Homeഅഭിമുഖം

മഴവില്‍ ചിറകുകളിലേറി സ്വതന്ത്ര ആകാശത്തിലേക്ക്

ദം ഹാരി, ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ്. അദ്ദേഹത്തിന്‍റെ കുടുംബം ‘കൗണ്‍സിലിംഗിനായി’ പല സ്ഥലങ്ങളിലേക്ക് വലിച്ചിഴക്കുകയും, മാനസികമായും ശാരീരികമായും പീഡനങ്ങളിലൂടെയും കടന്നു പോയെങ്കിലും എല്ലാ വെല്ലുവിളികളെയും തരണം ചെയ്തു തന്‍റെ പൈലറ്റ് ആകാനുള്ള ശ്രമങ്ങളുമായി മുന്നോട്ടു പോകുന്നു. ഒരു ട്രാന്‍സ്- മാന്‍ എന്നത് അദ്ദേഹത്തിന്‍റെ ഐഡന്‍റിറ്റിയെക്കാള്‍ മാനസിക രോഗമായി കാണുന്ന കുടുംബവും സമൂഹവും ഉയര്‍ത്തുന്ന വെല്ലുവിളികളെയും അതിജീവനത്തി നെയും കുറിച്ചു ഒരു അഭിമുഖം.

ചോദ്യം: ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ് എന്ന നിലയില്‍ എന്തൊക്കെ ബുദ്ധിമുട്ടുകള്‍ ആണ് നിങ്ങള്‍ ഈ മേഖലയില്‍ അഭിമുഖീകരിക്കുന്നത്?
ഉത്തരം: 2019- ഇല്‍ കേരള സര്‍ക്കാറിന്‍റെ സ്കോളര്‍ഷിപ് ലഭിച്ചതിനുശേഷം അവരുടെ തന്നെ നിര്‍ദ്ദേശാനുസരണം രാജീവ് ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്നോളജിയില്‍ തിരുവനന്തപുരത്ത് നിന്ന് കൊമേര്‍ഷ്യല്‍ ഫ്ളയിങ് ലൈസന്‍സ് പരിശീലനം നേടുവാനുള്ള ശ്രമങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍ ഞാന്‍ ആദ്യത്തെ ട്രാന്‍സ്മാന്‍ പൈലറ്റ് ആയതിനാല്‍ അതുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പക്കല്‍ ലഭ്യമല്ലാത്തിതിനാല്‍ മെഡിക്കല്‍ ക്ലിയറന്‍സ് ലഭിച്ചില്ല. ഇതിനിടയില്‍ ലഭിച്ച ഒരു മെഡിക്കല്‍ ക്ലിയറന്‍സ് എന്‍റെ ലിംഗവ്യക്തിത്വം (ജന്‍ഡര്‍ ഐഡന്‍റിറ്റി) അംഗീകരിച്ചു കൊണ്ടുള്ളത് ആയിരുന്നില്ല. ഇതുകാരണം ഒരു വര്‍ഷത്തോളം ഞാന്‍ ഗ്രൗണ്‍ഡഡ് ആയിരുന്നു. അതിനു പുറമെ എന്‍റെ ജെന്‍ഡര്‍ അഫര്‍മേറ്റിവ് ശസ്ത്രക്രിയക്ക് ശേഷം ഞാന്‍ പൂര്‍ണമായും അയോഗ്യനാക്കപ്പെടുകയും ചെയ്തു. അതിനാല്‍ ഇന്ത്യയില്‍ പരിശീലനം നേടുന്നതിന് തടസ്സം വന്നു. അതിനാല്‍ ഞാന്‍ ജോഹാന്നസ്ബെര്‍ഗ് ലാന്സറിയ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഏവിയേഷന്‍ അക്കാദമിയില്‍ പഠനം തുടരാനുള്ള ശ്രമത്തിലാണ്.

അടിസ്ഥാനപരമായി ഫ്ളയിങ് ലൈസന്‍സ് കിട്ടാനുള്ള പരിശീലനത്തിനായി ഉള്ള ശാരീരികക്ഷമത പരിശോധന വളരെ പ്രധാനപ്പെട്ടതാണ്. രണ്ടു തരത്തില്‍ ഉള്ള ശാരീരികക്ഷമത പരിശോധനകള്‍ ഉണ്ട്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യയില്‍ ഇതുവരെ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ട ആരും തന്നെ തങ്ങളുടെ ജെന്‍ഡര്‍ ഐഡന്‍റിറ്റി വെളിപ്പെടുത്തിയതിനു ശേഷം ഫ്ളയിങ് ലൈസന്‍സ് കിട്ടാനുള്ള പരിശീലനത്തിനായി അപേക്ഷിച്ചിട്ടില്ല. ഞാന്‍ രണ്ടു തവണ ശാരീരികക്ഷമത പരിശോധനക്കായി അപേക്ഷിക്കുകയും എന്നാല്‍
തിരുവനന്തപുരത്തെ എസ്. പി ഫോര്‍ട്ട് ആശുപത്രിയിലെ ഡി.ജി.സി.എ.അംഗീകാരമുള്ള ഡോക്ടര്‍ ട്രാന്‍സ്ജെന്‍ഡര്‍ ആയ വ്യക്തികള്‍ക്ക് എവിടെ പരിശോധന നടത്താന്‍ പറ്റില്ല എന്ന കാരണം പറഞ്ഞത് ഒഴിവാക്കുകയാണ് ചെയ്തത്. മറ്റൊരു ഡോക്ടറില്‍ നിന്നും മെഡിക്കല്‍ പരിശോധനകള്‍ നടത്തിയെങ്കിലും മാനസികാരോഗ്യവും ആയി ബന്ധപ്പെട്ട പരിശോധനാഫലത്തില്‍ ‘ജെന്‍ഡര്‍ ഐഡന്‍റിറ്റി ഡിസോര്‍ഡര്‍’ എന്ന് രേഖപ്പെടുത്തിയതിനാല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഉണ്ടായി. ലിംഗമാറ്റം ചെയ്യുന്നതിന്‍റെ ഭാഗമായുള്ള ഹോര്‍മോണ്‍ ചികിത്സ മാത്രമേ ചെയ്യുന്നുണ്ടായിരുന്നുള്ളു. ഏവിയേഷന്‍ സേഫ്റ്റിയെ ബാധിക്കുന്ന ഒരു തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങള്‍ ഇല്ലാതിരുന്നിട്ടും എന്നെ ശാരീരിക പരിശോധനയില്‍ പരാജയപ്പെടുത്തുകയാണ് ചെയ്തത്. എന്നെ ഫ്ളയിങ്ങില്‍ നിന്നും ആറുമാസത്തേക്ക് ഗ്രൗണ്ട് ചെയ്യുകയും ചെയ്തു. ഒരു ട്രാന്‍സ്മാന്‍ എന്നത് എന്‍റെ ജന്‍ഡര്‍ ഐഡന്‍റിറ്റി ആണെന്നും അതൊരു മാനസിക പ്രശ്നം അല്ലെന്നും പരിഗണിക്കാത്ത രീതിയിലുള്ള പ്രവണതകള്‍ ആണ് പലരുടെയും ഭാഗത്തു നിന്നും ഉണ്ടായത്.

ചോദ്യം: Transphobia in medicalcare നവംബര്‍, ഡിസംബര്‍ (2021) മാസങ്ങളില്‍ കുറച്ചുകാലമായി സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡുചെയ്യുന്നു. അതിനോട് നിങ്ങള്‍ എങ്ങനെ പ്രതികരിക്കും?

ഉത്തരം: ആരോഗ്യ മേഖലയിലെ ട്രാന്‍സ്ഫോബിയ നിലനില്‍ക്കുന്ന കാര്യം തന്നെയാണ്. കറക്ഷന്‍ തെറാപ്പിയില്‍ തുടങ്ങി അടിസ്ഥാനപരമായ ആരോഗ്യ സംരക്ഷണം പോലും നല്‍കാതിരിക്കുന്ന നിലയിലേക്കു വരെ കാര്യങ്ങള്‍ പോകാറുണ്ട്. മനുഷ്യാവകാശം ലംഘിക്കപ്പെടുന്നതരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. കറക്ഷന്‍ തെറാപ്പി പാടില്ലെന്നുള്ള മദ്രാസ് ഹൈക്കോടതി വിധി ഉണ്ടായിട്ടു പോലും അത്തരം പ്രവണതകള്‍ മിക്കവരും തുടര്‍ന്ന് പോകുന്നു, മെഡിക്കല്‍ കോളേജുകളില്‍ പോലും അത് നടക്കുന്നതായി കാണാം. സാമൂഹിക മാധ്യമങ്ങള്‍ വഴിയുള്ള പ്രചാരണങ്ങള്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. വളരെ കാര്യക്ഷമമായി സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള ഇടപെടലുകളും നയരൂപീകരണവും ആണ് അത്യന്താപേക്ഷികം.

ചോദ്യം: നിങ്ങളുടെ ലിംഗപരിവര്‍ത്തന ശസ്ത്രക്രിയയുടെ സമയത്ത് ഡോക്ടര്‍മാര്‍ നിങ്ങളോട് എങ്ങനെയാണ് പെരുമാറിയിരുന്നത്?
ഞാന്‍ കേരളത്തിന് പുറത്താണ് എന്‍റെ ലിംഗപരിവര്‍ത്തന ശസ്ത്രക്രിയ നടത്തിയത്. അനന്യ അലക്സ് നേരിട്ട വെല്ലുവിളികള്‍ കാരണം ഞാന്‍ ബാംഗ്ലൂരില്‍ നിന്നും ചെയ്തു. ഭാഗ്യവശാല്‍ എനിക്ക് വളരെ നല്ലരീതിയില്‍ ഉള്ള പെരുമാറ്റവും പരിചരണവും ലഭിച്ചു.

ചോദ്യം: അനന്യ അലക്സിന്‍റെ മരണം നമുക്കെല്ലാവര്‍ക്കും വേദനാജനകമായ ആഘാതമായിരുന്നു. ലിംഗസ്ഥിരീകരണ ശസ്ത്രക്രിയയില്‍ വരുന്ന അപാകതകളിലേക്കാണ് അത് വിരല്‍ ചൂണ്ടുന്നത്. നിങ്ങളുടേതായ അഭിപ്രായം രേഖപ്പെടുത്താമോ?
ഉത്തരം: അടുത്തറിയുന്ന ഒരാള്‍ എന്ന നിലക്ക് അനന്യയുടെ ശസ്ത്രക്രിയ മുതല്‍ ഉള്ള എല്ലാകാര്യങ്ങളും നേരിട്ടറിയാമായിരുന്നു. ശസ്ത്രക്രിയ പൂര്‍ണ പരാജയം ആയിരുന്നു. തുടര്‍ ചികിത്സക്ക് ആശുപത്രിയെ സമീപിച്ചെങ്കിലും അവര്‍ സഹകരിച്ചില്ല. രക്തസ്രാവവും മറ്റു ആരോഗ്യ പ്രശ്നങ്ങളും വളരെയധികം ഉണ്ടായിരുന്നു. കുടലില്‍ അണുബാധ ഉണ്ടായതിനെ തുടര്‍ന്ന് രണ്ടാമത് പുനര്‍ ശാസ്ത്രക്രിയ നടത്തേണ്ടി വന്നു. അത് കഴിഞ്ഞു വീണ്ടും ഒരു വര്‍ഷത്തോളം രക്തസ്രാവവും അനുബന്ധ പ്രശ്നങ്ങളും നിലനിന്നു. സമൂഹത്തിന്‍റെ വിലക്കുകളും മറ്റു പ്രശ്നങ്ങളും കാരണം തന്‍റെ ശാസ്ത്രക്രിയാനന്തര പ്രശ്നങ്ങളെ കുറിച്ച് അനന്യ സാമൂഹിക മാധ്യമമങ്ങളിലൂടെ പുറത്തു പറഞ്ഞിരുന്നില്ല.

അനന്യ

പിന്നീട് ക്ലബ് ഹൗസ് ചര്‍ച്ചകള്‍ക്കിടയില്‍ അനന്യ ഇതാദ്യമായി തുറന്നു പറഞ്ഞപ്പോള്‍ അവരെ ചികില്‍സിച്ച ഡോക്ടറും മറ്റുള്ളവരും വളരെ മോശമായാണ് പ്രതികരിച്ചത്. പിന്നീട് സാമൂഹിക മാധ്യമങ്ങളിലൂടെയും മറ്റും ചില ‘ഫെമിനിസ്റ്റ്’ സംഘങ്ങള്‍ ഹോമോഫോമിക് /ട്രാന്‍സ്ഫോബിക് ആയ രീതിയില്‍ ഉള്ള പ്രവര്‍ത്തനങ്ങള്‍ അനന്യക്ക് എതിരെ നടത്തിയിരുന്നു. അവരെ ശസ്ത്രക്രിയ ചെയ്ത ഡോക്ടറും സംഘവും ഒരു ഗുണ്ടാ സംഘത്തെ പോലെയാണ് പ്രവര്‍ത്തിച്ചിരുന്നത്. കയ്യേറ്റ ശ്രമങ്ങള്‍ വരെ ഉണ്ടായിട്ടുണ്ട്. പരാതി കൊടുത്തിട്ടും യാതൊരു പ്രയോജനവും ഉണ്ടാകാത്തത് കൊണ്ടാണ് അനന്യയെ പോലെ വളരെ നിശ്ചയധാര്‍ട്യം ഉള്ള വ്യക്തിയുടെ ആതാഹത്യയിലേക്കു നയിച്ചത്. അനന്യയെ പോലെ വേറെ ഒരുപാടു വ്യക്തികള്‍ ഉണ്ട്, വേറെ ആത്മത്യകളും കേരളത്തില്‍ നടക്കുന്നുണ്ട്.

ചോദ്യം: നിങ്ങളെ സ്വന്തം കുടുംബം ‘കൗണ്‍സലിങ്ങിനായി’ പല സ്ഥലങ്ങളിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അതിന്‍റെ വെളിച്ചത്തില്‍, ഈ മാനസികാരോഗ്യ പരിശീലകര്‍ ഇത്തരം സാഹചര്യങ്ങളെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്നും ട്രാന്‍സ്-ജെന്‍ഡര്‍ കമ്മ്യൂണിറ്റിയില്‍ നിന്നുള്ളവരോടുള്ള അവരുടെ സമീപനത്തെക്കുറിച്ചും നിങ്ങളുടെ അഭിപ്രായം എന്താണ് ?
ഉത്തരം : ഞാന്‍ ഒരുപാടു കറക്ഷന്‍ തെറാപ്പിക്ക് വിധേയനായിട്ടുണ്ട്. തൃശൂര്‍ ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളേജ്, തൃശൂരിലെ ജൂബിലി മിഷന്‍, മറ്റനവധി പ്രൈവറ്റ് സ്ഥാപനങ്ങള്‍ , പിന്നെ മതപരമായ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ എന്‍റെ കുടുംബം എന്നെ കൊണ്ട് പോയിട്ടുണ്ട്. മിക്ക ഡോക്ടര്‍മാരും ഇന്‍റര്‍ സെക്സ് എന്താണെന്നും ട്രാന്‍സ് ജന്‍ഡര്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്നുമുള്ള തു പോലും മനസിലാക്കാതെ പലതരം ടെസ്റ്റുകള്‍ നടത്തുകയും ചെയ്തു. ഇപ്പോള്‍ ട്രാന്‍സ്- ജന്‍ഡര്‍ വിഭാഗത്തില്‍ ഉള്ള വ്യക്തികള്‍ സമൂഹത്തില്‍ നേരെത്തെ ഉള്ളതിനേക്കാളും വ്യക്തമായി തങ്ങളുടെ ജന്‍ഡര്‍ ഐഡന്‍റിറ്റി ഉയര്‍ത്തികാണിച്ചിട്ടും പല മാനസിക ആരോഗ്യ വിദഗ്ദരും ഇതിനെ ചികില്‍സിച്ചു ഭേദമാക്കാന്‍ കഴിയുന്ന ഒരു മാനസിക പ്രശ്നമായി കണക്കാക്കുന്നു എന്നതാണ് വാസ്തവം.

ലക്ഷ്മി ചന്ദ്രന്‍ സി. പി.
ഗവേഷക വിദ്യാര്‍ത്ഥി,
ജെ.എന്‍.യു, ന്യൂഡല്‍ഹി

COMMENTS

COMMENT WITH EMAIL: 0