Homeചർച്ചാവിഷയം

സ്റ്റാര്‍ട്ട്, ആക്ഷന്‍ – സ്ത്രീകളേ മുന്നോട്ട്

ലയാള സിനിമ ഒരു നൂറ്റാണ്ട് തികയ്ക്കാന്‍ ഏതാനും വര്‍ഷങ്ങള്‍ മാത്രം ബാക്കി നില്ക്കേ തൊഴിലിടം എന്ന നിലയില്‍ സ് ത്രീയുടെ പ്രാതിനിധ്യം, പ്രസക്തി സിനിമയില്‍ എത്രത്തോളമാണുള്ളതെന്ന ചിന്തയെ വിമര്‍ശനപരമായി തന്നെ അടയാളപ്പെടുത്തേണ്ടിവരും. വിഗതകുമാരനില്‍ അഭിനയിക്കാനെത്തിയ റോസി എന്ന നടിയുടെ പില്ക്കാല ചരിത്രം പോലും നമുക്കിന്നും അജ്ഞാതമാണ്. ഖ.ഇ. ഡാനിയേലിനെ കുറിച്ച് വീണ്ടും വീണ്ടും എഴുതപ്പെടുകയും ആ ജീവിതത്തെയും കര്‍മ്മത്തേയും അടിസ്ഥാനപ്പെടുത്തി സിനിമ തന്നെ ഉണ്ടാവുകയും ചെയ്തിട്ടും ആ നിലയില്‍ റോസിയുടെ ജീവിതം ഇന്നും അനാവരണം ചെയ്യപ്പെട്ടിട്ടില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്. ആ അവസ്ഥകളില്‍ നിന്നും നമ്മളെത്രയോ മുന്നോട്ട് പോയിരിക്കുന്നു. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ പ്രമേയത്തിലും അവതരണത്തിലും സ്ത്രീയവസ്ഥകളെ രാഷ്ട്രീയവല്കരിച്ചു കൊണ്ടുള്ള ചെറുതെങ്കിലും ഒരു പിടി നല്ല സിനിമകള്‍ മലയാളത്തിലുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. നടി എന്ന നിലയിലുള്ള സ്ത്രീകളുടെ സ്ഥാനവും പഴയ കാലത്തെ അപേക്ഷിച്ച് മെച്ചപ്പെട്ടിട്ടുണ്ട്. മാത്രവുമല്ല, മുമ്പ് തിരശ്ശീലയുടെ മുന്നിലാണ് സ്ത്രീകളെ അധികവും കണ്ടിരുന്നതെങ്കില്‍ തിരശീലക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളുടെ എണ്ണവും മെച്ചപ്പെട്ടിട്ടുണ്ട്.

എന്നിരുന്നാലും ഒരു തൊഴിലിടം എന്ന നിലയില്‍ അടിസ്ഥാനപരമായി ഉണ്ടാകേണ്ട ജനാധിപത്യവത്കരണം ഈ മേഖലയില്‍ നടന്നിട്ടില്ല എന്നു വേണം പറയാന്‍. ആണ്‍-പെണ്‍ തുല്യതയുടെ കാര്യത്തിലും ആണ്‍-പെണ്‍ വേതനത്തിന്‍റെ കാര്യത്തിലും വിവേചനങ്ങള്‍ പലനിലക്കും തുടരുക തന്നെയാണ്. ഇതിനെതിരേയുള്ള പ്രതിഷേധങ്ങള്‍ അങ്ങിങ്ങായി പല നിലക്കും ഉയരുന്നുണ്ടെങ്കിലും അവ കാര്യമായ ഫലം ഉണ്ടാക്കി തുടങ്ങിയിട്ടില്ലാ എന്നതാണ് വാസ്തവം. സിനിമ ഒരു സാങ്കേതിക കലയായിരിക്കുമ്പോള്‍ തന്നെ ടെക്നിക്കല്‍ രംഗത്തുള്ള സ്ത്രീകളുടെ സാന്നിധ്യം ഇന്നും തുലോം തുച്ഛമാണ്. ഇത്തരം രംഗങ്ങളില്‍ തങ്ങള്‍ക്കും പ്രശോഭിക്കാമെന്നുള്ള ആത്മവിശ്വാസത്തിലേക്ക് കടന്നെത്താന്‍ കേരളത്തിലെ സ്ത്രീകള്‍ക്ക് ഇനിയും കഴിഞ്ഞിട്ടില്ല. അതിന് നിരവധിയായ കാരണങ്ങളുമുണ്ട്. സിനിമ പഠിക്കാനെത്തുന്ന സ്ത്രീകളുടെ എണ്ണം പരിശോധിച്ചാല്‍ മനസിലാവുന്നത് ആക്ടിംഗ് പഠിക്കാന്‍ പെണ്‍കുട്ടികള്‍ ധാരാളമായി എത്തുമ്പോഴും സംവിധാനമോ സിന മറ്റോഗ്രാഫിയോ എഡിറ്റിംഗോ സൗണ്ട് എഞ്ചിനീയറിംഗോ പഠിക്കാനെത്തുന്ന പെണ്‍കുട്ടികളുടെ എണ്ണം വളരെ വളരെ കുറവാണ്. ഒന്ന് തൊഴില്‍ എന്ന നിലയില്‍ ആത്യന്തികമായി പ്രദാനം ചെയ്യേണ്ട തൊഴില്‍ സുരക്ഷിതത്വം ഈ മേഖലയില്‍ നന്നേ കുറവാണ്. രണ്ട് മറ്റുള്ളവര്‍ക്കൊപ്പം രാത്രിയും പകലും ജോലി ചെയ്യാനാവും എന്ന ആത്മധൈര്യം സ്ത്രീകള്‍ക്കിവിടെ നിന്ന് കാര്യമായി ലഭിക്കുന്നില്ല. ചതിക്കുഴികള്‍ നിറഞ്ഞ ഒരിടമാണ് സിനിമ എന്ന തോന്നല്‍ ഇപ്പോഴും കേരളത്തിലെങ്കിലും ശക്തമാണ്. അതിനാല്‍ തന്നെ തൊഴിലിടം എന്ന നിലയില്‍ സിനിമയെ സമീപിക്കുന്ന സ്ത്രീകളുടെ എണ്ണം കുറഞ്ഞു പോവുന്നു. മൂന്നാമത്തെ സംഗതി തൊഴില്‍ തര്‍ക്കങ്ങ ളും സുരക്ഷിതത്വത്തെ സംബന്ധിച്ച പ്രശ്നങ്ങളും ഉണ്ടാവുമ്പോള്‍ അത് നീതി നിഷ്ഠയോടെ കൃത്യമായി പരിഹരിക്കപ്പെടുമെന്ന വിശ്വാസം നല്കാന്‍ ഈ മേഖലക്ക് ഇപ്പോഴും ആയിട്ടില്ല.. വിമെന്‍ ഇന്‍ സിനിമാ കളക്ടീവിന്‍റെയും മറ്റും നേതൃത്വത്തില്‍ ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. പക്ഷേ അങ്ങേയറ്റം പാട്രിയാര്‍ക്കിക്കല്‍ ആയിട്ടുള്ള ഒരു തൊഴിലിടമാണ് ചലച്ചിത്ര മേഖല എന്നിരിക്കേ വളരെ സാവധാനമേ മാറ്റങ്ങള്‍ ഉണ്ടാകുന്നുള്ളു എന്നതാണ് വസ്തുത. പക്ഷേ ഉറപ്പായും പറയാവുന്ന ഒരു കാര്യം മാറ്റങള്‍ ഉണ്ടാകുന്നുണ്ട് എന്നതാണ്.

ഞാന്‍ തന്നെയാണ് അതിന്‍റെ ഒരു സാക്ഷ്യം. സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കുടുംബ സാഹചര്യങ്ങളില്‍ നിന്ന് വരികയും കഴിഞ്ഞ 5 വര്‍ഷ കാലത്തിനിടയില്‍ 3 സിനിമകള്‍ ചെയ്തു കൊണ്ട് ഈ മേഖലയില്‍ ഒരിടം ഉണ്ടാക്കിയെടുക്കാന്‍ കഴിയുക എന്നത് ഒട്ടും ചെറുതല്ലാത്ത കാര്യമാണെന്ന് ചലച്ചിത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കറിയാം. കടന്നുപോകേണ്ടി വന്ന ബുദ്ധിമുട്ടുകളും സഹനങ്ങളും ഒരു പാടുണ്ട്. പക്ഷേ സിനിമയെന്ന ക്യാന്‍വാസില്‍ ചില കഥകള്‍ പറയാന്‍ ചില പെണ്ണുങ്ങള്‍ നിരന്തരം ഉണ്ടാവേണ്ടതുണ്ട് എന്ന തിരിച്ചറിവാണ് പലതരം അരക്ഷിതത്വങ്ങള്‍ക്കിടയിലും ഇവിടെ തുടരാന്‍ എന്നെ പോലുള്ളവരെ കരുത്തരാക്കുന്നത്.

ആത്മവിശ്വാസത്തോടെയും ആത്മധൈര്യത്തോടെയും സ്ത്രീകള്‍ക്ക് കടന്നുവരാന്‍ , അവര്‍ക്ക് ഒരു തോള്‍ കൊടുക്കാന്‍ ഇവിടെ ചിലര്‍ മടുത്തു മടങ്ങാതെ നില്ക്കേണ്ടതുണ്ട്. ജൃലലെിരല ശലേെഹള ശെ ുീഹീശേരമഹ എന്ന് ആവര്‍ത്തിച്ച് ഉറപ്പിക്കേണ്ടതുണ്ട്. അങ്ങനെയേ ചലച്ചിത്ര മേഖല സ്ത്രീ സൗഹാര്‍ദ പരമാവൂ..ഒരു തൊഴിലിടം എന്ന നിലയില്‍ ആണിനും പെണ്ണിനും ഒരു പോലെ പ്രവര്‍ത്തിക്കാനും തുല്യ വേതനം ഉറപ്പാക്കാനും പറ്റുന്ന സാഹചര്യത്തിലേക്ക് നമ്മള്‍ നടന്നടുക്കുക ചെയ്യും എന്ന കാര്യത്തില്‍ സംശയമില്ല. സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന വ്യത്യസ്ത ശബ്ദങളുടെ ഒരുമിച്ച് ജാഗ്രതയോടെയുള്ള മുന്നേറ്റമാണ് ഈ കാലത്തിനാവശ്യം.

വിധു വിന്‍സെന്‍റ്
സംവിധായിക

 

 

COMMENTS

COMMENT WITH EMAIL: 0