Homeശാസ്ത്രം

പെര്‍സിവിയറന്‍സ് ദൗത്യത്തില്‍ അഭിമാനമായി സ്വാതി മോഹന്‍

സീമ ശ്രീലയം

ഭീതിയുടെ ഏഴു മിനിട്ടുകള്‍- നാസയുടെ ചൊവ്വാ പര്യവേക്ഷണ പേടകമായ പെര്‍സിവിയറന്‍സിന്‍റെ ഗ്രഹോപരിതലത്തിലേക്കുള്ള ലാന്‍ഡിങ്ങിനെ ശാസ്ത്രജ്ഞര്‍ അങ്ങനെയാണ് വിശേഷിപ്പിച്ചത്. ഈ ഫെബ്രുവരി 18 ന് പെര്‍സിവിയറന്‍സ് ചുവന്ന ഗ്രഹത്തിലെ ജെസീറോ ക്രേറ്റര്‍ പ്രദേശത്ത് വിജയകരമായി ലാന്‍ഡ് ചെയ്ത വാര്‍ത്തയ്ക്കൊപ്പം ഒരു ഇന്ത്യന്‍ വംശജയെയും ലോകം ശ്രദ്ധിച്ചു. ഡോ.സ്വാതി മോഹന്‍ ആണ് പെര്‍സിവിയറന്‍സ് ദൗത്യത്തില്‍ സുപ്രധാന പങ്കു വഹിച്ച ആ വനിത. ബഹിരാകാശ ഗവേഷണരംഗമോ? അതിലൊക്കെ സ്ത്രീകള്‍ക്കുണ്ടോ ശോഭിക്കാനാവുന്നു? തുടങ്ങിയ പതിവു പല്ലവികള്‍ക്കുള്ള ചുട്ട മറുപടി തന്നെയാണ് സ്വാതിയുടെ വിസ്മയ നേട്ടം. റോവറിനെ വഹിക്കുന്ന സ്പേസ്ക്രാഫ്റ്റിന്‍റെ ഓറിയന്‍റേഷന്‍ ചൊവ്വയിലേക്കുള്ള യാത്രക്കിടയിലും ഉപരിതലത്തിലേക്കുള്ള ലാന്‍ഡിങ്ങിനിടെയും കൃത്യമാണെന്ന് ഉറപ്പുവരുത്തുന്ന സങ്കീര്‍ണ്ണമായ ജോലിയാണ് സ്വാതി വിജയകരമായി പൂര്‍ത്തിയാക്കിയത്. പെര്‍സിവിയറന്‍സ് ലാന്‍ഡിങ്ങിന്‍റെ വിജയ വാര്‍ത്ത ലോകം ശ്രവിച്ചതും സ്വാതിയുടെ ശബ്ദത്തിലൂടെ തന്നെ.
കര്‍ണാടകയിലെ ബംഗളൂരുവിലാണ് സ്വാതിയുടെ ജനനം. ഒരു വയസ്സുള്ളപ്പോള്‍ എഞ്ചിനീയര്‍മാരായ മാതാപിതാക്കള്‍ക്കൊപ്പമാണ് സ്വാതി യു.എസ്സിലെത്തിയത്. കുട്ടിക്കാലത്തു തന്നെ സ്റ്റാര്‍ട്രെക്ക് പരമ്പരകളില്‍ ആകൃഷ്ടയായ സ്വാതിയുടെ മനസ്സില്‍ നക്ഷത്രങ്ങളും ഗ്രഹങ്ങളും ബഹിരാകാശത്തിന്‍റെ അപാരതയുമൊക്കെ വിസ്മയമായി വളരാന്‍ തുടങ്ങി. ഒരു ശിശുരോഗവിദഗ്ധയാവാനാണ് ആഗ്രഹമെന്ന് ആദ്യമൊക്കെ പറയുമായിരുന്നെങ്കിലും തന്‍റെ മേഖല ബഹിരാകാശ ഗവേഷണമാണെന്നു തിരിച്ചറിഞ്ഞ സ്വാതി പിന്നീട് അതിലേക്ക് തിരിയുകയായിരുന്നു. അങ്ങനെ കോര്‍ണെല്‍ സര്‍വ്വകലാശാലയില്‍ മെക്കാനിക്കല്‍ ആന്‍റ് എയ്റോസ്പേസ് എഞ്ചിനീയറിങ് പഠിക്കാന്‍ ചേര്‍ന്നു. പിഎച്ച്ഡി നേടിയതാവട്ടെ മസ്സാച്ചൂസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നും. ഓര്‍ബിറ്റ് ഓപ്പറേഷന്‍സ് ആയിരുന്നു ഒരു പ്രധാന ഗവേഷണ മേഖല.
നാസയുടെ ശനി പര്യവേക്ഷണദൗത്യമായ കസ്സീനി ദൗത്യത്തിലും ചാന്ദ്രദൗത്യമായ ഗ്രെയിലിലും പങ്കാളിയായിരുന്നു സ്വാതി. ചുരുങ്ങിയ കാലം കൊണ്ടുതന്നെ തന്‍റെ കഴിവു തെളിയിച്ച സ്വാതിക്ക് 2013-ല്‍ മാര്‍സ്-2020 എന്ന പെര്‍സിവിയറന്‍സ് ദൗത്യ ടീമില്‍ സുപ്രധാന ചുമതല തന്നെയാണ് ലഭിച്ചത്. മുന്‍ ദൗത്യങ്ങളില്‍ നിന്നുള്ള അനുഭവ പാഠങ്ങളും കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി സ്വാതി കൈയെത്തിപ്പിടിച്ചതാവട്ടെ വിസ്മയ നേട്ടവും. പെര്‍സിവിയറന്‍സിന്‍റെ ഗൈഡന്‍സ്, നാവിഗേഷന്‍ ആന്‍റ് കണ്‍ട്രോള്‍ വിഭാഗത്തിനു നേതൃത്വം വഹിച്ചത് സ്വാതി മോഹനാണ്. ഗൈഡന്‍സ്, നാവിഗേഷന്‍ ആന്‍റ് കണ്‍ട്രോള്‍ എന്നത് ഒരു ബഹിരാകാശ പേടകത്തെ സംബന്ധിച്ച് അതിന്‍റെ കണ്ണുകളും കാതുകളും പോലെയാണെന്ന് സ്വാതി പറയുന്നു. സ്വാതിയുടെ നേതൃത്വത്തിലുള്ള എഞ്ചിനീയര്‍മാര്‍ വികസിപ്പിച്ചെടുത്ത ആറ്റിറ്റ്യൂഡ് കണ്‍ട്രോള്‍ സിസ്റ്റം ടെറെയ്ന്‍ റിലേറ്റീവ് നാവിഗേഷന്‍ എന്ന സാങ്കേതിക വിദ്യയാണ് പെര്‍സിവിയറന്‍സ് റോവറിനെ കൃത്യമായി ചൊവ്വയിലിറക്കാന്‍ സഹായിച്ചത്.
ചൊവ്വയുടെ പരിണാമ രഹസ്യങ്ങള്‍ ചുരുള്‍ നിവര്‍ത്തുക, അവിടെ ഏതെങ്കിലും തരത്തിലുള്ള ജീവന്‍റെ തുടിപ്പുകള്‍ ഉണ്ടോ? അല്ലെങ്കില്‍ ഏതെങ്കിലും കാലത്ത് ജീവന്‍ ഉണ്ടായിരുന്നോ തുടങ്ങി ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുക എന്നിവയൊക്കെ പെര്‍സിവിയറന്‍സ് ദൗത്യത്തിന്‍റെ ലക്ഷ്യങ്ങളാണ്. ചൊവ്വയുടെ അന്തരീക്ഷം അവിടുത്തെ മണ്ണ്, ഉപരിതലം, പാറകള്‍ എന്നിവയെക്കുറിച്ചൊക്കെയുള്ള രഹസ്യങ്ങള്‍ മനുഷ്യനെയും വഹിച്ചുകൊണ്ടുള്ള ചൊവ്വാദൗത്യങ്ങള്‍ക്ക് ഏറെ സഹായകമാകും എന്നു തീര്‍ച്ച. ഈ സുപ്രധാന ദൗത്യത്തില്‍ മുന്‍ നിരയില്‍ത്തന്നെ പ്രവര്‍ത്തിച്ച് വിസ്മയ നേട്ടം കൈവരിച്ചാണ് സ്വാതി മോഹന്‍ ചരിത്രം കുറിച്ചത്. വിവാഹിതയായപ്പോഴും രണ്ടു പെണ്‍കുട്ടികളുടെ അമ്മയായപ്പോഴും തന്‍റെ ഗവേഷണ താല്പര്യം സ്വാതി കൈവിട്ടില്ല. വ്യക്തിജീവിതത്തിലെ തിരക്കുകളുടെ പേരില്‍ തന്‍റെ ബഹിരാകാശ സ്വപ്നങ്ങളെ ഉപേക്ഷിച്ചതുമില്ല. ബഹിരാകാശ ഗവേഷണരംഗത്തേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്കും ഗവേഷണരംഗത്തുള്ള വനിതകള്‍ക്കും തീര്‍ച്ചയായും വലിയൊരു പ്രചോദനമാണ് ഡോ.സ്വാതി മോഹന്‍.

 

 

സീമ ശ്രീലയം
പ്രമുഖ ശാസ്ത്ര ലേഖിക,
നിരവധി ബഹുമതികള്‍ക്ക് ഉടമ

COMMENTS

COMMENT WITH EMAIL: 0