Homeവഴിത്താരകൾ

പിഴക്കാത്ത നാവുകൾ

വില്യം ബൂഗറോവിന്‍റെ ചിത്രം Philomel and  Procne

ഫീലോമൽ  വീണ്ടും മനസ്സിൽ നിറയുന്നു.അറിയുമോ അവളെ ? ഹൃദയഭേദകമായ ഗ്രീക്ക് പുരാണ കഥയിലെ  നായികയാണവൾ.യവന പുരാവൃത്തങ്ങളിലെ ദേവന്മാരുടെ ക്രൂരതയും, സ്വാർത്ഥതയും,  ഹിംസാത്മകതയും ചെറുപ്പകാലങ്ങളിൽ എന്നെ ഞെട്ടിച്ചിട്ടുണ്ട്‌. മനുഷ്യർ  ദൈവങ്ങളേക്കാൾ   അലിവും, സ്നേഹവും  സഹാനുഭൂതിയും, നീതിബോധവും  ഉള്ളവരാണെന്ന് തോന്നിയിട്ടുണ്ട്.സഹോദരി ഭർത്താവിന്‍റെ കാമാർത്തിയിൽ   ബലികഴിക്കപ്പെട്ട കുമാരിയാണ് ഫീലോമൽ. ഏടത്തിയോട് അനുജത്തി തന്‍റെ അനുഭവത്തെ കുറിച്ച് പറയാതിരിക്കാൻ, അവളെ ലൈംഗികമായി പീഡിപ്പിച്ച സഹോദരി ഭർത്താവായ രാജാവ് അവളുടെ നാവു പിഴുതുമാറ്റുന്നു. സമർത്ഥമായി നെയ്തെടുത്ത ചിത്രകംബളത്തിലൂടെ അവൾ തനിക്കു മേൽ നടന്ന അക്രമത്തെ കുറിച്ച് സഹോദരിയെ അറിയിക്കുന്നു. പ്രതികാരാഗ്നിയിൽ സ്വന്തം മകനെ വധിച്ച് , അച്ഛന് വെച്ചു  വിളമ്പി, തങ്ങളുടെ  ക്രോധത്തെ തീർക്കാൻ ശ്രമിക്കുന്ന സഹോദരിമാരെ രോഷാകുലനായി  അയാൾ പിന്തുടരുമ്പോൾ  ദേവതകൾ അവരെ പക്ഷികളാക്കി മാറ്റുന്നു– ഫിലോമൽ  കുയിലായും, സഹോദരി കുരുവിയായും രൂപാന്തരം പ്രാപിച്ചു  പറന്നു പോവുകയാണ്. രാപ്പാടിയുടെ അതിമധുരമായ സംഗീതത്തിൽ തുടിക്കുന്നത് കടുത്ത വേദനയാണെന്നു പിന്നീട് കവികൾ പാടി. പല രചനകളിലും ശബ്ദം അടിച്ചമർത്തപ്പെട്ടിട്ടും പ്രതിഷേധിക്കുന്ന നീതിയുടെ സ്വരമായി ഫിലോമൽ പുനർജനിച്ചു .

മുത്തശ്ശിക്കഥകളിൽ നമ്മൾ പ്രതീക്ഷിക്കുന്ന  ശുഭകരമായ അന്ത്യമോ, പ്രതീക്ഷയോ, സന്തോഷമോ  തരാത്ത ഈ കഥ സമകാലീന ഭാവനയിൽ ഫീനിക്സ് പക്ഷിയെ പോലെ വീണ്ടും ഉയിർത്തെഴുന്നേൽക്കുന്നതു കാണാം. . ഇന്നത്തെ മനുഷ്യ ലോകത്തു  സ്ത്രീകളടങ്ങുന്ന  ദുർബല വിഭാഗങ്ങൾ അനുഭവിച്ചു  തീർക്കുന്ന കൊടിയ ഹിംസകളായിരിക്കാം ഇത്തരം ഐതിഹ്യങ്ങൾക്കു  പുത്തൻ ചിറകുകൾ നൽകുന്നത്.നൊബേൽ സമ്മാന ജേതാവായ  ലൂയിസ് ഗ്ലക്കിന്‍റെ കവിതകളിൽ പെർസെഫോണി   ആവർത്തിച്ച് ആവാഹിക്കപെടുന്നതും വെറുതെയല്ല.നീതി ലഭിക്കുമെന്ന പ്രതീക്ഷ ഇല്ലാത്ത കാലങ്ങളിൽ, മൗനം ഘനീഭവിക്കുന്ന ഘട്ടങ്ങളിൽ, നാവടങ്ങാൻ വിസമ്മതിക്കുമ്പോൾ, ഇന്നും നാവുകൾ വെട്ടിമാറ്റപ്പെടുന്നു. ഫീലോമലിൽ നിന്നും ഹാത്രസിലെ  പെൺകുട്ടിയിലേക്കു അധികം ദൂരമില്ല. മുറിഞ്ഞ നാവുകളിൽ നിന്ന് വാക്കുകളും, ശാപങ്ങളും ഇറ്റുവീണുകൊണ്ടിരിക്കുകയാണ്. നെറികെട്ട കാലത്തിന്‍റെ  പ്രതീകമായി നാവറുക്കപ്പെട്ട നായകന്‍റെ ദൃശ്യത്തിലാണ് ഗോവിന്ദ് നിഹ്‌ലാനിയുടെ എൺപതുകളിലെ ചിത്രം ദി പാർട്ടി അവസാനിച്ചത്. ഇന്നും വലിയ മാറ്റങ്ങളില്ലാതെ സ്ഥിതിഗതികൾ തുടരുന്നു എന്നത് എത്ര ദുഖകരം!!!

മൃതശരീരങ്ങൾ സംസാരിക്കുകയാണ് ഇരുപത്തിഒന്നാം നൂറ്റാണ്ടിലെ  ഇന്ത്യയിലും.  നാവുകൾ മുറിച്ചെടുക്കപ്പെട്ട ദളിത് സ്ത്രീകളുടെ, പെൺകുട്ടികളുടെ, ബാലികമാരുടെ, ശിശുക്കളുടെ മൃതശരീരങ്ങൾ. മാന്യമായി സംസ്കരിക്കപ്പെടാൻ പോലും അനുവദിക്കപ്പെടാത്ത മൃതദേഹങ്ങൾ. ആന്‍റിഗോണിയെപോലെ ഒരു സഹോദരിക്ക് വേണ്ടി ഒരുപക്ഷെ കേഴുന്ന മൃതശരീരങ്ങൾ. പ്രിയാമിനെ പോലെ ഒരു അച്ഛന് വേണ്ടി കേഴുന്നവർ . ആ ശരീരങ്ങൾക്കും  പിഴുതെടുക്കപ്പെട്ട നാവുകൾക്കും മേലെ നടക്കുന്ന രാഷ്ട്രീയ നാടകങ്ങൾ, അശ്ലീലം എന്ന പദത്തിന്,   പുതുഭാഷ്യങ്ങൾ ചമച്ചുകൊണ്ടിരിക്കുന്നു. ഹാത്രസിലെ പെൺകുട്ടി ദളിത് ആണെന്ന് ശക്തമായി ആവർത്തിക്കുക എന്നതാണ് ഇന്നത്തെ ഏറ്റവും പ്രധാനമായ പോരാട്ടം. ഈ അക്രമത്തിലെ ജാതിവെറിയെ കാണുകയും അതിനെ ഉറക്കെ പറയാൻ നാവു പൊങ്ങുകയും ചെയ്യുന്നതാണ് ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളിയും, പ്രതിസന്ധിയും.

സ്ത്രീകൾക്ക് നേരെ പൊതുവിൽ ഇന്ത്യയിൽ നടക്കുന്ന പിന്തിരിപ്പൻ ആൺകോയ്‌മാ ചിന്താഗതികളുടെ നീചമായ അക്രമമായി ഹാത്രസ്  സംഭവം കയ്യടക്കപ്പെടാതിരിക്കാൻ  വളരെ പണിപ്പെടേണ്ടിയിരിക്കുന്നു. ഇത് ഇന്ത്യയിലെ ദളിതരായ സ്ത്രീകളുടെ സവിശേഷമായ  ദുരിതാനുഭവ
മാണ്. ജാതിയും ലിംഗാവസ്ഥയും ഒന്ന് ചേർന്ന് ഒരുക്കുന്ന ഒരു ചൂഷിതാവസ്ഥയാണ്.ആ അനുഭവം ഇന്ത്യയിലെ എല്ലാ സ്ത്രീകളുടെയും അനുഭവമായി കാണുന്നതിലും ഉണ്ട് അനീതി.

ദളിത് ആയതു കൊണ്ട് മാത്രം തമിഴ്‌നാട്ടിൽ ഒരു   പഞ്ചായത്തു പ്രസിഡന്‍റിനെ  നിലത്തിരുത്തിയ സംസ്കാര സമ്പന്നരാണ്   നമ്മൾ. പെൺകുട്ടികളുടെ കീറിമുറിക്കപ്പെട്ട ശരീരങ്ങളിലൂടെയാണ് സവർണ്ണ പൗരുഷങ്ങൾ  കീഴാള ആണുങ്ങളോട് സംസാരിക്കുന്നതും, അവരെ അവമാനിക്കുന്നതും. സ്വന്തം സമുദായത്തിൽ പെട്ട സ്ത്രീകളെ  സംരക്ഷിക്കാനാകാതെ ഉണ്ടാകുന്ന അധമബോധവും, അപകര്‍ഷതയും നിസ്സഹായതയും കീഴാള ആണത്തത്തിന്‍റെ ഇരുണ്ട  മാനസികാവസ്ഥക്കു ആക്കം കൂട്ടുന്നു.

വടക്കേ  ഇന്ത്യയുടെ പ്രാകൃതാവസ്ഥയാണ് ഇതൊക്കെ എന്ന് പറഞ്ഞു ഒഴിയാൻ നമ്മൾ തത്രപ്പെടുന്നുണ്ട്. മാധ്യമങ്ങളും അവയെ വിഴുങ്ങുന്ന വായനക്കാരും കാഴ്ചക്കാരും ഒന്നിച്ചു മെനഞ്ഞെടുക്കുന്ന കഥകളിൽ  നമ്മൾ ചെറിയൊരു ആശ്വാസം കണ്ടെത്താൻ ശ്രമിക്കുന്നു.  ഇതിനു പിന്നിൽ  പുരാതന വൈരങ്ങളുണ്ട്. അല്ലെങ്കിൽ ഇതുണ്ടാവില്ലായിരുന്നു. രണ്ടു കുടുംബങ്ങൾ തമ്മിലുള്ള പഴയ ശത്രുതയുടെ ബഹിർസ്ഫുരണമാണ്  ഈ ദൗർഭാഗ്യകരമായ അക്രമവും, ഹിംസയും എന്ന്  ഭരണകൂടവും, നീതിന്യായ വ്യവസ്ഥയും, മെഡിക്കൽ റിപ്പോർട്ടുകളും ഒക്കെ  ചേർന്ന്  വിശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. അല്ല, സവർണ സാമൂഹ്യ പദവി ആ വിഭാഗത്തിലെ ആണുങ്ങൾക്ക് കല്പിച്ചു കൊടുക്കുന്ന അധികാരവും മേധാവിത്തവുമാണ് , അതിന്‍റെ പ്രത്യക്ഷമായ പ്രകടനമാണ് ഇതിനു പിന്നിലും. ഉത്തരേന്ത്യൻ ഗ്രാമങ്ങളിൽ  ഠാക്കൂർമാരുടെ ദുഷ്പ്രഭുത്വത്തിന്‍റെ കഥകൾ  ഒരു മണ്മറഞ്ഞ കാലത്തിന്‍റെ ആവർത്തിച്ച് പറഞ്ഞു കേട്ട  കഥകളാണെന്നു തോന്നാം. പക്ഷെ അവ ഇന്നും ഇന്ത്യയുടെ പല ഭാഗങ്ങളിലും യാഥാർഥ്യമാണ്, മിഥ്യയല്ല.

അനേകം പുരുഷന്മാരടങ്ങുന്ന ആയിരകണക്കിന് ഫെമിനിസ്റ്റുകൾ ഒപ്പിട്ടു സമർപ്പിച്ച പ്രസ്താവനയിലെ ഈ വാക്കുകൾ നമ്മെ ചിന്തിപ്പിക്കുന്നു: “നമ്മുടെ  രാജ്യത്തു, 2012  ഡിസംബറിൽ ഡൽഹിയിൽ നടന്ന കൂട്ട ബലാൽസംഗത്തിലും കൊലപാതകത്തിലും കുറ്റാരോപിതരായവരെ തൂക്കിലേറ്റിയിട്ടു ആറു മാസം പോലും ആയില്ല. ഹാത്രസിലെയോ, ബൽറാംപൂരിലെയോ, ബുലന്ദ്ഷഹറിലെയോ,
അസാംഗർഹിലെയോ അല്ലെങ്കിൽ മറ്റിടങ്ങളിലേയോ പ്രതികളെ  തടയുവാൻ അതിനു കഴിഞ്ഞുവോ?”

ഓർത്തുപോകുന്നു. ഏകദേശം മുപ്പതോളം വര്‍ഷങ്ങള്‍ക്കു  മുൻപ് ആന്ധ്ര പ്രദേശിലെ ചുന്തൂർ എന്ന ഗ്രാമത്തിൽ ഒരു  ദളിത് സ്ത്രീയെ സവർണ്ണ പുരുഷന്മാർ ചേർന്ന് കൂട്ട ബലാത്സംഗത്തിന്  ഇരയാക്കിയപ്പോഴുണ്ടായ  അവരുടെ ഭർത്താവിന്‍റെ പ്രതികരണം.  “എനിക്ക് പഞ്ച പാണ്ഡവ
രുടെ അവസ്ഥയാണ്. സ്വന്തം ഭാര്യ ആക്രമിക്കപ്പെടുന്നത് കണ്ടു ഒന്നും ചെയ്യാനാവാതെ നിൽക്കേണ്ടി വരുന്ന അവസ്ഥ.” ദ്രൗപദിയുടെ ഇതിഹാസകാവ്യത്തിലെ അനുഭവത്തിനു ഇന്നും അനുരണനങ്ങൾ ഉള്ളത് കൊണ്ടാണല്ലോ മഹശ്വേതാ  ദേവിയുടെ കഥയിൽ അവൾ ആദിവാസി സ്ത്രീയായ  ദോപദി ആയി മാറിയത്. ആ കഥ  അവസാനിക്കുന്നത് ആണത്തത്തെ കുറിച്ച് തീക്ഷ്ണമായ ചോദ്യങ്ങൾ  ഉയർത്തിക്കൊണ്ടാണ്.ഒരു രാവു  മുഴുവൻ തന്‍റെ ഉടലിനു  മേൽ  പണിയെടുത്ത ഭരണകൂടത്തിന്‍റെ കാവലാളുകളോട് പിറ്റേന്ന് നഗ്നമായ ശരീരത്തെ മറയ്ക്കാൻ വിസമ്മതിച്ചു പുറത്തേക്കിറങ്ങുന്ന ദോപദി ചോദിക്കുന്നു    : എന്നെ വസ്ത്രമുടുപ്പിക്കാൻ പോന്ന പുരുഷൻമാർ  ഇവിടെ
യുണ്ടോ?

ആ ചോദ്യം ഇന്നും മുഴങ്ങുകയാണ് …ഉത്തരങ്ങളില്ലാതെ.

പക്ഷെ രാപ്പാടികൾ പാടിക്കൊണ്ടിരിക്കുന്നു…അരുന്ധതി മധുമേഘയെപ്പോലെ,കവിതയിലൂടെ.വാളയാറിന്‍റെ ഉണങ്ങാത്ത മുറിവുകളുടെ പാട്ടിലെ വരികളാണിവ. ഹാത്രസും വാളയാറും ഒരു അനുഭവ ചരിത്രത്തിന്‍റെ തന്നെ  മുഖങ്ങളല്ലേ!!!

പലവട്ടം മരിച്ച് ഞങ്ങൾ മടുത്തിരുന്നു.

കൊന്നുകൊന്ന് കെട്ടിത്തൂക്കി

ആത്മാവിനെ പിഴുതെറിഞ്ഞെങ്കിലും

ഞങ്ങളിപ്പോഴും നരിച്ചീറുകൾ മുരളുന്ന

പട്ടടയിൽ മുനിഞ്ഞു കത്തുന്ന കരിനാളങ്ങളാണ്.

മുഖമില്ലാത്ത ഇരുണ്ട മുഖങ്ങൾ.

ഈർപ്പമില്ലാത്ത വരണ്ട് ചുവന്ന മുഖം.

ചിരികൾ അട്ടഹാസങ്ങൾ ശീൽക്കാരങ്ങൾ..

ക്യാമറക്കണ്ണുകൾ..പണം വാരൽ..നീതി..

മുൻപും പിൻപും ഇനിയെത്ര.

(വരണ്ട മുഖം ചുവന്നു വാളയാർ ,ദി മാർഗ.കോമിൽ ജൂലൈ 2020 -ൽ വന്ന കവിതയിൽ നിന്ന് )

 

COMMENTS

COMMENT WITH EMAIL: 0