എം എന്ന പാട്ടിന് ഫില്‍ ഇന്‍ ദി ബ്ളാങ്ക്സ് സബ്ടൈറ്റില്‍ ചെയ്തിരുന്നു. അസാമാന്യമായ ഒരു ഗാനമാണത്. അതിലെ വരികളിലുള്ളത് ഭ്രമാത്മകമായ ഒരു തരം ഭാവനാസഞ്ചാരമാണ്. ആ വരികള്‍ മലയാളത്തില്‍ കേള്‍ക്കുമ്പോള്‍ത്തന്നെ മനസ്സിലാക്കാന്‍ പ്രയാസമാണ്.

ഉറക്കമില്ലാത്ത രാത്രിയില്‍ ഒരാളുടെ മനസ്സില്‍ വരുന്ന ചിന്തകളാണ് ആ പാട്ടില്‍ കൊണ്ടുവരുന്നത്. അവിടെ ഒറ്റ വായനയിലോ കേള്‍വിയിലോ അര്‍ത്ഥം മനസ്സിലാവണമെന്നില്ല. അതിനാല്‍ സബ്ടൈറ്റിലിംഗും ആവശ്യപ്പെടുന്നത് അതേ രീതിയാണ്. അവിടെ ആസ്വദിക്കപ്പെടുന്നത് ആ പാട്ടിലെ ഭ്രമാത്മകതയാണ്. എന്നാല്‍ ചിലപ്പോള്‍ ചില പാട്ടുകള്‍ക്ക് ഒരു രീതിയിലും സബ്ടൈറ്റില്‍ ചെയ്യാന്‍ സാധിക്കാത്തവിധം ആ പാട്ടിന്‍റെ വരികള്‍ സഞ്ചരിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ കുറച്ചുകൂടെ സ്വതന്ത്രമായി ആ വിഷയത്തെ കൈകാര്യം ചെയ്യുക എന്നതാണ് രീതി. പാട്ടുകള്‍ക്ക് സബ്ടൈറ്റില്‍ ചെയ്യുമ്പോള്‍ അത് ആസ്വദിച്ച് ചെയ്യാന്‍ സാധിക്കും. “അലരേ…’ എന്ന പാട്ട് ഇതിനൊരുദാഹരണമാണ്. അതിലെ വരികള്‍ ആസ്വാദകരെ തൊടുന്നതാണ്. അതിന്‍റെ സബ്ടൈറ്റില്‍ ചെയ്ത സന്ദര്‍ഭത്തില്‍ കൈലാസ് മേനോന്‍ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിക്കുകയുണ്ടായി. അതുപോലെ ഭീമന്‍റെ വഴി എന്ന സിനിമയിലെ “കാറ്റൊരുത്തി…’ എന്ന ഗാനത്തിന്‍റെ വരികളും അതിന്‍റെ വിവര്‍ത്തനവും തമ്മില്‍ ഒരു അന്തരം കാണാം. അവിടെ വിവര്‍ത്തനം ചെയ്യപ്പെടുന്നത് അതിന്‍റെ ഭാവമാണ്. ആ പാട്ട് വാക്കിന്മേലുള്ള ഒരു കളിയാണ്. അതില്‍ ഓരോ തവണ “തീ” എന്ന വാക്ക് ആവര്‍ത്തിക്കുമ്പോഴും ഓരോ അര്‍ത്ഥമാണ് വരുന്നത്. വളരെ സന്തോഷം നല്‍കിയ ഒരു വിവര്‍ത്തനമായിരുന്നു അത്. സ്വന്തം ആശയങ്ങളുമായി യോജിച്ചുവരുന്ന സന്ദര്‍ഭങ്ങള്‍ കൂടുതല്‍ ആസ്വദിച്ചു വിവര്‍ത്തനം ചെയ്യാന്‍ സാധിക്കുമെന്ന് തോന്നുന്നു. ഓരോ സിനിമകള്‍ക്കും അത് അങ്ങേയറ്റം ആസ്വദിച്ചുതന്നെയാണ് സബ്ടൈറ്റില്‍ ചെയ്യാറുള്ളത്. എന്നാല്‍ സബ്ടൈറ്റില്‍ ചെയ്ത സിനിമകള്‍ പിന്നീട് തീയറ്ററില്‍ ആസ്വദിച്ചു കാണാന്‍ സാധിക്കില്ല. കാരണം, ഒരു സിനിമക്ക് സബ്ടൈറ്റില്‍ ചെയ്ത് അവസാന ഔട്ട്പുട്ട് കൊടുക്കുന്നതിനുമുന്‍പ് ചുരുങ്ങിയത് പത്തു തവണയെങ്കിലും ആ സിനിമ കണ്ടുകഴിഞ്ഞിരിക്കും. സിനിമ മനഃപാഠം പഠിക്കുന്നതുപോലെയുള്ള ഒരു പ്രക്രിയയാണത്. ഒരു സംഭാഷണം വരുന്നതിനുമുന്‍പേ നമ്മുടെ മനസ്സില്‍ അവിടെയുള്ള സബ്ടൈറ്റില്‍ വന്നുകൊണ്ടിരിക്കും.

വിവര്‍ത്തനാതീതം
വടക്കന്‍ വീരഗാഥ വളരെ ബുദ്ധിമുട്ടുള്ള ഒരു വര്‍ക്കായിരുന്നു. അതിലെ സംഭാഷണങ്ങളോട് ഒത്തു നില്‍ക്കുന്ന സംഭാഷണങ്ങള്‍ എഴുതാന്‍ ഇപ്പോഴും സാധിച്ചിട്ടുണ്ട് എന്ന് കരുതുന്നില്ല. അത്രയധികം ഗവേഷണം വടക്കന്‍ വീരഗാഥക്കു വേണ്ടി നടത്തിയിരുന്നു. ഭാഷയില്‍ വിവര്‍ത്തനാതീതം (അണ്‍ട്രാന്‍സ്ലേറ്റബിള്‍) എന്ന ഒരു അവസ്ഥയുണ്ട്. അതിനോട് ചേര്‍ന്നു നില്‍ക്കുന്നതാണ് വടക്കന്‍ വീരഗാഥയിലെ സംഭാഷണങ്ങള്‍. അവിടെ ചെയ്യാന്‍ സാധിക്കുന്നതിന്‍റെ പരമാവധി ചെയ്യാന്‍ ശ്രമിച്ചിട്ടുണ്ട്. പലരും വടക്കന്‍ വീരഗാഥയുടെ സബ്ടൈറ്റിലിനെപ്പറ്റി അഭിനന്ദിച്ചുകൊണ്ട് സംസാരിക്കാറുണ്ട്. എങ്കില്‍പ്പോലും ഓരോ തവണയും അത് വീണ്ടും കണ്ടുനോക്കുമ്പോള്‍ അതിലെ പല ഭാഗങ്ങളിലും പല രീതിയിലും മാറ്റങ്ങള്‍ വരുത്താമായിരുന്നു എന്നുതോന്നും. അത് എംടിയുടെ സ്ക്രിപ്റ്റിന്‍റെ കരുത്താണ്.

പ്രാദേശികഭാഷ
പ്രാദേശികമായ ഭാഷകള്‍ക്ക് സബ്ടൈറ്റില്‍ ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍ ചെയ്തുവരാറുള്ളത് ഇംഗ്ലീഷിലെ ഏതെങ്കിലും സ്ലാങ് തന്നെ ഉപയോഗിക്കുക എന്നതാണ്. ഒരു സിനിമയുടെ പ്രാദേശികമായ ഭാവതലം എങ്ങനെ സബ്ടൈറ്റിലിലും നിലനിര്‍ത്താമെന്നതാണ് പ്രാഥമികമായ ആലോചന. അതിനായി പലപ്പോഴും സംഭാഷണങ്ങളില്‍ പലയിടത്തും കടുംപിടിത്തങ്ങള്‍ ഒഴിവാക്കി നീങ്ങുകയാണ് പതിവ്.
പ്രാദേശികഭാഷകള്‍ മുഴുവനും പരിചിതമായവയാകില്ല. പാച്ചില്‍ എന്ന വെബ് സീരീസ് ചെയ്തിരുന്ന സമയത്ത് അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ മനസ്സിലാക്കാനായി ഒരു കോണ്‍ടാക്റ്റ് പേഴ്സണെ ആവശ്യപ്പെട്ടിരുന്നു. ആ രീതിയില്‍ത്തന്നെയാണ് പ്രാദേശിക ഭാഷകള്‍ ഉപയോഗിക്കുന്ന സിനിമകള്‍ കൈകാര്യം ചെയ്യാറുള്ളത്. പുറത്തിറങ്ങാനിരിക്കുന്ന സിനിമയായതിനാല്‍ അതിന്‍റെ സ്വകാര്യത മാനിച്ച് പരമാവധി പുറത്തുനിന്നുള്ള വ്യക്തികളെ അതിനുവേണ്ടി ആശ്രയിക്കാറില്ല. പ്രാദേശിക ഭാഷ മനസ്സിലാക്കാനുള്ള സഹായത്തിനായി നമ്മള്‍ ആവശ്യപ്പെടുന്ന വ്യക്തി മിക്കവാറും സിനിമയുടെ സംവിധായകനോ തിരക്കഥാകൃത്തോ ആയിരിക്കും. അതുമാത്രമല്ല, മലയാളം സിനിമകളില്‍ പലപ്പോഴും കന്നഡ, തെലുഗു, അറബി സംഭാഷണങ്ങളെല്ലാം കടന്നു വരാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ടീമിനോട് തന്നെ സംസാരിച്ച് മനസ്സിലാക്കിയെടുക്കുകയാണ് പതിവ്.

മലയാളസിനിമ
മലയാളികള്‍ മലയാള സിനിമകള്‍ പരമാവധി സബ്ടൈറ്റില്‍ വെച്ച് കാണാതിരിക്കുകയാണ് ആസ്വാദനത്തിന് നല്ലത്. സബ്ടൈറ്റില്‍ പ്രാഥമികമായി ലക്ഷ്യം വെക്കുന്നത് സിനിമയിലുപയോഗിക്കുന്ന ഭാഷ പരിചിതമല്ലാത്തവരെയാണ്. ലോകപ്രേക്ഷകര്‍ക്കു മുന്‍പില്‍ മലയാള സിനിമ പ്രത്യക്ഷപ്പെടാന്‍ അത് അത്യാവശ്യവുമാണ്.

സബ്ടൈറ്റിലിംഗിന്‍റെ ഘട്ടങ്ങള്‍
പോസ്റ്റ് പ്രൊഡക്ഷന്‍റെ അവസാനഘട്ടത്തിലാണ് സബ്ടൈറ്റിലിംഗിന് സിനിമ ലഭിക്കാറുള്ളത്. അതിനാല്‍ത്തന്നെ പലപ്പോഴും സിനിമയുടെ അതുവരെയുള്ള യാത്രയില്‍ പങ്കാളിയല്ലാതിരുന്ന ഒരു വ്യക്തി പെട്ടെന്ന് കടന്നുവന്ന് ആദ്യം തന്നെ സിനിമ മുഴുവനായും കാണുക എന്ന ഒരു അത്ഭുതം അവിടെ സംഭവിക്കുന്നുണ്ട്. അതിനാല്‍ത്തന്നെ പുറമെനിന്നുള്ള ഒരു അഭിപ്രായം എന്ന നിലയില്‍ സബ്ടൈറ്റിലിംഗ് ആര്‍ട്ടിസ്റ്റുകളോട് സംവിധായകര്‍ സിനിമയെപ്പറ്റി അഭിപ്രായം ചോദിക്കാറുമുണ്ട്. സബ്ടൈറ്റിലിംഗിന്‍റെ ആദ്യ ഘട്ടം എന്നത് പ്രൊജക്റ്റ് സംസാരിക്കുക എന്നതുതന്നെയാണ്. ആദ്യം സിനിമ അയച്ചുതരുന്നു. അതിനുശേഷം ചെയ്യുന്ന കാര്യം സിനിമ കാണുക എന്നുള്ളതാണ്. സിനിമ ഒറ്റയിരിപ്പില്‍ മുഴുവനായും ഒരു തവണയെങ്കിലും കണ്ടാലേ അതിന്‍റെ ആശയവും സന്ദര്‍ഭവും കൃത്യമായി മനസ്സിലാവൂ. ഉദാഹരണത്തിന്, തല്ലുമാല പോലെ നോണ്‍ ലീനിയര്‍ സ്വഭാവത്തില്‍ വരുന്ന ഒരു സിനിമയുടെ കഥ ആദ്യമേ മനസ്സിലായ ഒരാള്‍ക്കേ അത് സബ്ടൈറ്റില്‍ ചെയ്യാന്‍ സാധിക്കൂ. ‘സബ്ടൈറ്റില്‍ എഡിറ്റ്’ എന്ന വളരെ ലളിതമായി കൈകാര്യം ചെയ്യാവുന്ന ഒരു സോഫ്റ്റ്വെയര്‍ ആണ് പൊതുവെ എല്ലാവരും ഉപയോഗിച്ചുകണ്ടിട്ടുള്ളത്. അടുത്ത ഘട്ടം വിവര്‍ത്തനമാണ്. വിവര്‍ത്തനത്തിലാണ് ഇതിന്‍റെ ശക്തി നിലനില്‍ക്കുന്നത്. അതിന് അടിസ്ഥാനപരമായ ഭാഷാപരിജ്ഞാനവും ഡിക്ഷണറികളുടെ സഹായവും വേണ്ടിവരും. ഇതുകഴിഞ്ഞുവരുന്ന പ്രൂഫ്റീഡിങ് വളരെ പ്രധാനപ്പെട്ട ഒരു ഘട്ടമാണ്. വളരെ സൂക്ഷ്മമായ ഒരു പ്രൂഫ്റീഡിങ് ഈ ഘട്ടത്തില്‍ സംഭവിക്കും. ഉദാഹരണത്തിന്, ഔട്ട്പുട്ട് കൊടുക്കേണ്ടത് ഏഴു ദിവസത്തിലാണെങ്കില്‍ അഞ്ചു ദിവസത്തില്‍ സബ്ടൈറ്റില്‍ ചെയ്ത് രണ്ടു ദിവസം പ്രൂഫ്റീഡിങ്ങിനു മാത്രമായി മാറ്റിവെക്കും. നമ്മുടെ ലക്ഷ്യം പരമാവധി തെറ്റുകളൊഴിവാക്കിയ വിവര്‍ത്തനമാണ്. ഈ രണ്ടു ദിവസത്തിനുള്ളില്‍ മൂന്നോ നാലോ തവണ പ്രൂഫ്റീഡിങ് നടത്തും. രണ്ടു പേരുള്ളതിന്‍റെ ഗുണം രണ്ടു പേര്‍ക്കും മാറിമാറി വായിക്കാം എന്നതാണ്. ഒരാള്‍ കാണാത്ത പിശകുകള്‍ മറ്റൊരാള്‍ക്ക് കാണാന്‍ സാധിച്ചെന്നുവരാം. ഇപ്പോള്‍ ഏതാണ്ട് എല്ലാ സംവിധായകരും തന്നെ സബ്ടൈറ്റിലുകള്‍ മുഴുവനായും വായിച്ചുനോക്കി അതില്‍ അവരുടേതായ തിരുത്തുകള്‍ നിര്‍ദ്ദേശിക്കാറുണ്ട്.

തിരക്കഥാവിവര്‍ത്തനവും സബ്ടൈറ്റിലിംഗും
സബ്ടൈറ്റിലുകളെ വെച്ച് പരിഗണിക്കുമ്പോള്‍ തിരക്കഥ സിനിമയുടെ കുറേക്കൂടെ അസംസ്കൃതമായ അവസ്ഥയാണ്. തിരക്കഥയില്‍ പശ്ചാത്തലവിശദീകരണം, സ്ക്രിപ്റ്റിന്‍റെ അലൈന്‍മെന്‍റ് തുടങ്ങിയവയെല്ലാം പ്രധാനപ്പെട്ട കാര്യങ്ങളാണ്. തിരക്കഥാവിവര്‍ത്തനം സബ്ടൈറ്റില്‍ ചെയ്യുന്നതിനേക്കാള്‍ കുറേക്കൂടെ സമയമെടുക്കുന്ന പ്രക്രിയയാണ്. പൊതുവെ സബ്ടൈറ്റിലുകളെക്കാള്‍ തിരക്കഥകള്‍ക്ക് ദൈര്‍ഘ്യം കൂടുതലാണ്. സബ്ടൈറ്റില്‍ ചെയ്യുന്ന പോലെ ഉത്സാഹത്തോടെ ഇരുന്നു ചെയ്യാവുന്ന ഒരു ജോലിയല്ല തിരക്കഥാവിവര്‍ത്തനം. എന്നാല്‍ അത് അത്യന്തം ഗൗരവത്തോടെ ചെയ്യേണ്ട വിഷയമാണ്. തെറ്റുകള്‍ വരാന്‍ സാധ്യത കൂടുതലുമാണ്. മറ്റൊന്ന്, സബ്ടൈറ്റിലിനെ വെച്ച് നോക്കുമ്പോള്‍ തിരക്കഥയുടെ വിവര്‍ത്തനം വളരെ കുറച്ചുപേരേ വായിക്കുകയും പതിവുള്ളൂ. തിരക്കഥ വിവര്‍ത്തനം ചെയ്യേണ്ടി വരാറുള്ളത് ഒന്നുകില്‍ അഭിനേതാക്കളില്‍ ആര്‍ക്കെങ്കിലും മലയാളം അറിയാത്ത സാഹചര്യത്തിലോ, സിനിമയുടെ റീമേക്ക് അവകാശങ്ങളുമായി ബന്ധപ്പെട്ടോ ആണ്. എന്നാല്‍ ചില സിനിമകളില്‍ സബ്ടൈറ്റില്‍ ചെയ്യുന്നതിനു മുന്‍പേ തിരക്കഥ വായിച്ചുനോക്കാറുണ്ട്. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയുടെ മലയാളം സബ്ടൈറ്റില്‍ ചെയ്യുമ്പോള്‍ ഇത് ശ്രദ്ധിച്ചിരുന്ന കാര്യമാണ്. തീര്‍ത്തും അപരിചിതമായ ഒരു പ്രാദേശികഭാഷ കൈകാര്യം ചെയ്യേണ്ടി വരുമ്പോള്‍ ആ ഭാഷയുടെ തനിമ അതേപടി നിലനിര്‍ത്തിക്കൊണ്ട്, സംസാരിക്കുന്ന അതേ സംഭാഷണങ്ങള്‍ സബ്ടൈറ്റിലില്‍ വരുത്താന്‍ പലപ്പോഴും തിരക്കഥ ആവശ്യമാണ്.

സബ്ടൈറ്റിലിംഗ് പരിശീലനം
മൈക്കല്‍സ് കോഫീ ഹൗസ് എന്ന സിനിമയ്ക്കുവേണ്ടി സബ്ടൈറ്റില്‍ ചെയ്തുകൊണ്ടുതന്നെയാണ് സബ്ടൈറ്റിലിംഗ് പഠിച്ചെടുത്തത്. താരതമ്യേന ഭാഷാപ്രാവീണ്യമുള്ളവര്‍ക്ക് വലിയ സാങ്കേതികപരിജ്ഞാനമൊന്നും ആവശ്യമില്ലാത്ത ഒരു മേഖലയാണിത്. ഒന്നോ രണ്ടോ യൂട്യൂബ് ട്യൂട്ടോറിയലുകള്‍ നോക്കിയാണ് ഇത് പഠിച്ചെടുത്തത്. എന്നാല്‍, സബ്ടൈറ്റിലിംഗ് പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ ഇപ്പോള്‍ പലയിടത്തും ഉണ്ടെന്ന് കേള്‍ക്കാറുണ്ട്. ഇന്ന് മലയാള സിനിമയില്‍ സബ്ടൈറ്റില്‍
ചെയ്യുന്നവരാരും തന്നെ അത്തരത്തില്‍ ഒരു പരിശീലനം ലഭിച്ച് ഇതിലേക്ക് പ്രവേശിച്ചവരാണെന്ന് തോന്നുന്നില്ല. എന്നാല്‍, ഇത്തരം പരിശീലനങ്ങള്‍ വഴി സബ്ടൈറ്റിലിംഗ് എന്ന തൊഴില്‍മേഖലയെപ്പറ്റി ജനങ്ങള്‍ക്കിടയില്‍ കൂടുതല്‍ അവബോധമുണ്ടാകുമെങ്കില്‍ അതൊരു നല്ല ആശയമാണ്. അതോടൊപ്പം കൃത്യമായ നിര്‍ദ്ദേശങ്ങള്‍ വഴി സബ്ടൈറ്റിലിംഗ് ടൂളുകളും അതിന്‍റെ സാങ്കേതികവശങ്ങളും കുറേക്കൂടെ എളുപ്പം പഠിച്ചെടുക്കാന്‍ സാധിക്കുമെന്നും തോന്നുന്നു.

 

ശരണ്യ പി.എസ്.
ഫ്രീലാന്‍സ്
എഴുത്തുകാരി

 

COMMENTS

COMMENT WITH EMAIL: 0