Homeവഴിത്താരകൾ

നിരാശക്കും പ്രത്യാശക്കുമിടയില്‍

ഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഞാന്‍ പഠിപ്പിക്കുന്ന സ്ഥാപനത്തില്‍ നിന്ന് എം എ ബിരുദം നേടിയിറങ്ങിയ വിദ്യാര്‍ത്ഥിനിയാണ്. ഒരു മുന്നറിയിപ്പുമില്ലാതെയാണ് പൊടുന്നനെ ഒരു ദിവസം അവള്‍ വന്നത്. മാര്‍ച്ചു ഒന്‍പതാം തിയതി. സാര്‍വദേശീയ വനിതാദിനത്തിന്‍റെ ആരവങ്ങള്‍ നിലച്ചിട്ടില്ല. അത് ഒരു മാസവും അതിനപ്പുറവും ഇപ്പോള്‍ നീളാറുണ്ടല്ലോ. സ്വന്തം ഇടം വിട്ടു ഒരുപാട് നാള്‍ക്കു ശേഷം ആ പ്രിയപ്പെട്ട സ്ഥലത്തേക്ക് തിരിച്ചുവരുമ്പോള്‍ ഉണ്ടാവാറുള്ള അമ്പരപ്പും, സന്ദേഹങ്ങളും, കൗതുകവും, വികാരാധിക്യവും എല്ലാം അവളുടെ നോട്ടത്തിലും, നടത്ത ത്തിലും, മൊഴിയിലും, സ്വരത്തിലും തുടിക്കുന്നുണ്ട്.ഒരു പെണ്‍കുട്ടിക്ക് അവള്‍ പഠിക്കുന്ന ഇടം ,അല്ലെങ്കില്‍ അവള്‍ പഠിച്ചു കഴിഞ്ഞു ഇറങ്ങിപ്പോയ ഇടം എത്രമാത്രം പ്രിയപ്പെട്ടതാണെന്നു നമ്മള്‍ ഇനിയും ആഴത്തില്‍ അറിഞ്ഞിട്ടില്ല. എന്ത് കൊണ്ടാണത് അത്രയും പ്രിയപ്പെട്ടത് ആവുന്നത് എന്നും നമ്മള്‍ ചോദിക്കാറില്ല.
കാരണം എത്ര തടസ്സങ്ങള്‍ക്കും പ്രതിബന്ധങ്ങള്‍ക്കും ഇടയിലും അവളുടെ വ്യക്തിത്വത്തിന്‍റെ അനവധി സാധ്യതകളിലേക്ക് അവളെ നയിക്കുന്നത് വിദ്യാലയവും കലാലയവുമാണ്. ഈ ആത്മബന്ധം ഹൃദയഭേദകമായി ആവിഷ്കരിച്ചത് ടീ വീ ചന്ദ്രന്‍ സംവിധാനം ചെയ്ത ‘പാഠം ഒന്ന്: ഒരു വിലാപം’ എന്ന ചിത്രത്തിലായിരുന്നു. അതിന്‍റെ ചെറിയ ലാഞ്ഛനകള്‍ വീണ്ടും കണ്ടത് മഞ്ജു വാര്യരെ സ്ക്രീനിലേക്ക് തിരിച്ചെത്തിച്ച ‘ഹൗ ഓള്‍ഡ് ആര്‍ യു?’ എന്ന പടത്തിലാണ്. കലക്ടറായ പഴയ സഹപാഠിയുടെ കൂടെ, തന്‍റെ മനസ്സില്‍ സ്വപ്നങ്ങള്‍ വിരിയിച്ച കലാലയത്തിലേക്കു തിരിച്ചുപോകുന്ന ഒരു വീട്ടമ്മ തിരിച്ചെത്തുന്നത് താന്‍ മറന്ന് പോയ തന്നിലേക്ക് തന്നെയാണ്. എത്ര മാത്രം നിയന്ത്രണങ്ങളും പരിമിതികളും ഉണ്ടെങ്കിലും വിവാഹ ജീവിതത്തിനപ്പുറം തങ്ങളുടെ കഴിവുകളെ വികസിപ്പിക്കാനുള്ള സാദ്ധ്യതകള്‍ കലാലയങ്ങള്‍ നല്‍കുന്നത് കൊണ്ടാണ് ചില പെണ്‍കുട്ടികള്‍ക്കെങ്കിലും ആ ഇടങ്ങള്‍ അമൂല്യമായ തണല്‍ വൃക്ഷങ്ങള്‍ ആകുന്നത്.

ഇത്രയും എനിക്ക് ഓര്‍മ്മ വന്നത് ആ വിദ്യാര്‍ത്ഥിനിയുടെ തിരിച്ചുവരവില്‍ നിറഞ്ഞു നിന്ന ക്ഷോഭവും പിരിമുറുക്കവും കണ്ടിട്ടാണ്.കഴിഞ്ഞ അഞ്ചാറ് വര്‍ഷങ്ങള്‍ അവളുടെ ഉള്ളില്‍ നിറച്ച കയ്പ് അണപൊട്ടി ഒഴുകുകയായിരുന്നു. വിവാഹം കഴിയാതെ സ്വന്തമായ അന്വേഷണങ്ങളുമായി മുന്നോട്ടു പോകുവാന്‍ കൊതിക്കുന്ന യുവതികള്‍ അനുഭവിക്കുന്ന പിരിമുറുക്കങ്ങള്‍ ചെറുതല്ല. നെറ്റ് പരീക്ഷ ജയിച്ച സന്തോഷത്തിലാണ് വീണ്ടും അവള്‍ യൂണിവേഴ്സിറ്റി ക്യാമ്പസ് ഒന്ന് സന്ദര്‍ശിക്കാന്‍ ആഗ്രഹിച്ചത്.ആ ആഗ്രഹം വീട്ടില്‍ പങ്കു വെച്ചപ്പോള്‍ കേള്‍ക്കേണ്ടി വന്ന വീട്ടുകാരുടെ പ്രതികരണമാണ് അവളെ ഏറെ ചൊടിപ്പിച്ചതും, വേദനിപ്പിച്ചതും : “അവിടെ എന്താ വല്ല കാമുകന്മാരും കാത്തു നില്‍ക്കുന്നുണ്ടോ?” അതിനുള്ള ഉത്തരം ഒരു മറുചോദ്യമാണ്. അതവള്‍ ചോദിച്ചത് എന്നോടാണ്. പഴയ അധ്യാപികയോട്. സ്ത്രീ രചനകളിലൂടെ ഞങ്ങള്‍ ഒപ്പം സഞ്ചരിച്ച അനുഭവ സ്ഥലികളെ ഓര്‍മിപ്പിച്ചു കൊണ്ട് അവള്‍ എന്നോടും സമൂഹത്തോടും ചോദിക്കുന്നു: “കാമുകന്മാര്‍ മാത്രമാണോ ജീവിതത്തിലെ ഏക സന്തോഷം ? ഇന്നലെയല്ലേ ടീച്ചര്‍ നമ്മള്‍ വലിയ കോലാഹലത്തോടെ വനിതാ ദിനം ആഘോഷിച്ചത്. ഇന്നു ഇങ്ങോട്ടിറങ്ങുമ്പോഴാണ് ഞാനിതു കേള്‍ക്കേണ്ടി വന്നത്. ഇന്നലെ മുഴുവന്‍ ടെലിവിഷനിലും പത്രങ്ങളായിലും ആവര്‍ത്തിച്ചാവര്‍ത്തിച്ചു കേട്ട വാക്കുകളാണ്-പെണ്‍കുട്ടിയെ പറക്കാന്‍ അനുവദിക്കുക എന്ന്,അവള്‍ക്കു ചിറകുകള്‍ നല്‍കുക എന്നൊക്കെ. എനിക്ക് ആകാശത്തില്‍ പറക്കണം എന്നൊന്നുമില്ല. ഭൂമിയിലൂടെ അന്തസ്സോടെ ഒന്ന് നടന്നാല്‍ മതി!” വര്‍ഷങ്ങള്‍ക്കു മുന്‍പ് യാത്ര പറഞ്ഞു പോയവള്‍ക്കു ഇന്നും ഒന്ന് വന്നു പൊട്ടിത്തെറിക്കാന്‍ ഈ ഇടമുണ്ടല്ലോ എന്ന ആശ്വാസം അവളുടെ തിരിച്ചു നടത്തിലുണ്ടായിരുന്നോ?

അതെ വലിയ വാഗ്ദാനങ്ങള്‍ നല്‍കി വാചാടോപങ്ങള്‍ നടത്തി ബുദ്ധിമുട്ടിക്കാതെ, അഭിമാനത്തോടെയും അന്തസ്സോടെയും ദൈനംദിന ജീവിതം സുരക്ഷിതമായി ജീവിക്കാന്‍ കഴിയണം . മികവുറ്റ നേട്ടങ്ങളിലേക്കുള്ള പ്രയാണം മാത്രമല്ല സ്ത്രീയുടെ സ്വന്തന്ത്ര്യ സമരം.അക്രമരഹിതമായ സാധാരണ ജീവിതവും അതിന്‍റെ ലക്ഷ്യമാണ്.നമ്മള്‍ ഒരുപാടു നേടി എന്ന് അവകാശവാദം നടത്താതെ യുവശബ്ദങ്ങളെ കേള്‍ക്കുക.അവരുടെ മുന്നില്‍ പലപ്പോഴും ശിരസ്സ് കുനിച്ചു നില്‍ക്കാനേ നമുക്ക് കഴിയൂ.

അവളുടെ പേര് ബോധപൂര്‍വം മറച്ചു വെച്ചതാണ്. ഈ വരവ് എങ്ങിനെയാണ് കുടുംബം ഉള്‍ക്കൊണ്ടിട്ടുള്ളത് എന്ന് അറിയാത്തതു കൊണ്ട് തന്നെ ! അവളുടെ പിന്മുറക്കാര്‍ സര്‍ഗ്ഗാത്മകമായി വെല്ലുവിളികളെ നേരിടുന്നത് തുടരുകയാണ്. ഇരട്ടത്താപ്പുകളും ജീര്‍ണ്ണതയും അവര്‍ അറിയുന്നു. അവരുടേതായ രീതികളില്‍ നെറികേടുകളോട് എതിരിടുന്നു.കവിത എഴുതുക എന്നത് അവര്‍ക്കു ആത്മ പ്രകാശനം മാത്രമല്ല ഒരിടപെടല്‍ തന്നെയാണ്.ഞങ്ങളുടെ ഇന്നത്തെ പ്രിയ വിദ്യാര്‍ത്ഥിനി ദാനിയയെ പോലെ.ഞങ്ങളുടെ ഡിപ്പാര്‍ട്മെന്‍റില്‍ മലയാള ദിനം ആചരിച്ചപ്പോള്‍ ആണ് ഇംഗ്ലീഷ് വിദ്യാര്ഥികള്‍ക്കുളിലെ മലയാള കവിതാരചന സ്വപ്നങ്ങള്‍ വെളിപ്പെട്ടത്. അന്ന് ദാനിയ ചൊല്ലിയ സ്വന്തം രചനകള്‍ ഇന്നത്തെ യുവത്വത്തിന്‍റെ നിശിതമായ സ്വരങ്ങളായി ‘വഴിത്താരകള്‍’ അറിയുന്നു.ദാനിയയോട് കടപ്പാട് രേഖപെടുത്തികൊണ്ടു അതിലെ “കുമ്പസാരം”എന്ന ഗദ്യകവിതയെ ഈ പംക്തിയുടെ ഭാഗമാക്കുന്നു.അതെ നിരാശകള്‍ക്കും പ്രത്യാശകള്‍ക്കും ഇടയില്‍ നമ്മള്‍ അന്വേഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ദാനിയ പി.

കുമ്പസാരം
‘കുമ്പസരിക്കാന്‍ വന്നതാണ് ‘.’ബിഷപ്പ് ജയിലിലാണല്ലോ’. ‘ ഓഹോ. ഇനിയിപ്പോ ഞാനെങ്ങനെ കുമ്പസരിക്കും? ‘. അയാള്‍ തലപുകഞ്ഞാലോചിച്ചു. ഒടുവില്‍, നീളത്തിലൊരു പേപ്പറെടുത്ത് അതില്‍ നിറയെ കുമ്പസരിച്ചു- തന്‍റെ പേനകൊണ്ട്. ശേഷം അതുമായി നടന്ന് ജയിലിനു മുന്നിലെ റോഡിലേക്ക് നീണ്ടുവന്ന കുമ്പസാര വരിയില്‍ പോയി നിന്നു.വലിയ പെട്ടിയുമായി ആപ്പീസര്‍ നടന്നുവരുന്നുണ്ടായിരുന്നു. അയാള്‍ കുമ്പസാര പേപ്പറുകള്‍ വാങ്ങാന്‍ വരികയാണ്. പെട്ടി പിടിച്ച കൈ തന്‍റെ നേരെ നീണ്ടപ്പോള്‍ അയാള്‍ ഭക്തിനിര്‍ഭരമായ മുഖത്തോടെ തന്‍റെ പേപ്പറുകള്‍ അതിലിട്ട് തിരിഞ്ഞ് നടന്നു – താന്‍ ശുദ്ധനായി എന്ന സമാശ്വാസത്തോടെ. (ദാനിയ പി., എം.എ.ഇംഗ്ലീഷ്, 1st സെമസ്റ്റര്‍,കോഴിക്കോട് സര്‍വകലാശാല)

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

 

 

 

 

 

COMMENTS

COMMENT WITH EMAIL: 0