Homeകവിത

ഒഴിഞ്ഞുപോക്ക്

പിറക്കാത്ത വാക്കിന്‍
പിന്നാലെ പോയൊരുവള്‍

ചുറ്റിനും നിറയും
വെളുപ്പില്‍
മരണത്തിലിതെല്ലാം
പതിവെന്നമട്ടിലിഴഞ്ഞുകയറും
തണുപ്പിലുറയും
പാതിയുടലില്‍

വേരുകളുടെയാഴങ്ങളില്‍
നിന്നും വിറച്ചുയരും
വേദനയുടെ
ചുഴികളില്‍ കുടുങ്ങി

കഴുത്തിലതിന്‍റെ
നഖങ്ങളമര്‍ന്ന്
വിരലറ്റം വരെ
മുള്ളാണികള്‍ തറയുമ്പോഴും
വാ പൊത്തി
പിടഞ്ഞ്
പിടഞ്ഞു പിടഞ്ഞൊടുക്കം
പുറപ്പെടുന്ന
ചുവപ്പിന്‍
ചോദ്യമുനയില്‍
കുതിര്‍ന്നു പോകുന്നു
വെളുത്ത സ്വര്‍ഗമാകെ….

നെഞ്ചില്‍
മണല്‍ത്തരികള്‍
മരവിച്ചിരിക്കുന്ന പോലെ.
ഉള്ളില്‍ നിന്നും
പറിച്ചെടുത്ത
തൂവല്‍ക്കൂടിന്‍റെ ചൂട്
അതിന്‍റെ
പൊള്ളല്‍പ്പാട്
വേരറ്റങ്ങളിലെ
നീറ്റല്‍…

ഒന്നില്‍ നിന്നുമൊന്നൊഴിഞ്ഞു
പോകുമ്പോളവശേഷിക്കുന്നത്-
മൗനം.

ഇടത്തേ കണ്‍കോണിലുറയും
മഴത്തുള്ളിയിലാകാശത്തില്‍
അപ്പോള്‍ വിരിഞ്ഞ
മേഘം .

ഒറ്റപ്പക്ഷിയുടെ ചിറകടി.

മാലാഖമാരെ വിഴുങ്ങുന്ന
മേലാപ്പില്‍നിന്നുമപ്പോള്‍ പൊട്ടിപ്പടരുന്നു
തല പിളര്‍ക്കുന്ന
ശാന്തിഗീതം.

സ്റ്റാലിന

 

 

COMMENTS

COMMENT WITH EMAIL: 0