Homeചർച്ചാവിഷയം

മാറാടിലെ സ്ത്രീകളും വര്‍ഗീയ കലാപങ്ങളും

ഹമീദ സീ. കെ.

യുദ്ധങ്ങള്‍, വര്‍ഗീയ കലാപങ്ങള്‍ എന്നിങ്ങനെ സംഘര്‍ഷമേഖലകളെക്കുറിച്ചുള്ള പഠനങ്ങളും പത്രവാര്‍ത്തകളും കുറെ കാലങ്ങളോളം ചില വാര്‍പ്പുമാതൃകകളെ മാത്രമാണ് വായനക്കാരിലെത്തിച്ചിരുന്നത്. പ്രത്യേകിച്ചും ഇത്തരം മേഖലകളിലെ സ്ത്രീ പുരുഷ പങ്കാളിത്തം വിഷയമാകുമ്പോള്‍ പുരുഷന്മാര്‍ ആക്രമണകാരികളും സ്ത്രീകള്‍ ഇരകളുമായാണ് കാണപ്പെടാറ്. ഇത്തരം മാതൃകകളില്‍ നിന്നും വേറിട്ട ചിന്തയാണ് കലാപാനന്തരകാലത്ത് മാറാട് ഒരു പഠനം നടത്താന്‍ പ്രചോദനമായത്. മാറാട് കലാപത്തെക്കുറിച്ചുള്ള വിവിധങ്ങളായ മാധ്യമ വാര്‍ത്തകളും, അതിന്‍റെ പശ്ചാത്തലത്തില്‍ 2012 മുതല്‍ 2016 വരെ പല ഘട്ടങ്ങളിലായി നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങളും അടിസ്ഥാനപെടുത്തിയാണ് ഈ ലേഖനം ചിട്ടപ്പെടുത്തിയിരിക്കുന്നത്.ڔ
2012 ല്‍ ‘വര്‍ഗീയ കലാപങ്ങളും സ്ത്രീകളും’ എന്ന വിഷയത്തില്‍ പി.എച്ച്.ഡി. പഠനത്തിന്‍റെ ഭാഗമായാണ് ഞാന്‍ ആദ്യമായി മാറാട് സന്ദര്‍ശിക്കുന്നത്. അതുവരെ മാറാടിനെക്കുറിച്ചുള്ള എന്‍റെ അറിവുകള്‍ മാധ്യമങ്ങളിലൂടെ ലഭിച്ചവ മാത്രം ആയിരുന്നു. ആക്രമണങ്ങളുടെയും കലാപങ്ങളുടെയും അവശേഷിപ്പുകള്‍ മറാത്ത മാറാടിലേക്ക് ആദ്യമായി വരുന്ന ഒരാള്‍ക്ക് ഉണ്ടാവാനിടയുള്ള അനുഭവങ്ങള്‍ മനസ്സിലാക്കുക എന്നതായിരുന്നു ഉദ്ദേശം. അതിനാല്‍ത്തന്നെ മാറാടുമായി പരിചയം ഉണ്ടെന്നു പറഞ്ഞ ഒരു സ്ത്രീയുടെ കൂടെയാണ് പോയത് അവര്‍ക്കവിടെ സുഹൃത്തുക്കളും ബന്ധുക്കളും ഉണ്ടായിരുന്നു. അരക്കിണറില്‍ നിന്നും ഓട്ടോയിലാണ് യാത്ര. വഴിയില്‍ ചെക്ക്പോസ്റ്റില്‍ ഉണ്ടായിരുന്ന പൊലീസുകാര്‍ ഞങ്ങള്‍ പോകുന്ന സ്ഥലത്തിന്‍റെ വിവരങ്ങളും മറ്റും ചോദിച്ചറിഞ്ഞു. പിന്നീട് മാറാട് വായനശാലയ്ക്ക് അടുത്ത് ഓട്ടോ നിര്‍ത്തി, പടിഞ്ഞാറോട്ടുള്ള റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ അവിടെയും ഉണ്ടായിരുന്നു മറ്റൊരു പോലീസ് ചെക്ക് പോസ്റ്റ്. സന്ദര്‍ശിക്കാന്‍ പോകുന്ന വീടിന്‍റെ വിശദാംശങ്ങള്‍ അവിടെയും എഴുതി നല്‍കുകയുണ്ടായി. ഉദ്ദേശിച്ച വീട്ടില്‍ എത്തിയപ്പോള്‍ത്തന്നെ മാറാടിലേക്ക് കടന്നുവന്നപ്പോഴുണ്ടായ ആശങ്കയാണ് എന്‍റെ കൂടെ ഉണ്ടായിരുന്ന സ്ത്രീ പങ്കുവെച്ചത്. മാറാട് ബന്ധുക്കളും സുഹൃത്തുക്കളും ഉണ്ടായിരുന്നെങ്കിലും കലാപശേഷം അവര്‍ അവിടം സന്ദര്‍ശിച്ചിട്ടില്ലെന്നും അതിനാല്‍ത്തന്നെ മാറാടുള്ള സുഹൃത്തിന്‍റെ വീട് കണ്ടെത്താന്‍ പ്രയാസപ്പെട്ടുവെന്നും, ഒരു ഊഹം വച്ചാണ് ഇവിടെ എത്തിയെതെന്നും പറഞ്ഞു.

“ഞങ്ങളുടെ വീട്ടിലേക്ക് വരുന്ന എല്ലാവരും പറയുന്ന പ്രശ്നമാണിത്. പോലീസ് ചെക്ക് പോസ്റ്റ് കാരണം ആളുകള്‍ക്കു ഇവിടെ വരാന്‍ പേടിയാണ് പക്ഷെ എന്ത് ചെയ്യാനാണ്.” നിറഞ്ഞ നിസ്സഹായതയോടെയാണ് ആ സ്ത്രീ (55 വയസ്സ്) അത് പറഞ്ഞത്.
മാറാട് നടന്ന കലാപത്തെപ്പറ്റി പഠിക്കാനാണ് ഞാന്‍ വന്നതെന്ന് പറഞ്ഞായിരുന്നു എന്‍റെ കൂടെയുണ്ടായിരുന്ന സ്ത്രീ എന്നെ അവര്‍ക്ക് പരിചയപ്പെടുത്തി കൊടുത്തത്.
“മാറാട് പ്രശ്നം ഉണ്ടായത് കടപ്പുറത്താണ്. പക്ഷേ ഞങ്ങളെയും ഇത് കാര്യമായി ബാധിച്ചു അതിനെപ്പറ്റി ഓര്‍ക്കാന്‍ തന്നെ ഇപ്പോള്‍ പേടിയാ ഞങ്ങളുടെ വീടിന്‍റെ തൊട്ടടുത്ത വീട്ടിലാണ് ആദ്യം കലാപത്തില്‍ മരണപ്പെട്ട അബൂബക്കറിന്‍റെ ഭാര്യയും മക്കളും താമസിച്ചിരുന്നത്. കലാപത്തിന്‍റെ അന്ന് അവര്‍ ഭക്ഷണമൊക്കെ പാകം ചെയ്തു കഴിച്ചു. പാത്രങ്ങള്‍ വരെ കഴുകി വച്ചിട്ടാണ് പോയത്. അവര്‍ കരുതിക്കൂട്ടി ചെയ്തതാണ്. ഞങ്ങള്‍ എല്ലാവരും ആണ് പെരുവഴിയിലായത്. എത്ര ദിവസമാണ് പലരുടെയും വീട്ടിലും മറ്റുമായി കയറിയിറങ്ങി ജീവിച്ചത്. പിന്നീട് കുറേക്കാലം കഴിഞ്ഞാണ് വീട്ടിലേക്ക് തിരിച്ചു വന്നത്.’

അന്ന് കലാപത്തെക്കുറിച്ച് കൂടുതല്‍ ഒന്നും തന്നെ അവരോട് ചോദിക്കാന്‍ മിനക്കെട്ടില്ല. അവരുടെ ഓര്‍മ്മകളില്‍ പല വീടുകളിലും അഭയാര്‍ത്ഥികളായി കയറിയിറങ്ങിയ വേദനകള്‍ ആയിരുന്നു നിറയെ. തന്‍റെ മകന്‍റെ ഭാര്യ കലാപത്തെക്കുറിച്ച് തന്നെക്കാളും നന്നായി പറഞ്ഞു തരും എന്നും അവര്‍ ഉള്ളപ്പോള്‍ വരാനും ആ സ്ത്രീ എന്നെ ഓര്‍മിപ്പിച്ചു. അതിനുശേഷം എന്‍റെ കൂടെ വന്ന സ്ത്രീയുടെ കുടുംബം താമസിക്കുന്ന വീട്ടിലേക്കാണ് പോയത്. ആ വീട്ടിലെ മൂത്ത മകളാണു (32 വയസ്സ്) ഞങ്ങളോട് കലാപത്തെപ്പറ്റി സംസാരിച്ചത്:
“അന്ന് കടപ്പുറത്ത് കലാപം നടക്കുന്നതായി ഞങ്ങള്‍ അറിഞ്ഞത് ടീവിയിലുള്ള വാര്‍ത്ത കേട്ടാണ് അപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. കലാപം നടന്നത് കടപ്പുറത്തുള്ള മീന്‍കാര്‍ക്ക് ഇടയിലായിരുന്നു. ഞങ്ങളുടെ ഇവിടെയുള്ള ആരും കലാപത്തിന്‍റെ ഭാഗമല്ല. അതിനാല്‍ തന്നെ എല്ലാ പ്രശ്നങ്ങളും നടന്നത് അവിടെ ആയിരുന്നു. മാറടിന് ചുറ്റുമുള്ള റോഡുകള്‍ പോലീസ് വളഞ്ഞിരുന്നതിനാല്‍ പുരുഷന്മാര്‍ക്ക് അന്ന് മാറാട് പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല. കുറേ ദിവസം കഴിഞ്ഞാണ് പോലീസ് മാറാട്ടേക്ക് ആണുങ്ങളെ കടത്തിവിട്ടത്. രാത്രിയൊക്കെ പേടിയാവുമായിരുന്നു. ആണുങ്ങള്‍ ഇല്ലാതെ വീടുകളില്‍ കഴിഞ്ഞ ദിവസങ്ങള്‍ ഞങ്ങള്‍ക്ക് പേടി ഉണ്ടാക്കുന്നത യിരുന്നു”.

പിന്നീട് 2014-ലാണ് മാറാട് ഫീല്‍ഡ് വര്‍ക്കിനായി പോകുന്നത്. അന്ന് പോലീസ് സ്റ്റേഷനില്‍ നിന്നും അനുവാദം എടുത്താണ് വിവരശേഖരണത്തിന് പോയത്. 2002 – 2003ڔകാലഘട്ടങ്ങളിലാണ് കോഴിക്കോട് മാറാട് കടപ്പുറം വര്‍ഗ്ഗീയ കലാപങ്ങള്‍ക്ക് വേദിയായത്. രണ്ടു കലാപങ്ങളിലുമായി ആളുകള്‍ കൊല്ലപ്പെടുകയും ആക്രമണത്തിനിരയാക്കപ്പെടുകയും, തത്ഫലമായി ഒരുപാട് കുടുംബങ്ങള്‍ എന്നെന്നേക്കുമായി മാറാട് വിട്ടു പോവുകയുമുണ്ടായി. ആദ്യ കലാപത്തില്‍ കൊല്ലപെട്ടര്‍ക്ക് നീതി നിഷേധിച്ചതിന്‍റെ തിരിച്ചടിയാണ് 2003-ലെ കലാപം എന്നാണ് പൊതു ഭാഷ്യം. ഇന്നും ആള്‍ത്താമസമില്ലാതെ ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള വീടുകള്‍ മാറാടിലുണ്ട്. ഒരു ദശാബ്ദം കഴിഞ്ഞിട്ടും എന്തുകൊണ്ട് മാറാട് വിട്ടുപോയ പല കുടുംബങ്ങളും ഇപ്പോഴും മാറാട്ടേക്കു തിരിച്ചു വരുന്നില്ല? മാറാട് കലാപത്തില്‍ സ്ത്രീകളുടെപങ്ക് എന്ത്? എന്നീ ചോദ്യങ്ങള്‍ക്ക് മാറാട് പോലീസ് സ്റ്റേഷനില്‍ നിന്നും ലഭിച്ച പ്രതികരണം ബഹുസ്വര ജനാധിപത്യ ഇന്ത്യാരാജ്യത്തെ ഒരു പൗരയെന്ന നിലയില്‍ ആശങ്കകള്‍ ഉണ്ടാക്കുന്നതായിരുന്നു. മാറാട് വിട്ടുപോയ സ്ത്രീകളെക്കുറിച്ചുള്ള പോലീസ് ഭാഷ്യം ഇതാണ് :
“മാറാട്ടെ പല സ്ത്രീകള്‍ക്കും 2003 -ല്‍ നടന്ന കലാപത്തെപ്പറ്റി നേരത്തെ തന്നെ പൂര്‍ണമായ അറിവുണ്ടായിരുന്നു. അതിനുള്ള തെളിവുകളാണ് മാറാട് നിന്നും ഒരു വിഭാഗം സ്ത്രീകളും കുട്ടികളും നേരത്തെ തന്നെ പലപരിപാടികളുടെയും പേരു പറഞ്ഞു ദൂരെയുള്ള അവരവരുടെ കുടുംബങ്ങളുടെ അടുത്തേക്ക് പോയിരുന്നത്.”

പക്ഷെ മാറാട് പോലീസ് സ്റ്റേഷനിലെ എഫ്.ഐ.ആര്‍. രജിസ്റ്റര്‍ പരിശോധിച്ചപ്പോള്‍ അത്തരം കേസുകള്‍ രേഖപ്പെടുത്തിയതായി കണ്ടില്ല. പ്രത്യേകിച്ച് സ്ത്രീകള്‍ കലാപത്തില്‍ പങ്കെടുത്തിരുന്നതായി രേഖപ്പെടുത്തുന്ന ഒരു രേഖകളും അവര്‍ രേഖപ്പെടുത്തിയിട്ടില്ല. കലാപത്തിന് ശേഷമുള്ള ചില അയല്‍പക്ക തര്‍ക്കങ്ങളും മറ്റും രേഖപ്പെടുത്തിയതും അത് പോലീസ് ഇടപെട്ടു പരിഹരിച്ചതുമായ രേഖകകള്‍ മാത്രമേ സ്ത്രീകളുടെ പേരില്‍ അവിടുണ്ടായിരുന്നുള്ളു.
എന്നാല്‍ പത്രമാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം മാറാട്ടെ മുസ്ലിം സ്ത്രീകള്‍ മാറാട് മദ്രസ്സ പോലിസ് റൈഡ് നടത്തുന്നതിനെ തടഞ്ഞിരുന്നതായും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്:
പോലീസ് പള്ളിയിലേക്ക് പ്രവേശിക്കുന്നത് സ്ത്രീകള്‍ തടഞ്ഞു എന്നാണു സിറ്റി പോലീസ് കമ്മിഷണര്‍, ടി. കെ. വിനോദ് കുമാര്‍ പറഞ്ഞത്. എന്നിരുന്നാലും പള്ളിയുടെ മൂന്ന് നിലകളും പരിശോധിച്ച പോലീസ് ചോരക്കറ പുരണ്ട ആയുധങ്ങള്‍ കണ്ടെടുക്കുകയും പള്ളിയിലുണ്ടായ പുരുഷന്മാരെ അറസ്റ്റ് ചെയ്യുകയുമാണുണ്ടായത്. അതുപോലെ തന്നെ മാറാട്ടെ അരയ സ്ത്രീകള്‍ മുസ്ലീം സ്ത്രീകള്‍ മാറാട് പ്രവേശിക്കുന്നതിനെ തടഞ്ഞിരുന്നതായും മുസ്ലീം ഭവനങ്ങള്‍ കല്ലെറിഞ്ഞു തകര്‍ക്കുന്നതായും കല്ലും മണലും വാരിയിട്ടും പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കിണറുകളും വീടുകളും താമസയോഗ്യമല്ലാതാക്കുന്നതുമായ വാര്‍ത്തകള്‍ ഉണ്ട്. കലാപകാലത്തെ അച്ചടി വാര്‍ത്തകള്‍ എല്ലാം തന്നെ ഇത് സാക്ഷ്യപെടുത്തുന്നത് ഇങ്ങിനെയാണ്:
“അരയസമാജം വനിതകള്‍ മറിയംബിയുടെ വീട്ടിലെ കക്കൂസിന്‍റെയും കുളിമുറിയുടെയും വാതില്‍ പറിച്ചെറിഞ്ഞു. പോലീസിന്‍റെ വലയം ഭേദിച്ച് ബീ. ജെ. പി. സിറ്റി ജില്ല സെക്രട്ടറി ഉമ ഉണ്ണിയുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് അന്‍പതോളം സ്ത്രീകള്‍ വീട്ടു പരിസരത്തേക്ക് ഇരച്ചു കയറുകയായിരുന്നു. വനിതാ പോലീസ് ഇവരെ തടഞ്ഞപ്പോള്‍ ഉന്തും തള്ളുമായി. സ്ത്രീകളെ പിന്തിരിപ്പിച്ചു.

പക്ഷെ സ്ത്രീകള്‍ നടത്തിയ ഇത്തരം ആക്രമണങ്ങള്‍ക്കും സ്ത്രീ ഗൂഡാലോചനകള്‍ക്കും കേസ് ഫയല്‍ ചെയ്തതായി കണ്ടില്ല. പോലീസ് പിന്നെ പറഞ്ഞ കാര്യം ഇതാണ്.
“മാറാട്ടെ ഹിന്ദു പുരുഷന്മാര്‍ ഒന്നും തന്നെ കല്യാണം കഴിച്ചിട്ടില്ല. അത് കാണിക്കുന്നത് അവര്‍ ആരൊക്കയോ കൊല്ലാന്‍ വേണ്ടി മനപൂര്‍വ്വം കല്യാണം കഴിക്കാതിരിക്കുന്നതെന്നാണ്.”
മാറാട്ടെ സ്ത്രീകളെയും പുരുഷന്മാരെയും കുറിച്ചുള്ള പോലീസിന്‍റെ ആരോപണങ്ങളുടെ ഉത്തരം പിന്നീട് എനിക്ക് മാറാടുള്ള സ്ത്രീകളില്‍ നിന്നും ലഭിക്കുകയുണ്ടായി. അവിവാഹിതകളായ ഒരു പാട് സ്ത്രീ പുരുഷന്മാര്‍ മാറാട് ഉണ്ടായിരുന്നു. പോലീസ് ചെക്ക് പോസ്റ്റുകള്‍ കടന്നു ഇവിടേയ്ക്ക് പെണ്‍കുട്ടികളെ പറഞ്ഞയക്കാന്‍ ആരും തയ്യാറല്ല. “എനിക്ക് മാറാടുള്ള പുരുഷന്മാരെ ഇഷ്ടമല്ല. അവര്‍ കുടിക്കും അടിക്കും” ഞാന്‍ 2014-ല്‍ അഭിമുഖം നടത്തിയ സുഭാഷിണി (32 വയസ്, യഥാര്‍ത്ഥ നാമമല്ല) പറഞ്ഞ വാക്കുകള്‍ ആണ്. 2016-ല്‍ സുഭാഷിണി ഒരു തൊടുപുഴക്കാരനെ വിവാഹം ചെയ്തിരുന്നു. കൂടാതെ പല അമ്മമാരും തങ്ങളുടെ മക്കള്‍ക്ക് പറ്റിയ ആലോചനകള്‍ വല്ലതും ഉണ്ടോ എന്ന് ഫീല്‍ഡ് സന്ദര്‍ശന സമയം എന്നോട് ആരായുകയുണ്ടായി. പോലിസ് ചെക്ക് പോസ്റ്റുകളും പോലിസ് വിന്യാസങ്ങളും കലാപത്തിലെ ആക്രമകാരികള്‍ എന്ന പേരും മാറാട് യുവ തലമുറയെ പ്രതികൂലമായി ബാധിച്ചിരുന്നു.

പോലിസ് സ്റ്റേഷന് അടുത്തുള്ള വീടുകള്‍ ആണ് പിന്നീട് സന്ദര്‍ശിച്ചത്. ഒരു ക്രിസ്ത്യന്‍ സ്ത്രീയും അവരുടെ രണ്ടു കുട്ടികളും താമസിക്കുന്ന വീടായിരുന്നു പോലീസ് സ്റ്റേഷന്‍റെ അടുത്ത് ഉണ്ടായിരുന്നത്. അവര്‍ സാമൂഹിക പ്രവര്‍ത്തകയും അധ്യാപികയും ആണ്. മാറാട് കലാപശേഷമാണ് അവര്‍ അവിടേക്ക് താമസം മാറിയത്. അത് അവരുടെ ഭര്‍ത്താവ് മരിച്ച ശേഷം ആയിരുന്നു. കലാപശേഷം വളരെ കുറഞ്ഞ വിലയില്‍ മാറാട് വീട് ലഭ്യമായതിനാലാണ് അവര്‍ കോണ്‍ക്രീറ്റ് ഇട്ട ആ വലിയ വീട്ടിലേക്ക് താമസം മാറിയത്. തുടക്കത്തില്‍ മാറാട്ട് വലിയ പ്രശ്നമൊന്നുമില്ല എന്ന് പറഞ്ഞ അവര്‍ മകന്‍ വളര്‍ന്നു വരികയാണെന്നും അവന്‍റെ ഭാവിയോര്‍ത്ത് മാറാട് വിട്ട് എവിടെയ്ക്കെങ്കിലും മാറണം എന്നും പറയുകയുണ്ടായി. മാറാട് വളര്‍ന്നു വരുന്ന പുതു തലമുറകള്‍ക്കിടയില്‍ സ്പര്‍ധ വളരുന്നുണ്ടെന്ന് അവര്‍ സൂചിപ്പിക്കുകയുണ്ടായി.
പിന്നീട് പോയത് 39 വയസ്സായ ഒരു നഴ്സറി ടീച്ചറുടെ വീട്ടിലേക്കായിരുന്നു. കലാപം നടന്നത് കടപ്പുറത്ത് ആണെന്നും കലാപത്തിനുശേഷം ഒരുപാട് പേര് ഈ പ്രദേശം വിട്ട് അകലങ്ങളിലേക്ക് താമസം മാറിയതായും അവര്‍ പറഞ്ഞു. “കലാപം കാരണം ഒരുപാട് പേര്‍ക്ക് നാശനഷ്ടങ്ങളുണ്ടായി. കലാപത്തിനു മുന്‍പേ ഇവരുടെ (അടുത്ത സ്ത്രീ സുഹൃത്തിനെ ചൂണ്ടികാണിച്ചു പറഞ്ഞു) ലോണെടുത്ത് നടത്തിയ കട പൂട്ടേണ്ടി വന്നു അത് പിന്നീട് തുറന്നിട്ടില്ല. ഇപ്പോഴും ഇവര്‍ വലിയ കടത്തില്‍ ആണ് ജീവിക്കുന്നത്.”

“കലാപം നടത്തിയ ആളുകള്‍ തന്നെയാണ് അതിന്‍റെ ഫലം നന്നായി അനുഭവിക്കുന്നത്. അവരാണ് ഇപ്പോള്‍ ഏറെ കഷ്ടപ്പെടുന്നത് അവിടെയുള്ള ആണുങ്ങള്‍ക്ക് ഒന്നും പെണ്ണു കിട്ടാനില്ല. ആരും പെണ്ണു കൊടുക്കാത്തത് കാരണം താഴ്ന്ന ജാതിക്കാരായ സ്ത്രീകളെയാണ് അവര്‍ കെട്ടിക്കൊണ്ടുവരുന്നത്. അത്രയ്ക്ക് മുക്കുവര്‍ അധപതിച്ചു. അവരുടെ നില താഴ്ന്നു പോയില്ലേ.”
ബേപ്പൂരില്‍ പണ്ട് നടന്ന സി.പി.ഐ.(എം). ബി.ജെ.പി വഴക്കുമായി ബന്ധപ്പെട്ടാണ് മാറാട് കലാപം ഉണ്ടായത് എന്നായിരുന്നു ടീച്ചറുടെയും അമ്മയുടെയും അഭിപ്രായം.
“പണ്ട് ഞാന്‍ ഇടിയങ്ങര തിയ്യരെ വളപ്പില്‍ കാലങ്ങളോളം മുസ്ലീങ്ങളോട് ഒരു പ്രശ്നവുമില്ലാതെ ജീവിച്ചിട്ടുണ്ട്. ഇവിടെയും ആരോടും ഞങ്ങള്‍ ഒരു പ്രശ്നത്തിനും പോയിട്ടില്ല എല്ലാവരോടും സൗഹൃദത്തോടെ ആയിരുന്നു ജീവിച്ചിരുന്നത്. കലാപ ശേഷം ഒരുപാട് പേര് മാറാട് വിട്ടുപോകുകയും ഉണ്ടായിട്ടുണ്ട്. അത്തരം ആളുകളുടെ വീടുകള്‍ പിന്നീട് മുക്കോരു തുച്ഛമായ വിലയ്ക്ക് വാങ്ങി.”

അതിനുശേഷം ഒരു തമിഴ് കുടുംബം താമസിക്കുന്ന വീട്ടിലാണ് പോയത്. അവിടെ ഒരു അച്ഛനും മകളും മകനും ഉണ്ടായിരുന്നു. കലാപത്തെക്കുറിച്ച് ഏറെയും ആ പെണ്‍കുട്ടിയാണ് (25 വയസ്സ്) സംസാരിച്ചത്. കലാപം നടക്കുമ്പോള്‍ അവള്‍ സ്കൂളില്‍ പഠിക്കുകയായിരുന്നു അതിനെപ്പറ്റി ഓര്‍ക്കുമ്പോള്‍ തന്നെ ഭയങ്കര പേടിയാണ് എന്നു പറഞ്ഞു .

“അച്ഛന്‍ ടൗണില്‍ നിന്നും വരാതിരുന്നപ്പോള്‍ അടുത്തുള്ള വീട്ടിലാണ് താമസിച്ചിരുന്നത്. ഇപ്പോള്‍ പുറത്തു പോയാല്‍ ആരെങ്കിലും വീട് എവിടെ എന്നു ചോദിച്ചാല്‍ മാറാട് ആണെന്ന് പറയാന്‍ ഞങ്ങള്‍ക്ക് നാണക്കേടാണ്. അത് കൊണ്ട് മാറാട് നിന്നാണു വരുന്നതെന്ന് ആരോടും പറയാറില്ല.”
മാറാട് ഗവേഷണത്തിന്‍റെ ഭാഗമായി 2012/2014 വര്‍ഷങ്ങളില്‍ നടത്തിയ ഫീല്‍ഡ് സന്ദര്‍ശനങ്ങളുടെ ആദ്യ ദിവസങ്ങളില്‍ മാറാട് മെയിന്‍ റോഡിന് സമീപങ്ങളായ വാട്ടര്‍ ടാങ്ക്- ചങ്ങപൊതി പറമ്പ്, വേലഞ്ചേരി പറമ്പ് തുടങ്ങിയ സ്ഥലങ്ങളില്‍ നടന്ന അഭിമുഖങ്ങളുടെ ശകലങ്ങലാണ് മുകളില്‍ വിവരിച്ചത്. ഇവരെല്ലാം മത്സ്യത്തൊാഴിലാളി വിഭാഗത്തില്‍പ്പെട്ടവര്‍ ആയിരുന്നില്ല. അങ്ങാടിക്കാര്‍ (മത്സ്യതൊഴിലാളി വിഭാഗത്തില്‍ പെടാത്ത മുസ്ലിംങ്ങള്‍), തിയ്യര്‍, ക്രിസ്ത്യന്‍, മറ്റുള്ളവിഭാഗത്തില്‍ തുടങ്ങിയവര്‍ ആയിരുന്നു. കലാപം മാറാട് ഭയത്തിന്‍റെ നിഴല്‍ വീശിയിരിക്കുന്നത് പലരില്‍ നിന്നുമുള്ള അഭിമുഖത്തില്‍ നിന്നും മനസ്സിലാക്കി. കലാപം മാറാടിനു അപമാനമുണ്ടാക്കിയ ഒന്നായാണ് നാട്ടുകാര്‍ വീക്ഷിക്കുന്നത്. അതിന് കാരണക്കാര്‍ മത്സ്യതൊഴിലാളികള്‍ ആണെന്നവര്‍ വിശ്വസിക്കുന്നു. പോലീസ് ചെക്ക്പോസ്റ്റുകള്‍ ഉണ്ടായിട്ടും മാറാട് വീട് ഉപേക്ഷിച്ച് പോയവര്‍ക്ക് ഒരു ദശാബ്ദം കഴിഞ്ഞിട്ടും മാറാടിലേക്ക് മടങ്ങി വരാന്‍ പറ്റാത്തത് കലാപത്തിന്‍റെ മുറിവുകള്‍ ഇനിയും ഉണങ്ങിയിട്ടില്ല എന്നും ഭയവും വൈരാഗ്യവും ജനങ്ങളില്‍ കുടികൊള്ളുന്നു എന്നതിനും തെളിവാണ്. മാറാട് ഉള്ള ജീവിതത്തില്‍ ജാതി മത ഭേദമന്യേ പലരും സംതൃപ്തരല്ല. കലാപത്തെ പലരും പുച്ഛത്തോടെ മത്സ്യതൊഴില്‍ സമൂഹത്തിന്‍റെ മാത്രം പ്രശ്നമായി കാണാന്‍ ശ്രമിക്കുകയാണ്. അതിനാല്‍ തന്നെ മത്സ്യത്തൊഴില്‍ ചെയ്യുന്ന യുവാക്കളെ അക്രമത്തിലേക്കും മദ്യപാനത്തിലേക്കും മറ്റും നയിക്കുന്ന സാമൂഹിക വേര്‍തിരുവകള്‍ അറിയേണ്ടത് അത്യാവശ്യമായിരുന്നു. അതിനായി മാറാട്ടെ ദൈനംദിന ജീവിത്തെപറ്റി അറിയുക എന്നതും അനിവാര്യമായിരുന്നു. ദൈനംദിന ജീവിതം ജീവതയാഥാര്‍ത്ഥ്യങ്ങളും സാമൂഹികനിര്‍മ്മിതികളെയും മനസ്സിലാക്കാന്‍ സഹായിക്കുന്നു. അതിനാല്‍ 2014 ഫെബ്രുവരി മുതല്‍ ജൂലൈ മാസം വരെ ഞാന്‍ മാറാട് ചിലവഴിച്ചു. മത്സ്യത്തൊഴിലാളികള്‍/അല്ലാത്തവര്‍ എന്ന ജാതി-വര്‍ഗ വേര്‍തിരിവ് കൃത്യമായി അവിടെ നിലനിന്നിരുന്നു. പലതരത്തിലും അപരര്‍ എന്ന ഒരു വേര്‍തിരിവ് അവിടെ വ്യക്തമായിരുന്നു. കലാപം മത്സ്യത്തൊഴില്‍ ചെയ്യുന്ന ഹിന്ദു-മുസ്ലിം വിഭാഗങ്ങളുടെ തര്‍ക്കമായാണ് മത്സ്യ ത്തൊഴിലാളികള്‍ അല്ലാത്തവര്‍ കണ്ടത്. മാറാട്ടെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആകട്ടെ മാറാടിനെ വേറിട്ടൊരു ലോകമായാണ് കണക്കാക്കിയിരുന്നത്. പുറായിക്കാരും (കടപുറത്തിന് പുറത്ത് താമസിക്കുന്നവര്‍) കരായിക്കാരും (കരയില്‍ താമസിക്കുന്നവര്‍ കര എന്ന് അര്‍ത്ഥമാക്കുന്നത് വാക്ക് അല്ലെങ്കില്‍ കടലിനോടു ചേര്‍ന്ന ഭൂമി/കടപ്പുറം ആണ്) ആയാണ് അവര്‍ മനുഷ്യരെ മനസ്സിലാക്കുന്നത്. അത് കുറച്ചു കൂടി ഭൂമിശാസ്ത്രപരമായാണ്. കടപ്പുറത്ത് ഉള്ളവര്‍ക്ക് അവരെ ഭരിക്കുന്ന സംവിധാനം പള്ളി ജമഅത്തും അരയസമാജവുമാണ്. പോലീസ് അനുവാദത്തേക്കാളും അരയസമാജത്തിന്‍റെ സമ്മതമുണ്ടെങ്കിലേ ഫീല്‍ഡ് വര്‍ക്ക് മാറാട് നടത്താന്‍ പാടുള്ളു എന്ന് ഒരു അരയ യുവാവ് കര്‍ശനമായും, ബാലഗോകുലം ചുമതലക്കാരിയായ ഒരു യുവതിയും, പറയുകയുണ്ടായി.

അങ്ങിനെ മാറാടിനു സവിശേഷമായ ചിട്ടവട്ടങ്ങളുണ്ട്. അവ പലതും അവരുടേതായ സാമുദായിക ചട്ടക്കൂട്ടിനുള്ളിലായിരുന്നു. കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ പോലും അതില്‍ നിന്നും വേറിട്ടിരുന്നു. അരയ സമാജത്തിനു കീഴിലുള്ള സ്ത്രീകള്‍ സര്‍ക്കാര്‍കുടുംബശ്രീകളില്‍ അംഗമായിരുന്നില്ല. അവര്‍ക്കു വേറിട്ട് ‘മോദിയുടെ കുടുംബശ്രീ’ ഉണ്ട് എന്നാണ് പറഞ്ഞത്. വിരലിലെണ്ണാവുന്ന അരയസ്ത്രീകള്‍ മാത്രമേ സര്‍ക്കാര്‍ നടത്തിയ ‘സ്പര്‍ശം പ്രൊജക്റ്റ്’ ഉപജീവനത്തിന് വേണ്ടി ആശ്രയിക്കുന്നുള്ളു. അധികം പേരും രാഷ്ട്രീയമായി അതിനോട് വിയോജിപ്പ് “പ്രകടിപ്പിച്ചു ‘ഞങ്ങളെ ഒന്നിപ്പിക്കാന്‍ കൊണ്ട് വന്നതാണ് സര്‍ക്കാര്‍ സ്പര്‍ശം. അത് കൊണ്ട് ഞങ്ങള്‍ക്കവിടെ ജോലിവേണ്ട. മാറാടിനു പുറത്തുള്ള തിയ്യര്‍ പെണ്ണുങ്ങളാണ് അവിടെ പണിചെയ്യുന്നത്. അല്ലാതെ ഞങ്ങളെ ആളുകളല്ല” എന്ന് പല അരയസ്ത്രീകളും പറയുകയുണ്ടായി. ഒന്നിച്ചു പ്രവര്‍ത്തിക്കാനുള്ള പല പഴുതുകളും മാറാട്ട് അടഞ്ഞിട്ടുണ്ടായിരുന്നു. പേടി കാരണം മാറാട് ശാഖാ പറമ്പിന് സമീപമുള്ള ആരോഗ്യ കേന്ദ്രത്തിലേക്ക് മുസ്ലിം സ്ത്രീകള്‍ ഒന്നും പോകാറില്ലെന്നു പറഞ്ഞു. മാറാട് എല്‍. പി. സ്കൂളും അരയ വിഭാഗം താമസിക്കുന്ന സ്ഥലത്തായിരുന്നു. കലാപ ശേഷം മുസ്ലിം കുട്ടികള്‍ അവിടെ ചേര്‍ന്ന് പഠിച്ചിട്ടില്ല എന്ന് സ്കൂളിലെ അധ്യാപകര്‍ പറഞ്ഞു. സാഗര സരണിയുടെ പടിഞ്ഞാറ് ഭാഗത്ത് ഫീല്‍ഡ് വര്‍ക്ക് നടത്തിക്കൊണ്ടിരിക്കുമ്പോള്‍ വേഷവിധാനത്തില്‍ മുസ്ലിമെന്നു തോന്നിക്കുന്ന ഒരു സ്ത്രീ എന്തോ സാധനങ്ങള്‍ വില്‍ക്കാന്‍ڔ കടന്നു വന്നപ്പോള്‍ അരയ പെണ്ണുങ്ങള്‍ ഗൗരവപൂര്‍വ്വമാണ് അവരെ തിരിച്ചയച്ചത്. “എവിടേക്കാണ് വന്നതെന്ന് മൂപ്പത്തിക്ക് മനസ്സിലായിട്ടില്ല” പരിഹാസസ്വരത്തിലായിരുന്നു അവരത് പറഞ്ഞത്. അവര്‍ താമസിക്കുന്ന ഇടം ഒരു പ്രത്യേക ലോകം എന്ന പോലെയായിരുന്നു.

‘അരയസ്ത്രീകള്‍ ബാഗും തൂക്കി ജോലിക്കു പോകാറില്ല. പോകുന്നത് ഇവുടുത്തെڔമുസ്ലിം സ്ത്രീകളാണ്.’, ‘ഓള്‍ക്ക് കുട്ടികളുണ്ട് നോക്കാന്‍. അതാണ് അവളുടെ പണി. അവള്‍ പഠിപ്പിക്കാനൊന്നും പോകണ്ട’. ‘ഇവിടുത്തെ അരയ സ്ത്രീകള്‍ രാഷ്ട്രീയ പ്രവര്‍ത്തനങ്ങളൊന്നും നടത്താറില്ല. അവര്‍ ഉത്തമ സ്ത്രീകളാണ്’. സ്ത്രീകളുടെ തൊഴില്‍ സംസാര വിഷയമാകുമ്പോള്‍ ഫീല്‍ഡില്‍ അരയڔപുരുഷന്മാര്‍ പറഞ്ഞ വാക്കുകളാണിവ.
സ്ത്രീയെ ഉത്തമയും കുടുംബസ്നേഹമുള്ള / കുഞ്ഞുങ്ങളെ നോക്കുന്നവരുമായി കാണാനാണ് മാറാട്ടെ പുരുഷന്മാര്‍ ആഗ്രഹിക്കുന്നത്. യാഥാര്‍ത്ഥത്തില്‍ അവഗണനകളുടെയും ദാരിദ്ര്യത്തിന്‍റെയും പടുകുഴിയിലായിരുന്നു പല അരയ കുടുംബങ്ങളും. കലാപത്തില്‍ ജയിലിലായവരുടെ കുടുംബങ്ങളെ അരയ സമാജമാണ് നോക്കുന്നത്. അതുപോലെ മുസ്ലിംകള്‍ക്കും യാഥാസ്ഥിതിക സംഘടനകളില്‍ നിന്ന് സഹായങ്ങള്‍ ലഭിച്ചിരുന്നു. ഇവ മാറട്ടെ സ്ത്രീകളെ കൂടുതല്‍ ആശ്രിതരാക്കുന്നതായി കാണപ്പെട്ടു. കലാപത്തില്‍ കൊല്ലപ്പെട്ട അംഗങ്ങളുള്ള ചില കുടുംബങ്ങള്‍ പറയുന്നത് ‘അരയ സമാജം ഞങ്ങളെ ഒറ്റപ്പെടുത്തുന്നു എന്നാണ് സര്‍ക്കാര്‍ ജോലി ലഭിച്ചതും ധനസഹായം ലഭിച്ചതും അവര്‍ക്ക് പിടിച്ചിട്ടില്ല’. അതിനാല്‍ തന്നെ മാറട്ടെ സാധാരണ സ്ത്രീകള്‍ക്ക് തൊഴില്‍ അവശ്യഘടകവുമാണ് പലരും പല ഇടങ്ങളിലായി കൂലി പണിക്കു പോകുന്നുണ്ട്.
അരയ സ്ത്രീകള്‍ പലരും രാഷ്ട്രീയ സ്വയം സേവികڔഅംഗങ്ങളായിരുന്നുവെന്നുംڔ കലാപത്തിന് ശേഷം അത് ഇല്ലാതായി എന്നും പല അരയ സ്ത്രീകളും പറഞ്ഞു. “മുസ്ലിം സ്ത്രീകളെ പുനരധിവസിപ്പിക്കാന്‍ കൊണ്ടുവന്നപ്പോള്‍ താമരക്കാര്ڔവന്ന് ഞങ്ങളെ ഒക്കെ സമരം ചെയ്യാനും തടയാനും കൂട്ടികൊണ്ടു പോയി”. വ്യക്തമായ രീതിയില്‍ മാറട്ടെ സ്ത്രീകളെ വര്‍ഗീയ ശക്തികള്‍ സംഘടിപ്പിച്ചിരുന്നെന്ന് പല അഭിമുഖ സംഭാഷണങ്ങളില്‍ നിന്നും മനസ്സിലായി. പല സ്ത്രീകളും രാഷ്ട്രീയത്തില്‍ പങ്കെടുത്തതിന്‍റെ ഓര്‍മ്മകള്‍ സന്തോഷത്തോടെ ആണ് പങ്കു വച്ചതു. ‘നഗരത്തില്‍ കേന്ദ്രത്തില്‍ നിന്നും ബിജെപി നേതാക്കള്‍ വരുമ്പോഴുള്ള പരിപാടികള്‍ക്ക് ചോറ്ڔവെക്കാന്‍ ഞങ്ങളെ കൊണ്ട് പോകുമായിരുന്നു. നഗരത്തിലെ വനിതാ നേതാക്കള്‍ വന്നു ഞങ്ങള്‍ക്ക് ബാന്‍ഡ് കൊട്ടാനും കമ്പു തട്ടികളിക്കാനും പഠിപ്പിച്ചു തന്നിരുന്നു. അതെല്ലാം നല്ലൊരു കാലമായിരുന്നു. ഇപ്പോള്‍ അതെല്ലാം നിന്നു’.

കലാപത്തിന് ശേഷം മാറാട്ടെ സ്ത്രീജീവിതം പാടെ മാറിമറിഞ്ഞതായിڔകാണപ്പെട്ടു. സ്പര്‍ശം പ്രൊജക്റ്റ് വളരെ മന്ദഗതിയില്‍ ആയിരുന്നു. കൂടുതല്‍ തൊഴിലവസരങ്ങളും ദാരിദ്രം മാറ്റാനുള്ള അവസരങ്ങളും അവിടെ അനിവാര്യമാണെന്ന് തോന്നി. മാറാട്ട് നിലനില്‍ക്കുന്ന ജാതി വിവേചനങ്ങള്‍ അവരെ മറ്റ് രാഷ്ട്രീയപാര്‍ട്ടികളില്‍ നിന്നും അകറ്റി നിര്‍ത്തിയതായി കാണപെട്ടു. അതില്‍ നിന്നും രക്ഷനേടാനായി എത്തിച്ചേര്‍ന്നത് ഹിന്ദുത്വ രാഷ്ട്രീയത്തിലേക്കാണ് എന്ന അറിവിലേക്ക് വെളിച്ചം വീശുന്നതായിരുന്നു മാറാട് ഫീല്‍ഡ് സന്ദര്‍ശന അനുഭവങ്ങള്‍.

 

ഹമീദ സീ. കെ.
കോഴിക്കോട് സര്‍വകലാശാലയിലെ സ്ത്രീ പഠന വിഭാഗം അധ്യാപിക

COMMENTS

COMMENT WITH EMAIL: 0