Homeചർച്ചാവിഷയം

സ്ത്രീകള്‍-ആയുര്‍വേദം : ചില ചിതറിയ ആലോചനകള്‍

യുര്‍വേദത്തിന്‍റെ ചരിത്ര-സാമൂഹിക പരിസരം പഠിക്കുമ്പോള്‍ ലിംഗപരമായ പ്രശ്നങ്ങളെ സമീപിക്കേണ്ടതെങ്ങിനെ എന്ന സംശയം ഉണ്ടായിരുന്നു, ഒരു ഗവേഷക എന്ന നിലയില്‍. കാരണം സ്ത്രീസമത്വം എന്ന ആശയം വേരോടിക്കഴിഞ്ഞ കാലമായിരുന്നു. സമൂഹത്തിലെ അധികാരബന്ധങ്ങളെ, അസമത്വങ്ങളെ നോക്കിക്കാണാന്‍ ചില ആശയങ്ങള്‍, അവ ഉപയോഗിക്കാനുള്ള ശിക്ഷണങ്ങള്‍/ഉപകരണങ്ങള്‍ ഇവ കിട്ടിക്കഴിയുമ്പോള്‍ നമ്മള്‍ പഠിക്കുന്ന, വിശകലനം ചെയ്യുന്ന വിഷയങ്ങളില്‍ ഈ കണ്ണട വെച്ച് നോക്കല്‍ അത്രമേല്‍ സ്വാഭാവികമാവും. ഒരു പ്രത്യേക ചരിത്രസന്ധിയില്‍ നമുക്കു ലഭ്യമാവുന്ന വിശകലനോപാധികള്‍ അതിനു മുന്‍പത്തെ കാലത്തെ പഠിക്കാന്‍ ഉപയോഗിക്കാമോയെന്ന എക്കാലവും പ്രസക്തമായ ചോദ്യവും ഒരു വാളായി തലക്കു മുകളില്‍ തൂങ്ങുന്നുണ്ടാവും. വളരെ കുറച്ചു വൈദ്യകളെ മാത്രമെ അഭിമുഖത്തിനു കിട്ടിയുള്ളൂ, എണ്ണത്തില്‍ കുറവായിരുന്നു അവര്‍. പ്രത്യേകിച്ചും 1940-കള്‍വരെയൊക്കെ പ്രാക്റ്റീസ് ചെയ്തവര്‍. വൈദ്യം പഠിച്ച സ്ത്രീകള്‍ ഉണ്ടായിരുന്നെങ്കിലും അതൊരു തൊഴിലായോ കലയായോ കൊണ്ടുനടക്കുന്നവര്‍ തുലോം കുറവായിരുന്നു.

ശരീര സംബന്ധിയായതും പ്രത്യുല്‍പ്പാദനപരമായതും ആയ സങ്കല്‍പ്പനങ്ങളില്‍ വൈദ്യത്തിനകത്തെ കാഴ്ച്ചപ്പാട് മിക്കപ്പോഴും പുരുഷകേന്ദ്രീകൃതമായതും ഏറ്റവും ആരോഗ്യവും സ്വഭാവഗുണവുമുള്ള കുഞ്ഞുങ്ങളെ പ്രത്യേകിച്ച് ആണ്‍കുട്ടികളെ ജനിപ്പിക്കേണ്ടതില്‍ ഊന്നിയതുമായിരുന്നു. പ്രസൂതികാവിഭാഗത്തില്‍ ഗര്‍ഭധാരണം മുതല്‍ പ്രസവ-പ്രസവാനന്തരം വരെയുള്ള ആരോഗ്യ-മാനസിക സംരക്ഷണത്തിനുള്ള ഉപാധികളെല്ലാം സവിസ്തരിക്കുന്നുണ്ടെങ്കിലും അടിസ്ഥാനപരമായി ശരീരകേന്ദ്രീകൃതമായി, ഇളം പ്രായത്തിലുള്ള സെക്സ്, പ്രസവം, കുഞ്ഞുങ്ങളെ പോറ്റല്‍, ഇതിനൊക്കെ ആവശ്യമായ സ്ത്രീയുടെ ആരോഗ്യസംരക്ഷണം എന്ന ഊന്നലിലാണ് സ്ത്രീശരീരത്തെ സമീപിച്ചത്. വൈദ്യകളോട് സംസാരിക്കുമ്പോള്‍ ഇത്തരം വിവരങ്ങള്‍ ഒരു ബാധ്യതയാകാതെ നോക്കേണ്ടതുണ്ടായിരുന്നു. കാരണം എന്‍റെ മുന്‍വിധികളും കാഴ്ച്ചപ്പാടുകളും ഗവേഷണത്തിന്‍റെ തുറസ്സിനു തടയാകരുത് എന്നുണ്ടായിരുന്നു.

വിമല അന്തര്‍ജ്ജനത്തെ ഞാന്‍ ഗവേഷണാര്‍ത്ഥം കാണുമ്പോള്‍ അവര്‍ക്കു പ്രായം അറുപത്തൊന്ന്. (ഇപ്പോള്‍ എഴുപത്തൊന്ന് ആയിട്ടുണ്ടാവും). സ്ത്രീ ചികിത്സകയെ തേടിയെത്തുന്നവരെ മാത്രം അവര്‍ ചികിത്സിച്ചു, മിക്കവാറും പെണ്ണുങ്ങള്‍. ബാക്കിയെല്ലാവരെയും ചികിത്സിച്ചത് അവരുടെ മകനും. അവരുടെ അച്ഛന്‍ വി.എം.സി.നമ്പൂതിരി പാലക്കാട്ടെ പ്രശസ്തനായ വൈദ്യനായിരുന്നു. അച്ഛനെ സഹായിക്കാനും മറ്റുമായി മരുന്നെടുത്തുകൊടുക്കല്‍, അരക്കല്‍, ഉരുട്ടല്‍ ഇതൊക്കെ മറ്റ് സഹായികള്‍ക്കൊപ്പം അന്തര്‍ജ്ജനവും ചെയ്തു പോന്നു. കൂടാതെ കുട്ടിക്കാലത്ത് തന്നെ സംസ്കൃത പഠനത്തിനായി അഷ്ടാംഗഹൃദയം മനഃപാഠമാക്കിയിരുന്നു. അച്ഛനാകട്ടെ നാലു പുത്രന്മാര്‍ക്കുമൊപ്പം അവരേയും പഠിപ്പിച്ചതിനാല്‍ അന്തര്‍ജ്ജനത്തിനു മരുന്നുകൂട്ടുകള്‍, രോഗം, അവക്കുള്ള ചികിത്സകള്‍ ഇവയൊക്കെ അറിയാമായിരുന്നു. എന്നാലവര്‍ തന്‍റെ പിതൃവീട്ടില്‍ കഴിയുവോളം ആരെയും ചികിത്സിച്ചില്ല. അക്കാലത്തെ പഠനം വായ്ത്താരിയായിട്ടാണ്, എഴുതി വായിക്കലല്ല. ദിവസേന ചൊല്ലിക്കൊടുക്കുന്ന പാഠങ്ങള്‍ അവര്‍ മനഃപാഠമാക്കി. അച്ഛന്‍ ശ്ലോകം ചൊല്ലി, പദം മുറിച്ച്, വിഭക്തി, അര്‍ത്ഥം ഇവ പറഞ്ഞ് പഠിപ്പിക്കുമായിരുന്നുവത്രെ. അങ്ങനെ പഠിച്ചെത്തുമ്പോള്‍ ശ്ലോകം ചൊല്ലിക്കും, പത്തു വീതം ശ്ലോകങ്ങള്‍.

മറ്റ് പെണ്‍കുട്ടികള്‍ ആരും കൂടെ പഠിക്കാന്‍ ഉണ്ടായിരുന്നില്ല എന്ന് അന്തര്‍ജ്ജനം ഓര്‍ക്കുന്നു. ഏട്ടന്മാരേയും അച്ചന്‍ പഠിപ്പിച്ചിരുന്നെങ്കിലും അവരൊന്നും ആയുര്‍വേദത്തില്‍ അത്ര താല്പര്യം എടുത്തില്ല. ഏക മകളായിരുന്ന അവര്‍ പിന്നീട് അച്ഛന്‍ ചികിത്സ ചെയ്യുന്ന രീതി നോക്കിമനസ്സിലാക്കുമായിരുന്നു. വിമല അന്തര്‍ജ്ജനം പറയുന്നു, “അന്നൊക്കെ ഞങ്ങള്‍ക്ക് പുരുഷന്മാരെ കാണാന്‍ പാടില്ല. ഞങ്ങളുടെ ബന്ധുക്കളാരേലും വന്നൂച്ചാലേ എന്നെ നിര്‍ത്തി ചെയ്യിപ്പിക്കുള്ളൂ. അല്ലെങ്കില്‍ അച്ഛന്‍ തന്നെ ചെയ്യും. വെഷത്തിന്‍റെ ചികിത്സ ചെയ്യുന്നതു മുഴോന്‍ നിയ്ക്ക് കണ്ട് വശായി, ചെയ്യാനും വശായി.” വിഖ്യാത വൈദ്യന്‍ രാഘവന്‍ തിരുമുല്‍പ്പാടിന്‍റെ വീട്ടില്‍ അച്ഛനൊപ്പം പോകുന്ന അവസരത്തില്‍, അദ്ദേഹം ചികിത്സ ചെയ്യുന്നതും കണ്ടു പഠിച്ചു. ഇങ്ങനെ ഒക്കെ ആണെങ്കിലും അവര്‍ സ്വന്തം വീട്ടില്‍ ചികിത്സ ചെയ്യുകയുണ്ടായില്ല. വിവാഹിതയായി, ഭര്‍തൃവീട്ടില്‍ എത്തിയശേഷവും കുറെ കഴിഞ്ഞ്, തന്‍റെ ഇരുപത്താറാം വയസ്സിലാണ് അവര്‍ ആദ്യമായി ചികിത്സിക്കുന്നത്, പേപ്പട്ടിവിഷത്തിന്. അമ്പലത്തില്‍ തൊഴാന്‍ പോയപ്പോള്‍, കഴകക്കാരന്‍റെ ബന്ധുവിനെ പട്ടി കടിച്ചുവെന്നും ഒന്നു നോക്കാമോ എന്നും ആരാഞ്ഞു. അന്തര്‍ജ്ജനം അവര്‍ക്കു മരുന്നും, പാലിക്കേണ്ട പഥ്യവും പറഞ്ഞു കൊടുത്തു. ഒരാഴ്ച്ച കഴിഞ്ഞപ്പോള്‍ മുറിവു കരിഞ്ഞ് സുഖപ്പെട്ടു. അങ്ങിനെയാണ് അന്തര്‍ജ്ജനം ചികിത്സക്കു തുടക്കം കുറിക്കുന്നത്. അതുവരെ ചികിത്സിക്കാതിരുന്നതിന് അവരുടെ യുക്തി ഇപ്രകാരമായിരുന്നു: “വിഷം തീണ്ടീ വരുന്നത് അധികവും ആണുങ്ങള്‍ ആയിരുന്നു. ഞങ്ങള്‍ പെണ്ണുങ്ങള്‍ക്ക് പര പുരുഷന്മാരെ കാണാന്‍ പാടില്ലാത്തതിനാലാണ് ചികിത്സ ചെയ്യാന്‍ പറ്റാതിരുന്നത്.”

ഇനി, ഈ ചികിത്സാ സമ്പ്രദായത്തിനകത്തെ ലിംഗപരമായ അസമത്വമാണോ ഒരു പെണ്‍കുട്ടി ചികിത്സയില്‍ പ്രാവീണ്യം നേടിയിട്ടും അവര്‍ക്കു ചികിത്സിക്കുവാന്‍ ഏറെ കാലം കഴിയേണ്ടിവന്നത് എന്ന് അന്വേഷിച്ചാല്‍ അതെ എന്നും അല്ല എന്നും പറയേണ്ടിവരും. കാരണം, അവരതിനെ വിലയിരുത്തുന്ന രീതി നോക്കൂ. കൈവന്ന അറിവു നേരത്തെകാലത്തെ പ്രയോഗിക്കാനാവാത്തതില്‍ അവര്‍ക്ക് ഖേദമില്ല. നിയോഗം വരുമ്പോള്‍ രോഗി വൈദ്യയെ/നെ തേടിയെത്തുമെന്ന വിശ്വാസം/യുക്തി പഴയകാല വൈദ്യന്മാര്‍ക്കുണ്ട് താനും. കൂടാതെ അന്തര്‍ജ്ജനം ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നത് തന്‍റെ ജാതിയിലെ പെണ്ണുങ്ങള്‍ക്ക് അപരപുരുഷന്മാരെ കാണാന്‍ പാടില്ലാത്തത് കൊണ്ട് താന്‍ ചികിത്സിച്ചില്ല എന്നുമാണ്. അപ്പോള്‍ ഇതൊരു ലിംഗപരമായ അസമത്വമാണെന്നത് എഴുതുന്ന എന്‍റെ വിശകലനമായി വരും. തുല്യത എന്നൊരു സങ്കല്‍പ്പനത്തിനു പ്രാധാന്യം ഇല്ലാതിരിക്കുന്ന, അത്തരമൊരു പദാവലി പോലും മനുഷ്യര്‍ക്കിടയില്‍ ലഭ്യമല്ലാതിരുന്ന ഒരു കാലത്തെ കുറിച്ച് എഴുതുമ്പോള്‍/പഠിക്കുമ്പോള്‍ നമുക്കവിടെ തുല്യതാവിചാരം കൊണ്ടുവരാനാവുമോ എന്നൊരു ധാര്‍മ്മികമായ പ്രശ്നം പഠിതാവ് നേരിടുന്നുണ്ട്. ‘നിയോഗം, സാഹചര്യം, ആചാരം’ ഇവയെല്ലാം വൈദ്യപരിശീലനം ലഭിച്ച ഒരാളിന്‍റെ പ്രാക്റ്റീസ് സാധ്യതയെ നിര്‍ണ്ണയിക്കുമെങ്കില്‍ ഇതിനകത്ത് ‘തുല്യതക്ക്’ സാധ്യതയുണ്ടോ? ചില പ്രത്യേക ചരിത്രസന്ദര്‍ഭങ്ങളില്‍ മുളക്കുന്ന രാഷ്ടീയ, ലിംഗാധിഷ്ഠിത സങ്കല്‍പ്പനങ്ങള്‍ വെച്ച്, മറ്റൊരു കാലത്തെ, ചരിത്രത്തെ വിലയിരുത്താമോ?
ഇത്തരം ധര്‍മ്മസങ്കടങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് അന്നാമ്മചേടത്തിയുടെ ജീവിതത്തിലേക്ക് വരാം. അവര്‍ക്കിപ്പോഴൊരു എണ്‍പത്-എണ്‍പത്തിരണ്ട് വയസ്സുണ്ടാകും. മുക്കത്തെ ഒരു സ്വകാര്യ അലോപ്പതി ആശുപത്രിയില്‍ അവര്‍ ആയുര്‍വേദ ചികിത്സ നല്‍കിവരുന്നു. അവര്‍ അറിയപ്പെടുന്നത് തന്നെ ‘ചെടിച്ചേച്ചി’ എന്നാണ്. കാരണം, അവര്‍ക്കത്രയേറേ മരുന്നുചെടികളെ കരതലാമലകം പോലെ അറിയാമെന്നത് തന്നെ. അവരും ചികിത്സയിലേക്ക് എത്തുന്നത് അറിവ് നേടി ഏറെ കാലം കഴിഞ്ഞാണ്. അവര്‍ വൈദ്യനായ തന്‍റെ വല്യപ്പന് രോഗികള്‍ വരുമ്പോള്‍ മരുന്നുചെടികള്‍ പറിച്ച് കൊടുക്കുകയും, ആവശ്യമുള്ളപ്പോള്‍ മരുന്ന് അരച്ചുരുട്ടി കൊടുക്കുകയും പതിവായിരുന്നു. വൈദ്യന്മാരുടെ പ്രധാന സഹായികള്‍ ചെറുവാല്യക്കാരും സ്ത്രീകളും ആയിരുന്നുവല്ലൊ എല്ലായ്പ്പോഴും. അന്നാമ്മച്ചേടത്തി പറയുന്നത് വല്യപ്പന്‍ ചികിത്സിക്കുന്നത് താന്‍ ഒളിച്ചുനിന്നു നോക്കി പഠിക്കുമായിരുന്നു എന്നാണ്.

അന്നാമ്മ

ചെടികളെ കുറിച്ചുള്ള അറിവിന് പുറമെ, മരുന്ന്, രോഗം, ചികിത്സ ഇവയെക്കുറിച്ചുള്ള അറിവ് അവര്‍ ആര്‍ജ്ജിക്കുന്നത് രഹസ്യനിരീക്ഷണത്തിലൂടെ. പരസ്യപഠനവും നിരീക്ഷണവും ഇവരുടെ കേസില്‍ പെണ്‍കുട്ടികള്‍ക്ക് നിഷിദ്ധമായിരുന്നുവെന്ന് അവരുടെ ആഖ്യാനം സൂചിപ്പിക്കുന്നു. വീട്ടില്‍ ആണുങ്ങള്‍ മാത്രമേ ചികിത്സിച്ചിരുന്നുള്ളുവത്രെ. എന്നാല്‍, മരുന്നുചെടികള്‍ പറിക്കല്‍, മരുന്നുണ്ടാക്കല്‍, ഇന്നയിന്ന രോഗത്തിന് ഇന്നയിന്ന ഔഷധയോഗങ്ങള്‍ ഇത്യാദി അറിവുകള്‍ നിയന്ത്രിത നിയമങ്ങള്‍ക്കുള്ളിലും കൈമാറ്റം ചെയ്യപ്പെട്ടത് തൊഴില്‍ വിതരണത്തിലെ വ്യത്യാസം കൊണ്ടുമാത്രമായിരുന്നു. അതല്ലാതെ മുകളില്‍ നിന്ന് താഴേക്ക് ലിംഗാധിഷ്ഠിത അധികാരശ്രേണിയില്‍ നിന്ന് കിനിഞ്ഞിറങ്ങിയ അറിവല്ലായിരുന്നു. ഏറെ കാലം കഴിഞ്ഞ്, വിവാഹിതയായി, കോഴിക്കോട്ടെ മുക്കത്തേക്കു വന്നശേഷം മാത്രമാണ് അന്നാമ്മച്ചേടത്തി ചികിത്സിക്കാനും പിന്നീട്, അനേകമനേകം ചെടിയറിവുകളിലൂടെ ‘ചെടിച്ചേച്ചി’ എന്നറിയപ്പെടാനും ആദരിക്കപ്പെടാനും തുടങ്ങിയത്. അവര്‍ക്കും അവകാശനിഷേധത്തെക്കുറിച്ച് നീരസത്തിന്‍റേതായ ഒരു ഭാഷയല്ല ഉള്ളത്. എങ്കിലും തനിക്കു ഏറെ താല്പര്യം ഉള്ള വൈദ്യം പഠിക്കാന്‍ ബുദ്ധിമുട്ടേണ്ടിവന്നു എന്നത് ഒരു അവകാശനിഷേധമായി തന്നെയാണ് അവര്‍ കാണുന്നത്.

മറ്റെല്ലാറ്റിലുമെന്നപോലെ അറിവുകളുടെ നിയന്ത്രണത്തിലും കൈമാറ്റത്തിലും അധികാരത്തിന്‍റേയും കളികള്‍ ഉണ്ട്. ഇതില്‍ ജാതി, ലിംഗം, സാമൂഹിക-സാമ്പത്തിക പദവി ഇവയൊക്കെ തരാതരം പോലെ ഇടപെടും. ഇനി നമുക്ക് കേരളത്തിന്‍റെ അഭിമാനസ്തംഭമായി ഘോഷിക്കപ്പെടുന്ന അഷ്ടവൈദ്യപാരമ്പര്യത്തിലേക്ക് വരാം. പ്രധാനമായും ഇതൊരു സവര്‍ണപാരമ്പര്യമാണ്. ആയുര്‍വേദത്തിലെ അഷ്ടാംഗങ്ങളിലും പ്രാവീണ്യമുള്ള ധാരാളം സവര്‍ണ്ണേതര ജാതിക്കാരുണ്ടായിരുന്നെങ്കിലും അവര്‍ക്കൊന്നും തന്നെ അഷ്ടവൈദ്യപ്പട്ടം കിട്ടിയില്ല. മറ്റൊന്ന്, ഇരുപതാംനൂറ്റാണ്ടിന്‍റെ പകുതി വരെ, ഈ സവര്‍ണപാരമ്പര്യത്തിനകത്ത് കുടുംബത്തിലെ മൂത്ത ആണ്‍പ്രജക്ക് മാത്രമെ ചികിത്സാപാരമ്പര്യത്തിന്‍റെ അഷ്ടവൈദ്യ ചെങ്കോല്‍ കൈമാറിയിരുന്നുള്ളൂ. അടുത്ത നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയായപ്പോഴേക്ക്  കുടുംബത്തിലെ ആയുര്‍വേദം പഠിച്ച ആണ്‍പ്രജകള്‍ക്കെല്ലാം ‘അഷ്ടവൈദ്യന്‍’ എന്ന പദവി നല്‍കിതുടങ്ങി. എന്നാല്‍ കുടുംബത്തിലെ പെണ്‍വൈദ്യകള്‍ക്ക് ഈ പദവി നിഷിദ്ധമായി തുടര്‍ന്നു. പെണ്‍കുട്ടികള്‍ വിവാഹം കഴിച്ച് വീട് വിട്ടു പോകും എന്ന (അ)ന്യായമാണു ഇതിനു കാരണമായി പറയുന്നത്. എന്നാല്‍, വീട്ടിലേക്ക് വിവാഹം കഴിച്ചെത്തുന്ന സ്ത്രീകള്‍ക്കും, അവര്‍ ആയുര്‍വേദ വിശാരദകള്‍ ആയിരുന്നാലും ‘അഷ്ടവൈദ്യ’ പദവി ഒരിക്കലും ലഭിച്ചില്ല. അവര്‍ സവര്‍ണരായിരിക്കുമ്പോഴും വെറും വൈദ്യകള്‍ ആയി തുടര്‍ന്നു. അതിപ്പൊഴും അഭംഗുരം തുടരുന്നു. അതായത് ആചാരനിബദ്ധമായി ജാതി-ലിംഗ വ്യത്യാസം നിലനിര്‍ത്തപ്പെടുന്നുവെന്ന് സാരം. സ്ത്രീ-പുരുഷ ദ്വന്ദ്വങ്ങള്‍ക്കപ്പുറത്തുള്ള ലിംഗവൈജാത്യങ്ങളെ ആയുര്‍വേദം അഭിസംബോധന ചെയ്യാനിരിക്കുന്നതേയുള്ളൂ.

അതേ സമയം, തൃശ്ശൂരുള്ള സുന്ദരന്‍ വൈദ്യര്‍, വൈദ്യം പഠിക്കുന്നത് അമ്മയില്‍ നിന്നുമാണ്. ഈഴവ വൈദ്യയായ പാറുക്കുട്ടിയമ്മ വിവാഹത്തിനു മുന്‍പും പിന്‍പും ഉഴിച്ചില്‍, മര്‍മവൈദ്യം ഇവ ചെയ്തുപോന്നു. അവര്‍ക്ക് കളരിയഭ്യാസവും അറിയാമായിരുന്നു. അവരുടെ ഭര്‍ത്താവും ചികിത്സ പഠിക്കുന്നത് അവരില്‍ നിന്നായിരുന്നുവത്രെ. പാറുക്കുട്ടിയമ്മ ആണ്‍-പെണ്‍-കുട്ടി-ചെറുപ്പക്കാര്‍-വൃദ്ധര്‍ എന്ന ഭേദമില്ലാതെ എല്ലാവരേയും ചികിത്സിച്ചു. വയറിനകത്തെ ഗര്‍ഭസ്ഥശിശുവിന്‍റെ സ്ഥാനമാറ്റം അവര്‍ക്ക് തൊട്ടുനോക്കി, തടവിനോക്കി, തലോടിനോക്കി, പിടിച്ചുനോക്കി അറിയാനുള്ള പ്രാപ്തി ഉണ്ടായിരുന്നു. ഏഴ് മാസം കഴിഞ്ഞ് ഗര്‍ഭിണിയുടെ വയറ് വലുതായില്ലെങ്കില്‍, കുട്ടിക്കു വാതം കോപിച്ചതായിരിക്കുമെന്നും, അതിനുള്ള മരുന്ന് ഗര്‍ഭിണി കഴിച്ചില്ല എങ്കില്‍, കുട്ടിക്കു പുഷ്ടി ഉണ്ടാവില്ല എന്നും ഇവര്‍ കണ്ടെത്തി മരുന്ന് കൊടുക്കും. അമ്മ ഗര്‍ഭിണികളെ പരിശോധിക്കുമ്പോള്‍ സുന്ദരന്‍ വൈദ്യരാണ് സഹായി. വയറ്റാട്ടിയല്ലാത്ത, ചികിത്സക മാത്രമായ അമ്മയുടെ ജ്ഞാനപാരമ്പര്യം കിട്ടിയത് ഇളയ മകനായ സുന്ദരന് ആയിരുന്നു.

1940-കളില്‍ ആയുര്‍വേദം പഠിക്കാനെത്തുന്ന പെണ്‍കുട്ടികള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമായിരുന്നു. അതില്‍ തന്നെ പ്രാക്റ്റീസ് ചെയ്തവര്‍ കുറവുമായിരുന്നു. വൈദ്യകുടുംബങ്ങളില്‍ നിന്നും ഉള്ളവര്‍ക്കാണ് അല്‍പ്പമാത്രമായെങ്കിലും അതിനു അവസരം ഉണ്ടായതു. 1980-കള്‍ ആവുമ്പോഴേക്ക് ആയുര്‍വേദം പഠിക്കാനെത്തുന്നത് ഏറെയും പെണ്‍കുട്ടികള്‍ ആണെന്നും, ഇതൊരു താഴ്ന്ന പ്രൊഫഷണ്‍ ആയി കണ്ട് ആണ്‍കുട്ടികള്‍ എഞ്ചിനീയറിംഗ് പോലുള്ള മറ്റ് തൊഴിലധിഷ്ഠിത കോഴ്സുകളിലേക്കാണ് പോകുന്നതെന്നും ടാറ്റാഇന്‍സ്റ്റിറ്റ്യൂട്ടിലെ പ്രൊഫ. ലീനാ എബ്രഹാം നിരീക്ഷിക്കുന്നു. ഈ സ്ത്രീസാന്നിദ്ധ്യം വൈദ്യത്തിനകത്ത് ഗുണപരമായ മാറ്റങ്ങള്‍, ലിംഗാധിഷ്ഠിത സമത്വം, സ്ത്രീ-ശരീര കേന്ദ്രീകൃതമായ കാഴ്ച്ചപ്പാടുകളിലെ പോരായ്മകള്‍ ഇവയൊക്കെ പരിഹരിക്കാന്‍ സഹായകമാവുമോ എന്ന് അറിയാനിരിക്കുന്നതേയുള്ളൂ.
പ്രസവചികിത്സ, പ്രസവാനന്തര ശുശ്രൂഷ ഇവ നടത്തിയിരുന്ന സ്ത്രീകളെ (വയറ്റാട്ടി/പേറ്റിച്ചി എന്നൊക്കെ ഇവര്‍ അറിയപ്പെട്ടു) വൈദ്യകള്‍ ആയി അംഗീകരിച്ചിരുന്നില്ലെങ്കിലും അവര്‍ അമ്മക്കും കുഞ്ഞിനും ചെയ്തുപോന്ന ആരോഗ്യസംരക്ഷണം വൈദ്യം തന്നെ ആയിരുന്നു. ജാത്യാചാരം പ്രകടമായും കൊടികുത്തി വാണ അക്കാാലത്ത് വേലന്‍, മണ്ണാന്‍, കുറവര്‍ തുടങ്ങിയ ‘അവര്‍ണവിഭാഗത്തില്‍’ പെട്ട ഈ ദായിമാര്‍ക്ക് പ്രസവ-പ്രസവാനന്തര ശുശ്രൂഷക്കായി സവര്‍ണരുടെ വീടുകളില്‍ താല്‍കാലികമായെങ്കിലും പ്രവേശനവും അതോടനുബന്ധിച്ച അവകാശങ്ങളും ഉണ്ടായിരുന്നു. പേറ്റുമരുന്ന്, ലേഹ്യങ്ങള്‍, വേത്കുളിക്കായുള്ള മരുന്നുകള്‍ ഇട്ട് തിളപ്പിച്ച വെള്ളം, കുഞ്ഞിനെ കുളിപ്പിക്കാനായുള്ള എണ്ണയോ, തേങ്ങാപ്പാലോ ഉണ്ടാക്കല്‍ തുടങ്ങിയ നിരവധി അറിവുകള്‍ ഇവരുടേതായി ഉണ്ടായിരുന്നു. ഇതൊക്കെ ആണെങ്കിലും, ചികിത്സാരംഗത്ത് ഇത്തരം സ്ത്രീകള്‍ രണ്ടാം തരക്കാരായിരുന്നു. തരം പോലെ, അവസരം പോലെ അവര്‍ താല്‍ക്കാലികമായി ഒന്നാം തരക്കാരാവുകയും സന്ദര്‍ഭം കഴിഞ്ഞ് രണ്ടാം തരക്കാരാവുകയും ചെയ്തു.

ഡോ.ഗിരിജ കെ.പി.
സ്വതന്ത്ര ഗവേഷക. നേരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്
അഡ്വാന്‍സ്ഡ്
സ്റ്റഡീസ്, ഷിംലെയില്‍ ഫെല്ലോ

 

COMMENTS

COMMENT WITH EMAIL: 0