Homeചർച്ചാവിഷയം

ഉഡുപ്പി മുതല്‍ മുരുടേശ്വരം വരെ

മാംഗളൂരിലേക്ക്

ചില യാത്രകള്‍ നമ്മളറിയാതെ നമ്മളെ ക്ഷണിക്കാനായെത്തും, മനസ്സില്‍ ഒട്ടധികം സന്തോഷത്തിന്‍റെ താളമുതിര്‍ത്തുകൊണ്ട്. മുന്‍ യാത്രകളില്‍ കൂടെയുണ്ടായിരുന്ന ചില സുഹൃത്തുക്കള്‍ക്കൊപ്പം കഴിഞ്ഞ ഏപ്രിലില്‍ വിവേകാനന്ദ ട്രാവല്‍സ് വഴി ഒരു മൂകാംബിക യാത്ര നടത്തിയിരുന്നു. അന്നു പോകാന്‍ കഴിയാത്ത ഇടങ്ങളായ ഗോകര്‍ണ്ണവും മുരുടേശ്വറും പിന്നീടെന്നെങ്കിലും കാണണമെന്നുദ്ദേശിച്ചിരുന്നുവെങ്കിലും അപ്രതീക്ഷിതമായി അതേ സുഹൃത്തുക്കള്‍ക്കൊപ്പം പോകാന്‍ കഴിഞ്ഞതില്‍ പ്രത്യേകം സന്തോഷം തോന്നി.എവിടെനിന്നോ അരിച്ചെത്തിയ ഊര്‍ജ്ജം യാത്രക്കു തിടുക്കം കൂട്ടിയപ്പോള്‍ ഹാന്‍സ് ക്രിസ്റ്റ്യന്‍സ് ആന്‍ഡേര്‍സന്‍റെ വാക്കുകളാണോര്‍ത്തത് . “യാത്രചെയ്യല്‍ ജീവിക്കല്‍ തന്നെയാണ്” (‘ഠീ ഠൃമ്ലഹ ശെ ീേ ഘശ്ല’ ഒമിെ ഇവൃശശെേമി അിറലൃലെി).

അതെ, ഇനിയുള്ള മൂന്നു നാലുദിവസങ്ങളില്‍ യാത്ര ജീവിതമായി മാറുകയാണ്. പതിവുപോലെ, ടിക്കറ്റ് ബുക്കു ചെയ്തശേഷമുള്ള ദിവസങ്ങള്‍ക്ക് ദൈര്‍ഘ്യം കൂടുന്നുവോ എന്ന ചിന്ത മനസ്സിലുണര്‍ന്നു. വെറും നാലു ദിവസങ്ങള്‍ മാത്രമാണെങ്കിലും ആവര്‍ത്തനവിരസതയുളവാക്കുന്ന പതിവു ദിനങ്ങളില്‍ നിന്നും വേറിട്ടൊരു കാഴ്ച്ചയൊരുക്കുന്ന ദിനങ്ങളാകുമല്ലോ അവ. പറയത്തക്ക പ്രത്യേകതകളൊന്നും അവകാശപ്പെടാനിടയില്ലാത്ത ഈ യാത്ര പുണ്യക്ഷേത്രങ്ങളിലേക്കു തന്നെയെന്നത് ഒരുപക്ഷേ ഞങ്ങള്‍ക്കും കൂടെയുള്ള ദമ്പതികളായ രണ്ടു സുഹൃത്തുക്കള്‍ക്കും സന്തോഷം നല്‍കുന്ന ഒന്നായിരുന്നു. 12.55നു തൃശ്ശൂര്‍ നിന്നും പുറപ്പെടുന്ന പരശുറാം എക്സ്പ്രസ്സിലെ ഏ.സി ചെയര്‍കാറില്‍ കയറി മംഗലാപുരത്തെത്തുമ്പോള്‍ സമയം രാത്രി 8.30. മംഗളാദേവിയുടെ നാടാണ് മംഗലാപുരം. സ്ഥാപകനോ അദ്വൈത തത്വശാസ്ത്രവിശാരദനായ മാധവാചാര്യയും. അറബിക്കടലിനെ ഉമ്മവെച്ച് പശ്ചിമഘട്ടത്തിന്‍റെ സംരക്ഷണത്തില്‍ക്കഴിയുന്ന ഭൂപ്രദേശമാണിത്. ഇവിടെ സന്ദര്‍ശകര്‍ക്ക് കാണാനായി പല അമ്പലങ്ങളും പള്ളികളും ബീച്ചുകളും പാര്‍ക്കുകളുമെല്ലാമുണ്ടെങ്കിലും ഈ യാത്രയില്‍ മംഗലാപുരം സ്റ്റേഷന്‍ പരിസരം മാത്രമാണ് കാണാന്‍ സാധിക്കുകയെന്നറിഞ്ഞിരുന്നു.സ്റ്റേഷനില്‍ നിന്നും വെറും മൂന്നു കിലോമീറ്റര്‍ മാത്രമേയുള്ളൂ മംഗളാദേവി ക്ഷേത്രത്തിലേക്ക്. പക്ഷേ രാത്രി സമയം വൈകിക്കഴിഞ്ഞിരുന്നല്ലോ?പനമ്പൂര്‍ ബീച്ച്, ശശിഹിത്ളു ബീച്ച്, തണ്ണീര്‍ഭവി ബീച്ച് എന്നിവയും മംഗളാദേവി ക്ഷേത്രവും കുദ്രോലി ഗോകര്‍ണ്ണനാഥ ക്ഷേത്രവും, കടീല്‍ ദുര്‍ഗ്ഗാ പരമേശ്വരി ക്ഷേത്രവും, കദ്രി മഞ്ജുനാഥ് ക്ഷേത്രവും കൂടാതെ ഒട്ടനവധി പള്ളികളും പാര്‍ക്കുകളുമെല്ലാമുള്ള സ്ഥലമാണിതെന്നു മനസ്സിലാക്കാനായി.

പയ്യനായ ഗൈഡ് ശ്യാം ലാല്‍ ചിരിച്ചു കൊണ്ടെത്തി സ്വയം പരിചയപ്പെടുത്തി. വണ്ടി പറയത്തക്കവിധം വൈകിയിട്ടില്ല. രാത്രി തങ്ങുന്ന ഹോട്ടലാണെങ്കിലോ, തൊട്ടടുത്തു തന്നെയാണ്.പല കമ്പാര്‍ട്ടുമെന്‍റുകളില്‍ നിന്നുമായി ഇറങ്ങിയവരെല്ലാം കൂടി ഇരുപത്തിമൂന്നു പേര്‍. സ്റ്റേഷനു പുറത്തായി വന്നു നിന്ന ബസ്സില്‍ക്കയറി അടുത്തു തന്നെയുള്ള ഹോട്ടലിലെത്തി. ഫ്രെഷ് ആയ ശേഷം തൊട്ട് മുന്നില്‍ക്കണ്ട കോളേജ് മെസ്സില്‍ നിന്നും ഭക്ഷണം കഴിച്ച് റൂമില്‍ തിരിച്ചെത്തി. അല്‍പ്പനേരത്തെ സൗഹൃദ സംഭാഷണത്തിനു ശേഷം റൂമിലെത്തുമ്പോള്‍ സമയം 10.30. ഉറക്കം കണ്‍പോളകളെ ഉമ്മവെച്ചുകൊണ്ടേയിരുന്നു. അലാറാം സെറ്റു ചെയ്യുമ്പോള്‍ മനസ്സിലോര്‍ത്തു. നാളെ രാവിലത്തെ ദര്‍ശനം ഉഡുപ്പിക്കണ്ണനെത്തന്നെയാകുമല്ലോ. കയ്യില്‍ തൈര്‍ കലക്കുന്ന കടകോലുമേന്തി വിടര്‍ന്ന ചിരിയോടെ, മിഴിച്ച കണ്ണുകളോടെ, നില്‍ക്കുന്ന ഉണ്ണിക്കണ്ണന്‍!

സത്യം പറഞ്ഞാല്‍ ആ ദര്‍ശനത്തിനു വേണ്ടി മാത്രം എന്നെയിവിടെ എത്തിച്ചതാണോ എന്നും ഉള്ളിലൊരു സന്ദേഹമുണര്‍ന്നു. കാരണമുണ്ട്, അതൊരു മോഹസാഫല്യത്തിന്‍റെ കഥ മാത്രമാണെന്ന് പറയാമെങ്കിലും. കഴിഞ്ഞ ഏപ്രിലില്‍ വിവേകാനന്ദ ഗ്രൂപ്പിന്‍റെ കൂടെ തന്നെ ഉഡുപ്പിയില്‍ വന്നിരുന്നു. ശ്രീകൃഷ്ണന്‍, അനന്തേശ്വരന്‍, ചന്ദ്രമൌലീശ്വരന്‍ എന്നിവരെയെല്ലാം വിശദമായി ദര്‍ശിക്കാനായി. ക്യൂവില്‍ നിന്ന് കുളത്തിനെ പകുതി പ്രദക്ഷിണം വെച്ച് കര്‍ശനമായ നിയന്ത്രണത്തില്‍ മാത്രം ഉള്ളില്‍ക്കടന്നതായിരുന്നു. ചാരുത നിറഞ്ഞ കൊത്തുപണികളോടുകൂടിയ ക്ഷേത്രവും, തേരും, വാദ്യഘോഷങ്ങളും ദര്‍ശനസൗഖ്യം കൂട്ടി. പക്ഷേ ഉഡുപ്പിക്കണ്ണനെക്കണ്ടു കൊതിതീര്‍ന്നില്ല എന്നൊരു തോന്നല്‍ മനസ്സില്‍ ബാക്കി. ഇടുങ്ങിയ നിരയില്‍ നിന്നു ജനലിന്‍റെ കൊച്ചു ദ്വാരത്തിലൂടെ വിഗ്രഹം കണ്ടു തൊഴുതെങ്കിലും വീണ്ടും ഒന്നു തൊഴണമെന്ന മോഹം മനസ്സിലുദിച്ചിരുന്നു. എത്ര ശ്രമിച്ചിട്ടും അത് തരമായില്ല താനും.ഈ ട്രിപ്പ് അപ്രതീക്ഷിതമായെത്തിയതും ആദ്യം തന്നെ ഉഡുപ്പിയിലേക്കാണ് പോകുന്നതെന്നുമറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത് അന്നത്തെ അപൂര്‍ണ്ണമായ മോഹം സഫലീകരിക്കാമല്ലോ എന്നതാണ്. വളരെ സന്തോഷം തോന്നി. എന്‍റെ ആഗ്രഹമറിഞ്ഞ് ഭഗവാന്‍ എന്നെ വിളിച്ചപോലെ. കഴിഞ്ഞ യാത്രയുടെ ഓര്‍മ്മയില്‍ തപ്പിയപ്പോള്‍ മനസ്സിന്നുള്ളില്‍ നിന്നും കിട്ടിയ ചിത്രങ്ങള്‍ ഒട്ടേറേ വ്യക്തതയുള്ളവ തന്നെയെന്നും മനസ്സിലാക്കാനായി. വീണ്ടുമിതാ ഉഡുപ്പിക്കണ്ണന്‍ ചിരിച്ചു മുന്നില്‍ നില്‍ക്കുന്നുവോ? സന്തോഷം കാരണം ഉറക്കം ഇത്തിരി പിണങ്ങി നിന്നപോലെ. മനസ്സാണെങ്കിലോ വ്യാസരായരുടെ പ്രശസ്തമായ കൃതിയായ ‘കൃഷ്ണാ! നീ ബേഗനെ ബാരോ!’ പാടാന്‍ തുടങ്ങിയിരിക്കുകയാണല്ലോ!

ആനഗുഡ്ഡെ വിനായക ക്ഷേത്രം
“നാം മറ്റെന്തൊക്കെയോ പ്ലാന്‍ ചെയ്തുകൊണ്ടിരിക്കുന്ന സമയത്ത് നമുക്കു സംഭവിക്കുന്നതെന്താണോ അതാണു ജീവിതം” ജോണ്‍ ലെന്നണ്‍ പറഞ്ഞതാണ്. യാത്രചെയ്യല്‍ ജീവിക്കലാണെങ്കില്‍ ഇന്നത്തെ ജീവിതം പ്ളാനനുസരിച്ച് മംഗലാപുരത്തു നിന്നും ആദ്യം ഉഡുപ്പിയിലേക്കാണ്. പക്ഷേ സംഭവിച്ചത് മറ്റൊന്നാണ്. അഞ്ചു മണിക്കുണര്‍ന്ന് കുളിച്ചൊരുങ്ങി ലഗ്ഗേജുമായി ഗൈഡ് പറഞ്ഞതു പോലെ ലോബിയിലെത്തി. സഹയാത്രികരെല്ലാം ഒന്നൊന്നായി എത്തി. ചെക് ഔട്ട് ചെയ്ത് ആറുമണിയോടെ തയ്യാറായി നിന്ന ബസ്സില്‍ക്കയറി. നേരെ ഉഡുപ്പിയിലേക്കാണിന്നത്തെ യാത്രയെന്നും അതിനുശേഷം ഉച്ചയോടെ മൂകാംബികയില്‍ എത്തിച്ചേരുമെന്നും കുടജാദ്രിയില്‍ പോകാന്‍ മോഹമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം കിട്ടുമെന്നും ഗൈഡ് അറിയിച്ചു. ഇന്നു രാത്രി മൂകാംബികാക്ഷേത്രദര്‍ശനത്തിനു ശേഷം അവിടെ തങ്ങി നാളെ വെളുപ്പിനു ഗോകര്‍ണ്ണത്തേക്ക് തിരിക്കുവാനാണുദ്ദേശം. നാം നിനക്കുന്നതെല്ലാം നടക്കണമെന്നില്ലല്ലോ. രാവിലെ ബെഡ് കോഫി പോലും കുടിച്ചിരുന്നില്ല. അതിനാല്‍ വഴിയിലെവിടെയെങ്കിലും നിര്‍ത്തി ബ്രേക് ഫാസ്റ്റ് ചെയ്യേണ്ടി വരും എന്നറിയാമായിരുന്നു.. പക്ഷെ പതിനഞ്ചുമിനിറ്റു ദൂരം പോകുന്നതിനു മുന്‍പായി ബസ്സ് ബ്രേക് ഡൗണ്‍ ആയി. സൈഡില്‍ ഒതുക്കിയിട്ട് റിപ്പയര്‍ ചെയ്യാന്‍ എടുത്ത സമയത്തിന്നിടയില്‍ തൊട്ടടുത്തു കണ്ട കൊച്ചു കോഫി ഷോപ്പില്‍ നിന്നും തരക്കേടില്ലാത്ത ചുടുചായ കിട്ടിയത് ആശ്വാസമായി. പഴവും ബിസ്ക്കറ്റും വിശപ്പിനെ താല്‍ക്കാലികമായെങ്കിലും തടഞ്ഞു നിര്‍ത്തി. വിലപിടിച്ച രണ്ടു മണിക്കൂര്‍ സമയം പാഴായെങ്കിലും ബസ്സ് സ്റ്റാര്‍ട്ടായി . അല്‍പ്പം മുന്നോട്ടു പോകവേ വീണ്ടും പ്രശ്നം. ഇത്തവണ ബസ്സിനല്ല, റോഡ് ഡൈവേര്‍ഷന്‍. പ്രസിഡണ്ട് ഉഡുപ്പിയില്‍ വരുന്ന ദിവസമാണത്രേ! ആരെയും കടത്തി വിടില്ല. വൈകീട്ട് മൂന്നു മണിക്കേ പൊതുജനത്തിനു ദര്‍ശനം കിട്ടൂ. ഇതെന്തൊരു വിഘ്നങ്ങളുടെ ദിവസമാണിന്ന്! ആകപ്പാടെ മൂഡ് ഓഫ് ആയ നേരത്ത് ഗൈഡ് ശ്യാം ലാലിന്‍റെ വാക്കുകള്‍ കേട്ടു. എന്നാലിനി നമുക്ക് ഉഡുപ്പി തിരിച്ചുള്ള വരവിലാകാം . തല്‍ക്കാലം നമുക്ക് ലിസ്റ്റില്‍ ഇല്ലാത്ത ഒരു ഗണപതിക്ഷേത്രം കാണാന്‍ പോകാം. അവിടെ നിന്നും നേരിട്ട് മൂകാംബികയ്ക്കും. നേരത്തെ നിശ്ചയിച്ച മറ്റു പ്രോഗ്രാമിനെയൊന്നും ബാധിയ്ക്കുകയുമില്ല.

ആഹാ! നന്നായി. ശരിയ്ക്കും വിഘ്നങ്ങള്‍ തീര്‍ക്കാന്‍ വിഘ്നേശ്വരനെത്തന്നെ തൊഴാനൊരവസരം. സന്തോഷം തോന്നി,
“വിഘ്നരാജാ നമസ്തേ…നമോസ്തുതേ…വിഘ്നരാജാ നമസ്തേ!
വിഘ്നമശേഷമകറ്റി വിരവില്‍ നീ വിഘ്നേശ പാഹിമതേ”
എന്ന കൈകൊട്ടിക്കളിയിലെ വിനായകസ്തുതി ഓര്‍ക്കാതിരിയ്ക്കാനായില്ല. ഈ അമ്പലത്തെപ്പറ്റി അധികമൊന്നും അറിയില്ലായിരുന്നെങ്കിലും ഗൈഡിന്‍റെ വാക്കുകളില്‍ നിന്നും ഒട്ടുവളരെ അറിയാന്‍ കഴിഞ്ഞു. അത്ഭുതത്തിന്‍റെ വാതിലുകള്‍ തുറക്കാന്‍ അധികം താമസമുണ്ടായിരുന്നില്ല. കുംഭാസി എന്ന സ്ഥലത്തെ ആനഗുഡ്ഡെ വിനായക് ക്ഷേത്രം കണ്ണും കരളും കവരാനും.
ആനെഗുഡ്ഡേ ചെറിയൊരു ഗ്രാമമാണ്. ചഒ17 ല്‍ മാംഗളൂരില്‍ നിന്നും 96 കിലോമീറ്ററും ഉഡുപ്പിയില്‍ നിന്നും 30 കിലോമീറ്ററും ദൂരെയായാണിതിന്‍റെ സ്ഥാനം. ഉഡുപ്പി ജില്ലയിലെ കുന്ദാപുരം താലൂക്കില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലം തീരദേശത്തെ പരശുരാമക്ഷേത്രമെന്നറിയപ്പെടുന്ന പരിപാവനമായ ഏഴു മുക്തിസ്ഥലങ്ങളില്‍ ഒന്നാണ്. ആനെഗുഡ്ഡേ എന്നാല്‍ ആനയുള്ള മേട് എന്നാണര്‍ത്ഥം. അതായത് ആനയുടെ രൂപമുള്ള ഗണപതി ഭഗവാന്‍ വാഴുന്ന മേട്. കുംഭാസിയെന്നും ഈ സ്ഥലത്തിനു പേരുണ്ട് കുംഭാസിയെന്ന പേര്‍ വരാന്‍ കാരണം അസി അല്ലെങ്കില്‍ വാള്‍ കൊണ്ട് കുംഭാസുരനെ കൊന്ന സ്ഥലം ആയതിനാലാണ്.വരള്‍ച്ചയുടെ സമയത്ത് മഴ പെയ്യിയ്ക്കുന്നതിനായി കുംഭാസിയില്‍ ഗൗതമമഹര്‍ഷിയുടെ ആശ്രമത്തില്‍ യഗ്നം നടത്തിക്കൊണ്ടിരുന്ന അഗസ്ത്യ മഹര്‍ഷിയേയും മറ്റു മുനികളേയും തടസ്സപ്പെടുത്തിയ കുംഭാസുരനെ കൊല്ലുവാന്‍ വനവാസക്കാലത്ത് അതുവഴി പോയ പാണ്ഡവരോട് ഗൌതമ മഹര്‍ഷി അഭ്യര്‍ത്ഥിയ്ക്കുകയും കൂട്ടത്തില്‍ ശക്തിമാനായ ഭീമനെ യുധിഷ്ടിരന്‍ ആ ചുമതല ഏല്‍പ്പിയ്ക്കുകയും ചെയ്യുന്നു. ഗണപതിയുടെ സഹായത്താല്‍ മാത്രമേ കുംഭാസുരനെ വധിയ്ക്കാനാകുകയുള്ളൂ എന്നറിഞ്ഞ ഭീമന്‍ ഗണപതിയോട് പ്രാര്‍ത്ഥിയ്ക്കുകയും ഗണപതിഭഗവാനാല്‍ കരഗതമായ വാളിനാല്‍ അഥവാ അസിയാല്‍ കുംഭാസുരനെ കൊല്ലുകയും ചെയ്തെന്നാണു കഥ. . അഭീഷ്ടവരദനായ സിദ്ധി വിനായകദര്‍ശനത്തിന്നായി ദൂരെ നിന്നുപോലും പതിവായി ഭക്തര്‍ വന്നു കൊണ്ടിരിയ്ക്കുന്ന ഇടമാണിവിടം. വിചാരിച്ചിരിയ്ക്കാതെ ദര്‍ശനത്തിന്നായിവിടെയെത്തിയപ്പോള്‍ അതുകൊണ്ടു തന്നെ കൂടുതല്‍ സന്തോഷം തോന്നി.

ഉയരത്തിലുള്ള കമാനത്തിന്നടിയിലൂടെ ഉള്ളില്‍ക്കടന്നപ്പോള്‍ ആദ്യം തന്നെ ശ്രദ്ധയില്‍പ്പെട്ടത് വിശാലമായ ക്ഷേത്രാങ്കണമായിരുന്നു. ഉയരത്തില്‍ കെട്ടിയ തറയോടുകൂടിയ ആലും ആല്‍ച്ചുവട്ടിലെ ഒരു ചെറിയ പ്രതിഷ്ഠയും ആണു ആദ്യമായി കണ്ടത്. ആല്‍ത്തറയ്ക്കു പിന്നിലായി നീണ്ടു നിവര്‍ന്നു കിടക്കുന്ന അലങ്കാരപ്പണികളും തൂണുകളും നിറഞ്ഞ അമ്പലം ഏറെ ആകര്‍ഷകമായിത്തോന്നി. ക്ഷേത്രത്തിനു മുന്‍ഭാഗത്തായി കണ്ട മസ്തകമുയര്‍ത്തിപ്പിടിച്ച ആനകളുടെ തലകള്‍ പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു. ആനഗുഡ്ഡെ ശ്രീ വിനായക ടെമ്പിള്‍ എന്നു ഇംഗ്ലീഷില്‍ എഴുതിവച്ചിട്ടുണ്ട്. ഗജഗിരി എന്നും ഈ സ്ഥലത്തിനു പേരുണ്ട്. നാഗാചലം എന്നായിരുന്നു പുരാതനമായ നാമം,! ഒരു കുന്നിന്‍റെ മുകളിലായാണീ അമ്പലം സ്ഥിതി ചെയ്യുന്നത്. ഈ കുന്നിന്‍റെ താഴെയായി മഹാലിംഗേശ്വരപ്രതിഷ്ഠയും ഉണ്ട്.. നിറയെ അലങ്കാരപ്പണികള്‍ ചെയ്ത് അതിമനോഹരമാക്കിയിരിയ്ക്കുന്ന ഗോപുരത്തിന്‍റെ മുഖമണ്ഡപത്തിലെ കവാടത്തിലൂടെ ഞങ്ങള്‍ ക്ഷേത്രത്തിന്‍റെ ഉള്ളില്‍ പ്രവേശിച്ചു. വളരെ വിശാലമായ ഈ കവാടം പൂക്കളാല്‍ അലങ്കരിയ്ക്കപ്പെട്ടിരിയ്ക്കുന്നു. നേരെ നോക്കിയാല്‍ മഹാഗണപതിയെ ദര്‍ശിയ്ക്കാനാവും വിധമാണ് പ്രതിഷ്ഠ. വീടിനു തൊട്ടടുത്തുള്ള അമ്പലത്തില്‍ പതിവായി വിഘ്നേശ്വരനെ സ്തുതിയ്ക്കാറുള്ള “ഏകദന്തം മഹാകായം തപ്തകാഞ്ചന സന്നിഭം ലംബോദരം വിശാലാക്ഷം വന്ദേഹം ഗണനായകം” എന്ന സ്തുതി തന്നെയാണാദ്യം ചുണ്ടുകള്‍ ഉതിര്‍ത്തതെങ്കിലും മനസ്സ് ഒരു നിമിഷം മുംബെയിലെ സിദ്ധിവിനായക സന്നിധിയിലേയ്ക്ക് എന്നെ കൊണ്ടുപോയോ? അഭീഷ്ടവരദനായ പ്രിയപ്പെട്ട ഭഗവാനെ വരദമുദ്രയോടെ മനസ്സുകുളിര്‍ക്കെ കണ്ടപ്പോള്‍ അവാച്യമായൊരാനന്ദം തോന്നി. കാണിയ്ക്കയിട്ടു, തൊഴുതു, തീര്‍ത്ഥവും പ്രസാദവും സ്വീകരിച്ചു. ഭഗവാന്‍റെ മുഖ്യമായ അലങ്കാരം കമുകിന്‍ പൂക്കളാണെന്നു മനസ്സിലാക്കാനായി. ഇതുകൂടാതെ കമുകിന്‍റെ ഇലകലെ അതിമനോഹരമായി കൊരുത്തിണക്കി തുളസിമാലപോലെ തയ്യാറാക്കിയ മാലകളും ധാരാളമായി ഇവിടെ കാണാനിടയായി.

ഗണപതി ഭഗവാന്‍ തന്നെ ഉണ്ണിയുടെ വേഷത്തില്‍ വന്ന് കാട്ടിക്കൊടുത്തതെന്നു പറയപ്പെടുന്ന ഇവിടുത്തെ സ്വയംഭൂ വിഗ്രഹത്തിന് സത്യത്തില്‍ നിരാകാരമാണെങ്കിലും അഭിഷേകാനന്തരം പൂക്കള്‍ കൊണ്ട് അലംകൃതമാകുമ്പോള്‍ ഓംകാരരൂപം കൈക്കൊള്ളുമെന്നും അതിനാല്‍ ഭഗവാനെ ഓംകാരമൂര്‍ത്തിയായും ഭജിയ്ക്കുമെന്നും പറയപ്പെടുന്നു. മൂലവിഗ്രഹത്തില്‍ കലശാഭിഷേകങ്ങള്‍ക്കപ്പുറം വെള്ളികൊണ്ടുണ്ടാക്കിയിട്ടുള്ള ശരീരഭാഗവും സ്വര്‍ണ്ണം കൊണ്ടുണ്ടാക്കിയിട്ടുള്ള മുഖഭാഗവും ഉള്ള ഗോളക കൊണ്ട് അലംകരിയ്ക്കുന്നു. മറ്റൊരു പ്രത്യേകത എന്തെന്നാല്‍ പുലര്‍കാലത്തെ അഭിഷേകാനന്തരം ഭഗവാനെ നില്‍ക്കുന്നരൂപത്തിലും ഉച്ചയാകുമ്പോള്‍ പ്രധാനപൂജയ്ക്കുശേഷം ഇരിയ്ക്കുന്ന രൂപത്തിലും ദര്‍ശിയ്ക്കാനാകുന്നു എന്നതാണ്. പിന്നീട് നേരം പുലരുന്നതുവരെയും ഇരിയ്ക്കുന്നരൂപം തന്നെ കാണാനാകും. ഒരേ ഭഗവാനെത്തന്നെ ഇവിടെ രണ്ടുവ്യത്യസ്തങ്ങളായ രൂപത്തില്‍ ദര്‍ശിച്ചു.

കുംഭാസിക്കാഴ്ച്ചകള്‍
ക്ഷേത്രാങ്കണം അത്ര തിരക്കേറിയതായിരുന്നില്ല എങ്കിലും സന്ദര്‍ശകര്‍ വന്നുകൊണ്ടേയിരിയ്ക്കുന്നുണ്ടായിരുന്നു. രണ്ടു ഭാവങ്ങളിലും രൂപങ്ങളിലും, അതായത് നില്‍ക്കുന്നതും ഇരിയ്ക്കുന്നതും, മഹാഗണപതിദര്‍ശനം കാംക്ഷിച്ചെത്തുന്നവരാണധികവും. സമയമില്ലാത്തതിനാല്‍ ഇത്തവണ ഞങ്ങള്‍ക്കാ മോഹം സാക്ഷാത്ക്കരിയ്ക്കാനാവില്ലെന്ന് ഖേദത്തോടെയോര്‍ത്തു. കുറച്ചു മുന്നോട്ടു വന്ന് വിശാലമായ ക്ഷേത്രമൈതാനിയുടെ നടുക്കു നിന്ന് തിരിഞ്ഞു നോക്കിയപ്പോള്‍ ക്ഷേത്രം മനോഹരമായൊരു ചിത്രം പോലെ നീണ്ടു പരന്നു കിടക്കുന്ന കാഴ്ച്ച ഏറെ ഹൃദ്യമായിത്തോന്നി. പടര്‍ന്നു പന്തലിച്ചു നില്‍ക്കുന്ന ആലിന്‍റെ ഇലകള്‍ പഴുത്ത് സ്വര്‍ണ്ണ നിറമാണ്ടിരിയ്ക്കുന്ന പശ്ചാത്തലത്തില്‍ ആല്‍ച്ചുവട്ടിലെ ചെറിയ പ്രതിഷ്ഠയും പുറകിലെ മനോഹരമായ ഗോപുരവും, ഗോപുരത്തിന്മേല്‍ കൊത്തിവച്ചിരിയ്ക്കുന്ന സ്വര്‍ണ്ണ നിറത്തില്‍ തിളങ്ങുന്ന അനേകം ഗണപതിവിഗ്രഹങ്ങളും കണ്ടപ്പോള്‍ ഒന്നുകൂടി ഭക്തിപൂര്‍വ്വം തൊഴാതിരിയ്ക്കാനായില്ല. മഹാഭാരതകാലഘട്ടത്തിലെന്നോണം അലങ്കാര വൈവിദ്ധ്യം നിറഞ്ഞ അമ്പലത്തിലെ തൂണുകളും വാതിലുകലും കൊത്തുപണികള്‍ നിറഞ്ഞ തട്ടും മുന്‍പേ ശ്രദ്ധിച്ചിരുന്നുവെങ്കിലും പുറത്തു കടന്നപ്പോഴേ രണ്ടു നിലയിലായുള്ള ഗോപുരത്തിന്‍റെ മനോഹാരിത ശ്രദ്ധയില്‍പ്പെട്ടുള്ളൂ. ഇരുണ്ട നീലനിറമാര്‍ന്നു കാണപ്പെട്ട ഗോപുരത്തിന്‍റെ നാലുവശത്തേയ്ക്കും തിരിഞ്ഞിരിയ്ക്കുന്ന അതിമനോഹരമായ സ്വര്‍ണ്ണ നിറമാര്‍ന്ന ഗണപതിവിഗ്രഹങ്ങള്‍ കണ്ണിനു വിരുന്നേകി. ഇരുവശത്തും കാവല്‍നില്‍ക്കുന്ന സിംഹരൂപികളായ കാവല്‍ക്കാര്‍. ഗോപുരത്തിന്‍റെ രണ്ടാം നിലയിലും മനോഹരമായ ഗണപതിവിഗ്രഹം സ്വര്‍ണ്ണനിറമാര്‍ന്നു തന്നെ കാണപ്പെട്ടു. ഭഗവാന്‍റെ രണ്ടുഭാഗത്തുമായി ഇരുന്ന് സംഗീതഭേരിയുയര്‍ത്തുന്ന രണ്ടു ദ്വാരപാലകരേയും കാണാന്‍ കഴിഞ്ഞു.

മുന്നില്‍ നിരകളായി കണ്ട കടകളിലേയ്ക്കൊന്നു കണ്ണോടിച്ചപ്പോള്‍ കണ്ട നിറച്ചാര്‍ത്തില്‍ ഉള്ളില്‍ കുളുര്‍മ്മ നിറഞ്ഞു. നിറയെ പൂജാദ്രവ്യങ്ങള്‍ വില്‍പ്പനയ്ക്കായി ഒരുക്കി വച്ചിരിയ്ക്കുന്നു.അവയില്‍ മഞ്ഞയും വെള്ളയും നിറത്തിലായി ജമന്തിപ്പൂക്കളും ചുവപ്പും വെള്ളുപ്പും വയലറ്റും നിരങ്ങളിലെ ഡാലിയയും കണ്ടു. മുല്ലമൊട്ടിനു സമം ഒരുക്കിയ കവുങ്ങിന്‍പൂക്കുലമാല അതിമനോഹരം തന്നെ. സന്ദര്‍ശകര്‍ കൊണ്ടു പോകുന്ന പൂജാത്തട്ടിലേയ്ക്കു നോക്കിയപ്പോള്‍ മനസ്സിലാക്കാനായി, വിനായകഭഗവാന്‍റെ പ്രിയപുഷ്പ്പം കവുങ്ങിന്‍ പൂക്കുലയിലെ പൂക്കള്‍ തന്നെയാണെന്ന്. കൂമ്പാളകള്‍ക്കിടയില്‍ നിന്നും പുറത്തുവരാത്ത പൂങ്കുലകള്‍ ധാരാളമായി എല്ലാ കടകളിലും കാണാം ഇളം കതിര്‍ക്കുലകള്‍ നീളത്തില്‍ അടര്‍ത്തിയെടുത്ത് അലങ്കാരത്തിന്നായുപയോഗിയ്ക്കുന്നു. അവ തന്നെ മനോഹരമായ മാലകളായും മാറുന്നു. കവുങ്ങിന്‍റെ പട്ടയില്‍ നിന്നും ഇലകള്‍ നീളത്തില്‍ വെട്ടിയെടുത്ത് റിബണുകള്‍ പോലെ മനോഹരമായി മടക്കിയൊതുക്കി കോര്‍ത്ത കരിംപച്ച നിറത്തിലുള്ള അതിമനോഹരങ്ങളായ വലിയ മാലകള്‍ കടകളിലെല്ലാം തൂങ്ങിക്കിടക്കുന്നുണ്ട്. പഴവും കൊട്ടകള്‍ നിറയെ നാളികേരവുമെല്ലാം എല്ലാ കടയിലും കാണാം. ഭഗവാനു സമര്‍പ്പിയ്ക്കാന്‍ ഭക്തര്‍ക്കായി ഒരുക്കിയിരിയ്ക്കുന്ന മുളകൊണ്ടുണ്ടാക്കിയ പൂക്കൂടയും അതിലെ സാമഗ്രികളും കൌതുകം ജനിപ്പിച്ചു. വിനായക ചതുര്‍ത്ഥിദിനം ഇവിടെ പ്രമുഖമാണു. അന്ന് ഭഗവാനെതേരില്‍ പ്രദക്ഷിണം ചെയ്യും.

നാഗാചല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രവും, ഹരിഹരക്ഷേത്രവും
നല്ല തണല്‍ പരത്തി നില്‍ക്കുന്ന അനേകം മരങ്ങള്‍ക്കു കീഴിലായി വിശാലമായ അമ്പലമൈതാനിയില്‍ സന്ദരശകരുടെ കാറുകള്‍ പാര്‍ക്കു ചെയ്യുവാന്‍ ഇഷ്ടം പോലെയിടമുണ്ട്. പൂരപ്പറമ്പു പോലെ ഭക്തരുടെ ശ്രദ്ധയാകര്‍ഷിച്ചുകൊണ്ട് കുറെയേറെ വഴിവാണിഭക്കാരും ഐസ്ക്രീ വില്‍പ്പനക്കാരും ഇടം പിടിച്ചിരിയ്ക്കുന്നു.മരത്തണലിലൂടെ വഴിവാണിഭങ്ങളും നോക്കി മുന്നോട്ടു നടക്കുമ്പോള്‍ ദൂരെയായി പല ക്ഷേത്രകവാടങ്ങളും ദൃഷ്ടിയില്‍പ്പെട്ടു. ആദ്യം കണ്ടത് താഴോട്ടു ഇറങ്ങുന്നതിനായി ഒട്ടേറെ പടവുകളുള്ള ഒരു മുഖമണ്ഡപമാണ്.പടവുകളിറങ്ങിച്ചെന്നാല്‍ ഹരിഹരഭഗവാനെ കാണാം. ഒരു കുളത്തിനു നടുവിലായി പണി കഴിപ്പിച്ച അതിമനോഹരമായൊരു ക്ഷേത്രമാണത്. ഗജഗിരിയുടെ മുകളിലായി ഗണപതി ഭഗവാനും കുന്നിന്‍ താഴ്വരയിലായി ഹരിഹരഭഗവാനും വസിയ്ക്കുന്നുവെന്നാണ് സങ്കല്‍പ്പം. താഴേയ്ക്കിറങ്ങാതെ ഞങ്ങള്‍ മുന്നോട്ടു തന്നെ നടന്നപ്പോള്‍ നാഗാചല ശ്രീ അയ്യപ്പ സ്വാമി ക്ഷേത്രം എന്നെഴുതി ഒരു ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടു. പുതിയതായി നിര്‍മ്മിയ്ക്കപ്പെട്ടതാണെന്നു തോന്നി. പടികള്‍ കയറി മുകളിലെത്തി അയ്യപ്പദര്‍ശനം നടത്തി. ക്ഷേത്രത്തിന്‍റെ പിന്നിലെ നടയിലൂടെ കയറാന്‍ ശബരിമലയിലെന്നോണം 18 പടികള്‍ ഉണ്ടാക്കിയിട്ടുണ്ടെങ്കിലും അവിടെ നിന്നുള്ള കവാടം പൂട്ടിയിട്ടിരിയ്ക്കുന്നു. ദര്‍ശനാനന്തരം പുറത്തു വന്നപ്പോള്‍ മറ്റു ചില ചെറിയ ശ്രീകോവിലുകളും കണ്ട്. ഒരു ചെറിയ സ്റ്റേഷനറിക്കടയ്ക്കപ്പുറമായി മുന്‍പു കണ്ട മുഖമണ്ഡപത്തിലെത്തി. താഴോട്ടു നോക്കിയപ്പോള്‍ താഴോട്ടിറങ്ങിപ്പോകാനുള്ള വീതിയേറിയതെങ്കിലും എണ്ണമില്ലാത്ത കോണ്‍ക്രീറ്റു കൊണ്ടുണ്ടാക്കിയ പടികള്‍ മാടി വിളിയ്ക്കാന്‍ തുടങ്ങി. ധൈര്യം സംഭരിച്ച് പടികള്‍ എണ്ണിക്കൊണ്ട് ഇറക്കം തുടങ്ങിയെങ്കിലും . എവിടെയോ വെച്ച് പടികളുടെ എണ്ണമെടുക്കല്‍ നിന്നുപോയത് അറിഞ്ഞതേയില്ല. ശ്രദ്ധ മുഴുവനും താഴോട്ടിറങ്ങുന്നതിലായിരുന്നല്ലോ. അല്‍പ്പം ഉയരത്തില്‍ തന്നെ നില്‍ക്കുന്ന താഴത്തെ തട്ടില്‍ നിന്നു നോക്കിയപ്പോള്‍ ഒരു കുളത്തിനു നടുവിലായി സ്ഥിതിചെയ്യുന്ന മനോഹരമായ ക്ഷേത്രവും പരിസരവും സ്വപ്നസദൃശമായ ഒരു മനോഹര ദൃശ്യമായി മനസ്സില്‍ ഇടം പിടിച്ചു. കുംഭാസുര നിഗ്രഹത്തിന്നായി ഹരിയോടും ഹരനോടും പ്രത്യക്ഷപ്പെടാന്‍ അപേക്ഷിച്ച് മുനിമാര്‍ ഒരുക്കിയ ഇടം.രണ്ടുപേരും ഒന്നിച്ചു പ്രത്യക്ഷപ്പെടാന്‍ വൈകിയപ്പോള്‍ അതിനായി ഒരുക്കിവച്ച സ്ഥലത്തെ പാത്രങ്ങള്‍ മുനിമാര്‍ തുറന്നു നോക്കുകയും ഹരിയും ഹരനും അക്കാരണത്താല്‍ പ്രത്യക്ഷപ്പെടാതെ വരുകയും ചെയ്തെന്നാണ് ഐതിഹ്യം. പകരമായി ഭീമസേനന്‍ അവിടെയെത്തി കുംഭാസുരനിഗ്രഹം നടത്തുമെന്ന വരവും മുനികള്‍ക്കു കിട്ടി.

ബാക്കി പടികളും ഇറങ്ങി താഴെയെത്തി, ചെരിപ്പുകള്‍ ഊരി വച്ച് ക്ഷേത്രദര്‍ശനത്തിന്നായി ഞങ്ങള്‍ മുന്നോട്ടു നടക്കുമ്പോള്‍ ക്ഷേത്രവും നിറഞ്ഞു കിടക്കുന്ന ക്ഷേത്രക്കുളവും അതിലെ ജലത്തില്‍ മുങ്ങിയൂളിയിട്ടുകൊണ്ടിരിയ്ക്കുന്ന മത്സ്യക്കൂട്ടങ്ങളും മാത്രമേ കണ്ണില്‍പ്പെട്ടുള്ളൂ.

മഹാലിംഗേശ്വരക്ഷേത്രവും ഹരിഹരക്ഷേത്രവും, സൂര്യനാരായണക്ഷേത്രവും – കുംഭാസി
മനോഹരമായ ഏതൊരു കാഴ്ച്ചയും, അവ പ്രകൃതിദത്തമായാലും മനുഷ്യനിര്‍മ്മിതമായാലും ഒരു മിന്നല്‍ പോലെ മനസ്സിന്നകത്തെവിടെയോ തൊടുമ്പോഴുണരുന്ന സന്തോഷം, അതാണീ അമ്പലം കണ്ടപ്പോഴുണ്ടായത്. നൂറോളം പടികള്‍ ഇറങ്ങുന്ന സമയത്ത് വളരെ ബുദ്ധിമുട്ടി പടികള്‍ കയറി മുകളിലെത്തി താഴോട്ടു തന്നെ ഇറങ്ങുന്ന വയസ്സായ സ്ത്രീയെ ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല. പാവം, കഷ്ടപ്പെടുന്നുണ്ട്. ഇടയ്ക്ക് അല്‍പ്പം നിന്ന് കിതപ്പു മാറ്റുന്നുണ്ട്. പിന്നീട് മനസ്സിലാക്കാനായി, അവിടെ താമസിയ്ക്കുന്നവര്‍ എല്ലാം തന്നെ ദിവസത്തില്‍ ഒരിയ്ക്കലെങ്കിലും ചെയ്യുന്ന അനുഷ്ഠാനമാണിതെന്ന്.
താഴെ മനോഹരമായ ക്ഷേത്രം മാടിവിളിയ്ക്കുന്നു. ചെറിയ ഒരു കുളത്തിനു മുകളില്‍ സ്ഥിതിചെയ്യുന്ന ശ്രീകോവിലിലേയ്ക്കു കടക്കാനായി കുളത്തിനു നടുവിലായി തയ്യാറാക്കിയ വഴിയിലൂടെ കടന്നു ചെന്നാല്‍ കുംഭാസുര നിഗ്രഹത്തിന്നായി സഹായിച്ച ദേവദേവന്മാരുടെ ദര്‍ശനം സാദ്ധ്യമാകും. അകത്തെ ശിവലിംഗവും ഗൌതമമഹര്‍ഷിയുടെ അപേക്ഷയാല്‍ ഗംഗാനദി പ്രത്യക്ഷപ്പെട്ടെന്നു കരുതപ്പെടുന്ന ചെറിയ ജലധാരയും കാണാം.

ഇവിടെ മറ്റു ചില ചെറിയ ക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഇത്രയും മനോഹാരിതയും പ്രാധാന്യവും മറ്റൊന്നിനും ഉണ്ടെന്നു തോന്നിയില്ല. മഹാലിംഗേശ്വരനെയും ഹരിഹരഭഗവാനെയും സന്ദര്‍ശിച്ചശേഷം ചന്ന കേശവന്‍റെയും സൂര്യ നാരായണന്‍റെയും അമ്പലങ്ങള്‍ ഞങ്ങള്‍ സന്ദര്‍ശിച്ചു. മധുവനം എന്നാണീ സ്ഥലം അറിയപ്പെടുന്നത്.

തെളിഞ്ഞവെള്ളം നിറഞ്ഞു നില്‍ക്കുന്ന കുളത്തിനു മുകളിലെ അതിമനോഹരമായ അമ്പലത്തിനെ മനസ്സിലും ക്യാമറയിലും പകര്‍ത്തി സാവധാനത്തില്‍ ഞങ്ങള്‍ മുകളിലേയ്ക്കുള്ള പടികള്‍ കയറാന്‍ തുടങ്ങി. കാത്തു നില്‍ക്കുന്ന ബസ്സില്‍ക്കയറി അടുത്ത ലക്ഷ്യമായ മൂകാബികയിലേയ്ക്ക് തിരിയ്ക്കുമ്പോള്‍ പതിവുപോലെ ദേവിയെക്കാണാമെന്നുള്ള സന്തോഷത്താല്‍ മനസ്സ് തുള്ളിച്ചാടാന്‍ തുടങ്ങി.
രാവിലെ ഹോട്ടല്‍ സ്വാതിയില്‍ നിന്നും കഴിച്ച മസാലദോശ എപ്പോഴേ ദഹിച്ചിരിയ്ക്കുന്നല്ലോ. ഇത്രയും പടവുകള്‍ കയറിയിറങ്ങിയതല്ലേ? ബസ്സിലിരുന്നു വിരസമായി പുറത്തെ കാഴ്ച്ചകളും നോക്കിയിരുന്നപ്പോള്‍ ഉറക്കം വന്നുതുടങ്ങി. ഉച്ചയോടെ ഞങ്ങള്‍ കൊല്ലൂരിലെത്തി. ഹോട്ടലിന്‍ ചെക് ഇന്‍ ചെയ്ത് ഫ്രെഷായി താഴെയെത്തി. അമ്പലത്തിലെ പ്രസാദമൂട്ടിനായി ശ്രമിച്ചെങ്കിലും അസാമാന്യമായ തിരക്കു കാരണം വേണ്ടെന്നു വച്ചു. ക്രിസ്തുമസ്സ് വെക്കേഷനായതിനാല്‍ കര്‍ണ്ണാടകയിലെ സ്കൂള്‍ കുട്ടികളെ നിര്‍ബന്ധമായും ആരാധനാലയങ്ങളിലെല്ലാം കൊണ്ടുപോകണമെന്ന വിദ്യാഭ്യാസ വകുപ്പിന്‍റെ നിര്‍ദ്ദേശം കാരണം പോകുന്നയിടങ്ങളിലെല്ലാം തന്നെ ആയിരക്കണക്കിനു സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ സൃഷ്ടിച്ച തിരക്ക് ഈ യാത്രയിലുടനീളം അനുഭവിയ്ക്കേണ്ടി വന്നു. തൊട്ടടുത്തു കണ്ട ഒരു ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച ശേഷം ഞങ്ങള്‍ കുടജാദ്രിയിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കുടജാദ്രിയിലേക്ക്…..
മുന്‍പ് ഒന്നു രണ്ടുതവണ പോയിട്ടുണ്ടെങ്കിലും ഒരിയ്ക്കല്‍ക്കൂടി കുടജാദ്രിയില്‍ പോകണമെന്ന മോഹം മനസ്സിലുണ്ടായിരുന്നു. എട്ടുപേര്‍ അടങ്ങുന്ന ഗ്രൂപ്പുകള്‍ രൂപീകരിയ്ക്കപ്പെട്ടു. തയ്യാറായി വന്ന ജീപ്പുകളില്‍ക്കയറി ഞങ്ങള്‍ കുടജാദ്രിയിലേയ്ക്കു തിരിച്ചു. പണ്ടു പോകുന്നതിനേക്കാള്‍ വഴി അല്‍പ്പം ഭേദമാണെന്നു തോന്നിയെങ്കിലും കുടജാദ്രിയാത്ര ഇന്നും അതി കഠിനം തന്നെയെന്നു തോന്നി. കുലുങ്ങിയും വിറച്ചുമുള്ള ജീപ്പു യാത്ര ഒരിയ്ക്കല്‍ ചെയ്തവര്‍ക്ക് മറക്കാനാവില്ല.
നിശ്ശബ്ദയായി ജീപ്പില്‍ ഇരുന്ന് കാഴ്ച്ചകള്‍ കാണാന്‍ തീരുമാനിച്ചെങ്കിലും പിന്നിടുന്ന അതിദുര്‍ഘടമായ വഴിത്താരകളും ഹെയര്‍ പിന്‍ വളവുകളും തന്ന നടുക്കങ്ങളും കുലുക്കങ്ങളും ചാഞ്ചാട്ടങ്ങളും പലരുടെയും സംഭാഷണത്തിലെ പങ്കാളിയാക്കി. ഇതിനു മുന്‍പുണ്ടായ യാത്രകളും കൂടെയുണ്ടായിരുന്നവരും ഓര്‍മ്മയില്‍ ഓടിയെത്തി. ദൂരെ മുകളില്‍ കുടജാദ്രി മാടി വിളിയ്ക്കുന്നു. മൂകാംബികയുടെ മൂലസ്ഥാനം അവിടെയാണല്ലോ, മനസ്സിലോര്‍ത്തു. നീലക്കടമ്പു എന്നചിത്രത്തില്‍ ചിത്ര പാടിയ പാട്ട് മനസ്സില്‍ ഉയര്‍ന്നു വന്നു.


കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി
ഗുണദായിനി, സര്‍വ്വ ശുഭകാരിണി!
കാതരഹൃദയ സരോവര നിറുകയില്‍
ഉദയാംഗുലിയാകു.. മംഗള മന്ദസ്മിതം തൂകു….
ഇപ്പോഴത്തെ മുകാംബികാ ക്ഷേത്രം താഴ്വരയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും മൂലസ്ഥാനം മുകളില്‍ത്തന്നെയാണല്ലോ. പാട്ടില്‍പ്പറയുന്നതുപോലെ ദേവീ… എന്‍റെ ഹൃദയത്തെ ഒരു സൌപര്‍ണ്ണികയാക്കൂ, ആ വിദ്യാവിലാസിനിയുടെ കടാക്ഷമങ്ങനെ ഒഴുകിയൊഴുകിയെത്താനായി. ചിത്രകൂടത്തിലെ ഉത്ഭവസ്ഥാനം ഇനിയും കാണാനായിട്ടില്ലെങ്കിലും മനസ്സില്‍ വ്യക്തമായിത്തന്നെ വിവരണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വ്യക്തമായി തെളിഞ്ഞു നില്‍ക്കുന്ന ഒന്നാണല്ലോ.

സൗപര്‍ണ്ണിക
കുടജാദ്രിയുടെ മുകളറ്റത്താണല്ലോ ശങ്കരാചാര്യരുടെ സര്‍വജ്ഞപീഠം സ്ഥിതി ചെയ്യുന്നത്. നേരമില്ലാത്തതിനാല്‍ മുകളില്‍ വരെ കയറിയില്ല. അല്‍പ്പം കയറി പ്രകൃതിയും ശുദ്ധവായുവും ആസ്വദിച്ചു തിരിച്ചുവന്നു. പ്രകൃതിസൌന്ദര്യം മുറ്റി നില്‍ക്കുന്ന കുന്നുകളെ പൊതിഞ്ഞെത്തി ഞങ്ങളേയും തൊട്ടുപോയ കോടമഞ്ഞ് കുളിരേകി.കുന്നുകള്‍ക്കിടയിലൂടെ എത്തിനോക്കി മറയാനൊരുങ്ങുന്ന സായാഹ്ന സൂര്യന്‍റെ സ്വര്‍ണ്ണനിറം മനോഹരമാക്കിയ ആകാശം. കുറെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്താതിരിയ്ക്കാനായില്ല. കൂടെയുള്ളവരെല്ലാം എത്തിയപ്പോള്‍ ജീപ്പില്‍ വന്നുകയറി. മൂലസ്ഥാനത്തിന്നടുത്തുള്ള കൊച്ചുസ്റ്റാളില്‍ നിന്നും തൊലി കളഞ്ഞു ഭംഗിയായി വട്ടത്തില്‍ പൂളിവച്ച കൈതച്ചക്ക വാങ്ങിത്തിന്ന ശേഷം ഞങ്ങള്‍ താഴോട്ടുള്ള യാത്ര തുടങ്ങി. ഇറക്കവും കയറ്റം പോലെത്തന്നെ അതി ദുര്‍ഘടം. നേരം വൈകിയതിനാല്‍ മുകളിലോട്ടു വരുന്ന വാഹനങ്ങള്‍ക്ക് വഴി മാറിക്കൊടുക്കേണ്ടിവന്നില്ലെന്നു മാത്രം.

അമ്മേ! മൂകാംബികേ!
റൂമില്‍ വന്നശേഷം കുളിച്ച് ദര്‍ശനത്തിന്നായി അമ്പലത്തിലെത്തി. ഇന്നു രാത്രി ഇവിടെയാണല്ലോ തങ്ങുന്നത്. യഥേഷ്ടം പൂജയും വഴിപാടുകളും നടത്താം,. വേണ്ടവര്‍ക്കെല്ലാം ക്ഷേത്രത്തില്‍ നിന്നും അത്താഴപ്രസാദം കഴിയ്ക്കാം. രാവിലെ അതി നേര്‍ത്തെ പുറപ്പെട്ട് സൌപര്‍ണ്ണികയെ ദര്‍ശിച്ചശേഷം മുരുടേശ്വറിലേയ്ക്ക്. വൈകീട്ട് ഉഡുപ്പിയിലെ ശ്രീകൃഷ്ണനെ ദര്‍ശിച്ചശേഷം മാംഗളൂര്‍ക്ക്. അതിരാവിലെ അവിടെ നിന്നും ട്രെയിന്‍ വഴി മടക്കം. ഇതാണ് പ്ലാനെന്ന് ഗൈഡ് അറിയിച്ചു.
സുഖമായി മതിവരുവോളം ദേവിയെ ദര്‍ശിയ്ക്കാനും പ്രാര്‍ത്ഥിയ്ക്കാനും സര്‍വ്വ രോഗശമനാര്‍ത്ഥം ക്ഷേത്രത്തില്‍ നിന്നും കിട്ടിയ കഷായപ്രസാദം സേവിയ്ക്കാനും കഴിഞ്ഞതില്‍ സന്തോഷം തോന്നി. ദര്‍ശനാനന്തരം കുറച്ചു നേരം കൂടി അമ്പല പരിസരത്തിലെല്ലാം തങ്ങി. ലഡ്ഡുപ്രസാദവും കുങ്കുമവും ശീട്ടാക്കി, വാങ്ങി. പ്രസാദഊട്ടിനു സ്കൂള്‍കുട്ടികളൂടെ തിരക്കു തന്നെ. ഹോട്ടലില്‍ കയറി ലഘുവായി ഭക്ഷണം കഴിച്ചശേഷം റൂമിലെത്തി.

സൗപര്‍ണ്ണികയില്‍ പലവട്ടം ഇറങ്ങിയിട്ടുണ്ടെങ്കിലും നിറഞ്ഞു കവിഞ്ഞൊഴുകുന്ന സൌപര്‍ണ്ണിക ഇന്നും എനിക്കു കാണാനായിട്ടില്ല. ഇപ്പോഴും വെള്ളം ഇല്ലാത്ത സമയം തന്നെയാണ്. നേരം പ്രഭാതമാകുന്നതേയുള്ളൂ. മുരുടേശ്വറിലേയ്ക്കുള്ള യാത്രയ്ക്കായി ബസ്സില്‍ കയറി. സൌപര്‍ണ്ണികാനദിയുടെ സമീപത്തായി എത്തിയപ്പോള്‍ പടവുകളിറങ്ങി ഉണര്‍ന്നുകൊണ്ടിരിയ്ക്കുന്ന സൌപര്‍ണ്ണികയെ വിരലുകളാല്‍ ഒന്നു മൃദുവായി തൊട്ടുനോക്കി. അതിശോചനീയമായ സൗപര്‍ണ്ണികയെ പകല്‍ വെളിച്ചത്തില്‍ കാണേണ്ടി വന്നില്ലല്ലോ എന്നേ തോന്നിയുള്ളൂ. വെള്ളമില്ല, മാലിന്യം ഏറെ ഉണ്ടു താനും. വറ്റി വരണ്ട ഈ നദിയോ അനുദിനം പുകഴ്ത്തപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പുണ്യനദി സൌപര്‍ണ്ണിക? . അല്‍പ്പം മനോവേദനയോടെയാണു സൌപര്‍ണ്ണികയില്‍ നിന്നും പടവുകള്‍ കയറി മുകളിലെത്തി ബസ്സില്‍ക്കയറിയത്.

പരിപാവനമായ ഈ നദി കുടജാദ്രിയ്ക്കു മുകളില്‍ നിന്നുമുത്ഭവിച്ച് വഴിയിലുടനീളമുള്ള ഔഷധവീര്യമുള്ള ഇലകളെയും വേരുകളെയും തഴുകി ഔഷധവീര്യമേറിയ ജലത്താല്‍ നിറഞ്ഞ് കളകളമൊഴുക്കിയാണത്രെ താഴെ എത്തിക്കൊണ്ടിരുന്നത്. മഹാവിഷ്ണുവിന്‍റെ വാഹനമായ ഗരുഡന്‍, സുപര്‍ണ്ണന്‍, തപം ചെയ്തത് ഈ നദിക്കരയിലാണത്രേ. എന്തായാലും ഇതിന്‍റെ ഇന്നത്തെ രൂപം തീര്‍ത്തും സങ്കടകരം തന്നെ. വിശുദ്ധിയുടെ സര്‍വ്വതോന്മുഖമായ അടയാളമായി സൗപര്‍ണ്ണിക എന്ന നാമം നമ്മളെല്ലാവരും എന്തിനും ഏതിനും ഉപയോഗിയ്ക്കുന്ന സമയത്ത് ആ സ്ഥലം തന്നെ ഇവ്വിധം നാനാവിധമായി കിടക്കുന്ന കാഴ്ച്ച നമുക്കാലോചിയ്ക്കാന്‍ തന്നെ വയ്യ. മഴക്കാലത്ത് ധാരാളം വെള്ളമുള്ളപ്പോള്‍ ഒരിയ്ക്കല്‍ക്കൂടി വരാം. സൗപര്‍ണ്ണികയിലിറങ്ങിയൊന്നു കുളിയ്ക്കണം, മനസ്സില്‍ വിചാരിച്ചു. മൂകാംബികയില്‍ വന്നാല്‍ സൌപര്‍ണ്ണികയില്‍ നീരാടിയാവണം ദര്‍ശനമെന്നു തന്നെയായിരുന്നല്ലോ പഴയ ചിട്ടയും.

മുരുടേശ്വരം- പേരിനു പിന്നിലെ കഥ
യാത്ര- അതു നിങ്ങളുടെ മൊഴികളെ സ്തബ്ധമാക്കുന്നു, പിന്നീടോ, ഒരു കഥപറച്ചിലുകാരനാക്കി മാറ്റുകയും ചെയ്യുന്നു
(ഠൃമ്ലഹശിഴ ശേ ഹലമ്ലെ ്യീൗ ുലെലരവഹലൈ, വേലി ൗൃിേെ ്യീൗ ശിീേ മ ീൃ്യെേലേഹഹലൃ.’ കയി ആമൗമേേേ)
മൂകാംബികായാത്രകള്‍ എന്നുമൊരു സ്വപ്നം പോലെയാണെനിയ്ക്ക്. യാത്ര തീരുമാനിച്ച് തുടങ്ങുന്ന സമയമെത്തുംവരെ അവാച്യമായൊരു മധുരം മാത്രം. യാത്ര തുടങ്ങിയാല്‍പ്പിന്നെ ഒരു ശാന്തതയാണ്. നടയ്ക്കലെത്തിയാല്‍പ്പിന്നെ ആ സൌഭാഗ്യമോര്‍ത്ത് സന്തോഷം, പക്ഷേ അറിയാതെ കണ്ണില്‍നിന്നുമൊഴുകുന്ന പ്രവാഹത്തില്‍ മനവും തനുവും ഒരുപോലെ കുളിര്‍ക്കുന്നു. പിന്നെ ഭക്തരിലൊരു മണ്‍തരിയായി മാറി സായൂജ്യം തേടല്‍. പുറത്തു കടന്നാലോ, ഇനി എന്നു ദര്‍ശനം കിട്ടുമെന്ന കാത്തിരിപ്പിനൊരു തുടക്കവും. വരുമ്പോഴെല്ലാം ദേവിയെ കണ്‍കുളിരെ കാണാനാകാറുണ്ടെന്ന സത്യവും മനസ്സിനു സന്തോഷം പ്രദാനം ചെയ്യുന്നു.
സൗപര്‍ണ്ണികയും ഉള്ളില്‍ പേരുകൊണ്ടുതന്നെ കുളിരേകാറുണ്ടെങ്കിലും ഇപ്പോഴത് പേരിനു മാത്രമായി മാറിയെന്നതില്‍ സങ്കടം തോന്നുന്നു. അടുത്ത യാത്ര മുരുടേശ്വറിലേയ്ക്കാണെന്ന് ഗൈഡ് പറഞ്ഞു.കൂടെ മുരുടേശ്വറിനെക്കുറിച്ചും ഞങ്ങള്‍ക്കായി പല അറിവുകളും പങ്കുവച്ചു.

ഏറ്റവും ഉയരം കൂടിയ മഹാദേവപ്രതിഷ്ഠകളില്‍ രണ്ടാം സ്ഥാനത്തു നില്‍ക്കുന്ന മുരുടേശ്വറിലെ മൂര്‍ത്തിയുടെ ഉയരം 123 അടി (37 മീറ്റര്‍) ആണ്. ഇത് നിര്‍മ്മിയ്ക്കാന്‍ രണ്ടുവര്‍ഷത്തിലേറെ സമയമെടുത്തു. ഏറ്റവും വലിയ മഹാദേവപ്രതിഷ്ഠ നേപ്പാളിലെ കൈലാസനാഥക്ഷേത്രത്തിലേതാണ്. 143 അടി (44 മീറ്റര്‍) ഉയരമുണ്ടതിന്. മുരുടേശ്വര്‍ സ്ഥിതി ചെയ്യുന്നത് ഉത്തര കന്നഡയിലെ ഭട്ക്കല്‍ താലൂക്കില്‍ അറബിക്കടലിനു തൊട്ടായാണ്. മുരുടേശ്വരന്‍ എന്നാല്‍ സാക്ഷാല്‍ ശിവന്‍ തന്നെ. ഈ പേരു വന്നതിന്‍റെ പുറകില്‍ ഒരു കഥയും കേള്‍ക്കാനിടയായി.. മുന്‍പു കേട്ടിട്ടില്ലാത്ത ഈ കഥ രാവണന്‍ മണ്ഡോദരിയെ സ്വന്തമാക്കിയത് എങ്ങിനെയാണെന്ന് നമുക്കു പറഞ്ഞു തരുന്നു.

ആത്മലിംഗാരാധാന നിമിത്തം അമരരും അജയ്യരുമായ ദേവന്മാര്‍ക്കു തുല്യത നേടാനായി രാവണന്‍ മഹാദേവനെ പ്രസാദിപ്പിച്ച് ആത്മലിംഗം വരമായി ചോദിയ്ക്കാന്‍ ഒരുമ്പെടുമ്പോള്‍ നാരദമഹര്‍ഷി വിഷ്ണുവിനെ വിവരം ധരിപ്പിയ്ക്കുകയും പതിവുപോലെ ദേവകളുടെ കൂട്ടമായ പ്രയത്നത്താല്‍ തെറ്റായ വരം രാവണന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. ആത്മലിംഗത്തിനുപകരം ഭഗവാന്‍റെ ആത്മ സര്‍വ്വസ്വമായ പാര്‍വ്വതിയെ രാവണന്‍ വരമായി ചോദിയ്ക്കുകയും ലഭിയ്ക്കുകയും ചെയ്യുന്നു. പാര്‍വ്വതിയുമൊത്ത് ലങ്കയിലേയ്ക്കു പോകുന്ന വഴിയില്‍ നാരദന്‍ ദേവിയുടെ കാളീരൂപം കാട്ടിക്കൊടുത്ത് ഇതല്ല യഥാര്‍ത്ഥത്തിലെ പാര്‍വ്വതി പാതാളത്തിലാണെന്ന് ധരിപ്പിയ്ക്കുകയും ചെയ്യുന്നു. പാര്‍വ്വതിയെ സ്വതന്ത്രയാക്കി പാതാളത്തിലെത്തുന്ന രാവണന്‍ മണ്ഡോദരിയെക്കാണുകയും അവളെ വിവാഹം ചെയ്ത് ലങ്കയിലെത്തുകയും ചെയ്യുന്നു.ആത്മലിംഗത്തെക്കുറിച്ച് അമ്മ ചോദിച്ചപ്പോള്‍ മാത്രമാണ് താന്‍ പറ്റിയ്ക്കപ്പെട്ട വിവരം രാവണന്‍ മനസ്സിലാക്കുന്നത്. വീണ്ടും കൂടുതല്‍ ഭക്തിയോടും വാശിയോടൂം കൂടി ഭഗവാനെ ഉപാസിയ്ക്കുകയും ഭഗവാനില്‍ നിന്നും ശരിയായ ആത്മലിംഗം വരമായി ലഭിയ്ക്കുകയും ചെയ്യുന്നു. പക്ഷെ അതു നല്‍കുന്ന സമയത്ത് ഭഗവാന്‍ ഒരു നിബന്ധന വയ്ക്കുന്നുണ്ട്. എന്തെന്നാല്‍ ലങ്കയിലേയ്ക്കുള്ള വഴിയിലുടനീളം എവിടെയും ആ ലിംഗം താഴെ വയ്ക്കരുതെന്നും അങ്ങനെ ചെയ്താല്‍ ലിംഗം പിന്നെ അവിടെ ഉറച്ചു പോകുമെന്നും അവിടെ നിന്നും ഇളക്കി മാറ്റാനാകില്ലെന്നും ഭഗവാന്‍ രാവണനെ ഓര്‍മ്മിപ്പിയ്ക്കുന്നു. അമരത്വം ലഭിയ്ക്കാനിടവന്നാല്‍ രാവണന്‍ ചെയ്തേയ്ക്കാവുന്ന ഭീകരതയെക്കുറിച്ച് ഊഹിയ്ക്കാവുന്നതിനാല്‍ ഭഗവാന്‍ തന്നെ കണ്ടെത്തിയ ഒരു തന്ത്രം മാത്രമായിരുന്നു അത്. ഭഗവാന്‍ വിഷ്ണു സഹായത്തിന്നായി ഇത്തവണ ഗണപതിയെ സമീപിയ്ക്കുകയും സന്ധ്യാസമയപ്രതീതി ഉണ്ടാക്കുകയും ചെയ്തപ്പോള്‍ രാവണന്‍ സന്ധ്യാവന്ദനത്തിന്നായി ലിംഗം താഴെ വയ്ക്കാന്‍ കഴിയാതെ കുഴങ്ങുന്നു. ആ സമയം ഒരു ബാലന്‍റെ വേഷത്തില്‍ അവിടെയെത്തിയ ഗണപതിയുടെ കയ്യില്‍ ലിംഗം കൊടുത്ത് താന്‍ സന്ധ്യാവന്ദനം കഴിഞ്ഞെത്തുന്നതുവരെയും താഴെ വയ്ക്കരുതെന്ന് രാവണന്‍ പറയുന്നു. സന്ധ്യ കഴിഞ്ഞ് താന്‍ മൂന്നു പ്രാവശ്യം വിളിച്ചു കഴിഞ്ഞിട്ടും വന്നില്ലെങ്കില്‍ ലിംഗം താഴെ വയ്ക്കുമെന്ന് ബാലന്‍ രാവണനോടു പറയുന്നു. സന്ധ്യാവന്ദനം കഴിഞ്ഞെത്തിയ രാവണന്‍ താഴെ വയ്ക്കപ്പെട്ട ലിംഗം കാണുന്നു. സന്ധ്യ ഇനിയും ആയിട്ടില്ലെന്നും താന്‍ ചതിയ്ക്കപ്പെട്ടെന്നും മനസ്സിലാക്കുന്നു. കോപാകുലനായി രാവണന്‍ നിലത്തുവയ്ക്കപ്പെട്ട ലിംഗം പറിച്ചെടുക്കാന്‍ ശ്രമിയ്ക്കുന്നുവെങ്കിലും കഴിയാത്തതിനാല്‍ നശിപ്പിയ്ക്കാനൊരുമ്പെടുന്നു. ശക്തിയോടെ പിഴുതെടുക്കുന്ന ശരീരഭാഗങ്ങളില്‍ തലഭാഗം സൂറത്കല്‍ എന്ന സ്ഥലത്തു വീഴുന്നു. ഇവിടെയാണു പിന്നീട് സൂറത്കല്ലിലെ സദാശിവക്ഷേത്രം ഉണ്ടാക്കപ്പെട്ടത്. ലിംഗം കൊണ്ടുപോയ പാത്രം വലിച്ചെറിഞ്ഞപ്പോള്‍ വീണ സ്ഥലം സജ്ജന്‍പൂര്‍ ആണെന്നും പാത്രത്തിന്‍റെ വലിച്ചെറിയപ്പെട്ട മൂടി വീണ സ്ഥലം ഗുണേശ്വര്‍ ആണെനും കരുതപ്പെടുന്നു. ആത്മ ലിംഗം പൊതിയപ്പെട്ട തുണി വലിച്ചെറിയവേ വന്നു വീണ സ്ഥലം മൃതേശ്വര്‍ എന്നും പിന്നീട് മുരുടേശ്വര്‍ എന്നും വിളിയ്ക്കപ്പെട്ടു. ഇത് സ്ഥിതിചെയ്യുന്നത് കണ്ടുകഗിരിയുടെ മുകളിലാണ്. ഈ പുരാണകഥ അവിടെ പുതിയതായി നിര്‍മ്മിയ്ക്കപ്പെട്ട മുരുടേശ്വരന്‍റെ അതികായവിഗ്രഹത്തിനു കീഴെയുള്ള ഗുഹയില്‍ അതിമനോഹരമായി കൊത്തിവയ്ക്കപ്പെട്ടിരിയ്ക്കുന്നു.

അതെ… എന്നെ അത്ഭുതാതിരേകങ്ങളാല്‍ സ്തബ്ധയാക്കിയ മുരുടേശ്വര്‍ യാത്രയില്‍ കേള്‍ക്കാനിടയായ ഈ കഥ എന്നെയൊരു കഥപറച്ചിക്കാരിയാക്കി മാറ്റിയോ? ഇവ നിങ്ങളുമായി പങ്കു വയ്ക്കാതിരിയ്ക്കുന്നതെങ്ങിനെ?

ജ്യോതിര്‍മയി ശങ്കരന്‍
മലയാളം ബ്ളോഗ്ഗോസ്ഫിയറിലെ എഴുത്തുകാരി

COMMENTS

COMMENT WITH EMAIL: 0