Homeവഴിത്താരകൾ

താരയുടെ ജ്ഞാനസ്നാനം

ജാനകി

തിനകം ധാരാളം വായനക്കാര്‍ അനിത ശ്രീജിത്ത് എഴുതിയ കറന്‍റ് ബുക്ക്സ് പ്രസിദ്ധീകരിച്ച പെണ്‍സുന്നത്ത് എന്ന നോവലിനെ ഹൃദയപൂര്‍വം സ്വീകരിച്ചുകഴിഞ്ഞിരിക്കുന്നു എന്നത് നവമാധ്യമങ്ങള്‍ ഒരുക്കിത്തരുന്ന ചില സൗഭാഗ്യങ്ങളാണ്. അനിത എന്‍റെ ഫേസ്ബുക് സുഹൃത്ത് അല്ലാത്തതു കൊണ്ട് തന്നെ ഞാന്‍ മുഖപുസ്തക പോസ്റ്റുകളായിട്ടല്ല പെണ്‍സുന്നത്ത് എന്ന കൃതിയെ വായിക്കുന്നത്. അധികാരത്തിന്‍റെ ഓരങ്ങളില്‍ ജീവിക്കുന്നവരുടെ അനുഭവങ്ങളും, ഭാഷയും, ആവിഷ്കാരങ്ങളും തമ്മിലുള്ള ബന്ധങ്ങളെ ഏറെ ജിജ്ഞാസയോടെ പിന്തുടരുന്ന ഒരു വായനക്കാരി എന്ന നിലയില്‍ പുസ്തകത്തിന്‍റെ ശീര്‍ഷകം എന്നില്‍ ചെറിയൊരു സന്ദേഹമാണ് ആദ്യം ഉളവാക്കിയത്.ഫെമിനിസ്റ്റ് പ്രസ്ഥാനത്തിന്‍റെ തുടക്ക കാലങ്ങളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ചേലാകര്മ്മത്തെ കുറിച്ചുള്ള നോവലിന് എത്രത്തോളം ഒരു പുതിയ വായനാനുഭവം സൃഷ്ടിക്കാന്‍ കഴിയും എന്ന സന്ദേഹം. അതിനൊപ്പം തന്നെ ദശകങ്ങള്‍ക്ക് മുന്‍പ് ഇന്ഗ്ലീഷില്‍ രചിക്കപ്പെട്ട മറ്റൊരു ലേഖനവും ഓര്‍മ്മയിലേക്കു കയറി വന്നു. പ്രഗത്ഭ കവിയും ചിന്തകയുമായ അഡ്രിയെന്‍ റി ച്ചിന്‍റെ Compulsory Heterosexuality And Lesbian Existence എന്ന ചരിത്രപ്രധാനമായ ലേഖനം.പുരുഷന്‍റെ ലൈംഗിക ആനന്ദത്തിനായി മാത്രം പെണ്‍ശരീരങ്ങളെ വെട്ടിയൊരുക്കുന്ന എത്രയോ നൂറ്റാണ്ടുകളായി തുടരുന്ന ആണധികാര പ്രയോഗങ്ങളെ വിശകലനം ചെയ്യുന്ന ആദ്യ പഠനങ്ങളിലൊന്നായിരുന്നു അത്.


പക്ഷെ എന്‍റെ ആശങ്കകളെ ദൂരീകരിച്ചുകൊണ്ടു , ഇന്നും ഞാന്‍ എന്‍റെ ക്ലാസില്‍ ചര്‍ച്ച ചെയ്യുന്ന അഡ്രിയാന്‍ റി ച്ചിന്‍റെ ലേഖനത്തിന്‍റെ വാദഗതിയെ കരുത്തോടെ ആവിഷ്കരിക്കുന്ന രചനയായിട്ടാണ് പെണ്‍സുന്നത്തു ഞാന്‍ വായിച്ചു തീര്‍ത്തത്.
ചേലാകര്‍മ്മം എന്ന ആചാരത്തിന്‍റെ സ്ത്രീവിരുദ്ധതയും, ഹിംസാതമകതയും അത് അടിച്ചേല്‍പ്പിക്കപ്പെടുന്ന കൊച്ചു പെണ്‍കുഞ്ഞുങ്ങളുടെ ശരീരവും മനസ്സും അനുഭവിക്കുന്ന വേദനയും യാതനയും ഇത്രയും മൂര്‍ച്ചയോടെ, ആര്‍ദ്രതയോടെ,ഭാവനാവൈഭവത്തോടെ ആരെങ്കിലും മലയാളത്തില്‍ എഴുതിയിട്ടുണ്ടോ എന്ന് സംശയമാണ്. നോവലിന്‍റെ അവതാരിക അതിന്‍റെ വൈകാരിക സന്ദര്‍ഭത്തെ സത്യസന്ധമായി നമുക്ക് മുന്നിലെത്തിക്കുന്നു. 2015 ല്‍ താന്‍ അറിയാന്‍ ഇടയായ female genital mutilation എന്ന പല രാജ്യങ്ങളിലും നടക്കുന്ന ആചാരത്തെ കുറിച്ചുള്ള കൗതുകവും തുടര്‍ന്നുള്ള ഞെട്ടിക്കുന്ന അതിന്‍റെ പ്രയോഗങ്ങളും ആഘാതങ്ങളുമാണ് ഇങ്ങിനെയൊരു നോവല്‍ എഴുതാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് അനിത വെളിപ്പെടുത്തുന്നു.പല ആഫ്രിക്കന്‍ ഗോത്രസമുദായങ്ങളിലും മിഡില്‍ ഈസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലും ഈ ആചാരം ഒരു വിഘ്നവുമില്ലാതെ തുടരുന്നു എന്ന നടുക്കം , അതിലെ അവകാശ ലംഘനത്തിന്‍റെ തീവ്രത, എഴുത്തുകാരിയുടെ ഉള്ളില്‍ അതുയര്‍ത്തിയ കടുത്ത അമര്‍ഷവും നീതിബോധവും ചേര്‍ന്ന് ഈ പുസ്തക വായനയെ ഒട്ടും ലളിതമല്ലാത്ത ഒരു വൈകാരിക അനുഭവമാക്കി മാറ്റുന്നു.

അനിത ശ്രീജിത്ത്

ആഫ്രിക്കയില്‍ തന്‍റെ ഭര്‍ത്താവിന്‍റെ കൂടെ യാത്ര ചെയ്യാന്‍ ഇറങ്ങി തിരിച്ച സുന്ദരിയായ യുവതിയുടെ തിക്താനുഭവങ്ങളിലൂടെയാണ് ഈ കഥ ചുരളഴിയുന്നത് . താരയും ജിത്തുവും—രണ്ടു യുവമിഥുനങ്ങള്‍. പ്രണയവും നാട്കാണലും ഒരുമിച്ചു കൊണ്ടുപോകാന്‍ തീരുമാനിച്ച ഇവര്‍ ഒരു വംശീയ കലാപത്തില്‍ പെട്ടു  പോകുന്നതിലൂടെയാണ് കഥ ആരംഭിക്കുന്നത്. വോള്‍ സോയിങ്കയുടെ രചനകളിലൂടെയൊക്കെ നമുക്ക് സുപരിചിതമായ യൊറൂബഗോത്രത്തെയും അതിന്‍റെ ഉപഗോത്രങ്ങളെയും നമ്മള്‍ ഇവിടെ വീണ്ടും കണ്ടെത്തുന്നു. പഴയ മൗ മൗ കലാപത്തിന്‍റെ തുടര്‍ച്ചയായി ഒടുവില്‍ നമ്മള്‍ അറിയുന്ന ഈ കലാപത്തില്‍ അന്യ ദേശക്കാരായ ഉല്ലാസയാത്രക്കാരും രക്ഷപ്പെടുന്നില്ല.അതിന്‍റെ ഭാഗമായാണ് ഒരു ഗോത്രത്തിലെ യോദ്ധാക്കള്‍ താരയെ തട്ടിക്കൊണ്ടു പോകുന്നതും അവളെ അടിമയാക്കുന്നതും ഗോത്രത്തലവനുമായി നിര്‍ബന്ധപൂര്‍വം വിവാഹംകഴിപ്പിക്കുന്നതുമെല്ലാം.തികച്ചും അപരിചിതമായ ദേശം,ഭൂപ്രകൃതി,സമൂഹം ; വെറുപ്പിക്കുന്ന നടുക്കുന്ന കാഴ്ചകള്‍ ; തന്‍റെ ശരീരവും മനസ്സും ആവര്‍ത്തിച്ചു പേറേണ്ടി വരുന്ന അപമാനങ്ങള്‍,ബലാത്സംഗങ്ങള്‍; മനം മടുപ്പിക്കുന്ന ഗന്ധങ്ങള്‍ ;സ്വന്തം നാടിന്‍റെയും ആളുകളുടെയും തളര്‍ത്തുന്ന ഓര്‍മ്മകള്‍ —-അതിനിടയിലും ജീവിക്കാനും, ചെറുക്കാനും, പ്രതിരോധിക്കാനും വീറും വാശിയും കൈവിടാത്ത ഒരു പെണ്മനസ്സിന്‍റെ കഥയാണ് താരയുടേത്.അതിനൊപ്പം ആ ഗോത്രത്തിലെ അകയോ എന്ന പെണ്കുട്ടിയുമായുള്ള താരയുടെ സൗഹൃദവും അടുപ്പവും ഏതു കൂരിരുട്ടിലും വീഴുന്ന പ്രകാശത്തിന്‍റെ തുണ്ടുകഷ്ണമായി ,ഒരു ആശ്വാസമായി ,സ്നേഹചൈതന്യമായി നമുക്കുള്ളില്‍ പ്രതീക്ഷ കൊളുത്തുന്നു.
ഒരു ചിത്രകാരി എഴുതുന്ന നോവലായതു കൊണ്ടാകണം വിവരണങ്ങള്‍ ദൃശ്യസമ്പന്നമാകുന്നത്.ഒരു സാങ്ക്പല്‍പിക ഭൂപ്രദേശത്തെ സൃഷ്ടിച്ച് , ആഖ്യാനത്തിനു അനുയോജ്യമായ രീതിയില്‍ അതിന്‍റെ പ്രകൃതിവിഭവങ്ങള്‍ മിഴിവോടെ വര്‍ണ്ണിക്കുവാന്‍ അനിതക്ക് കഴിയുന്നുണ്ട്.തിക്തമായ അനുഭവങ്ങള്‍ക്ക് കാഠിന്യം പകര്‍ന്ന അനിതയുടെ വരകളും കൂട്ടിരിക്കുന്നു അതെ, അനിത തന്നെ കൃത്യമായി പറയുന്ന പോലെ “എന്‍റെ കൈയ്യില്‍ രണ്ടു ആയുധങ്ങളുണ്ട്.ഒന്ന് വര, രണ്ടു എഴുത്ത് .” വരയെക്കാള്‍ താന്‍ ഊന്നല്‍ കൊടുത്തത് എഴുത്തിനാണ് എന്ന് അനിത പറയുന്നുണ്ടെങ്കിലും വരകളിലെ തീക്ഷ്ണത നമ്മളെ വായനക്ക് ശേഷവും മഥിച്ചുകൊണ്ടിരിക്കും. ബ്ലാക് ആന്‍ഡ് വൈറ്റിലും ആ വരകളില്‍ ഞാന്‍ എന്ത്കൊണ്ടാണ് കടുത്ത വര്‍ണ്ണങ്ങള്‍ കണ്ടത് എന്ന് എന്നെ അത്ഭുതപ്പെടുത്തി. എഴുത്തിലെ തീവ്രതയും അഗാധമായ ദുഖവും, ക്രോധവും, അനുകമ്പയുമായിരിക്കണം എന്ന് ഞാന്‍ സ്വയം വിശദീകരിക്കുന്നു.ചില വിശുദ്ധ അനുഷ്ഠാനങ്ങളുടെ ഉച്ചാടനശക്തി ഈ വരകളില്‍ തുടിക്കുന്നുണ്ടോ എന്ന് തോന്നി പോയിരുന്നു. സ്ത്രീകളെ ചൂഴ്ന്നുനില്‍കുന്ന ദുഷ്ടതയുടെ ഉച്ചാടനം! വരയും എഴുത്തും ചേര്‍ന്നൊരുക്കുന്ന സവിശേഷമായ ആസ്വാദനാനുഭവം, ഈ കൃതിക്കു ഒരു ഗ്രാഫിക് നോവലിന്‍റെ സാധ്യത നല്‍കുന്നുണ്ട്.

സഹനത്തിന്‍റെയും, അതിജീവനത്തിന്‍റെയും, സ്ത്രീസഹോദര്യത്തിന്‍റെയും നൂലുകള്‍ കൊണ്ട് കൊരുത്തെടുത്തിരിക്കുന്ന കഥയില്‍ ഉദ്വേഗഭരിതമായ ആഖ്യാന പാടവം കാണാം.ഭാഷയില്‍ പാടിപ്പതിഞ്ഞ മുഷിപ്പുകള്‍ ഇല്ല.നവ്യമായ ഉന്മേഷങ്ങളും,ആവേഗങ്ങളും ഒരു പുതിയ നോവല്‍ രചയിതാവിന്‍റെ പിറവി അറിയിക്കുന്നുണ്ട്.ആനന്ദിന്‍റെ പിന്കുറിപ്പില്‍ വാസ്തവം ഫിക്ഷനെക്കാള്‍ അസാധാരണമാണ് എന്ന് പറയുന്നുണ്ട്.എന്നാല്‍ വാസ്തവങ്ങളെ കഥയാക്കുവാന്‍ അനിത അവലംബിച്ച സങ്കേതങ്ങളും ആഖ്യാന തന്ത്രങ്ങളുമാണ് എനിക്ക് കൗതുകകരമായി തോന്നിയത്. “ഞാനെഴുതിയ ഗോത്രാനുഭവങ്ങളില്‍ 80% ആഫ്രിക്കന്‍ , ഏഷ്യന്‍ വിശ്വാസങ്ങളുടെ പകര്‍പ്പുകളാണ് .20 % എന്‍റെ ഭാവനയാണ്. -വനസ്ഥലികളും ഏകാന്തതയും ജനങ്ങളുടെ സ്വഭാവ വൈചിത്ര്യവും എന്‍റെ ഭാവന മാത്രമാണ് ‘ എന്ന് അനിത ഊട്ടിയുറപ്പിക്കുന്നുണ്ട്. ആ ഭാവന തന്നെയാണ്, അതില്‍ വിടരുന്ന നൂതനമായ ഭാഷ തന്നെയാണ് ഈ കൃതിയെ വ്യത്യസ്തമാക്കുന്നതും.
വായിച്ചു കൊണ്ടിരിക്കുമ്പോള്‍ ഗോത്രസമൂഹങ്ങളെ യാഥാസ്ഥിതികമായും, ആധുനിക സമൂഹങ്ങളെ പുരോഗമനപരമായും ചിത്രീയ്കരിക്കാനുള്ള ഒരു പ്രവണതയുണ്ടോ എന്ന് ന്യായമായും തോന്നാവുന്ന സംശയം ദൂരീകരിക്കാന്‍ പുസ്തകം ശ്രമിക്കുന്നുണ്ട് .കാരണം ഗോത്രസമൂഹങ്ങളെ അതിശയിപ്പിക്കുന്ന രീതികളിലാണല്ലോ പരിഷ്ക്കൃത സമൂഹങ്ങള്‍ സ്ത്രീകളെയും പെണ്കുഞ്ഞുങ്ങളെയും വേട്ടയാടിക്കൊണ്ടിരിക്കുന്നത്. വാളയാറിലെ മുറിവുകള്‍ ഉണങ്ങാത്ത കേരളത്തിലിരുന്നു വായിക്കുമ്പോള്‍ അത് മറക്കാനാവില്ല.

മയക്കുമരുന്നിന് അടിമയാക്കപ്പെട്ട കൗമാരം വിടാത്ത പെണ്‍കുട്ടി രാത്രികാലങ്ങളില്‍ ഡ്രഗ് ദാതാക്കള്‍ക്കു രഹസ്യമായി വാതില്‍ തുറന്നു കൊടുക്കാന്‍ നിര്ബന്ധിതയായതും, വീട്ടുകാര്‍ ഉറങ്ങിക്കിടക്കുമ്പോള്‍ തുടര്‍ച്ചയായി ബലാത്സംഗം ചെയ്യപ്പെട്ട വാര്‍ത്തകളും മലയാള പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ട് അധിക ദിവസമായില്ല.അതുകൊണ്ടു തന്നെ സോമാലിയ അങ്ങകലെയുള്ള ഒരു കാടന്‍പ്രദേശമായി ആശ്വസിക്കാന്‍ ആവില്ല. ആ ബോധ്യം താരയുടെ ഉയിര്‍ത്തെഴുന്നേല്‍പ്പില്‍ ശക്തമായി സ്ഫുരിക്കുന്നുണ്ട് എന്നതാണ് നോവലിലെ ലിംഗരാഷ്ട്രീയ കാഴ്ചപ്പാടിനെ സങ്കീര്‍ണമാക്കുന്നത് .ആണ്കോയ്മക്കെതിരെ ഒരു കലാപമായി മുന്നോട്ടുവെക്കുന്ന ഈ നോവലിന്‍റെ അന്തര്ധാരയായി ഒരു പ്രണയനദി ഒഴുകുന്നുണ്ട് എന്നത് കഥയെ സൂക്ഷ്മമായ മാനസിക വ്യാപാരങ്ങളിലേക്കും ഉടലിന്‍റെ അനന്തമായ ആഴങ്ങളിലേക്കും കൊണ്ടുപോകുന്നുണ്ട്.പീഡനങ്ങളും,ക്രൂരതയും,വരണ്ട മൗനങ്ങളും ,ഭയവും,നിസ്സഹായതയും ,സ്നേഹവും നിറഞ്ഞ ഈ പുസ്തകം ഒരു സ്ത്രീയുടെ ബോധോദയത്തെ അടയാളപ്പെടുത്തുകയാണ് .താരയുടെ ജ്ഞാനസ്നാനമാണ് ഇവിടെ നടക്കുന്നത് . തന്‍റെ ചെറിയ സംതൃപ്തികളില്‍ സുഖിച്ചു ഒതുങ്ങി കഴിഞ്ഞിരുന്ന താര എടുത്തെറിയപ്പെട്ട ഒട്ടും സരളമല്ലാത്ത കുല്സിതവൃത്തികള്‍ നിറഞ്ഞ, പുരുഷപ്രധാനമായ ലോകം.താരയുടെ കീറിമുറിക്കപ്പെട്ട ശരീരത്തിലൂടെ സുപ്തമായ ഒരുപാട്മനസ്സുകള്‍ ഉണരേണ്ടതാണ്.താരയുടെ സഹനങ്ങളിലൂടെ അവള്‍ രാഷ്ട്രീയവത്കരിക്കപ്പെടുകയാണ്. ആ പ്രക്രിയ അവളെ ഒരു ഫെമിനിസ്റ്റ് പ്രതീകമാക്കി മാറ്റുമ്പോഴും അവള്‍ ആഗ്രഹിക്കുന്നത് ഫെമിനിസം ആവശ്യമില്ലാത്ത ഒരു ലോകത്തിന്‍റെ ഉദയത്തിനു വേണ്ടിയാണ്.ഫെമിനിസം അപ്രസക്തമാകുന്ന ഒരു സാമൂഹ്യ ക്രമത്തെ വിഭാവനം ചെയ്യുന്ന ഒരു സ്ത്രീയുടെ രചനയാണിത്.അനിതയുടെ വാക്കുകള്‍ തന്നെ അത് പറയട്ടെ:
“മത്സരമല്ലല്ലോ ജീവിതം?വംശീയമായ അടിച്ചമര്‍ത്തലിനെതിരെ,സാമൂഹികമായ മൂടിവെക്കലിനെതിരെ,പുരുഷാധിപത്യത്തിനെതിരെ സംസാരിക്കുവാന്‍ ഓരോ സ്ത്രീയും കെല്പുള്ളവര്‍ ആകണം
എന്നതാണ് എന്‍റെ ആഗ്രഹം.ഒരു നാള്‍ ഇപ്പറഞ്ഞതെല്ലാം ഉള്‍കൊള്ളുന്ന സ്ത്രീയും പുരുഷനും കൈകോര്‍ത്തു പിടിക്കുന്ന ഒരു സുന്ദര ഭൂമിയാണ് എന്‍റെ സ്വപ്നം”.

 

 

 

 

ജാനകി
കോഴിക്കോട് സര്‍വ്വകലാശാല
ഇംഗ്ലീഷ് വിഭാഗം അദ്ധ്യാപിക

COMMENTS

COMMENT WITH EMAIL: 0