Homeചർച്ചാവിഷയം

കേരളത്തിലെ സ്ത്രീ രാഷ്ട്രീയ പങ്കാളിത്തവും അധികാരവും

രാജ്യത്തു ഏറ്റവുമധികം വിദ്യാഭ്യാസവും സാമൂഹ്യരാഷ്ട്രീയാവബോധവും സിദ്ധിച്ച ഒരു വിഭാഗം സ്ത്രീകളുള്ള കേരളം പ്രായോഗിക രാഷ്ട്രീയ ദിശാസൂചികയായ നിയമസഭാ തെരഞ്ഞെടുപ്പ് നേരിടുകയാണ്. സ്ഥാനാര്‍ഥിത്വത്തില്‍ സ്ത്രീപക്ഷ പ്രാതിനിധ്യം തുലോം കുറവായിത്തന്നെ നിലനിര്‍ത്തിക്കൊണ്ട്. ഇടതുപക്ഷമൊഴികെ മറ്റു രണ്ടു പക്ഷങ്ങളും ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നത് മാത്രമല്ല , കോണ്‍ഗ്രസ് ബി ജെ പി പാര്‍ട്ടികളില്‍ നേതൃസ്ഥാനത്തെത്തിയ സ്ത്രീകള്‍ അവര്‍ നേരിടുന്ന മാറ്റിനിറുത്തല്‍ തുറന്നു പറഞ്ഞു പ്രതിഷേധിക്കുന്നു എന്നതും സമൂഹം കാണുന്നുണ്ട്, തികച്ചും വ്യക്തിഗതമായ പ്രതിഷേധമാണെങ്കിലും.

ഇന്ത്യയില്‍ പൊതുവെ സ്ഥിതി ഒട്ടും വ്യത്യസ്തമല്ല. എന്നാല്‍ വിരലിലെണ്ണാവുന്നതാണെങ്കിലും പ്രധാനമന്ത്രി, പ്രസിഡന്‍റ് , സംസ്ഥാന മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങള്‍ കയ്യാളിയിരുന്ന സ്ത്രീ / സ്ത്രീകള്‍ ഉണ്ടെന്നത് ചരിത്ര സത്യം . കേരളത്തിലെ ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലുണ്ടായിരുന്നല്ലോ ഒരു വനിതാ മന്ത്രി അവിടെനിന്നിങ്ങോട്ടു പുരോഗമനമാണോ അധഃപതനമാണോ വനിതാ പ്രാതിനിധ്യത്തിന്‍റെ കാര്യത്തില്‍ സംഭവിച്ചികൊണ്ടിരിക്കുന്നതെന്ന അനുമാനത്തില്‍ എത്തണമെങ്കില്‍ കണക്കുകളുടെ ഒരു അവലോകനം അനിവാര്യമാണ്. 1957 മുതല്‍ കേരളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള ജനാധിപത്യ രാഷ്ട്രീയാധികാരത്തിലെ സ്ത്രീ പ്രാതിനിധ്യം നോക്കുക. കോണ്‍ഗ്രസ് മുന്നണിയും ഇടതുപക്ഷ മുന്നണിയും മാറി മാറി ഭരിച്ച സംസ്ഥാനത്ത് മുഖ്യമന്ത്രി – 0, സ്പീക്കര്‍ – 0, ഡെപ്യൂട്ടി സ്പീക്കര്‍ – 3, മന്ത്രിമാര്‍ – 8 (4.6%), രാജ്യസഭയില്‍ എം.പിമാര്‍ -4, ലോകസഭയില്‍ എം പിമാര്‍ 9. ഇരുപതു വര്‍ഷത്തെ കാലയളവില്‍ 140 ജനപ്രതിനിധി സ്ഥാനങ്ങള്‍ക്ക് എതിരായി 1996 ല്‍ 52, 2001ല്‍ 55 , 2006ല്‍ 70 , 2011 ല്‍ 83 വനിതാ സ്ഥാനാര്‍ഥികള്‍ വിവിധ പാര്‍ട്ടികളെ പ്രതിനിധീകരിച്ചു. ഇതില്‍ 2006 ല്‍ 7, 2011 ല്‍ 8 എന്നീനിലകളില്‍ പ്രാതിനിധ്യവും ലഭിച്ചു .വോട്ടവകാശമുള്ള എഴുപത്തിയെട്ടോളം ശതമാനം (ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടാകാം ) സ്ത്രീകളും അവകാശം അടയാളപ്പെടുത്തിയപ്പോള്‍ 2011 ല്‍ വെറും 8 സ്ത്രീ പ്രതിനിധികളാണ് നിയമസഭയില്‍ എത്തിയത് എന്നതിന് സ്ത്രീ പങ്കാളിത്തം , ആനുപാതിക പ്രാതിനിധ്യമായി സ്ത്രീകള്‍ പോലും കരുതുന്നില്ല എന്നും അവര്‍ക്കു സ്ത്രീപക്ഷത്തേക്കാള്‍ അവരവരുടെ രാഷ്ട്രീയം ആണ് പ്രധാനം എന്നും അവര്‍ ഒരു സമജാതീയ വിഭാഗമല്ലെന്നും നമ്മള്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു . അതുകൊണ്ടു തന്നെ പാര്‍ട്ടി അതീത സ്ത്രീ രാഷ്ട്രീയം എന്ന ഒന്ന് , അധികാരത്തിനു വേണ്ടി പോലും കേരള വനിതകള്‍ക്ക് താത്പര്യമുണ്ടെന്ന് തോന്നുന്നില്ല . മാത്രവുമല്ല സ്ത്രീകള്‍ തന്നെ തങ്ങളെ പ്രതിനിധീകരിക്കണമെന്നോ , സ്ത്രീകള്‍ക്ക് തങ്ങളുടെ ആവശ്യങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനാവുമെന്നോ അവര്‍ വിശ്വസിക്കുന്നുമില്ല .
ഒരു സമൂഹത്തില്‍ സ്ത്രീയ്ക്ക് പ്രതികൂലമായി നില്‍ക്കുന്ന ഏറ്റവും സാധാരണ വിവേചനം ലിംഗ വിവേചനമാണ്, അതിനുള്ളില്‍ തന്നെ സാമൂഹിക സാമ്പത്തിക സാംസ്കാരിക വിവേചനം അന്തര്‍ലീനമാണ്, അത് സമൂഹത്തിന്‍റെ പുരോഗതി തടസ്സപ്പെടുത്തുകയും ചെയ്യും. സമൂഹ നിര്‍മ്മിതിക്കുള്ളില്‍ , കുടുംബ ബന്ധങ്ങളിലും സമൂഹ ബന്ധങ്ങളിലും ഉള്‍പ്പടെ നിലകൊള്ളുന്ന ഇത്തരം വിവേചനത്തെ തരണം ചെയ്യാന്‍ വ്യക്തമായ നയരൂപീകരണവും രൂപീകരിക്കപ്പെടുന്ന നയങ്ങളുടെ കൃത്യമായ നടത്തിപ്പും ഉണ്ടാകണം .

തികച്ചും പിതൃദായകത്വ സ്വഭാവമുള്ള ഒരു സമൂഹത്തില്‍ ആരോഗ്യം , ജീവിതനിലവാരം, അടിസ്ഥാന സൗകര്യങ്ങളുടെ ലഭ്യത എന്നിവ എത്രകണ്ട് മെച്ചപ്പെട്ടതായി കാണപ്പെട്ടാലും സ്ത്രീപുരുഷ തുല്യതയിലേക്കു അവ നയിക്കും എന്ന് കരുതാന്‍ ഒരു ഉദാഹരണവും കേരളം കാഴ്ചവച്ചിട്ടില്ല. എന്താണ് രാഷ്ട്രീയത്തിലെ സ്ത്രീ പങ്കാളിത്തം എന്ന പദം നമ്മോടു സംവദിക്കുക?
പല വായനകളിലൂടെയും പഠനങ്ങളിലൂടെയും കടന്നു പോകുമ്പോള്‍ മനസിലാക്കാന്‍ സാധിക്കുന്നത് , സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തം അഥവാ ശാക്തീകരണം അവരുടെ വിഭവങ്ങള്‍ സ്വന്തമായി ഉപയോഗിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും എന്നും കര്‍മ്മശേഷി മെച്ചപ്പെടുത്തും എന്നും ആണ്. ലിംഗസമത്വമുറപ്പാക്കുന്ന നയങ്ങള്‍ വിഭാവനം ചെയ്തു നടപ്പിലാക്കാന്‍ സാധിക്കുമെന്നും തീരുമാനമെടുക്കാന്‍ പ്രക്രിയയില്‍ പങ്കുവഹിക്കാനാവും എന്നും അതുറപ്പാക്കുന്നു. എന്നാല്‍, പുരുഷനിര്‍മ്മിത പരമ്പരാഗത പെരുമാറ്റച്ചട്ടങ്ങള്‍ അവളെ അതില്‍നിന്നു വിലക്കുന്നു എന്നത് കേരളചരിത്രത്തില്‍ എഴുതപ്പെടാതെ പോയ ഹെര്‍ സ്റ്റോറികള്‍ വ്യക്തമാക്കുന്നുണ്ട്. ചരിത്രം പരിശോധിച്ചാലറിയാം ഭൂസ്വത്തു അവകാശമാക്കാനും ക്രയവിക്രയം ചെയ്യാനും ഉള്ള സ്ത്രീയുടെ അവകാശത്തിനുമേലും സ്വന്തം സമ്പാദ്യം വിനിയോഗിക്കുന്നതിനുള്ള അധികാരത്തിനു മേലും വളരെ വ്യക്തമായ ആണ്‍ സൂക്ഷ്മ പരിശോധന നടന്നിരുന്നു . അതായത് സ്ത്രീയ്ക്ക് തുല്യാവകാശമുണ്ടായിരുന്നില്ല, പുരുഷന് എല്ലാറ്റിനും മേലെ ആധിപത്യവും സമൂഹത്തിന്‍റെ പെരുമാറ്റച്ചട്ട നിയന്ത്രണവും ഉണ്ടായിരുന്നു.

ഏതൊരു നാട്ടിലായാലും രാഷ്ട്രീയത്തിലെ സ്ത്രീ ശാക്തീകരണത്തിന് വേണ്ട അനുസാരികള്‍ ഏകദേശം സാര്‍വ്വജനീനമാണ്. സ്ത്രീ പങ്കാളിത്തം, സഹായകരമായ രാഷ്ട്രീയ ചട്ടക്കൂടുകള്‍, വോട്ടിംഗ് സംവിധാനം , പൗരസംബന്ധിയായ പ്രവര്‍ത്തങ്ങളില്‍ ഇടപെടല്‍, നിയമനിര്‍മാണപ്രക്രിയകളില്‍ ഇടപെടലുകള്‍ , പ്രാദേശിക, സംസ്ഥാന, ദേശീയ തലങ്ങളില്‍ പ്രാതിനിധ്യവും പാര്‍ലമെന്‍റില്‍ സ്ത്രീകളുടെ അവകാശത്തിനായി സ്വാധീനം ചെലുത്തലും. എന്നാല്‍ സ്ത്രീകളുടെ സാമൂഹിക, സാംസ്കാരിക സാമ്പത്തിക ശാക്തീകരണത്തിന് ലഭിക്കുന്നതില്‍ തുലോം കുറവ് പ്രാധാന്യമാണ് രാഷ്ട്രീയ ശാക്തീകരണത്തിനും തദ്വാരാ പങ്കാളിത്തത്തിനും ലഭിക്കുന്നത്.
സ്ത്രീശാക്തീകരണത്തിനായി തയ്യാറാക്കി നടപ്പിലാക്കിയ ഓരോ ക്ഷേമ വികസനപരിപാടികളും തികച്ചും ആണധികാര ഘടനകള്‍ ഊട്ടിയുറപ്പിക്കുന്നവയായിരുന്നു . പ്രായോഗിക തലത്തില്‍ സ്ത്രീ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം കാണാന്‍ മാത്രമാണ് അത് ശ്രമിച്ചത്. സാമ്പത്തിക സാംസ്കാരിക സാമൂഹിക ശാക്തീകരണം സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തത്തിലേക്കു അരിച്ചിറങ്ങുമെന്നാണ് വിശ്വസിക്കപ്പെട്ടിരുന്നത് . എന്നാല്‍ മലയാളിസ്ത്രീയുടെ ഒരു തരത്തിലുള്ള കീഴാള നിലയ്ക്കും അത്തരം ശ്രമങ്ങള്‍ ഒരു മാറ്റവും വരുത്തിയില്ല .സര്‍ക്കാര്‍ വിഭാവനം ചെയ്ത പരിപാടികളും സാമ്പത്തിക ഉന്നതി ലക്ഷ്യമാക്കിയുള്ളതായിരുന്നു. സാമ്പത്തികമായി സുസ്ഥിരയായ സ്ത്രീയ്ക്ക് രാഷ്ട്രീയ ഇടപെടല്‍ സാധ്യമാകും എന്ന കാലാകാലങ്ങളായി പ്രചരിക്കുന്ന വിശ്വാസപ്രമാണത്തിനു ഇളക്കം സംഭവിച്ച കാഴ്ചയാണ് കേരളത്തില്‍ നമ്മള്‍ കാണുന്നത്.

സാമൂഹിക സാമ്പത്തിക രാഷ്ട്രീയ മേഖലകളില്‍ സ്വയംപര്യാപ്തരായ സ്ത്രീകളില്ലാത്ത ഒരു നാട് പുരോഗമനോന്മുഖമല്ല എന്ന കാഴ്ചപ്പാട് സ്വീകരിക്കുകയാണെങ്കില്‍ കേരളത്തിന്‍റെ വികസനം ഒരു മരീചികയാണെന്നു സമ്മതിക്കേണ്ടിവരും. സൂക്ഷനിക്ഷേപത്തെ കുറിച്ചുള്ള (മൈക്രോക്രെഡിറ്റ്)തന്‍റെ പഠനത്തില്‍ ജോണ്‍സണ്‍ ചൂണ്ടിക്കാണിച്ചപോലെ , സ്ത്രീ ശാക്തീകരണം ഒരു വെറും അനന്തരഫലമല്ല , മറിച്ചു, ഒരു പ്രക്രിയയാണ് (ണീാലി’െ ലാുീംലൃാലിേ ശെ ിീേ ഷൗെേ ീൗരേീാല, യൗേ മ ുൃീരലൈ ). അതായത് ഒരു ഒറ്റത്തവണ പദ്ധതിയില്ല സ്ത്രീശാക്തീകരണം എന്നാല്‍, ഒരു നൈരന്തര്യമാണ് .
അത്തരത്തില്‍ ഒരു ശാക്തീകരണം സംഭവ്യമാണോ എന്നത് ചിന്ത്യം . എത്ര ഉന്നത വിദ്യാഭ്യാസവും സാമ്പത്തിക സുരക്ഷിതത്വവും ഉണ്ടെങ്കിലും ആണധികാരത്തിനു കീഴ്പെട്ടിരിക്കത്തക്ക മാനസികാവസ്ഥയില്‍ തന്നെയാണ് ഒരു സ്ത്രീ സാമൂഹികവത്കരിക്കപ്പെടുന്നത്. അതുകൊണ്ടാണ് ശബരിമല ക്ഷേത്രപ്രവേശനപശ്ചാത്തലത്തില്‍ പുരോഗമനപ്രസ്ഥാനത്തോട് ചേര്‍ന്നുനടന്നിരുന്ന സ്ത്രീകള്‍ പോലും ‘കാത്തിരിക്കാന്‍ തയ്യാറാണ്’ എന്നും ഞങ്ങള്‍ അശുദ്ധരാണ് എന്നും പറഞ്ഞും പറയാതെയും പ്രസ്ഥാനങ്ങളോട് വിഘടിച്ചു നിന്നത്.

ബെയ്ജിങ് ഉച്ചകോടിക്ക് ശേഷമാണ് അന്താരാഷ്ട്ര തലത്തില്‍ സ്ത്രീ പുരുഷ തുല്യത എന്ന സങ്കല്‍പം അംഗീകരിക്കപ്പെട്ടതും അതിനുവേണ്ടി ശ്രമങ്ങള്‍ തുടങ്ങിയതും . വോട്ടവകാശ പ്രക്ഷോഭം, തുല്യവേതന പ്രക്ഷോഭം , ഫെമിനിസ്റ്റ് മുന്നേറ്റങ്ങള്‍ ഒക്കെ അത്ര എളുപ്പമായിരുന്നില്ല സ്ത്രീകള്‍ക്കും അവരോടൊപ്പം അണിചേര്‍ന്നു പോരാടിയ അസംഘ്യം പുരുഷന്മാര്‍ക്കും.
വോട്ടവകാശം സാര്‍വ്വദേശീയമെങ്കിലും സ്ഥാനം കയ്യാളാനും ഇലക്ഷന് നില്‍ക്കാനും ഒക്കെ റിസര്‍വേഷനല്ലാതെ സ്ത്രീയ്ക്ക് മറ്റൊരു മാര്‍ഗമില്ല.

സ്ത്രീയുടെ രാഷ്ട്രീയ പങ്കാളിത്തം വളരെ പ്രധാനമാണ്, എന്നാല്‍ നേരത്തെ പറഞ്ഞതുപോലെ അവര്‍ ഏകജാതീയ സ്വഭാവമുള്ളവരല്ല. അവരുടെ പ്രായം , നാഗരികരോ ഗ്രാമീണരോ എന്നത് , വിദ്യാഭ്യാസയാസമുള്ളവരോ ഇല്ലാത്തവരോ എന്നത് അവരുടെ ജീവിതാനുഭവങ്ങള്‍ എന്നിവ അവര്‍ക്ക് രാഷ്ട്രീയത്തില്‍ പല വിധ മുന്‍ഗണനകളും ആവശ്യങ്ങളുമുള്ളവരായിത്തീര്‍ക്കുന്നു. മാത്രവുമല്ല, തിരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ത്രീകളും സ്ത്രീകളുടെ ആവശ്യങ്ങളോ അവകാശങ്ങളോ നേടിയെടുക്കാന്‍ യത്നിക്കും എന്ന് ഒരു ഉറപ്പുമില്ല. അതുകൊണ്ടു തന്നെ വികസനത്തിനോ ജനാധിപത്യം ഉറപ്പു വരുത്താനുള്ള ഒരു ഒറ്റമൂലിയല്ല സ്ത്രീ പ്രാതിനിധ്യം, മറിച്ച് എല്ലാവരെയും ഉള്‍ക്കൊള്ളുന്ന പ്രതികരണപരതയുള്ള സുതാര്യമായ ജനാധിപത്യത്തിന് സ്ത്രീപങ്കാളിത്തം അനിവാര്യമാണ്.

കേരളം ഭരിക്കുന്ന മന്ത്രിമാരില്‍ രണ്ടു സ്ത്രീകളുണ്ട്. രണ്ടുപേരും അവരവരുടെ അധികാരമേഖലയിലും കര്‍ത്തവ്യങ്ങളിലും ഏറ്റവും മികച്ചവര്‍ . ആദ്യ കേരള മന്ത്രിസഭയില്‍ പതിനൊന്നു മന്ത്രിമാരില്‍ ഒരാള്‍ വനിതയായിരുന്നു . ഇപ്പോള്‍ രണ്ടും . മുന്നോട്ടാണ് പോക്കെങ്കിലും മെല്ലെപ്പോക്കാണ്. കേരളത്തില്‍ നിന്ന് 70 വര്‍ഷത്തെ കാലയളവില്‍ ആകെ 12 പാര്‍ലമെന്‍റ് അംഗങ്ങളെ ഉണ്ടായുള്ളൂ, സ്ത്രീകള്‍. നിയമസഭയിലാകട്ടെ 8 വനിതാ മന്ത്രിമാരും .ഈ കാലഘട്ടത്തില്‍ 200 ഓളം പുരുഷ മന്ത്രിമാരുണ്ടായി. ഇതിനൊപ്പം കാണേണ്ടേ രാഷ്ട്രീയ പിതൃദായകത്വ സ്വഭാവം ശ്രദ്ധിക്കു, ഏറ്റവും പ്രഗത്ഭമതികളായ സ്ത്രീകള്‍ മന്ത്രിമാരായിരുന്നിട്ടും ഒരു വനിതാ മുഖ്യമന്ത്രി കേരളത്തിനുണ്ടായിട്ടില്ല. സ്ത്രീകളോട് ഒരുതരത്തിലും നീതിയുക്തമായ പെരുമാറ്റമില്ലാത്ത ഉത്തരേന്ത്യയില്‍ വനിതാ മുഖ്യമന്ത്രിമാരുണ്ടായി .ഇവിടെ, ഇങ്ങു കേരളത്തില്‍, സാധാരണ സ്ത്രീയോടുള്ള മനോഭാവം തന്നെയാണ് വനിതാ മത്സരാര്‍ഥികളോടുള്ളതും. അധികാരസ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ക്ക് സാധാരണ ഒരു സ്ത്രീയ്ക്ക് കിട്ടാത്ത ഒരു പരിഗണയും കിട്ടാറും ഇല്ല. കേരളത്തിന്‍റെ ആരോഗ്യമന്ത്രി നേരിട്ടിട്ടുള്ള വാചികകയ്യേറ്റങ്ങള്‍ ഓര്‍മ്മിക്കാവുന്നതാണ്. കക്ഷിഭേദമില്ലാതെ സ്ഥാനാര്‍ഥികളോടുള്ള പൊതു മനോഭാവം ശ്രദ്ധിക്കുക , സമൂഹത്തിനുള്ളില്‍ രൂഢമൂലമായ വാര്‍പ്പ് മാതൃകകളെ ഉദാഹരിച്ചു എതിര്‍ കക്ഷികള്‍ അവരെ അപഹസിക്കയും അവരുടെ കഴിവിനെ ചോദ്യം ചെയ്യുകയും ചെയ്യും. എന്നാല്‍ ഏറ്റവും കഴിവുറ്റ പുരുഷന്മാരെ അല്ല ഒരു രാഷ്ട്രീയ കക്ഷികളും മത്സരത്തിനിറക്കുന്നത്. അവിടെ മറ്റു പരിഗണനകളാണ് ഉണ്ടാവുക. ആ അനുകൂലാവസ്ഥ രാഷ്ടീയപിതൃദായകത്വ സമൂഹം സ്ത്രീയ്ക്ക് കൊടുക്കുന്നതു കണ്ടിട്ടില്ല.

ഈ 2020 കളില്‍സ്ത്രീകള്‍ നേരിടുന്ന പാര്‍ശ്വവത്കരണത്തെകുറിച്ച് സമൂഹത്തിന്, വിശിഷ്യാ സ്ത്രീകള്‍ക്ക് നല്ല ബോധ്യമുണ്ട്. മുന്നില്‍ ഒഴിഞ്ഞിരിക്കുന്ന അധികാരക്കസേരകള്‍ വരെ എത്തിച്ചേരാനുള്ള ബുദ്ധിമുട്ടും തടസ്സവും അവര്‍ക്കു വ്യക്തമാണ്.കൂടുതല്‍ സ്ത്രീകള്‍ മത്സരിക്കാന്‍ തയ്യാറാകുന്നു , എന്നാല്‍ തെരെഞ്ഞെടുക്കപ്പെടുന്നവര്‍ ചുരുക്കമാണ് .

ലിംഗ നീതി തേടിയുള്ള പോരാട്ടങ്ങളില്‍ ഒന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് വനിതാനേതാവിന്‍റേതാണ്. എന്നാല്‍ അത് ആദ്യം കോണ്‍ഗ്രസ് സ്ത്രീകള്‍ക്ക് പ്രാതിനിധ്യം കൊടുത്തില്ല എന്നതിനെതിരെ ആയിരുന്നില്ല , അവര്‍ക്കു സ്ഥാന ലഭിച്ചില്ല എന്നതിനെതിരെ ആയിരുന്നു. അവര്‍ കാലങ്ങളോളം പല അധികാര സ്ഥാനങ്ങളും വഹിച്ചിരുന്നവരാണ്. അപ്പോള്‍ അത് ഒരു വ്യക്തിഗത പ്രതിഷേധമാണ് എന്ന് മാത്രമേ പറയാന്‍ ആവൂ. ദുര്‍ഗ്രഹമായതു പലപ്പോഴുമെന്നപോലെ ഇപ്പോഴും സ്ത്രീയ്ക്ക് ഒന്നുകില്‍ സ്വയം പീഡനം അല്ലെങ്കില്‍ അവരുടെ ശരീരാത്മാവുകളുടെ ഭാഗമായ മക്കളോടുള്ള അതിക്രമം ഒക്കെയാണ്. വേറിട്ടൊരു പ്രതിഷേധം കാണാറില്ല. ഇവിടെ വനിതാ നേതാവ്ചെയ്തതും സ്വയം പീഡ തന്നെയാണ് .

പണ്ടേക്കു പണ്ടേ ആണധികാരപ്രമത്തര്‍ പെണ്ണുങ്ങള്‍ തെറ്റ് ചെയ്തു എന്ന് അവര്‍ക്കു തോന്നിയാല്‍ ചെയ്യുന്നത് മുടി മുറിക്കലും പുള്ളി കുത്തലും ആയിരുന്നു / ആണ് എന്നതോര്‍ക്കുമല്ലോ. ഒപ്പം കുട്ടികളോട് കാണിക്കുന്ന ക്രൂരതകളും.

രാഷ്ട്രീയത്തിലും പൊതുഇടങ്ങളിലും ഇടപെടുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ചില പൊതു മനക്ലേശങ്ങള്‍ തങ്ങളുടെ വീട്ടിലെ പാത്രധര്‍മം എങ്ങനെ മുടക്കം കൂടാതെ നിര്‍വഹിക്കും എന്നതാണ്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് പോകുമ്പോള്‍ ഒരു കാരണവശാലും കൈമാറ്റം ചെയ്യാനാവാത്ത വിശേഷ ധര്‍മ്മമാണല്ലോ പാചകവും വൃത്തിയാക്കലും. അവര്‍ ധൃതിപിടിച്ചു നേരത്തെ ഭക്ഷണമുണ്ടാക്കും. എന്നാല്‍ മുതിര്‍ന്ന മകളെ ഒറ്റയ്ക്ക് വീട്ടിലാക്കി പോകേണ്ടിവരുമ്പോള്‍ അത്രമേല്‍ സ്വാസ്ഥ്യത്തോടെയാവില്ല പുറത്തുള്ള വ്യവഹാരങ്ങള്‍ .
വ്യക്തമാക്കുന്നത് വീട്ടിന് പുറത്തു സ്വന്തം രാഷ്ട്രീയവും സാമൂഹിക ഉത്തരവാദിത്വവും സാംസ്കാരിക ഇടപെടലുകളും നടത്തുന്ന സ്ത്രീ വീട് എന്ന ഭാരം പേറിയാണ് നടക്കുന്നത് എന്ന് തന്നെയാണ്. ഒരു പക്ഷെ പൊതു ചടങ്ങുകള്‍ വീക്ഷിക്കാനും പങ്കെടുക്കാനും ആഗ്രഹിക്കുന്ന പെണ്ണുങ്ങളുടെ കഥ വേറെയില്ല .

സൂക്ഷിച്ചു നോക്കിയാല്‍ നിങ്ങള്‍ക്ക് കാണാം ഞങ്ങളുടെ ചുമലില്‍ ഒരു കൂറ്റന്‍ ആമത്തോട് , തികച്ചും ട്രാന്സ്പരെന്‍റ് ആണ് അത്. ഞങ്ങള്‍ ഇറങ്ങിപ്പോയി എന്ന് നിങ്ങള്‍ പറയുന്ന പെണ്ണിടമാകെ അതിനുള്ളില്‍ അടുക്കി വച്ചിട്ടുണ്ടാകും . അലക്കിയുണക്കി മടക്കാത്ത വസ്ത്രങ്ങള്‍, കഴുകിത്തീര്‍ക്കാത്ത മുഷിഞ്ഞ വസ്ത്രം, എച്ചില്‍പാത്രങ്ങള്‍ , കുട്ടികളുടെ തീരാത്ത ഹോം വര്‍ക്കുകള്‍, അച്ഛന്‍റെയോ അമ്മയുടേയോ മരുന്നിന്‍റെ കുറിപ്പടികള്‍, ഭര്‍ത്താവിന്‍റെ ലോണുബാക്കികള്‍ , സ്വന്തം ആര്‍ത്തവ/വിളര്‍ച്ച പ്രശ്നങ്ങള്‍ ഇങ്ങനെ എണ്ണിയാല്‍ തീരാത്ത പെണ്‍ധര്‍മങ്ങള്‍ .

കേരളത്തിന് പുറത്തേക്കു ഒന്ന് നോക്കിയപ്പോള്‍ യു കെ യിലെ പുരുഷമുന്നേറ്റ പ്രസ്ഥാനം പറയുന്നത് കമ്മ്യൂണിസവും നാസിസവും പോലെ സമൂഹത്തില്‍ വന്നുഭവിച്ച ഒരു അപഭ്രംശമാണ് സ്ത്രീയുടെ സമൂഹപ്രവേശവും ഫെമിനിസവും സ്ത്രീ രാഷ്ട്രീയവും എന്നാണ്. അപ്പൊ വികസിതമോ വികസ്വരമോ ആവട്ടെ രാജ്യം, ആണ്‍ സ്വരം അത്രമേല്‍ പ്രതിലോമകരമത്രെ. എന്നാല്‍ ഈ ഇന്ത്യയില്‍ തന്നെ 1990 കളുടെ മധ്യ പാദത്തില്‍ നടന്ന വാഹിനി ഭൂപരിഷ്കരണ മുന്നേറ്റം സ്ത്രീപങ്കാളിത്തത്തില്‍ മികച്ചു നിന്നു. അതില്‍ നിന്നു കിട്ടിയ മൂല്യബോധം അവരെ ഭര്‍ത്താക്കന്മാരോട് അടുക്കളയില്‍ പാത്രം കഴുകല്‍ ദൗത്യം ഏറ്റെടുപ്പിക്കാന്‍ തക്ക ശാക്തീകരണം അവര്‍ക്കു നല്‍കി. മുന്തിയ ശമ്പളവും സമൂഹത്തിലെ സ്ഥാനവും ഒന്നും തന്നെ നമ്മെ, പ്രബുദ്ധ കേരളത്തിലെ അത്തരം ഒരു ജോലികൈമാറ്റത്തിന് ശക്തരാക്കുന്നതെ ഇല്ല എന്നത് ആശങ്കാജനകമല്ലേ ?
അതുകൊണ്ടു തന്നെ നമുക്ക് ഊഹിക്കാന്‍ കഴിയണം യാതൊരുതരത്തിലെ ചിട്ടവട്ടങ്ങളും പ്രോട്ടോക്കോളുകളും ഇല്ലാത്ത രാഷ്ട്രീയ രംഗത്തിലെ സ്ത്രീയെ പറ്റി. മാതൃകയായിരുന്ന പല വിദ്യാര്‍ത്ഥി നേതാക്കളും കുടുംബ പ്രാരാബ്ധങ്ങളിലേക്കു ഒതുങ്ങിപ്പോയി . മറ്റു പലരും ഒരു പുരുഷ നേതാവെത്തുന്നത്ര വളര്‍ന്നിട്ടും ഇല്ല . സഹ പുരുഷ നേതാക്കളോടൊപ്പം എത്താന്‍ അധികപ്രയത്നം വീട്ടിലും പാര്‍ട്ടിക്കുള്ളിലും എടുത്തിട്ട് പോലും !

കോണ്‍ടക്സ്റ്റിലേക്ക് വന്നാല്‍എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും മത്സരാര്‍ഥികളിലെ വനിതാ പ്രാതിനിധ്യം നമ്മുടെ മുന്നില്‍ ഉണ്ട് . നല്ല ഉറപ്പുള്ള പാര്‍ട്ടി സീറ്റുകളില്‍ പന്ത്രണ്ടെണ്ണത്തില്‍ വനിതകളെ നിറുത്തി സി പി ഐ എം മുന്നിലുണ്ട്. അവര്‍ക്കു കൂടുതല്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു , തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനത്തില്‍ അധികവും സ്ത്രീകളെ സ്ഥാനാര്‍ഥികളാക്കിയ ഇടതു പക്ഷത്തെ സ്ത്രീകള്‍ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കിയിരുന്നത് , ആണധികാരത്തിനു ഉള്ള വേരോട്ടം വളരെ പതിയെ മാത്രമേ അവിടെയും മാറുകയുള്ളൂ . പക്ഷെ മറ്റു പാര്‍ട്ടികളെ നോക്കുമ്പോള്‍ ഇതൊരു വലിയ സംഖ്യയാണ് .
പ്രാതിനിധ്യം കിട്ടേണ്ടിയിരുന്ന പ്രമുഖ കോണ്‍ഗ്രസ് നേതാവ് മുടി മുറിച്ചു സ്വയം ശിക്ഷിച്ച കാഴ്ചയും സമൂഹം കണ്ടു . പ്രതിഷേധങ്ങള്‍ അനിവാര്യമാണ്. അതിനും സമത്വത്തിന്‍റേതായ ഒരു രീതിശാസ്ത്രം ഉണ്ടാക്കിയെടുക്കേണ്ടിയിരിക്കുന്നു.

രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഉയര്‍ന്നുവരുന്ന യൗവനങ്ങളുണ്ട് . അവര്‍ക്കുവേണ്ടിക്കൂടിയാണ് അത്തരം പ്രതിഷേധങ്ങള്‍ ഉണ്ടാകേണ്ടത്. ഓരോ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പുരുഷാധിപത്യ നിലപാടുകള്‍ മുന്നില്ലാത്ത വിധം വിമര്‍ശന വിധേയമാക്കുന്നുണ്ട്. ജനാധിപത്യ പാര്‍ട്ടിയില്‍നിന്നും കേഡര്‍ പാര്‍ട്ടിയില്‍ നിന്നും മതാന്ധത മൂടിയ പാര്‍ട്ടിയില്‍ നിന്നും എതിര്‍ സ്വരങ്ങള്‍ ഉയരുന്നുണ്ട്. ഒരു ഓള്‍ വിമെന്‍ മൂവ്മെന്‍റ് കേരളത്തില്‍ പ്രായോഗികമല്ല, അതിനാല്‍ ലിഴലിറലൃ ചെയ്യപ്പെടേണ്ടത് ഓരോ രാഷ്ട്രീയ പാര്‍ട്ടികളുമാണ് . അതിനു മുന്‍കൈയ്യെടുക്കേണ്ടത് പാര്‍ട്ടിക്കുളിലെ സ്ത്രീകളും . അങ്ങനെ മാത്രമേ അധികാരത്തിലേക്കും അതുവഴി തീരുമാനമെടുക്കല്‍ പ്രക്രിയയിലേക്കും സ്ത്രീകള്‍ക്ക് എത്തിച്ചേരാന്‍ സാധിക്കയുള്ളു, കേരള സമൂഹം പരിഷ്കൃത സമൂഹമായി മാറുകയുള്ളൂ.

 

 

 

 

 

ഡോ.അനിഷ്യ ജയദേവ്
വിവര്‍ത്തക, സംസ്ഥാന സര്‍ക്കാരിന്‍റെ ഭരണകര്‍തൃ പരിശീലന സ്ഥാപനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്‍റ് ഇന്‍ ഗവണ്‍മെന്‍റില്‍ അസി. പ്രഫസറും ജന്‍റര്‍ നോഡല്‍ ഓഫീസറും.

 

COMMENTS

COMMENT WITH EMAIL: 0