Homeകഥ

മനയ്ക്കലെ കുബ്ലങ്ങ

ചൊവ്വാഴ്ചയാണ് .സന്ധ്യയായപ്പോഴേക്കും ലളിതാസഹസ്രനാമമെടുത്ത് തുളസിത്തറയ്ക്കു നേരെ ഇറയത്ത് ചടഞ്ഞങ്ങനെ ഇരിപ്പായി സുമിത്ര . ചിരിച്ചും കരഞ്ഞും ഞാറ്റുവേലയുടെ വികൃതിയില്‍ പകല്‍ കഴിഞ്ഞിട്ടും ആകാശം അല്പം മൂടിക്കെട്ടി തന്നെ നില്‍പാണ്. മിഥുനമാസരാത്രികളുടെ ചില അസ്വാസ്ഥ്യങ്ങള്‍ ഉള്ളിലും പുകയുന്നുണ്ട്.അതുകൊണ്ടു തന്നെ ‘ലളിത ‘മുടക്കരുതെന്ന് തീരുമാനിച്ചുള്ള ഇരിപ്പാണ്. വാതിലായ വാതിലൊക്കെ തുറന്നിട്ടു. അകത്തു കറങ്ങണ ഏട്ടാവതിയൊക്കെ പുറത്തു പോട്ടെ.

വീടിനകത്തിപ്പോള്‍ കുറേ ആയിട്ട് തൊട്ടേനും പിടിച്ചേനും കേറിപ്പിടിച്ച് പറഞ്ഞ് കയറി ഭൂകമ്പമാകുന്നത് ഏട്ടാവതിയുടെ കളിവിളയാട്ടമായിട്ടാണ് സുമിത്ര മനസ്സിലാക്കുന്നത്. എത്ര വേണ്ടന്നു വെച്ചാലും പറഞ്ഞു പോകുന്നു. എന്തെങ്കിലും ഗുണമുണ്ടോ?എവ്ടെന്ന്.! ടപ്പോം !അപ്പോഴേക്കും വേണ്വേട്ടന്‍ വന്നു വാതിലടച്ചു. ‘ ‘കഴിയുമ്പോള്‍ പറഞ്ഞാ മതി. തുറന്നിട്ടാല്‍ കൊത്വായ കൊത്വൊക്കെ അകത്തു കയറി മേയും .എന്നിട്ടു വേണം ഡെങ്കിം, ചിക്കന്‍ ഗുനിയേം തുടങ്ങി ലോകത്തിലുള്ള എല്ലാ മാരണങ്ങളും വന്നുപെടാന്‍ ‘. ഉടന്‍ അവിടെ നിന്നെഴുന്നേറ്റ് വാതില്‍ തുറന്നിടാന്‍ തോന്നിയതാണ്.. ഈ സന്ധ്യാനേരത്ത് വാതിലടച്ചാ എഴുന്നള്ളി വരുന്ന – ശ്രീ , അകത്തു കയറാതെ തിരിച്ചു പോകില്ലേ ? വലിയ ശാസ്ത്രകാരന്മാരല്ലേ ‘ഇവര്‍ക്കൊക്കെ ചുറ്റും വൈറസും ബാക്ടീരിയയും മാത്രമേ ഉള്ളു. ഈ ലോകത്തിന് തെളിച്ചവും വെളിച്ചവും തരുന്ന എത്രയോ അദൃശ്യ സാന്നിധ്യങ്ങളുണ്ടെന്ന് ഇവര്‍ക്ക് അറിയില്ല.

സുമിത്ര എഴുന്നേറ്റ് വാതിലില്‍ മുട്ടാന്‍ തുനിഞ്ഞു.. : അയ്യോ വേണ്ടാ’ എന്ന് കൈയും വായും വിലക്കി. പകല്‍ ഒരങ്കം കഴിഞ്ഞിട്ടേ ഉള്ളൂ. ഒടുവില്‍ താന്‍ നടത്തിയ പൂഴികടകന്‍റെ ധൂളികള്‍ ഇപ്പോഴും അന്തരീക്ഷത്തില്‍ പാറി നടപ്പാണ്. അല്ലെങ്കില്‍ എങ്ങന്യാ ക്ഷമിക്കാന്‍ പറ്റ്വാ. ലോകത്തിലുള്ള എല്ലാവര്‍ക്കും കടം കൊടുത്ത് സഹായിക്കണ ആള! എന്‍റെ ചെറിയ സമ്പാദ്യം കൈയിട്ട് വാര്ണ്. ഇപ്പോഴും ഓര്‍ക്കുമ്പോള്‍ എങ്ങും ഇല്ലാത്ത കലി വര്വാ. കാര്യം ആള്ടെ പൈസ തന്നെ.

ജോലീം കൂലീം ഇല്ലാത്ത തനിക്കെവിടുന്ന കാശ്. അതുകൊണ്ട് തന്‍റെ മണി പേഴ്സിന് മോളിട്ട പേര് ‘മനയ്ക്കലെ കുമ്പ്ലങ്ങ്യാന്നാ., അച്ഛന്‍റെ പേഴ്സീന്ന് കാശ് മാറ്റി വെച്ച് അച്ഛന് തന്നെ കടം കൊടുക്കുന്ന അമ്മയുടെ വീരവാദത്തിന് അവളിട്ട ഓമനപ്പേരാണത്. അമ്മൂമ്മയില്‍ നിന്ന് കിട്ടിയതാ., മനയ്ക്കലെ കുമ്പ്ലങ്ങ പൊട്ടിച്ച് മനയ്ക്കല് തന്നെ കാഴ്ചവെയ്ക്കാ, എന്ന് അമ്മ എപ്പഴും പറയും. അതില്‍ നിന്ന് മോള് മെനഞ്ഞെടുത്തതാണ് ഈ വിളിപ്പേര്. അതില്‍ സുമിത്രയ്ക്ക് മോശക്കേടൊന്നും തോന്ന്ണില്ല. ആള് ടെ പെഴ്സീന്ന് കുറേശ്ശെ പൈസ നീക്കിവയ്ക്കും. ആള്‍ക്കറിയാം ഞാന്‍ എടുക്കുന്നുണ്ടെന്ന് അല്ലാതെ ജോലിയും കൂലിയും ഇല്ലാത്ത തനിക്കെവിടുന്നാ സമ്പാദ്യം. രാപ്പകല്‍ അടുക്കളയില്‍ കിടന്ന് തീയും പുകയും കൊള്ളുന്നതല്ലേ അവള്‍ക്കും ഒരു ശമ്പളമായ്ക്കോട്ടെ . ഏതെങ്കിലും തരത്തില്‍ ആത്മവിശ്വാസം അതുകൊണ്ട് കിട്ടുന്നുവെങ്കില്‍ ആയ്ക്കോട്ടെ എന്ന് കരുതുന്നുണ്ടാവും മൂപ്പര്. എങ്കിലും ആരോടെന്നില്ലാതെ ഇടയ്ക്കെ പറയും. ‘വിനിമയം ചെയ്യുന്നിടത്താണ് പൈസയുടെ മൂല്യം എടുത്ത് വെച്ചിട്ട് എന്തിനാ ‘.പക്കാ ബിസിനസ്സുകാരന്‍റെ ശബ്ദം. സുമിത്രയ്ക്കെപ്പോഴും അമ്മയുടെ പിടിയരി കുംഭത്തിന്‍റെ ശീലാ. അരി അടുപ്പത്തിടാന്‍ അളന്നെടുക്കുമ്പോള്‍ ഒരു പിടി അരി കുംഭത്തില്‍ ഇട്ടു വെയ്ക്കും. വറുതികാലത്തേയ്ക്ക്. പൈസയുടെ കാര്യത്തില്‍ സുമിത്രയുടെ പോളിസി അതാ. ബിസിനസ്സല്ലേ എപ്പോഴും ഒരുപോലെ വരവു കാണ്വോ അതോണ്ടാണ് ഈ നീക്കിവെപ്പെന്ന് ഉള്ളില്‍ ഉറപ്പിക്കും. ആളുടെ കമന്‍റ് ആരോടാണാവോ? എന്ന മട്ടില്‍ തഴഞ്ഞു കളയും സുമിത്ര . പണത്തിന് തിക്കു മുട്ടു വരുമ്പോള്‍ വിളിക്കും. എന്തൊരു വിളിയാണെന്നോ ചോട്ടില്‍ പാത്രം വെച്ചാല്‍ തേന്‍ കിട്ടും അത്ര ഒലിപ്പിക്കലാ .

പണത്തിന്‍റെ ടൈറ്റനുസരിച്ച് മധുരം കൂടും വിളിക്ക്. അന്നേരം സുമിത്രക്ക് പണ്ട് വായിച്ച ജി.യുടെ കവിത ഓര്‍മ വരും. ‘, നേരു പറയണമങ്ങു വിളിക്കെയെന്‍ പേരു മധുരമായ് തീരുന്നതെങ്ങിനെ ” , എന്ന്. അത്രക്ക് ഉള്ളില്‍ തട്ടുന്ന വിളി. അപ്പോള്‍ വലിയ നാട്യത്തില്‍ എത്ര വേണം! എന്നു തരും! എന്നൊക്കെ ഗൗരവത്തില്‍ ചോദിച്ച് പൈസ കൊടുക്കും മോളു കാണാതിരിക്കാന്‍ ഒരു ശ്രമം നടത്താറുണ്ട്. കണ്ടാല്‍ അവള്‍ എല്ലാ മാഹാത്മ്യവും കളഞ്ഞ് മനയ്ക്കലെ കുബ്ലങ്ങ്യാ എന്ന് കളിയാക്കും. അന്നേരം വേണ്വേട്ടന്‍ അവളെ നോക്കി കണ്ണിറുക്കും. ഇനി ഞാന്‍ പണം എടുത്തു വയ്ക്കുന്നത് എവിടെയാണെന്നൊക്കെ അറിയാമെങ്കിലും ഒരിക്കലും ചോദിക്കാതെ എടുക്കാറില്ല. എത്ര എടുത്തു വെച്ചാലും കരുതല്‍ പോലെ താന്‍ പിന്‍തുടരുന്ന പിശുക്ക് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ട് കടയില്‍ പോയാല്‍ വാങ്ങാനുള്ളതൊക്കെ ബിഗ് ഷോപ്പറിലാക്കി ബസ്സിറങ്ങി സെന്‍ററില്‍ നിന്ന് വീട്ടിലേക്ക് ഏന്തിവലിച്ച് നടക്കും .വന്നു കയറുമ്പോള്‍ വേണ്വേട്ടന്‍ ചോദിക്കും , ‘ എന്‍റെ സുമീ നിനക്ക് ഒരു ഓട്ടോ പിടിച്ചു വന്നൂടെ . ഈ വെയ്ലത്തിങ്ങനെ കരിയണ് ‘ ഇതു കേള്‍ക്കുമ്പോള്‍ അല്പം പോരായിട്ടും തമാശയായിട്ടും പറയും ‘ഞാനിനി എവിടേക്ക് കറുക്കാനാ .ഈസ്റ്റ്മാന്‍ കളറല്ലെ . കെട്ടി ചെന്ന നാളുകളില്‍ തന്‍റെ എണ്ണ കറുപ്പിനെ കുറിച്ച് ചേട്ടന്‍റെ അമ്മയടക്കം ഒരു ഗൂഢസംഘം നടത്തിയ വിവാദങ്ങളെ ഓര്‍ത്തെടുക്കുന്ന ഒരു മറുപടി. അന്ന് അദ്ദേഹത്തിനും അതിലൊരു സംശയമൊക്കെ ഉണ്ടായിരുന്നു. സ്നേഹിച്ചു തുടങ്ങിയിട്ടില്ലല്ലോ പുറംമോടിയിലല്ലേ ആദ്യകാലത്തൊക്കെ നോട്ടം : അതു കൊണ്ടാണ്. പിന്നെ അതൊക്കെ മാറി. ഇപ്പോള്‍ അത് കേട്ടാല്‍ തലയില്‍ തലോടി പറയും, മനസ്സു നന്നായാല്‍ മതി വെളുത്തോളും അത് പറഞ്ഞ് മൂപ്പര്‍ ചിരിക്കും. ‘അയ്യോ! ഇനിയും താന്‍ വെളുക്കാത്തത് തന്‍റെ മനസ്സ് നന്നാവാത്തത് കൊണ്ടാണെന്ന് ഓര്‍ത്തായിരിക്കും ആ ചിരിയെന്ന് കരുതി സുമിത്ര പരിഭവിക്കും. നീ കറുത്താലും സുന്ദരിയാണെന്ന് പറഞ്ഞാ പോരേ, എല്ലാം അതോടെ തീര്‍ന്നില്ലേ, പക്ഷേ നമ്മള്‍ വിചാരിക്കുന്നതൊന്നും ഇവര്‍ പറയില്ല.

ഇന്നിപ്പോള്‍ ഉണ്ടായതും അങ്ങനെ തന്നെ. അടുത്ത വീട്ടിലെ സീത ടൗണില്‍ ജൗളിക്കടയില്‍ സെയില്‍സിലാണ്. ഓഫര്‍ വരുമ്പോള്‍ അവള്‍ വിളിച്ചു പറയും. ഡ്രസ്സ് വാങ്ങല്‍ മാത്രമാണ് തന്‍റെയൊരു ആര്‍ഭാടം. റിഡക്ഷന്‍ എന്ന പേരേ ഉള്ളു. പലപ്പോഴും കടയില്‍ പോയാല്‍ ഒന്നോ രണ്ടോ മറിച്ചു ‘നോക്കും. ഇതൊക്കെ മോശം ചരക്കാണെന്നു പറഞ്ഞ് അടുത്ത കടയില്‍ കയറി ഒന്നാന്തരം സാരികള്‍ വാങ്ങി തിരിച്ചു പോരും. കഴിഞ്ഞ ദിവസം സീത വിളിച്ചു ‘ ചേച്ചീ സെയില്‍സ് തുടങ്ങീട്ട’ ഇതു കേട്ടതും മോളു പറഞ്ഞു. ‘ഇനി അമ്മയ്ക്ക് ഇരിക്കപ്പൊറുതി കിട്ടില്ല’ .ഇതു കേള്‍ക്കുമ്പോഴേ സുമി തുടങ്ങും.’ ഞാന്‍ പണ്ടേ …… തുടങ്ങുമ്പോഴേക്കും മകള്‍ ഇടയില്‍ കയറും ‘വേണ്ടമ്മേ അമ്മ കുപ്പായം ഇടാതെ നടന്ന കഥ പാടല്ലേ എനിക്ക് നാണാവും. അമ്മ എന്താച്ചാ വാങ്ങിച്ചോ. ‘ അതോടെ ആ പ്രശ്നം തീരും. ഉടനെ സുമിത്ര ഓടി വന്ന് പെഴ്സിലെ കാശ് എണ്ണും. ഇന്നും അതിനായി പെഴ്സ് എടുത്തതാണ്. വെറും ആയിരം രൂപ. ബാക്കി പൈസ എവിടെ? വെപ്രാളമായി. സാരികള്‍ മുഴുവന്‍ വലിച്ചിട്ട് നോക്കി. ഇതുവരെ ഇങ്ങനെ ഉണ്ടായിട്ടില്ല. തിക്കും തിരക്കും കണ്ട് മോള് വന്നു. സംശയിച്ചു സംശയിച്ചു നിന്നു .പിന്നെ പറഞ്ഞു അമ്മേ, അച്ഛന്‍ എടുത്തൂന്ന് തോന്ന്ണ്. പിന്നെ അച്ഛന്‍ വരുവോളം വെരുകിനെ പോലെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. ഇടയില്‍ ചെന്ന് മോളെ തട്ടിക്കയറി. എടീ അച്ഛന്‍ എന്തിനാ കാശെടുത്തേ , അതമ്മേ ആ സുധി ചേട്ടന്‍ വന്നിരുന്നു. ആള്‍ക്ക് കൊടുക്കാനാന്നാ തോന്ന്ണ്. പെട്ടെന്ന് കലി മൂത്തു. നാണമില്ലാത്ത ചെക്കന്‍. എന്നുംവരും പൈസക്ക് ഓരോ കള്ള കഥകളുമായി. അവന്‍ വന്നാല്‍ വേണ്വേട്ടന്‍റെ ഒരു മണിക്കൂറ് പോക്കാ .ഉമ്മറത്ത് ഇരുന്ന് അവന്‍റെ തള്ള് സഹിക്കണം., സാറെ എനിക്ക് അടുത്തു തന്നെ കുറേ പൈസ കിട്ടും. ഒരു വെള്ളിമൂങ്ങ കൈയില്‍ വന്ന് പെട്ടിട്ടുണ്ട്. അടുത്ത ദിവസം ഇരുതല മൂരിയായിരിക്കും ചര്‍ച്ചാ വിഷയം. പഞ്ചലോഹ നാണയം കാണിച്ച് പൈസ വാങ്ങാന്‍ പോകുന്നതായും പറയും. അടുത്തയിടെ പഴയ റേഡിയോ വാല്‍വ് അന്വേഷിച്ച് നടക്കുന്നതായും പറഞ്ഞു.

മെയ്യനങ്ങാതെഎളുപ്പം പണമുണ്ടാക്കുന്ന ചില സെറ്റപ്പുകള്‍ അവന്‍റെ മനസ്സിലുണ്ട്. ചിലപ്പോള്‍ എല്ലാം പുളുവാകും. ഇതെല്ലാം കേട്ട് മൂപ്പര് പറയും നിനക്ക് അറിയാവുന്ന വര്‍ക്ക്ഷോപ്പ് പണി ചെയ്താ പോരേ. ഇതിന്‍റെയൊക്കെ പിന്നാലെ പോകാതെ. എന്നിട്ടും പോകാതെ കഥ നീട്ടി പിടിക്കുന്ന അവനോട് അടുത്ത ചോദ്യം ‘ എന്താ അത്യാവശ്യം? കഥ പറഞ്ഞ ശബ്ദം താഴ്ത്തി അവന്‍ ആവശ്യം പറയും. പിന്നെ വേണ്വേട്ടന്‍ അകത്തു കയറി മേശവലിപ്പ് തുറക്കും. പുറത്തു പോകും. വീണ്ടും പത്ത് മിനിട്ട് ഉപദേശം. പട്ടിയുടെ വാല് നീര്‍ത്തല്‍ തന്നെ. അവന്‍റെ ഓരോ വരവിന്‍റെയും ക്ലൈമാക്സില്‍ സുമിയും വേണുവും തമ്മില്‍ ബഹളം നടക്കും. അവന്‍ അത്യാവശ്യക്കാരന്‍ എന്നു പറഞ്ഞ് മൂപ്പര് നിര്‍ത്തും. സുമി തുള്ളിച്ചാടി അകത്തു പോകും. :
അന്ന് വേണു കയറി വരുമ്പോള്‍ നല്ല ടെമ്പറിലാണ് സുമി പൈസയുടെ കാര്യം ചോദ്യംവും ബഹളവും കരച്ചിലുമായി. ‘.ഞാന്‍ പഴയ നോട്ടെടുത്തതല്ലേ നീ അറിയും മുന്‍പേ പുതിയത് നോട്ട് വയ്ക്കാമെന്ന് വെച്ചു.. റിഡക്ഷന്‍ സെയില്‍ നാളെ വരുമെന്ന് ഞാന്‍ അറിഞ്ഞില്ലല്ലോ ‘ , അസ്ഥാനത്തുള്ള കോമഡി അവള്‍ക്ക് തീരെ പിടിച്ചില്ല. പണമില്ലാതെ നരകിച്ച നാളുകളെ എണ്ണി പെറുക്കി ഓര്‍മിപ്പിച്ച് അവള്‍ കരഞ്ഞു. വില്‍ക്കാന്‍ കൊണ്ടുപോയ കല്ലുവെച്ച മോതിരം കടക്കാരന്‍ അടിച്ച് കല്ലു തെറിപ്പിച്ചപ്പോള്‍ പൊട്ടിപോയ ഹൃദയം അവള്‍ വീണ്ടും പുറത്തെടുത്തു. ഉറഞ്ഞുതുള്ളി. ‘അന്ന് ആരും ഉണ്ടായില്ല സഹായിക്കാന്‍. …… ‘ ‘ആരും സഹായിക്കാന്‍ ഇല്ലാത്തവന്‍റെ ദുഃഖം എനിക്കറിയാം ..ഞാന്‍ : അതുകൊണ്ട് ‘ എന്ന് വേണു പറഞ്ഞു നിര്‍ത്തി.
‘നിങ്ങള്‍ ദൈവമൊന്നുമല്ലല്ലോ ‘ എന്നായി സുമി.ഒടുവില്‍ തകര്‍ന്നാടി ദേഷ്യം ശമിച്ചപ്പോള്‍ അവള്‍ നിര്‍ത്തി.
എല്ലാം ഒന്നു ശാന്തമാകാനാണ് ഇന്നത്തെ ‘ലളിത , ,വായന. വായിച്ചു തുടങ്ങിയപ്പോള്‍ മനസ്സു പതിയെ വാക്കുകളിലേക്ക് പടര്‍ന്നു ഭക്തിയില്‍ ലയിച്ചു ,ശാന്തമായി. ഇടയിലതാ ഗേറ്റ് തുറക്കുന്ന ശബ്ദം .അങ്ങോട്ടു നോക്കി. ഇതാ! സുധി വന്നു നില്‍ക്കുന്നു. തന്നെ ഭയമാണ്. കടം വാങ്ങാന്‍ വരുന്നത് തനിക്കിഷ്ടമല്ലെന്ന് അവനറിയാം. വായനക്കിടയില്‍ പാളി നോക്കി. മിണ്ടാതെ നില്പാണ്. കാഴ്ചയില്‍ അല്പം കുറവുള്ളതു കൊണ്ട് തല വിലങ്ങനെ ആട്ടിയാട്ടിയാണ് മൊബൈലില്‍ നോക്കുക. ഓ! വേണ്വേട്ടനെ ഫോണ്‍ ചെയ്യുകയാകും. വായനയില്‍ ശ്രദ്ധ കുറയാന്‍ പാടില്ല. സുമിത്ര അതിലേക്കെത്തി. കുറേ കഴിഞ്ഞു. വീണ്ടും പാളി നോക്കി. ഫോണ്‍ ചെയ്തിട്ടും ആരും പുറത്തുവരാത്തതു കൊണ്ട് നില്‍പ്പാണ്. പോകുന്നുമില്ല. അകത്ത് നിന്ന് ആള് വരുന്നുമില്ല. ഇന്ന് കഴിഞ്ഞ അങ്കം അനുസരിച്ച് അകത്തേ ആള്‍ പുറത്തു വരാന്‍ വഴിയില്ല. വീണ്ടും വായിക്കാനാഞ്ഞു. വീണ്ടും പാളിനോക്കി. : .,ലളിത, വായിക്കുന്നതിനിടയില്‍ എഴുന്നേല്‍ക്കാന്‍ പാടില്ല. ആ ആവശ്യക്കാരന്‍റെ നിര്‍ത്തി കണ്ടപ്പോള്‍ എന്തോ! എഴുന്നേറ്റു . വാതിലില്‍ തട്ടി. മോളാണ് വാതില്‍ തുറന്നത്. അകത്തു കയറി.

‘നിങ്ങളറിഞ്ഞില്ലേ. ആ സുധി അവിടെ വന്ന് നില്‍ക്കുന്നു.
അവന്‍ പൊയ്ക്കൊള്ളും.
പോയില്ലല്ലോ.
അവന്‍റെ ആവശ്യം ക്ഷമയേക്കാള്‍ വലുതാവും.
എന്തിനാ വന്നേ ?
സ്കൂള്‍ തുറന്ന സമയമല്ലേ കുട്ടികളുടെ ആവശ്യത്തിനാകും സുമിത്ര ഒന്നും പറഞ്ഞില്ല. ചെന്ന് പെഴ്സിലെ ബാക്കിയുള്ള ആയിരം രൂപയെടുത്തു. വേണ്വേട്ടന് കൊടുത്തു. അയാള്‍ ഒന്നു മടിച്ചു .കൊടുക്ക് സ്കൂള്‍ ആവശ്യമല്ലേ പുസ്തകം വാങ്ങാനാവും. വേണു പുറത്തുപോയി. പൈസ സുധിക്ക് കൊടുത്തു. സംസാരിക്കാനൊന്നും നിന്നില്ല. സുധി കാശ് കയ്യില്‍ കിട്ടിയതും സുമിത്രയുടെ കണ്ണുവെട്ടിക്കാനെന്നോണം ഗേയ്റ്റ് അടച്ച് വേഗം പോയി. താനറിഞ്ഞാലുള്ള പുകില് ഒഴിവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടാവാം. പൈസ കൊടുത്ത് വേണു തിരിച്ചു വന്നു. സുമിയുടെ തലയില്‍ തലോടി പറഞ്ഞു
‘എന്‍റെ പെണ്ണ് വെളുക്കുന്നുണ്ട് ‘

 

 

 

 

 

എന്‍.കെ.ഷീല
ഹയര്‍ സെക്കണ്ടറി ടീച്ചര്‍
ജി.എച്ച്.എസ്.എസ്. മുപ്ലിയം

COMMENTS

COMMENT WITH EMAIL: 0