Homeചർച്ചാവിഷയം

ട്രാന്‍സ്ജെന്‍ഡര്‍ ക്ഷേമത്തിലൂന്നി കോഴിക്കോടിന്‍റെ ‘പുനര്‍ജ്ജനി’

കോഴിക്കോട് സ്വദേശിനിയാണ് ഞാന്‍. അച്ഛനും അമ്മയ്ക്കും ഞങ്ങള്‍ അഞ്ച് മക്കളായിരുന്നു. അച്ഛന്‍ മരിച്ചിട്ട് ഇപ്പോള്‍ പതിനൊന്നു വര്‍ഷമാകുന്നു. എനിക്ക് നാലു സഹോദരിമാരാണ് ഉള്ളത്. വീട്ടുകാര്‍ എന്‍റെ വ്യക്തിത്വം ഇപ്പോള്‍ അംഗീകരിച്ചു കഴിഞ്ഞു. കോഴിക്കോട് കച്ചേരിക്കുന്നിലാണ് താമസിക്കുന്നത്. കുറച്ചുകാലം അമ്മ കൂടെ ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ തനിച്ചാണ് താമസം. പതിനെട്ടു വര്‍ഷമായി താമസിക്കുന്ന ഒളവണ്ണ പഞ്ചായത്തില്‍, ഒരു തരത്തിലുള്ള മാറ്റിനിര്‍ത്താലോ അവഗണനയോ നേരിടേണ്ടി വന്നിട്ടില്ല. ഈ പഞ്ചായത്തില്‍ തന്നെയാണ് ഞാന്‍ ട്രാന്‍സ് ഐഡന്‍റിറ്റിയില്‍ ആദ്യമായി വോട്ട് രേഖപെടുത്തുന്നത്. കഴിഞ്ഞ കുറെ കാലങ്ങളായി പൊതു സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്ന് പറയാന്‍ കഴിയും. കോഴിക്കോട് ജില്ലയില്‍ ആദ്യമായി ട്രാന്‍സ് ഐഡന്‍റിറ്റിയില്‍ വോട്ടേഴ്സ് കാര്‍ഡ്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് തുടങ്ങിയവ ലഭിച്ചത് എനിക്കാണ്. കോഴിക്കോട് ലോക് അദാലത്തില്‍ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ പാരാ-വോളണ്ടിയര്‍ ആയി പ്രവര്‍ത്തിക്കാനും എനിക്ക് സാധിച്ചു.

പുനര്‍ജ്ജനി കള്‍ച്ചറല്‍ സൊസൈറ്റി
കോഴിക്കോട് ജില്ലയിലെ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമത്തിനായി പുനര്‍ജ്ജനി കള്‍ച്ചറല്‍ സൊസൈറ്റി ഫോര്‍ ട്രാന്‍സ്ജെന്‍ഡര്‍ വെല്‍ഫെയര്‍ തുടങ്ങാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമാണ്. പതിനഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹം സ്വത്വം വെളിപ്പെടുത്താതെ സമൂഹത്തെ ഭയന്ന് സ്വയം ഉള്‍വലിഞ്ഞു ജീവിക്കുകയായിരുന്നു. 2005-2006 കാലഘട്ടത്തില്‍ ഞാന്‍ കേരള എയ്ഡ്സ് കണ്ട്രോള്‍ ബോര്‍ഡ് സൊസൈറ്റി വഴി ങടങ വിഭാഗത്തിന്‍റെ ഇടയില്‍ നടപ്പില്‍ വരുത്തിയ സുരക്ഷ പ്രോജെക്ടില്‍ ഫീല്‍ഡ് വര്‍ക്കര്‍ ആയി ജോലി ചെയ്തിരുന്നു. അങ്ങനെ ഒരുപാടു കമ്മ്യൂണിറ്റി അംഗങ്ങളോട് അടുത്തിടപഴകാനും സംവദിക്കാനും എനിക്ക് സാധിച്ചിരുന്നു. ഈ ഒരു അനുഭവ പരിചയത്തിന്‍റെയും ബന്ധത്തിന്‍റെയും അടിസ്ഥാനത്തിലാണ് ഞാന്‍ ‘പുനര്‍ജ്ജനി’ എന്ന സംഘടന 2016 ല്‍ രൂപീകരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ കമ്മ്യൂണിറ്റിയുടെ ഉന്നമനത്തിനും ക്ഷേമത്തിനും വേണ്ടി പ്രവര്‍ത്തിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. കോഴിക്കോട് ജില്ല പ്രതിനിധീകരിച്ചാണ് പ്രവര്‍ത്തനം. രൂപീകരണകാലം മുതല്‍ 300 ഓളം ട്രാന്‍സ് വ്യക്തികള്‍ സംഘടനയില്‍ അംഗങ്ങളായി ഉണ്ട്. അവരില്‍ പൊതു സമൂഹത്തില്‍ ജെന്‍ഡര്‍ ഐഡന്‍റിറ്റി വെളുപ്പെടുത്തിയവരും ഇപ്പോഴും ഐഡന്‍റിറ്റി വെളിപ്പെടുത്താത്തവരുമുണ്ട്. തുടക്കകാലത്ത് അംഗങ്ങള്‍ക്ക് സംഘടനയുടെ ഐഡന്‍റിറ്റി കാര്‍ഡ് നല്‍കിയിരുന്നു. 230 അംഗങ്ങള്‍ക്ക് ആ സമയത്ത് കാര്‍ഡ് നല്‍കിയിട്ടുണ്ട്. അതിനു ശേഷമാണ് സാമൂഹിക വകുപ്പിന്‍റെ കാര്‍ഡ് നിലവില്‍ വന്നത്. ഇപ്പോള്‍ ട്രാന്‍സ് ഐഡന്‍റിറ്റി കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷ വഴിയാണ് ലഭിക്കുന്നത്.
18നു വയസിനു മുകളില്‍ പ്രായമുള്ള വ്യക്തികള്‍ക്കാണ് സംഘടനയില്‍ അംഗത്വം കൊടുക്കുന്നത്. മൂന്ന് വര്‍ഷം കൂടുമ്പോള്‍ സംഘടനയുടെ ഭാരവാഹികള്‍ മാറുന്നു. സംഘടനയുടെ ഫൗണ്ടറായ ഞാനാണ് നിലവിലെ പ്രസിഡന്‍റ്. നിലവിലുള്ള അംഗങ്ങളില്‍ എട്ടോളം പേര്‍ ട്രാന്‍സ് പുരുഷന്മാര്‍ ആണ്. സംഘടനയുടെ വാര്‍ഷിക പരിപാടിയായ “ചമയം” അതിവിപുലമായിതന്നെ നടത്താറുണ്ട്. കേരളത്തിന്‍റെ വിവിധ ജില്ലകളില്‍ നിന്നുള്ള ട്രാന്‍സ് മനുഷ്യരുടെ പങ്കാളിത്തം കൊണ്ട് ഈ പരിപാടി ശ്രദ്ധിക്കപ്പെട്ടിരുന്നു.
സംഘടനയ്ക്ക് വരുമാനമോ സാമ്പത്തികമോ ഇല്ലാത്തത് വലിയ തോതിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തടസമാണ്. ചെറിയ സഹായങ്ങള്‍ ഞങ്ങളാല്‍ കഴിയുന്ന പോലെ ചെയ്യുന്നുണ്ട്. സര്‍ക്കാര്‍ പദ്ധതികള്‍ കമ്മ്യൂണിറ്റി അംഗങ്ങളെ അറിയിക്കാനും അവരിലെത്തിക്കാനും ശ്രമിക്കാറുണ്ട്.
രാഷ്ട്രീയപരമായ പങ്കാളിത്തം ലഭിച്ചാല്‍ മാത്രമേ ട്രാന്‍സ് വ്യക്തികള്‍ക്ക് നയരൂപീകരണത്തില്‍ പങ്കെടുക്കാനും അവരുടേതായ അഭിപ്രായങ്ങള്‍ പങ്ക് വെക്കാനും സാധിക്കുകയുള്ളു. അത് കൊണ്ട് തന്നെ ഒരു വാര്‍ഡ് മെമ്പര്‍ ആയെങ്കിലും മത്സരിച്ചു വിജയിക്കുക എന്നത് എന്‍റെ ഒരാഗ്രഹമാണ്. ട്രാന്‍സ് വ്യക്തികള്‍ക്കായി കേരളത്തില്‍ പുതുതായി ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കപ്പെട്ടിട്ടുണ്ട്. ഡെമോക്രാറ്റിക് ട്രാന്‍സ്ജെന്‍ഡര്‍ ഫെഡറേഷന്‍ ഓഫ് കേരള എന്നാണ് പാര്‍ട്ടിയുടെ പേര് . അതിന്‍റെ അംഗത്വം സ്വീകരിച്ചു തുടങ്ങിയിട്ടേ ഉള്ളു. രാഷ്ട്രീയ രംഗങ്ങളിലെ ട്രാന്‍സ്ജെന്‍ഡര്‍ പ്രതിനിധാനം ട്രാന്‍സ് വ്യക്തികള്‍ക്ക് തീര്‍ച്ചയായും ആവശ്യമാണ്. പഞ്ചായത്തു തലങ്ങളിലെങ്കിലും വിജയിക്കാനും മെമ്പര്‍മാരാവാനും സാധിച്ചാല്‍ സമൂഹത്തില്‍ ഒരുപാട് മാറ്റങ്ങള്‍ കൊണ്ടുവരാനാവും.

ഷോട്ട് സ്റ്റേ ഹോം
കേരള സര്‍ക്കാര്‍ ട്രാന്‍സ് വ്യക്തികള്‍ക്കായി വിഭാവനം ചെയ്ത പദ്ധതികളുടെ ഗുണഫലം കമ്മ്യൂണിറ്റി മെമ്പര്‍മാരിലേക്ക് എത്തിക്കാനായി പുനര്‍ജ്ജനി പരിശ്രമിക്കുന്നു. ട്രാന്‍സ് വ്യക്തികള്‍ക്കായി സര്‍ക്കാര്‍ അനുവദിച്ച അഞ്ച് ഷെല്‍ട്ടര്‍ ഹോമുകളില്‍ കോഴിക്കോട് പ്രവര്‍ത്തിച്ച ഷെല്‍ട്ടര്‍ ഹോമിന്‍റെ നടത്തിപ്പിക്കവകാശം പുനര്‍ജ്ജനി സംഘടനക്കായിരുന്നു. കോഴിക്കോട് ഇരിങ്ങാടമ്പള്ളിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. പതിനേഴു മാസമായിരുന്നു പ്രവര്‍ത്തന കാലാവധി. ഇതിന്‍റെ ഭാഗമായി ഒരുപാടു ട്രാന്‍സ് വ്യക്തികള്‍ക്ക് അഭയം നല്കാന്‍ സാധിച്ചിട്ടുണ്ട്. ഞാന്‍ ആയിരുന്നു ഹോമിന്‍റെ മാനേജര്‍. ഘട്ടം ഘട്ടമായിരുന്നു സര്‍ക്കാര്‍ ഫണ്ട് ലഭിച്ചത്. നല്ല രീതിയില്‍ ആണ് ഞങ്ങള്‍ ഷെല്‍ട്ടര്‍ ഹോമിന്‍റെ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയത്. കഴിഞ്ഞ മാര്‍ച്ചിലാണ് ഷോട്ട് സ്റ്റേ ഹോമിന്‍റെ ഒന്നര വര്‍ഷത്തെ പ്രവര്‍ത്തങ്ങള്‍ അവസാനിച്ചത്. ഈ വര്‍ഷം സര്‍ക്കാര്‍ ഷോട്ട് സ്റ്റേ ഹോമിന്‍റെ പ്രവര്‍ത്തങ്ങള്‍ ഏല്‍പ്പിച്ചത് എന്‍. ജി. ഓകളെയാണ്. ഇതിനെതിരെയുള്ള ഞങ്ങളുടെ പരാതിയും പ്രതിഷേധവും ഞങ്ങള്‍ രേഖാമൂലം സര്‍ക്കാരിനെ ബോധിപ്പിച്ചിട്ടുണ്ട്. കമ്മ്യൂണിറ്റി അധിഷ്ഠിത സംഘടനകളെ പോലെ എന്‍. ജി. ഒ. കള്‍ക്ക് കമ്മ്യൂണിറ്റി പ്രശ്നങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ജോലി നല്‍കാന്‍ ഷെല്‍ട്ടര്‍ ഹോമുകളുടെ പ്രവര്‍ത്തനം സി. ബി. ഓ. കളെ ഏല്‍പ്പിക്കുന്നതാണുചിതം, കാരണം സി. ബി. ഓ. കളില്‍ കമ്മ്യൂണിറ്റി അംഗങ്ങളല്ലാത്തവരുമുണ്ടാകും.

ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയും കേരളവും
ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയുടെ മുന്നൊരുക്കമായുള്ള ട്രാന്‍സ്ജെന്‍ഡര്‍ സര്‍വ്വേയുടെ ഭാഗമായും ഞാന്‍ പ്രവര്‍ത്തിച്ചിരുന്നു. സമൂഹത്തില്‍ സ്വത്വം വെളിപ്പെടുത്താതെ നിന്നവരടക്കമുള്ള കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് പുറത്തു വരാനും സാമൂഹിക അംഗീകാരം നേടാനുമുള്ള അവസരമുണ്ടാക്കിക്കൊടുക്കാന്‍ ട്രാന്‍സ്ജെന്‍ഡര്‍ പോളിസിയ്ക്കു കഴിഞ്ഞിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡര്‍ പോളിസി വന്നതിനു ശേഷമാണ് കോഴിക്കോട് ജില്ലയില്‍ പൊതുധാരയില്‍ കൂടുതലായി ട്രാന്‍സ് വ്യക്തികളെ കാണാന്‍ തുടങ്ങിയത്. കമ്മ്യൂണിറ്റിയുടെ ക്ഷേമത്തിനായുള്ള ഒരുപാട് പദ്ധതികള്‍ ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്. ട്രാന്‍സ് അനുകൂലമായ ഒരുപാടു പരിപാടികളും സര്‍ക്കാര്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കി വരുന്നുണ്ട്. ‘മഴവില്ല്’ പദ്ധതിയുടെ ഭാഗമായി നടന്ന തുടര്‍വിദ്യാഭ്യാസ പരിപാടിയില്‍ കോഴിക്കോട് ജില്ലയില്‍ നിന്ന് ഒരുപാടു ട്രാന്‍സ് വ്യക്തികള്‍ക്ക് പഠിക്കാനുള്ള അവസരം ഒരുക്കിക്കൊടുക്കുകയും പഠിക്കുകയും ചെയ്തിട്ടുണ്ട്.

പുനര്‍ജ്ജനിയുടെ കോവിഡ് കാലപ്രവര്‍ത്തനങ്ങള്‍
കോവിഡ് കാലം ആയതിനാല്‍ കോഴിക്കോട് ജില്ലയിലുള്ള ട്രാന്‍സ് വ്യക്തികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുണ്ട്. കോവിഡ് കാലം ഞങ്ങളെ സംബന്ധിച്ചിടത്തോളം വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. ഭക്ഷണത്തിനും മരുന്നിനുമായിരുന്നു വഴി കണ്ടെത്തേണ്ടിയിരുന്നത്. കോവിഡ് ലോക്ക് ഡൌണ്‍ സമയത്തു ട്രാന്‍സ്ജെന്‍ഡര്‍ ഷെല്‍ട്ടര്‍ ഹോം ഒരു അഭയ കേന്ദ്രമായിരുന്നു. സഹായത്തിനായി സാമൂഹ്യ നീതി വകുപ്പിനോടും അഭ്യര്‍ത്ഥിച്ചിരുന്നു. സാമൂഹിക നീതി വകുപ്പുമായി ബന്ധപ്പെട്ട് കമ്മ്യൂണിറ്റിയിലുള്ളവരും അല്ലാത്തവരുമായ ബുദ്ധിമുട്ടനുഭവിക്കുന്ന ആളുകള്‍ക്കു മൂന്ന് നേരം ഭക്ഷണം എത്തിച്ച് കൊടുക്കുന്നുണ്ടായിരുന്നു. ഇത് കൂടാതെ കമ്മ്യൂണിറ്റി അംഗങ്ങള്‍ക്ക് ഭക്ഷ്യ ധാന്യ കിറ്റുകളും എത്തിച്ചു കൊടുക്കുന്നുണ്ടായിരുന്നു. കോഴിക്കോട് ജില്ലാ ഭരണകൂടവും സംഘടനയുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചു. പ്രത്യേകമായ ഒരു വാക്സിനേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു ട്രാന്‍സ് വ്യക്തികള്‍ ഫസ്റ്റ് ഡോസ് വാക്സിന്‍ സ്വീകരിച്ചു. ഇനി സെക്കന്‍ഡ് ഡോസിനുള്ള സമയമാവുന്നു.
കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ സമൂഹങ്ങള്‍ക്ക് ദൃശ്യത നല്‍കുന്നതില്‍ പുനര്‍ജ്ജനി പോലുള്ള സി. ബി. ഓ. കള്‍ക്ക് വലിയ പങ്കുണ്ട്. കോഴിക്കോട് ജില്ലയിലെ ഏക ട്രാന്‍സ്ജെന്‍ഡര്‍ സി. ബി. ഓ. ആയ പുനര്‍ജനിയുടെ ഫൗണ്ടറും പ്രസിഡന്‍റുമായി കമ്മ്യൂണിറ്റി അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി നില കൊള്ളാന്‍ സാധിച്ചതില്‍ അഭിമാനവും സന്തോഷവും ഉണ്ട്. ഭാവിയില്‍ ഇപ്പോഴുള്ളതിലും മികച്ചതായി പ്രവര്‍ത്തിക്കാന്‍ പുനര്‍ജ്ജനിക്കു കഴിയും. അതിനായുള്ള ആസൂത്രണങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നു.

വ്യക്തിഗതമായ നേട്ടങ്ങള്‍
സര്‍ക്കാര്‍ പദ്ധതികളുടെ ഭാഗമായി ട്രാന്‍സ് വ്യക്തികള്‍ക്കായുള്ള ഡ്രൈവിംഗ് പരിശീലനം പൂര്‍ത്തിയാക്കി ലൈസന്‍സ് നേടുകയും ബ്യൂട്ടീഷ്യന്‍ കോഴ്സ് വിജയകരമായി പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കുകയും ചെയ്തു. കൂടാതെ കൃഷി വിഘ്യാന്‍ കേന്ദ്ര പത്തനംതിട്ടയില്‍ കൂണ്‍കൃഷി, തെങ്ങില്‍ കയറുന്ന പരിശീലനം, സംരംഭകത്വ വികസന ട്രെയിനിംഗ് എന്നിവയും പൂര്‍ത്തികരിച്ചു. ‘സ്നേഹതീരം’ കുടുംബശ്രീ ട്രാന്‍സ് അയല്‍ക്കൂട്ടം 2017 ല്‍ തുടങ്ങി അതിലും സജീവമായി പ്രവര്‍ത്തിച്ചു വരുന്നു. സഹായമഭ്യര്‍ത്ഥിച്ചു സമീപിക്കുന്ന നിരവധി ട്രാന്‍സ് വ്യക്തികള്‍ക്ക് പുനര്‍ജനിയില്‍ കൗണ്‍സിലിംഗും ജോലിയും തരപ്പെടുത്തിക്കൊടുക്കാന്‍ സാധിക്കുന്നുണ്ട്. ട്രാന്‍സ് ക്ഷേമത്തിനായുള്ള അഹോരാത്രമുള്ള പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു ട്രാന്‍സ് വ്യക്തികളുടെ തന്നെ സംഘടനയായ ‘ധ്വയ’ എനിക്ക് മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം നല്കുകയും മലയാളികളുടെ അഭിമാനമായ പ്രശസ്ത നടന്‍ പത്മശ്രീ മമ്മൂട്ടിയില്‍ നിന്നും ആ പുരസ്കാരം ഏറ്റു വാങ്ങുകയും ചെയ്തു. സാമൂഹിക നീതി വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച സാമൂഹിക പ്രവര്‍ത്തകയ്ക്കുള്ള പുരസ്കാരം മുന്‍ ആരോഗ്യ മന്ത്രി ശൈലജ ടീച്ചര്‍ സമ്മാനിച്ചു. ഡോ. ബി. ആര്‍. അംബേദ്കര്‍ പുരസ്കാരവും നേടുകയുണ്ടായി. ട്രാന്‍സ് വ്യക്തികള്‍ക്കായി സര്‍ക്കാര്‍ വിഭാവനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഫലം ലഭിക്കണമെങ്കില്‍ ട്രാന്‍സ് വ്യക്തികള്‍ ഒന്നിച്ചു നിന്ന് അതിനായി പ്രയത്നിക്കേണ്ടതുണ്ട്. കമ്മ്യൂണിറ്റി അംഗങ്ങളെയും സമൂഹത്തെയും ബോധവത്കരിക്കാന്‍ പരിശ്രമിക്കുന്നുണ്ട്. ഭാവിയില്‍ ട്രാന്‍സ് വ്യക്തികളെക്കുറിച്ചുള്ള സിനിമ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവാനും സ്വന്തമായി എന്തെങ്കിലും ചെയ്യാനും ആഗ്രഹമുണ്ട്.

 

സിസിലി ജോര്‍ജ്
പ്രസിഡന്‍റ്, പുനര്‍ജ്ജനി സി. ബി. ഓ.
കോഴിക്കോട്

 

 

COMMENTS

COMMENT WITH EMAIL: 0