മുഖവുര- മെയ്  ലക്കം

Homeമുഖവുര

മുഖവുര- മെയ് ലക്കം

ഡോ.ഷീബ കെ.എം.

സ്ലാം വിരുദ്ധതയ്ക്ക് ലോകത്താകമാനം ഒരു മാതൃകയുണ്ട്. വിശ്വാസികള്‍ക്ക് നേരെ, പ്രത്യേകിച്ച് പുണ്യമാസത്തില്‍, കൂട്ടായ അക്രമം അഴിച്ചു വിടുക എന്നത്. പലസ്തീനിലും ഇറാഖിലുമൊക്കെ നാം ഇത് കണ്ടതാണ്. ഇതിപ്പോള്‍ ദേശീയ മാതൃക കൂടിയായിരിക്കുന്ന മനുഷ്യത്വവിരുദ്ധ സന്ദര്‍ഭങ്ങളിലൂടെയാണ് രാജ്യം കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. ദില്ലിയിലെ ജഹാംഗീര്‍പുരിയില്‍ ഏപ്രില്‍ 16 ന് ഹനുമാന്‍ ജയന്തിയോടനുബന്ധിച്ച് അധികൃതരുടെ അനുവാദമില്ലാതെ നടന്ന ശോഭായാത്രയില്‍ പ്രകോപനപരമായ രീതിയില്‍ സംഗീത പ്രയോഗമുണ്ടായി. പ്രകടനത്തില്‍ പങ്കെടുത്തവരും പള്ളിയില്‍ പ്രാര്‍ത്ഥിച്ചവരും തമ്മില്‍ അക്രമങ്ങളും കലഹങ്ങളുമുണ്ടായെങ്കിലും അനന്തരഫലങ്ങള്‍ തീവ്രമായി അനുഭവിക്കേണ്ടി വന്നത് ജഹാംഗീര്‍പുരി നിവാസികള്‍ക്കാണ്. വീടുകളും കടകളും മറ്റും അധികൃതരുടെ മുന്‍കൈയില്‍ തന്നെ തകര്‍ക്കപ്പെട്ട് കിടപ്പാടവും ജീവനോപാധിയും നഷ്ടപെട്ടവരായിത്തീര്‍ന്നിരിക്കുന്നു അവര്‍. ഏകപക്ഷീയമായ നരവേട്ടയുടെ ബീഭത്സ പ്രകടനങ്ങളാണ് അവിടെ അരങ്ങേറിയത്. മതങ്ങള്‍ സംഹാര താണ്ഡവത്തിനുള്ള ഹേതുവാകുന്നത് തടയുന്നതിലെ പരാജയം ഏത് സ്വാതന്ത്ര്യത്തിന്‍റെ അമൃത മഹോത്സവങ്ങളെയും നിരര്‍ത്ഥകവും നിശ്ശൂന്യവുമാക്കാന്‍ പോന്നതാണ്. കഠിനമായി അപലപിക്കുന്നു.

നടി ആക്രമിക്കപ്പെട്ട കേസ്സ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് മേധാവി എഡിജിപി എസ് . ശ്രീജിത്തിനെ മാറ്റിയത് ഏറെ ആശങ്ക ഉണ്ടാക്കുന്നുണ്ട്. തുടരന്വേഷണം നല്ല രീതിയില്‍ പോകുന്നതിനിടെ പൊടുന്നനെയാണ് അന്വേഷണത്തിന് ചുക്കാന്‍ പിടിക്കുന്ന ഉദ്യോഗസ്ഥനെ മാറ്റിയത്. സര്‍ക്കാറിന്‍റെ ഭാഗത്ത് നിന്നുളള ഈ നടപടി ഏറെ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നീതി നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പക്ഷം സര്‍ക്കാര്‍ ഇത്തരം നടപടികളില്‍ നിന്നും പിന്‍മാറേണ്ടതാണ്. സിനിമ മേഖലയില്‍ നിന്ന് വീണ്ടും പീഡന പരാതികള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത കൂടുകയാണ് വേണ്ടതെന്ന് തിരിച്ചറിയണം.

വിദ്യാഭ്യാസത്തിന്‍റെ കാര്യത്തില്‍ പൊതുവേ സ്ത്രീകള്‍ മുന്നേറുമ്പോഴും തൊഴില്‍ മേഖലയില്‍ നിന്ന് അവര്‍ പതുക്കെ പുറത്തായിക്കൊണ്ടിരിക്കുന്നു എന്ന വിഷമിപ്പിക്കുന്ന സത്യമാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. സ്ത്രീകള്‍ക്ക് ലഭിക്കുന്ന നിയമനം മാത്രം പരിഗണിച്ചാല്‍ കാര്യങ്ങള്‍ ശുഭകരമായി തോന്നുമെങ്കിലും കൊഴിഞ്ഞുപോക്ക് വളരെ കൂടുതലാണെന്നാണ് സൂചന. കൊറോണ കാലം ഇത് തീവ്രമാക്കുകയും ചെയ്തിട്ടുണ്ട്. സ്ത്രീകളെ തൊഴിലിടങ്ങളില്‍ നിലനിര്‍ത്താന്‍ വൃവസ്ഥയ്ക്ക് കഴിയാതെ പോകുന്നു എന്നത് തിരിച്ചറിയപ്പെടണം. ശമ്പളം വെട്ടിക്കുറയ്ക്കല്‍, സമയക്രമ നിഷ്ക്കര്‍ഷകള്‍, സ്ഥാനക്കയറ്റം തടയല്‍ തുടങ്ങിയ കാര്യങ്ങള്‍ നിലനില്‍ക്കുന്ന സ്ത്രീവിരുദ്ധ തൊഴില്‍ പരിസരങ്ങളില്‍ നിന്നും പത്തില്‍ ഏഴോളം സ്ത്രീകള്‍ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്ന ആശങ്കാജനകമായ അവസ്ഥയിന്മേല്‍ നമ്മുടെ അടിയന്തിര ശ്രദ്ധ പതിയേണ്ടതുണ്ട്.

പാസ്പ്പോര്‍ട്ട് ലഭിക്കുന്നതിനായി ട്രാന്‍സ്ജെണ്ടര്‍ വ്യക്തികള്‍ പുരുഷനോ സ്ത്രീയോ ആണെന്നുള്ള ലിംഗപദവി നിര്‍ണ്ണയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന 1980 ലെ പാസ്പ്പോര്‍ട്ട് നിയമം ദില്ലി ഹൈക്കോടതി ചോദ്യം ചെയ്തിരിക്കുകയാണ്. ഭരണഘടനയുടെ 21 പരിച്ഛേദം വാഗ്ദാനം ചെയ്യുന്ന മൗലികസ്വാതന്ത്ര്യത്തിന് വിരുദ്ധമാണിത് എന്നായിരുന്നു വാദം. ഏറെ സ്വാഗതാര്‍ഹമാണീ നീക്കം. എന്നാല്‍ ഉത്തര്‍പ്രദേശില്‍ രണ്ടു സ്വവര്‍ഗ്ഗ പ്രണയിനികള്‍ തമ്മിലുള്ള വിവാഹത്തിനുള്ള അഭ്യര്‍ത്ഥന ഭാരതീയ പാരമ്പര്യത്തിന് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അലഹബാദ് ഹൈക്കോടതി തള്ളിക്കളഞ്ഞിരിക്കുന്നു. പല ലിംഗലൈംഗിക സ്വത്വങ്ങളുടെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഇനിയും എത്രയോ പോരാട്ടങ്ങള്‍ വേണ്ടി വരും എന്ന് വ്യക്തം.

അംഗണവാടി ജീവനക്കാരും സഹായികളും ഗ്രാറ്റ്വിറ്റിക്ക് അര്‍ഹരാണെന്ന് സുപ്രീം കോടതി വിധിച്ചിരിക്കുന്നു. അടിസ്ഥാന മേഖലയില്‍ വളരെ അത്യാവശ്യമായ തൊഴിലില്‍ ഏര്‍പ്പെടുന്നുവെങ്കിലും തുച്ഛമായ പ്രതിഫലം മാത്രമാണ് ഇവര്‍ക്ക് ലഭിക്കുന്നത് എന്ന് കോടതി നിരീക്ഷിച്ചു. ഈ മേഖലയില്‍ തൊഴിലെടുക്കുന്ന അനേകം സ്ത്രീകള്‍ക്ക് ഇത് ഏറെ ഗുണകരമാവും.
അകം /പുറം ലോകങ്ങളായി വേര്‍തിരിച്ച് ക്രമീകരിക്കപ്പെട്ട സ്ത്രീ പുരുഷ ജീവിതങ്ങളുടെ പെണ്‍ അതിര്‍ലംഘന സാധ്യതകളാണ് യാത്രകള്‍. കൂട്ടായും ഒറ്റയ്ക്കും സ്ത്രീകള്‍ നടത്തുന്ന സഞ്ചാരങ്ങള്‍ നമ്മുടെ കാലത്ത് വര്‍ദ്ധിച്ചുവരുന്നുണ്ട് എന്നത് ആഹ്ളാദകരമാണ്. ‘ആണ്‍ തുണ’ ഇല്ലാതെയും കുടുംബത്തിന്‍റെ പിന്‍വിളികളില്ലാതെയും സ്ത്രീകള്‍ സ്വച്ഛന്ദം സഞ്ചരിക്കുന്ന അനുഭവങ്ങള്‍ കുറിക്കുകയാണ് നിധി കുര്യന്‍ അതിഥിപത്രാധിപയായ ഈ ലക്കം സംഘടിത. ആനന്ദ പ്രചോദനവായനയ്ക്കായി സമര്‍പ്പിക്കുന്നു.

COMMENTS

COMMENT WITH EMAIL: 0