‘സാമൂഹിക അകലം’ നമ്മള്‍ മലയാളികളെ സംബന്ധിച്ച് പുതിയൊരു സമൂഹികക്രമമൊന്നുമല്ല; കൃത്യമായി പറഞ്ഞാല്‍ വിവിധങ്ങളായ തട്ടുകളില്‍ മനുഷ്യരെ വേര്‍തിരിച്ചുകൊണ്ട്, നിശിതമായ അതിരുകള്‍ വരമ്പുകള്‍ ചെത്തിയെടുത്തൊരു സാമൂഹ്യഘടന പാലിച്ചുപോന്നിരുന്ന ജനസമൂഹമായിരുന്നു നാം. എന്നാല്‍ പുതിയ സാമൂഹിക അകലവും മുന്‍പ് പരിശീലിച്ച ‘അകലവും’ തമ്മില്‍ ചില വ്യത്യാസങ്ങള്‍ ദൃശ്യവുമാണ്; ശീലം ചില മനുഷ്യരെ സമൂഹിക ഭ്രഷ്ട് കല്‍പ്പിക്കാനായിരുന്നു എങ്കില്‍ ഇന്ന് സര്‍ക്കാരുകള്‍ നിര്‍ദ്ദേശിക്കുന്ന അകലം നാളെ ഒരുമിക്കാന്‍ വേണ്ടിയാണ്(?). അത്തരത്തില്‍ മാറ്റിനിര്‍ത്തലുകള്‍ നേരിട്ട അനേകം ജനവിഭാഗങ്ങളില്‍ ലൈംഗികത () കൊണ്ടും ജന്‍ണ്ടര്‍ കൊണ്ടും ഒഴിവാക്കലുകള്‍ നേരിട്ടവരാണ് ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങള്‍. ഒഴിവാക്കലുകളും സാമൂഹ്യഭ്രഷ്ടും അതിക്രമങ്ങളും നേരിട്ടൊരു/നേരിടുന്നൊരു വലിയൊരു ജനവിഭാഗം ഇവിടെ ജീവിക്കുന്നുണ്ടെന്ന യാഥാര്‍ത്യം ചില അടയാളപ്പെടുത്തലുകളിലൂടെ നടത്തിവരുന്ന സമയത്താണ് പുതിയൊരു ലോകക്രമവുമായി കോവിഡ് എന്ന മഹാമാരി രംഗപ്രവേശനം നടത്തുന്നത്. ജീവിതത്തിന്‍റെ സമസ്ത മേഖലകളിലും സ്തംഭനാവസ്ഥ സൃഷ്ടിച്ചുകൊണ്ട് കൊവിഡ് മുന്നേറുമ്പോള്‍ നിശ്ചലമായ ജീവിതങ്ങള്‍ മുന്‍ അനുഭവങ്ങള്‍ കൊണ്ട് ചലനാത്മകമാക്കിയ ചിലരും നമുക്ക് ചുറ്റുമുണ്ട്.
ലോക്ക്ഡൗണ്‍ പ്രതിസന്ധിയും തുടര്‍ന്നുള്ള അനിശ്ചിതമായ ദിവസങ്ങളും പലര്‍ക്കും ആദ്യാനുഭവമായി നിലകൊള്ളുമ്പൊള്‍, സാമൂഹ്യ അകലവും ഒഴിവാക്കലുകളും ജീവിതകാലം മുഴുവന്‍ അനുഭവിക്കേണ്ടി വന്ന ക്വീയര്‍ അഥവാ ലിംഗത്വലൈംഗിക ന്യൂനപക്ഷങ്ങള്‍ അതിജീവന സാധ്യതകള്‍ സ്വയം കണ്ടെത്തുകയായിരുന്നു. ജന്‍ണ്ടര്‍ അസ്തിത്വം കൊണ്ട് വളരെ മുന്‍പ് തന്നെ വീടുകളില്‍ നിന്നും പുറത്താക്കപ്പെടുന്ന ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യര്‍ ഒഴിവാക്കപ്പെടുന്നത് സാധ്യതകളില്‍ നിന്നുകൂടിയാണ്, നിരാശ്രയരാക്കിക്കൊണ്ട് കുടുംബവും പൊതുസമൂഹവും അവരെ അവഹേളിക്കുവാനും അക്രമിക്കുവാനും മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. വിദ്യാഭ്യാസമോ,സാങ്കേതികവിദ്യകളോജീവിതനിപുണതാ മാര്‍ഗങ്ങളോ കൈവശമില്ലാതെ ഒറ്റപ്പെടുന്നിവര്‍ ജീവനോപാധിയായി ഭിക്ഷാടനമോ ലൈംഗികവൃത്തിയോ സ്വീകരിക്കേണ്ടിവരുന്നു. മതപരവുംസാംസ്കാരികപരവുമായ ചില മേമ്പൊടികളും ചേര്‍ത്ത് പൊതുസമൂഹം അതിന് മറ്റൊരു നിറവും നല്കിയിട്ടുണ്ട്. സാംസ്കാരികാധിനിവേശം ഒരു രാഷ്ട്രീയ തന്ത്രമായിട്ടാണ് രൂപപെട്ടതെങ്കില്‍, ട്രാന്‍സ് വ്യക്തികള്‍ക്ക് ആരോപിച്ച സാംസ്കാരിക സ്വീകാര്യത ഒരു കപടാസ്തിത്വപ്രഖ്യാപനമായിരുന്നു. എന്നാല്‍ ഈ ‘സ്വീകാര്യതയില്‍’ ഒന്നും ട്രാന്‍സ് പുരുഷന്‍മാരോ, ഇന്‍റര്‍സെക്സ് വ്യക്തികളോ, മറ്റ് ക്വീയര്‍ അസ്തിത്വങ്ങളോ ഉണ്ടായിരുന്നില്ല. പുരുഷമത സമൂഹം ആഗ്രഹിച്ചത് തളച്ചിടേണ്ട സ്ത്രീത്വങ്ങളെ മാത്രമായിരുന്നു.
2014ല്‍ സുപ്രീം കോടതി നാല്‍സ വിധിയിലൂടെ ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യരെ നിയപരമായി അംഗീകരിച്ചപ്പോള്‍ വിവിധ സര്‍ക്കാരുകള്‍ ട്രാന്‍സ്ജെണ്ടര്‍ ക്ഷേമപദ്ധതികളും നയങ്ങളും രൂപീകരിക്കാന്‍ നിര്‍ബന്ധിതരാവുകയാണ് ഉണ്ടായത്. എന്നാല്‍ ആ ശുഷ്കാന്തി സ്വവര്‍ഗാനുരാഗത്തെ നിയമപരമായി അംഗീകരിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധിയോട് കാണിച്ചിട്ടില്ല എന്നതാണ് യാഥാര്‍ഥ്യം. ഇന്ത്യന്‍ സമൂഹവും ഭരണകൂടവും അത്രയും സ്വവര്‍ഗ്ഗഭീതിപേറുന്ന അപകടകരമായ ജനസമൂഹമാണെന്ന തിരിച്ചറിവാണ് ഈ സൂചനകള്‍ നല്കുന്നത്. ക്വീയര്‍ അസ്തിത്വങ്ങളോടുള്ള വിദ്വേഷം ഒരു ജനാധിപത്യ(?) രാജ്യത്തിന് ചേരുന്നതാണോ എന്ന ചോദ്യം മാത്രമാണ് പ്രസക്തം.
ജനുവരി, ഫെബ്രുവരി മാസങ്ങള്‍ നല്കിയ ചലനങ്ങള്‍ വരാന്‍ പോകുന്ന മഹാമാരിയുടെ ആദ്യ സൂചനകള്‍ നല്കിയെങ്കിലും മറ്റേതൊരു മനുഷ്യനെയും പോലെ സ്വയം തയ്യാറെടുക്കാന്‍ കഴിയുന്ന സാമൂഹ്യസാഹചര്യത്തില്‍ ആയിരുന്നില്ല ക്വീയര്‍ മനുഷ്യര്‍, വിശിഷ്യാ ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യര്‍. കേരളത്തിലെ ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യര്‍ ദൃശ്യതകൊണ്ട് മാത്രമാണ് സമ്പന്നര്‍ അതിനപ്പുറം ദൈനംദിനചിലവുകള്‍ കണ്ടെത്താന്‍ കൂലിപ്പണിയും ലൈംഗികവൃത്തിയുമാണ് ആശ്രയം (സമ്പന്നരായ,സ്ഥിരവരുമാനമുള്ള ചിലരൊഴികെ), അതിലും ന്യൂനപക്ഷമായി ജീവിക്കുന്ന ട്രാന്‍സ്മെന്‍ അഥവാ ട്രാന്‍സ്ജെന്‍ണ്ടര്‍ പുരുഷന്‍മാര്‍ തൊഴില്‍വിപണിയില്‍ ചൂഷണം നേരിടുന്നവരും അദൃശ്യരുമാണ്. ലോക്ക്ഡൗണ്‍ തകര്‍ത്ത സാമ്പത്തികരംഗം അനേകരുടെ തൊഴില്‍ ഇല്ലാതാക്കിയപ്പോള്‍ നിരവധി ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യരും നിരാശ്രയരായി മാറി. അതിനുമുന്നേ സ്വയംതൊഴില്‍ സാധ്യതകള്‍ കണ്ടെത്താന്‍ ശ്രമിച്ചവര്‍ക്കും കൊവിഡ് മരണമണിയായി മാറി.
തൊഴില്‍വരുമാന സാധ്യതകള്‍ സ്വയം കണ്ടെത്തി അതിജീവനത്തിനായി ശ്രമിക്കുന്ന ചിലരല്ല അനേകരാണ് ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യര്‍ക്കിടയില്‍ നിന്നും ഉയര്‍ന്ന് വന്നത്. എന്നാല്‍ പുതിയ സാമൂഹ്യ സാഹചര്യം അവര്‍ക്കുമുന്നിലും പ്രതിസന്ധികള്‍ തീര്‍ത്തപ്പൊള്‍ പതറാതെ പിടിച്ചുനിന്ന ചിലരെ പരിചയപ്പെടാതെ തരമില്ലല്ലൊ! ബിരിയാണി കച്ചവടത്തിലൂടെ കൊവിഡ് കാലഘട്ടത്തില്‍ പൊരുതിവിജയിച്ച സജ്ന ഷാജി ട്രാന്‍സ്ജെണ്ടര്‍ മനുഷ്യരുടെ പോരാട്ടത്തിന്‍റെ മുഖമാണ്. കേരളത്തില്‍ ആദ്യമായി റേഷന്‍ കാര്‍ഡ് ലഭിച്ച ട്രാന്‍സ്ജെന്‍ണ്ടര്‍ വ്യക്തിയാണ് സജ്ന, കുടുംബശ്രീവഴിയും മറ്റ് സംരംഭങ്ങള്‍ വഴിയുമൊക്കെ വിവിധ തൊഴില്‍ ചെയ്യാന്‍ ശ്രമിച്ച് പരാജയപെട്ടവള്‍ ഇന്ന് പത്തോളം ട്രാന്‍സ്ജെന്‍ണ്ടര്‍ വ്യക്തികള്‍ക്ക് തൊഴില്‍ നല്കുന്ന തൊഴില്‍ധാതാവുമാണ്. ‘ജീവിക്കണമെന്ന വാശിയും തൊഴിലെടുക്കാനാകുമെന്ന ആത്മവിശ്വാസവുമാണ് എനിക്ക് പത്തോളം പേര്‍ക്ക് തൊഴില്‍ നല്കാന്‍ കഴിയും വിധം വളര്‍ത്തിയത്’ ഇത് പറയുന്ന സജ്നയുടെ ആത്മവിശ്വസം ചില്ലറയല്ല. സ്വന്തം പ്രതിസന്ധികളെ തുരത്തുന്നതിനോടൊപ്പം തെരുവില്‍ അഭയം കണ്ടെത്തുന്ന അമ്പതോളം പേര്‍ക്ക് ദിവസേന ആഹാരവും നല്കുന്നുണ്ട് ഈ ധീര, സ്വയം വിശപ്പറിഞ്ഞൊരാള്‍ക്കല്ലാതെ മറ്റാര്‍ക്കാണ് ഇങ്ങനെ പ്രവര്‍ത്തിക്കാനാവുക.
കോട്ടയത്തുനിന്നും ട്രാന്‍സ്ജെന്‍ണ്ടര്‍ സ്വത്വത്തിന്‍റെ പേരില്‍ നാടും വീടും ഉപേക്ഷിക്കേണ്ടിവന്ന സജ്ന മറ്റേതൊരു ട്രാന്‍സ്ജെന്‍ണ്ടര്‍ വനിതയെയും പോലെ ലൈംഗികവൃത്തിയോ ഭിക്ഷാടനമോ എന്ന ചോദ്യത്തിന്‍ മുന്നില്‍ നിന്നാണ് രണ്ടാം ജീവിതം ആരംഭിക്കുന്നത്. കൊവിഡ് സമയതിനുമുന്നേ തന്നെ തെരുവില്‍ ഭക്ഷണപൊതികളുമായി ടിക്ടൊക്ക് മൊബൈല്‍ ആപ്പിലൂടെ കച്ചവടം നടത്തിയിരുന്ന സജ്ന, ലോക്ക്ഡൗണ്‍ ആയതോടെ പരുങ്ങലില്‍ ആയി മാറുകയായിരുന്നു. എന്നാല്‍ ഒരു പോരാളിക്ക് പ്രതിസന്ധികളില്‍ തളര്‍ന്നിരിക്കാനാവില്ല എന്ന ദൃഢനിശ്ചയം ബിരിയാണി പൊതികളായി മാറ്റുകയാണ് ഉണ്ടായത്. സ്വന്തമായി വികസിപ്പിച്ച രുചികൂട്ടുകളും കൂടെയുള്ളവരുടെ ആത്മാര്‍ഥതയും കൂടിയായപ്പോള്‍ കച്ചവടവും വര്‍ധിച്ചു. ദിവസേന ഇരുനൂറോളം ബിരിയാണി തയ്യാറാക്കി കൊച്ചി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ എത്തിക്കുകയാണ് ചെയ്യുന്നത്. സജ്നയുടെ വാക്കുകളില്‍ കോവിഡ് വരുത്തിവെച്ച അനിശ്ചിതത്വം അനവധി ട്രാന്‍സ്ജെന്‍ണ്ടര്‍ വ്യക്തികള്‍ക്ക് തുടര്‍ചികിത്സ, മാനസികപിന്തുണ, തൊഴില്‍നഷ്ടം എന്നിവ ഉണ്ടാക്കിയിട്ടുണ്ട്, സജ്നയ്ക്ക് തന്‍റെ ഹോര്‍മോണ്‍ ചികിത്സയും മുടക്കേണ്ടിവന്നു.
കൊവിഡ് പ്രതിസന്ധി മറികടക്കുവാന്‍ കുടുംബവുമായുള്ള നിമിഷങ്ങള്‍കൊണ്ട്/സാന്നിധ്യംകൊണ്ട് കഴിഞ്ഞു എന്നതാണ് പൊതുജനസമൂഹം സാക്ഷ്യപെടുത്തുന്നത് എന്നാല്‍ കുടുംബങ്ങളില്‍ നിന്നും പുറത്താക്കപെട്ട ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യരുടെ അവസ്ത പരിതാപകരമാണ്, അതങ്ങനെ തുടരുകയും ചെയ്യുന്നു. കുടുംബങ്ങളില്‍ നിന്നും പുറത്താക്കപെട്ട നിരവധി ട്രാന്‍സ്ജെന്‍ണ്ടര്‍ മനുഷ്യര്‍ അവരുടെ തന്നെ കൂട്ടായ്മകളും മറ്റ് കമ്മ്യൂണിറ്റി കുടുംബവും ഉണ്ടാക്കിയാണ് അതിജീവനം സാധ്യാമാക്കുന്നത്.
സാമൂഹ്യനീതിവകുപ്പിന്‍റെ കെയര്‍ഹൊമില്‍ മാനേജര്‍ തസ്തികയില്‍ ജോലിനോക്കിയിരുന്ന അഥിതി അച്ചുത് ഹോം പൂട്ടിയപ്പോള്‍ ജീവിക്കുവാനായി പെയിന്‍റിങ്ങ് ജോലിക്ക് പൊവുകയാണ്, ഏത് തൊഴിലിനും മഹത്വമൊക്കെയുണ്ട് എന്നത് പറയാനൊക്കും എന്നും പറഞ്ഞ് വയ്ക്കുന്നുണ്ട് അതിഥി. ട്രാന്‍സ്ജെന്‍ണ്ടര്‍ ആയതിനാല്‍ കുടുംബത്തില്‍ നിന്ന് പുറത്താക്കപ്പെടുകയും പഠിച്ചുകൊണ്ടിരുന്ന നിയമപഠനം ഉപേക്ഷിക്കേണ്ടിവന്ന പ്രതിസന്ധികളെയുമാണ് നിശ്ചയധാര്‍ഢ്യം ഒന്ന് കൊണ്ട് മറികടക്കുന്നത്. അതിഥിയെപ്പോലെ ദിവസവേതനം തേടി നിരവധി ട്രാന്‍സ്ജെന്‍ണ്ടര്‍ വ്യക്തികള്‍ കൊവിഡ് പ്രതിസന്ധി അതിജീവിക്കാന്‍ ശ്രമിക്കുന്നുണ്ട്, എന്നാല്‍ സിസ്ജെന്‍ണ്ടര്‍ വ്യക്തികള്‍ക്ക് ലഭിക്കാത്ത, അവര്‍ തൊഴില്‍ നഷ്ടം നേരിടുന്ന കാലത്ത് ഞങ്ങള്‍ക്ക് എന്ത് ജോലി ലഭിക്കാണ് എന്ന് ആശങ്കപ്പെടുന്നവരാണ് അധികവും.
ആളുകള്‍ അധികവും വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുന്ന ഈ സമയത്ത് വീടുകളില്‍ പച്ചക്കറി എത്തിക്കുന്ന തൊഴിലിലാണ് തിരുവനന്തപുരത്ത് നാദിറയും സുഹൃത്തുക്കളും, മികച്ച പ്രതികരണമാണ് കച്ചവടത്തിലൂടെ ലഭിക്കുന്നത് എന്നും ബിരുദാനന്തര ബിരുദ വിദ്യാ!ര്‍ഥിനികൂടിയായ നാദിറ അഭിപ്രായപെടുന്നു. കേരളത്തില്‍ ജേര്‍ണലിസം ബിരുദതലത്തില്‍ പഠിച്ചിട്ടുള്ള അപൂര്‍വം ട്രാന്‍സ്ജെന്‍ണ്ടര്‍ വ്യക്തികളില്‍ ഒരാളാണ് നാദിറ. കൊവിഡ് പ്രതിസന്ധിക്ക് മുന്‍പ് തിരുവനന്തപുരത്ത് ജ്യൂസ് സ്റ്റാള്‍ നടത്തി പഠനത്തോടൊപ്പം വരുമാനവും കണ്ടെത്തി ജീവിക്കുകയായിരുന്നു നാദിറ. എന്നാല്‍ ലോക്ക്ഡൗണ്‍ വന്നതോടെ പ്രതിസന്ധിയിലായ കച്ചവടവും വരുമാന മാര്‍ഗങ്ങളും പുതിയ സാധ്യതകളിലൂടെ കണ്ടെത്തിതോല്‍പ്പിക്കാന്‍ നോക്കുന്ന ഏതിനെയും പൊരുതിനേരിടാനൊരുങ്ങിതന്നെയാണ് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകുന്നത്.
ട്രാന്‍സ്ജെന്‍ണ്ടര്‍ പ്രതിസന്ധികളും അതിജീവനവും രേഖപ്പെടുത്തുമ്പോള്‍ ട്രാന്‍സ്ജെന്‍ണ്ടര്‍ പുരുഷന്മാരുടെ പ്രശ്നങ്ങള്‍ പലപ്പോഴും തീവ്രമായി അടയാളപ്പെടുത്താറില്ല എന്നത് യാതാര്‍ഥ്യമാണ്, എന്നാല്‍ പുതിയ തൊഴില്‍ മേഖലകള്‍ കണ്ടെത്തി മാതൃകകളായി മാറുന്ന മറ്റുചിലരും ട്രാന്‍സ്മെന്‍ മനുഷ്യര്‍ക്കിടയിലുണ്ട്. ശ്രീരാഗ് അത്തരത്തില്‍ പുതുമാതൃക സൃഷ്ടിക്കുകയാണ്, സജ്ന്ഷാജിക്കൊപ്പം ബിരിയാണി കച്ചവടം നടത്തുകയാണ് ശ്രീരാഗ് ഇപ്പോള്‍. ആലപ്പുഴ സ്വദേശിയായ ശ്രീരാഗ് ചെന്നൈയില്‍ ജോലിചെയ്ത് വരുമ്പൊഴാണ് ജന്‍ണ്ടര്‍ പ്രശ്നങ്ങളുടെ പേരില്‍ തിരുവനന്തപുരത്ത് തണല്‍ ട്രാന്‍സ്മെന്‍ കെയര്‍ ഹോമിലേക്ക് എത്തുന്നതും തുടര്‍ന്ന് എറണാകുളത്ത് താമസമാകുന്നതും, നിരവധി ഇടങ്ങളില്‍ തൊഴില്‍ ചെയ്യാന്‍ ശ്രമിച്ചെങ്കിലും ട്രാന്‍സ്ജെന്‍ണ്ടര്‍ അയതിനാല്‍ തുടരുവാന്‍ സാധിച്ചില്ല. പുതിയ ശ്രമം നല്കുന്ന സന്ദേശം പ്രതീക്ഷകളുടെയാണ്, തൊഴില്‍ അന്വേഷിച്ച് നടക്കുന്നതിനെക്കാള്‍ സ്വയം തൊഴില്‍ കണ്ടെത്തി അഭിമാനത്തൊടെ ജീവിക്കാനാകുമെന്നാണ് ശ്രീരാഗ് അഭിപ്രായപെടുന്നത്.
തൊഴില്‍ അന്വേഷകരില്‍ നിന്നും തൊഴില്‍ ധാതാക്കളിലേക്ക് കുതിക്കാന്‍ ട്രാന്‍സ്ജെന്‍ണ്ടര്‍ സമൂഹത്തിന് സാധിക്കുമെന്നതിന്‍റെ ഉദാഹരണങ്ങള്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ദൃശ്യമാകുന്നുണ്ട്. അത്തരത്തില്‍ പാലക്കാട് പ്രവര്‍ത്തിക്കുന്ന ഒരുമ ക്യാന്‍റീന്‍ രാജ്യത്തിനുതന്നെ മാതൃകയായി പ്രവര്‍ത്തിക്കുന്നു. നിലവില്‍ ക്യാന്‍റീന്‍ ലോക്ക്ഡൗണിന് ശേഷം തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്, കുടുംബശ്രീയുടെ കീഴില്‍ പരിശീലനവും മറ്റ് സഹായങ്ങളും ഇവര്‍ക്ക് ലഭിക്കുന്നതിനാല്‍ കൂടുതല്‍ പ്രൊഫഷണല്‍ രീതിയില്‍ പ്രവര്ത്തിക്കുവാനും സാധിക്കുന്നു.
കൊല്ലം ജില്ലയിലെ മന്‍റോതുരുത്തില്‍ ജീവിക്കുന്ന അമ്പിളി തൊഴിലുറപ്പിലൂടെ ജീവിതം ഉറപ്പിക്കാനുള്ള തത്രപ്പാടിലാണ്. കഷ്ടപാടുകളിലൂടെയുള്ള ജീവിതത്തെ തിരിഞ്ഞുനോക്കാന്‍ മെനക്കെടാതെ ജനിച്ച സ്ഥലത്ത് തന്നെ അഭിമാനത്തോടെ ജീവിക്കുകയാണ് അമ്പിളി. ക്ഷേത്രോല്‍സവങ്ങളില്‍ പരിപാടികള്‍ അവതരിപ്പിക്കുകയായിരുന്നു എന്നാല്‍ കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ പരിപാടികള്‍ നിലച്ചതോടെ തൊഴിലുറപ്പിലൂടെ സമാശ്വാസം കണ്ടെത്തുകയാണ് അമ്പിളി. അമ്പിളി നല്കുന്ന പ്രതീക്ഷ വലുതാണ്, സ്വന്തം വീട്ടില്‍ അസ്തിത്വം വെളിപ്പെടുത്തി പരമാവധി പിടിച്ചുനില്ക്കാന്‍ ശ്രമിക്കുന്ന അനേകരില്‍ ഒരാള്‍.
പ്രശസ്ത കവി വിജയരാജമല്ലിക കൊവിഡ് കാലത്തെ തൊഴില്‍ നഷ്ടത്തെയും, അത് പരിഹരിക്കുവാനായി ആരംഭിച്ച ഓണ്‍ലൈന്‍ ക്ലാസുകളിലൂടെയുള്ള വരുമാന നഷ്ടത്തെയും കുറിച്ച് ഫെസ്ബുക്കില്‍ എഴുതിയത് ഇങ്ങനെയാണ് ‘സാംസ്കാരിക സംഘടനകള്‍ വാട്സാപ്പ് /ഫേസ്ബുക് പേജുകള്‍ ആരംഭിക്കുന്നത് വളരെ നല്ലതാണ്. ലോക്ക്ഡൗണ്‍ സമയത്തെ സര്‍ഗാത്മകമായ കഴിവുകള്‍ പ്രോത്സാഹിപ്പിക്കപ്പെടേണ്ടത് തന്നെയാണ്.പക്ഷെ അവിടേക്ക് ക്ഷണിക്കുമ്പോള്‍ ഒരു മിനിമം പ്രതിഫലമെങ്കിലും നല്‍കാന്‍ നിങ്ങള്‍ ബാധ്യസ്ഥരാണ്. ഈറ്റപുലികളെ യുഗാന്തരങ്ങളായി രാകി വെച്ചിരുന്ന സംശയങ്ങള്‍ കുടയുന്നത് പലപ്പോഴും ശ്രദ്ധയില്‍പെട്ടിട്ടുള്ള മറ്റൊരു സവിശേഷതയാണ്.
സര്‍ക്കാര്‍ ഉദ്യോഗവും, പെന്‍ഷനുമൊക്കെ ഉള്ളവര്‍ക്ക് ഇതൊരു സാമൂഹിക സേവനം ആയിരിക്കും.പ്രതിഫലം വേണ്ടെന്ന് കൃത്യമായി പറയുന്നവരും ഉണ്ട്. പക്ഷെ സമയവും ആരോഗ്യവും, ഊര്‍ജവും ഏറെ വേണ്ടിവരുന്ന വിഷയാധിഷ്ഠിത പരിപാടികളില്‍ അങ്ങനെ ചെയ്യുന്നവര്‍ ഉണ്ടായിരിക്കുമോ?ഉണ്ടെകില്‍അവര്‍ക്ക് മറ്റ് സാമ്പത്തിക ഒഴുക്കുകളും ഉണ്ടായിരിക്കും. പക്ഷെ ജോലി അന്വേഷിച്ചു ചെല്ലുന്ന ഇടത്തൊക്കെ ‘ട്രാന്‍സ് പുരോഗമനം’ തുറന്നുകാട്ടി ഓവര്‍ ക്വാളിഫിക്കേഷന്‍റെ പേരും പറഞ്ഞ് ആഗ്രഹിച്ച ജോലി പോലും ഇവിടെ നിഷേധിക്കപ്പെടുന്നുണ്ട്. ഈ മാറ്റിനിര്‍ത്തലുകള്‍ക്ക് വിധേയമാകുന്ന എന്നെ പോലുള്ള മനുഷ്യരോട് ഇത് ചെയ്യുന്നത് കാലത്തിന് നിരക്കാത്തതാണ്. എത്രത്തോളം പ്രതിഷേധാത്മക നിലപാടാണ് ഇത്തരത്തില്‍ കമ്മ്യൂണിറ്റിയോട് ഓണ്‍ലൈന്‍ പരിപാടികളുടെ സംഘാടകര്‍ കാണിക്കുന്നത് എന്നത് വ്യക്തമാണ്.
സുസ്ഥിരമായ ജീവിതവിജയത്തിനായി കുടുംബവും സമൂഹവും ഒരേപൊലെ യോജിച്ച് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകത അടിവരയിടുന്ന അനുഭവങ്ങളാണ് ഒരോ ക്വീയര്‍ വ്യക്തിയുടെയും ജീവിതപോരാട്ടം വെളിപ്പെടുത്തുന്നത്. വിദ്യാഭ്യാസവും കുടുംബത്തിന്‍റെ പിന്തുണയും വിലയേറിയതും പ്രാധാന്യമേറിയതുമാണ്. യാതൊരു പിന്തുണാസംവിധാനത്തിന്‍റെയും സഹായമില്ലാതെ ഈ വ്യക്തികള്‍ നേടിയ/നേടുന്ന വിജയം അനിതരസാധാരണമാണ്. സമൂഹതിന്‍റെ ദ്വന്ദവിജയഗാഥയില്‍ ഇവരുടെ പരിശ്രമങ്ങള്‍ വേറിട്ടുതന്നെ നിൽക്കണം. ലോകം കൊവിഡിനു മുമ്പും ശേഷവും എന്ന് വേര്‍തിരിഞ്ഞ് നില്കുമ്പോള്‍, കൊവിഡ് കാലത്തെ ട്രാന്‍സ്ജെണ്ടര്‍ പോരാട്ടങ്ങള്‍ ചരിത്രത്തില്‍ അടയാളപെടുത്തും എന്നകാര്യത്തില്‍ സംശയമില്ലതന്നെ. ലോകം പുതിയ ‘നോര്‍മല്‍’ ശീലങ്ങളിലേക്ക് കടക്കുമ്പോള്‍ അകറ്റിനിര്‍ത്തലുകള്‍ ഉണ്ടാകാതെ, പുറത്താക്കലുകളോഅന്യവല്‍ക്കരണമോ ആവര്‍ത്തിക്കാതെയൊരു നവ സമൂഹം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ കേരളം യാതൊരു പ്രതീക്ഷയും നല്കാത്ത കപട സമൂഹമായി തുടരുമോ എന്നൊരു ആശങ്കയും ക്വീയര്‍ മനുഷ്യരെ അലട്ടുന്നുമുണ്ട്. അനുഭവങ്ങള്‍കൊണ്ട് മെച്ചെപ്പെടുന്നൊരു സമൂഹമായും ജീവിതമായും ചുറ്റുമുള്ളവര്‍ മാറട്ടെ എന്നൊരു ശുഭപ്രതീക്ഷമാത്രമാണ് അവശേഷിക്കുന്നത്.
പ്രിജിത്ത് പി. കെ.
ക്വിയറിതം സ്ഥാപക അംഗം
COMMENTS