മുഖവുര – സെപ്റ്റംബർ ലക്കം

Homeമുഖവുര

മുഖവുര – സെപ്റ്റംബർ ലക്കം

ഷീബ കെ.എം.

സാധാരണമായ കാലങ്ങള്‍, അപ്രതീക്ഷിത ജീവിതവഴികള്‍! മനുഷ്യചരിത്രത്തില്‍ അപൂര്‍വ്വമായി സംഭവിക്കുന്ന ആഗോള പരിഭ്രമസ്ഥിതി. ആറു മാസമായി തുടരുന്ന കൊറോണാകാലം നമ്മുടെ ജീവിതാവസ്ഥകളെയും മുന്‍ഗണനകളെയും ദിനചര്യകളെയുമൊെക്കെ സമൂലമായി മാറ്റിത്തീര്‍ത്തിരിക്കുന്നു.

പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ പടര്‍ന്നു പിടിച്ച ‘കറുത്ത മരണ’മെന്ന് വിശേഷിപ്പിക്കപ്പെട്ട പ്ലേഗിനും ഒന്നാം ലോകമഹായുദ്ധാനന്തരം 500 ദശലക്ഷത്തോളം (അന്നത്തെ ലോകജനസംഖ്യയുടെ മൂന്നിലൊന്ന്) പേരെ ഭൂമുഖത്ത് നിന്ന് തുടച്ചുമാറ്റിയ സ്പാനിഷ് ഫ്ളുവിനുമൊക്കെ സമാനമോ കൂടുതല്‍ ഭയങ്കരമോ ആയ അനുഭവങ്ങള്‍. ഒരു വൈറസിന്‍റെ വ്യാപനം ലോകക്രമം പൂര്‍ണ്ണമായും പരിവര്‍ത്തിപ്പിക്കുന്ന അതിസങ്കീര്‍ണ്ണമായ സന്ദര്‍ഭമാണിത്.

പുറം കാഴ്ചയില്‍ നിറയുന്നതും നമ്മുടെ അടിയന്തിരശ്രദ്ധയില്‍ പതിയുന്നതും പ്രതിരോധപ്രവര്‍ത്തനങ്ങളും രോഗബാധ / മുക്തി /മരണ നിരക്കുകളും ഒക്കെയാണെങ്കില്‍ ഇവയ്ക്കെല്ലാം പിറകില്‍ തകരുന്ന സാമ്പത്തിക സാമൂഹ്യ ഘടനകളുടെ ആധിജനകങ്ങളായ ചിത്രങ്ങളുമുണ്ട്. രാജ്യത്താകമാനം ലക്ഷക്കണക്കായ ചെറുവ്യവസായസംരംഭങ്ങള്‍ തകര്‍ന്നു. പല തൊഴില്‍മേഖലകളും പാടെ അപ്രത്യക്ഷമായി. തൊഴിലില്ലായ്മയും പട്ടിണിയും അതിരൂക്ഷമായി. ചലനാത്മകമായ സമ്പദ്ഘടനയ്ക്കാവശ്യമായ ഘടകങ്ങള്‍ ഏറെക്കുറേ നിശ്ചലമായ മട്ടിലുമാണ്. ഇതിനകം പല മട്ടില്‍ അരികുകളിലേക്ക് തള്ളപ്പെട്ടവര്‍ ഇപ്പോള്‍ കൊറോണാകാലത്തിന്‍റെ രൂക്ഷത കൂടി വര്‍ദ്ധിതരൂപത്തില്‍ അനുഭവിക്കുന്ന ഇരകളായിത്തീര്‍ന്നിരിക്കുന്നു.

പുനരധിവാസം ,പുനര്‍നിര്‍മ്മാണം തുടങ്ങിയ ഗുണാത്മകമായ പ്രവര്‍ത്തനങ്ങള്‍ ഭരണകൂടത്തിന്‍റെ പരമപ്രധാനമായ മുന്‍ഗണനാവിഷയങ്ങള്‍ ആവേണ്ടതാണിപ്പോള്‍. എന്നാല്‍ ഗതികെട്ടു നില്‍ക്കുന്ന ജനങ്ങളുടെ ശ്രദ്ധ വെട്ടിച്ച് അതീവ ഗുരുതര പ്രത്യാഘാതങ്ങളുള്ള നിരവധി നടപടികള്‍ എടുക്കാന്‍ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഈ വ്യാധികാലത്തും സ്വകാര്യവല്‍ക്കരണവും ഹിന്ദുത്വവല്‍ക്കരണവും ആണ് മുന്‍ഗണനയുള്ള അജണ്ടകള്‍ എന്ന തോന്നലുകള്‍ ഉണ്ടാക്കുന്ന വിധമാണ് ആശങ്കാജനകമായി കാര്യങ്ങള്‍ നീങ്ങുന്നത്. പ്രതിഷേധങ്ങളും സമരങ്ങളും ഇല്ലാതാക്കുന്ന സ്വേച്ഛാപരമായ താക്കീതുകളും നടപടികളും ഈ അവസ്ഥയെ ഗുരുതരമാക്കുന്നു.

വര്‍ഗ്ഗം, ലിംഗഭേദം, ലിംഗലൈംഗികത, ജാതി, മതസ്വത്വം തുടങ്ങിയ സംവര്‍ഗ്ഗങ്ങളുടെ അധീശത്വ പ്രത്യയശാസ്ത്രങ്ങള്‍ക്ക് വിധേയപ്പെടാന്‍ നിര്‍ബന്ധിതരാവുന്നവര്‍ ഈ സന്ദര്‍ഭത്തെ അത്യധികം ഞെരുക്കങ്ങളുടേയും ഹിംസാത്മകതയുടേയും കാലമായിട്ടാണ് അടയാളപ്പെടുത്തുന്നത്. താമസിക്കാന്‍ ഇടം പോലും നഷ്ടപ്പെടുന്നതും ഉപജീവനമാര്‍ഗ്ഗങ്ങള്‍ തീര്‍ത്തും അടഞ്ഞുപോകുന്നതും മുതല്‍ പരിമിതപ്പെട്ടു പോകുന്ന വിഭവോപയോഗവും വര്‍ദ്ധിച്ച വീട്ടു
ത്തരവാദിത്വങ്ങളും ഗാര്‍ഹികപീഡനങ്ങളും അടച്ചുപൂട്ടലുകളുണ്ടാക്കുന്ന അസന്തുലിതമായ മാനസികാവസ്ഥകളും എല്ലാം ആശാസ്യകരമല്ലാത്ത ജീവിതാവസ്ഥകളെയാണ് സൂചിപ്പിക്കുന്നത്.

കേരളസംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നാനാവിധമായ മാതൃകാ ഇടപെടലുകളും വ്യക്തികള്‍ പരസ്പരം പകരുന്ന കരുത്തും കരുതലും മാത്രമാണ് ഇരുണ്ട മേഘങ്ങള്‍ക്കിടയിലെ വെള്ളിരേഖകളായി ഭവിക്കുന്നത്. അതിജീവനം എന്ന് തന്നെയാണ് നാം ഇപ്പോഴും എപ്പോഴും ഉറക്കെ പറയുന്നതും. അതിനാല്‍ ഗുണാത്മകമായി സാധ്യമായത് കൂടി നമുക്ക് തിരിച്ചറിയാനാവും. ഓണ്‍ലൈന്‍ പഠനത്തിന്‍റെ എല്ലാ പോരായ്മകള്‍ നിലനില്‍ക്കുമ്പോഴും സാമൂഹ്യ പിന്നോക്കാവസ്ഥകളില്‍ പെട്ടു പോയവര്‍ക്ക് ടി.വി.യും കമ്പ്യൂട്ടറുമൊക്കെ പ്രാപ്യമായതും അട്ടപ്പാടിയിലെയും വയനാട്ടിലേയും ഊരുകളിലെ ആദിവാസി കുട്ടി
കള്‍ക്ക് സ്വന്തം ഭാഷകളില്‍ പഠിക്കാന്‍ കഴിഞ്ഞതും കൊറോണാപ്രതിരോധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സ്ത്രീകളുടെ മന്ത്രിയും, ഡോക്ടറും നഴ്സും ശാസ്ത്രജ്ഞയും മാത്രമല്ല ആശാ വര്‍ക്കറും ശുചീകരണ തൊഴിലാളിയും വരെയുള്ളവരുടെ നേതൃപാടവവും പങ്കാളിത്തവും തെളിയിക്കപ്പെട്ട് ജനശ്രദ്ധ നേടിയതും ഇതില്‍പ്പെടും. നാനാവിധമായ ഇത്തരം യാഥാര്‍ത്ഥ്യങ്ങളെ മുന്‍നിര്‍ത്തി ‘വ്യാധികാലം’ വിഷയമാക്കി അമീറ വി.യു. അതിഥിപത്രാധിപയായ സെപ്തംബര്‍ മാസം സംഘടിത വായനയ്ക്കായി സമര്‍പ്പിക്കുന്നു.

 

 

ഷീബ കെ.എം.
പത്രാധിപ 

COMMENTS

COMMENT WITH EMAIL: 0