ഓണ്‍ലൈന്‍ പഠനം ഗോത്രഭാഷയില്‍

Homeചർച്ചാവിഷയം

ഓണ്‍ലൈന്‍ പഠനം ഗോത്രഭാഷയില്‍

സിന്ധു സാജൻ 

ബീമ മുള്ള് പു അഥവാ ബീമ വാല്പു

ആയി മക്കളേ,
എല്ലാര്മ് എന്ത തിന്ത് വന്ത്ര്ക്കാത് ഇന്ന്?
വേറെല്ലാ തുമ്പി വന്ന് ബുക്കാന്തിരിക്കാറാ
നല്ല പുള്ളേക.
ഇനി ടീച്ചാറ് ഒരു കാരിയ സൊല്ലറെ!
അന്തെ നാന് നിമാക്കെ ഒര് കാരിയ സൊല്ലി തന്ത്റ്ത്തെ!
ആ… ഗാളിനോയ് നെക്കുറിച്ച് സൊല്ലി തന്ത്ര്പ്പെ! നമ്മ ലോകത്തി വന്തിരിക്കാത് നോയ് ഗാളി നോയ് തെ.
****
ആയ് എത്ത് തങ്കുപ്പുള്ളെകളെ….
ഇന്ത്മ് വന്ത്ര്ക്കാത് ടീച്ചാറ്. സരിയാ?
നമ്ത്ത് കൊറോണ എല്ലാ മാറ്കു.
അപ്പൊ നമ്ക്ക് സ്കൂള്ക്കെ പോകില.
ആങ്കെ പോയി പടിക്കില.
പിന്നെ പാട്ട് പാട്കില, വെളാട്കില, കതെ സൊല്ല്കില.
നകാത്ത് ഒരു കതെ നിമ്ക്കെ സൊല്ലിത്തന്ത്ര്ത്തെ. മറാന്തിയാ?
****
ഒര് ദൊഡേലി റാഡ് പൂനെകാള് ഇര്ന്ത്ത്മ്. മിട്ടുപ്പൂനെമ് പിന്നെ തങ്കുപ്പൂനെമ്. റാഡ് പൂനെകാള് നടാന്ത് നടാന്ത് വന്തിരിന്താര്! എന്തിനെ കണ്ടാര്? ആ നെയ്യപ്പളെ കണ്ടാര്.
ആര് കണ്ടാത് ആദിയ? മിട്ടുപ്പൂനെകാ.
ആര് എട്ത്താത് ആദിയ? തങ്കുപ്പൂണകാ.
അപ്പ ദൊഡ്ഢ മരത്തില് ഒരാള് ഇവാര്നെ നോഡിക്കൊണ്ട് ഇര്ന്താദ്.
****
അട്ടപ്പാടിയിലെ മൂന്ന് ഗോത്ര ഭാഷകളാണിത്. ആദ്യത്തേത് മുഡുഗ ഭാഷയും രണ്ടാമത്തേത് ഇരുള ഭാഷയും ഒടുവിലത്തേത് കുറുമ്പ ഭാഷയുമാണ്.

എന്താണ് കൊറോണയെന്നും അത് നമ്മെ എങ്ങനെയെല്ലാം പ്രയാസപ്പെടുത്തുന്നുവെന്നും തുടങ്ങി കേരളം മുഴുവന്‍ അലയടിച്ച മിട്ടുപ്പൂച്ചയുടെയും തങ്കുപ്പൂച്ചയുടെയും കഥയിലേക്ക് പതിയെ പ്രവേശിക്കുന്നതാണ് ഈ സന്ദര്‍ഭം. ഇത്തരത്തില്‍ അട്ടപ്പാടിയിലെ മൂന്ന് ഗോത്ര ഭാഷകളായ ഇരുള, മുഡുഗ, കുറമ്പ ഭാഷകള്‍ക്ക് പുതുജീവന്‍ നല്‍കുകയാണ് സമഗ്രശിക്ഷ കേരളം. സംസ്ഥാന നേതൃത്വത്തിനുകീഴില്‍ അഗളി ബി.ആര്‍.സി.

ഫസ്റ്റ് ബെല്‍ എന്ന പേരില്‍ കേരളമാകെ വിദ്യാഭ്യാസത്തിന് പുതിയ ഉണര്‍വുനല്‍കുന്ന ഓണ്‍ലൈന്‍ ക്ലാസുകളുടെ ഗോത്രഭാഷാപാഠങ്ങളാണ് മഴവില്‍ പൂവ്. സമഗ്ര ശിക്ഷ കേരള ഇടുക്കി, വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലെ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളെ കേന്ദ്രീകരിച്ച് ലോവര്‍പ്രൈമറി തലത്തില്‍ പാഠഭാഗങ്ങള്‍ ഗോത്ര ഭാഷയില്‍ കൂടി ലഭ്യമാക്കുന്ന പദ്ധതിയാണിത്. ഇതിന്‍റെ ചുവടുപിടിച്ചാണ് ‘നമ്ത്ത് ബാസെ’ അഗളി ബി.ആര്‍.സി.യും നടപ്പിലാക്കുന്നത്.

ഇതൊരു ചെറിയ കാര്യമല്ല. ഒരു സംഘം അധ്യാപകരുടെ ആത്മ സമര്‍പ്പണം കൂടിയുണ്ട് ഇതിനുപുറകില്‍. അങ്ങനെ അട്ടപ്പാടിയില്‍ നിന്ന് കേരള വിദ്യാഭ്യാസ ചരിത്രത്തിലേക്ക് ഒരുപക്ഷേ ഇന്ത്യയില്‍തന്നെ ആദ്യം. ഒരു വിദ്യാഭ്യാസ വിപ്ലവം സൃഷ്ടിക്കുക കൂടിയാണിവര്‍. ലിപിയില്ല എന്ന ഒറ്റക്കാരണത്താല്‍ നാളിതുവരെയും വിദ്യാലയത്തിന്‍റെ പടിക്കുപുറത്തു നിര്‍ത്തിയിരിക്കുകയായിരുന്നു ഈ ഭാഷകളത്രയും. അട്ടപ്പാടിയിലെ വിദ്യാലയങ്ങളില്‍ ഏതാണ്ട് മൂന്നില്‍ രണ്ടോളം വരുന്ന കുട്ടികളുടെ മാതൃഭാഷ കൂടിയാണിതെന്നോര്‍ക്കണം. കുട്ടികള്‍ക്കിണങ്ങുന്ന ലോകം – മാതൃഭാഷയില്‍ പ്രാഥമിക വിദ്യാഭ്യാസം എന്നിവ വിദ്യാഭ്യാസ അവകാശമായി ഉറപ്പുവരുത്തുമ്പോള്‍ പോലും കേരളത്തിലെ ഗോത്ര ഭാഷകള്‍ ഈ വിധം മൃതാവസ്ഥയിലാണ്.

എന്നാല്‍, ഈ ലോക് ഡൗണ്‍ കാലത്ത് മുഖ്യാധാരാ വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി ഈ ഭാഷകള്‍ ഉയര്‍ത്തപ്പെടുമ്പോള്‍, ഈ ഭാഷകള്‍ക്ക് ലഭിക്കുന്ന പിന്തുണയും സ്വീകാര്യതയും ഏറെ സന്തോഷിപ്പിക്കുന്നത് ഇതിനുപുറകില്‍ പ്രവര്‍ത്തിച്ച ഇവിടത്തെ ഗോത്രവിഭാഗം അധ്യാപകരെയാണ്.

കോവിഡ് 19 എന്ന മഹാമാരി എങ്ങനെയെല്ലാമാണ് വിദ്യാലയങ്ങളില്‍ നിന്ന് കുട്ടികളെ അകറ്റി നിര്‍ത്തിയിരിക്കുന്നത്? അതിന്‍റെ പ്രത്യാഘാതങ്ങള്‍ എന്തെല്ലാമായിരിക്കും? കുട്ടികളുടെ കളിചിരികളും ആരവങ്ങളുമില്ലാതെ ഇനിയുമെത്രനാള്‍ വിദ്യാലയങ്ങള്‍ ഇങ്ങനെ അനാഥമാക്കപ്പെടും.

ആര്‍ക്കും മറുപടി നല്‍കാനാവാത്ത ഈ അനിശ്ചിതത്വങ്ങള്‍ ആവും വിധത്തില്‍ മറികടക്കുന്നതിനുവേണ്ടിയാണല്ലോ വിദ്യാഭ്യാസ വകുപ്പ് ‘ഫസ്റ്റ് ബെല്‍’ എന്ന പേരില്‍ ക്ലാസ് മുറികളുടെ ഓണ്‍ ലൈന്‍ പഠനസാധ്യതകള്‍ തുറന്നു തരുന്നത്.
സമ്പൂര്‍ണ്ണമായും ഫലപ്രദമെന്ന് അവകാശപ്പെടാനില്ലായെങ്കില്‍ കൂടി, പരിമിതികളും, പോരായ്മകളും ഏറെയുണ്ടെന്ന് ബോധ്യത്തോടും തന്നെയാണ് കേരള സമൂഹം ഈ ഓണ്‍ലൈന്‍ പാഠങ്ങളെ തങ്ങളുടെ വീട്ടകങ്ങളിലേക്ക് സ്വീകരിക്കുന്നത്. ഒന്നുമില്ലായ്മയെ മറികടക്കാന്‍ അത്രയെങ്കിലുമാകട്ടെ.

ഓണ്‍ ലൈന്‍ ക്ലാസുകള്‍ തുടങ്ങിയ ജൂണ്‍ മാസം മുതല്‍ തന്നെ തുടങ്ങിയതാണ് അതിന്‍റെ ഫലപ്രാപ്തി ചര്‍ച്ചകളും. അതിലേറെയും ചര്‍ച്ചാ വിഷയമായ മറ്റൊരു പ്രശ്നം തന്നെയായിരുന്നു ഗോത്ര വര്‍ഗ്ഗ മേഖലയിലെ ഈ ഓണ്‍ലൈന്‍ പഠനങ്ങളുടെ ഫലസാധ്യതകള്‍.
മലയാളം അക്ഷരാര്‍ത്ഥത്തില്‍ രണ്ടാം ഭാഷയായ ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ ഭാഷാപരിമിതി ക്ലാസ്മുറിയിലെ നേരനുഭവങ്ങളില്‍ നിന്നുതന്നെ പൂര്‍ണ്ണമായി ആശയസംവേദനത്തിന് തടസ്സമാകുന്നുവെന്നത് വിദ്യാഭ്യാസ മേഖലയില്‍ ഒരു വലിയ പ്രതിസന്ധിയായി നിലനില്‍ക്കെയാണ് ഒരു വിര്‍ച്ച്വല്‍ ക്ലാസ് മുറിയിലെ ഭാഷ എങ്ങനെയാണ് കുട്ടികള്‍ക്കിണങ്ങുന്ന രീതിയിലാക്കുന്നതെന്ന ചോദ്യമുയരുന്നത്.

ഈ പ്രശ്നങ്ങള്‍ക്കാണ് സമഗ്രശിക്ഷ കേരള ഇപ്പോള്‍ പരിഹാരം സാധ്യമാക്കിയിരിക്കുന്നത്. മഴവില്‍പ്പൂവ് എന്ന പേരില്‍ ഗോത്രമേഖലയിലാണ് ഓണ്‍ലൈന്‍ പാഠങ്ങളുടെ ഗോത്രഭാഷാപതിപ്പ് തയ്യാറാക്കിവരുന്നത്. ഇരുള ഭാഷയില്‍ ബീമവാല്‍പു എന്നും മുഡുഗ, കുറുമ്പ ഭാഷകളില്‍ ബീമമുള്ള് പു എന്നുമാണ് മഴവില്‍ പൂവ് എന്നതിന്‍റെ ഭാഷാന്തരം.

അഗളി ബി.ആര്‍.സി. തയ്യാറാക്കി ഇപ്പോള്‍ യു ട്യൂബില്‍ ലഭ്യമായിട്ടുള്ള ഈ ക്ലാസുകള്‍ അതിന്‍റെ അവതരണമികവുകൊണ്ടും അനര്‍ഗ്ഗളമായ ഭാഷാശൈലികൊണ്ടും വേറിട്ടുനില്‍ക്കുന്നു.
അട്ടപ്പാടിയിലെ വിവിധ ഊരുകളില്‍ സാമൂഹ്യപഠനമുറികളിലെ പ്രത്യേകം സജ്ജീകരിച്ച ടി.വി. സ്ക്രീനില്‍ ഈ ക്ലാസുകളെത്തുമ്പോള്‍ കുട്ടികളെക്കാളേറെ കൗതുകം നിറഞ്ഞ കാണികളാകുന്നത് ഊരിലെ പ്രായം ചെന്ന മൂപ്പത്തിമാരാണെന്നത് ക്ലാസുകള്‍ കോ-ഓര്‍ഡിനേറ്റ് ചെയ്യുന്ന അഗളി ബി.ആര്‍.സി.യുടെ സാരഥി ശ്രീ. വിജയന്‍ അഭിമാനത്തോടെ പറയുന്നു. സ്വന്തം ഭാഷക്ക് ലഭിക്കുന്ന ഈ സാമൂഹ്യാംഗീകാരം അവരെ അത്രയേറെ അഹ്ലാദഭരിതരാക്കുന്നുവെന്നതുതന്നെയാണ് കാര്യം. ഒരു ടെലിവിഷന്‍ ഷോ കാണുന്ന ആവേശത്തോടെയാണ് ഊരിലെല്ലാവരും ഈ ക്ലാസുകളെ സ്വീകരിച്ചത്. മാതൃഭാഷയുടെ ശക്തിയെന്താണെന്ന് വ്യക്തമായും തിരിച്ചറിയപ്പെടുന്ന മികച്ച സന്ദര്‍ഭം കൂടിയാണിത്.
ഈ പാഠങ്ങള്‍ കേരളത്തിന്‍റെ വിദ്യാഭ്യാസ രംഗത്ത് ഏറെ ശ്രദ്ധേയമാകുമ്പോള്‍ അതിലേറെ ആഹ്ലാദവും അഭിമാനമുള്ളവരാകുന്നത് ഇവിടുത്തെ ഗോത്രവിഭാഗം അധ്യാപകരാണ്. കേരളത്തിന്‍റെ വിദ്യാഭ്യാസരംഗത്ത് തങ്ങളുടെ പരമ്പരാഗതമായ അറിവുകളും കഴിവുകളും പ്രയോജനപ്പെടുത്താനാകാതെ പാര്‍ശ്വവല്‍ക്കരണത്തിന് വിധേയരാക്കപ്പെട്ടവര്‍ കൂടിയാണ് ഇവിടുത്തെ അധ്യാപകര്‍. ഗോത്ര വര്‍ഗ്ഗ മേഖലയിലെ പഠനപ്രശ്ന പരിഹാരവേളയില്‍പോലും ഈ അധ്യാപകരുടെ സാന്നിധ്യം വളരെ വിരളമായിരുന്നു. ഈ അടുത്തകാലം വരെയും. എന്നാല്‍ സ്വന്തം ഭാഷയില്‍ ആശയവിനിമയം നടത്താനാകുന്നത് അധ്യാപകരുടെ കൂടി ആത്മവിശ്വാസത്തിന് എത്രമാത്രം വര്‍ധിത വീര്യം നല്‍കുന്നുവെന്ന് ഈ ക്ലാസുകള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യപ്പെടും.

ഒരുപക്ഷേ, ഈ ലോക്ഡൗണ്‍ കാല പഠന പ്രതിസന്ധിതന്നെയാണ് ഇത്തരമൊരു അന്വേഷണത്തിന് വഴിവിളക്കായത് എന്നതും പറയാതെ വയ്യ. അധ്യാപകരായ കലൈസെല്‍വി, രേശി, വിദ്യ, ലക്ഷ്മി, മല്ലിക, രംഗന്‍, തങ്കരാജ്, മാരി, രാജേന്ദ്രപ്രസാദ്, രംഗസ്വാമി, കുമാരന്‍, ശക്തിവേല്‍ തുടങ്ങിയവരാണ് ലോവര്‍ പ്രൈമറി ക്ലാസുകളിലെ വിവിധ വിഷയങ്ങളുമായി സ്ക്രീനിലെത്തുന്നത്. സമഗ്ര ശിക്ഷ ജില്ലാ നേതൃത്വവും ഒപ്പമുണ്ട്. അഗളി ബ്ലോക്ക് പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ശ്രീ. വിജയന്‍, ട്രെയിനര്‍മാരായ ഹരിശെന്തില്‍, ഭക്തഗിരീഷ്, രവി എന്നിവരും ചേര്‍ന്നാണ് ക്ലാസുകള്‍ നിയന്ത്രിക്കുന്നത്. സമഗ്ര ശിക്ഷ സംസ്ഥാന പ്രൊജക്ട് ഓഫീസര്‍ ശ്രീ. എ.പി. കുട്ടികൃഷ്ണന്‍റെ പ്രത്യേക ശ്രദ്ധയാണ് മഴവില്‍പൂവിനെ ഇത്ര ആകര്‍ഷകമായ പദ്ധതിയാക്കുന്നത്.

അങ്ങനെ ഗോത്ര മേഖലയില്‍ വിദ്യാഭ്യാസത്തിന്‍റെ അനന്തസാധ്യതകള്‍ തുറന്നുതരികതന്നെയാണ് അഗളി ബി.ആര്‍.സി. തയ്യാറാക്കിയ ഈ ക്ലാസുകള്‍. ലോക്ഡൗണ്‍ പ്രതിസന്ധികാലം ഒഴിഞ്ഞാലും വിദ്യാഭ്യാസ രംഗത്ത് ഒരു മുതല്‍ക്കൂട്ടാവുമെന്നതില്‍ തര്‍ക്കമില്ല.
ഗോത്രമേഖലയിലെ പഠനപ്രശ്നങ്ങളുടെ പരിഹാരവുമായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നൂതനവും ശ്രദ്ധേയവുമായ പദ്ധതികളാല്‍ മുന്‍നിരയിലാണ് അഗളി ബി.ആര്‍.സി.യും പാലക്കാട് ജില്ലയും.

2015ലാണ് പാലക്കാട് ജില്ലാ പഞ്ചായത്ത് അഗളി ഗവ. ഹൈസ്ക്കൂളുമായി സഹകരിച്ച് ആദിവാസി ഭാഷാ പ്രതിസന്ധി പ്രത്യേക വിഷയമായി ‘അഗ്ഗെദുനായാഗ’ (The Mother Tongue) എന്ന പേരില്‍ ഹ്രസ്വചിത്രം പുറത്തിറക്കിയത്. ഗോത്രവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധിയുടെ ആഴം കൃത്യമായി പുറത്തുകാണിക്കുന്ന ഈ സിനിമ സംവിധാനം ചെയ്തത് അഗളി ഹൈസ്ക്കൂളിലെ തന്നെ അധ്യാപിക സിന്ധു സാജനാണ്. 2015ലെ കേരള ചലച്ചിത്ര അക്കാദമി ടെലിവിഷന്‍ അവാര്‍ഡ് നേടിയ ഈ ചിത്രത്തിലെ മുഴുവന്‍ അഭിനേതാക്കളും ഈ വിദ്യാലയത്തിലെ അധ്യാപകരും കുട്ടികളുമായിരുന്നു. ആദിവാസി വിദ്യാര്‍ത്ഥിയുടെ ഭാഷാപ്രശ്നം വിദ്യാഭ്യാസരംഗത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നതിനും സര്‍ക്കാര്‍ തലത്തില്‍ പ്രത്യേക ഇടപെടലുകള്‍ക്കും ഈ സിനിമ ഏറെ സഹായകമായിട്ടുണ്ട്.

തുടര്‍ന്ന് സമഗ്രശിക്ഷ സംസ്ഥാന നേതൃത്വത്തിനുകീഴില്‍ അഗളി ബി.ആര്‍.സി. മുന്‍കൈ എടുത്ത് അഗളി ഗവ. എല്‍.പി. സ്കൂളില്‍ ഗോത്ര ചരിത്രവും സംസ്കാരവും ചുമര്‍ചിത്രങ്ങളായി ആലേഖനം ചെയ്തതും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും ശ്രദ്ധപിടിച്ചുപറ്റുകയുണ്ടായി.
അഗളി ബി.ആര്‍.സി. തന്നെ അട്ടപ്പാടിയിലെ മൂന്നു ഭാഷകളും ഉള്‍പ്പെടുത്തി ആദിവാസി ഭാഷ സംസ്കാരം ഗോത്ര സാഹിത്യം എന്നിവ ചേര്‍ത്ത് ‘സെളിമെകാല’ എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകവും ഈ രംഗത്ത് പ്രത്യേക ശ്രദ്ധ നേടി.

അട്ടപ്പാടിയില്‍ നിയമിതരാകുന്ന അധ്യാപകര്‍ക്ക് അവിടത്ത ഭാഷയും സംസ്കാരവും ഉള്‍ക്കൊണ്ടുകൊണ്ട് ക്ലാസ് മുറിയില്‍ ഇടപെടാന്‍ സഹായകമാം വിധം അധ്യാപക സഹായഗ്രന്ഥം എന്ന നിലയിലാണ് സെളിമെകാല രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.
പഠനത്തിന്‍റെ ആദ്യഘട്ടങ്ങളില്‍ തീര്‍ത്തും ഗൃഹാന്തരീക്ഷത്തോട് സമാനമായിരിക്കണം കുട്ടിയുടെ പഠനാന്തരീക്ഷവും. വിദ്യാലയത്തോടുള്ള ഭയം ഇല്ലാതാകുന്നതിനും പഠന വൈമുഖ്യം പരിഹരിക്കുന്നതിനും ഏറെ അനുയോജ്യമായ രീതിയാണിത്. ഗോത്ര മേഖലയെ സംബന്ധിച്ചെടത്തോളം കുട്ടിയുടെ ജീവിത സാഹചര്യങ്ങളില്‍ നിന്ന് ഏറെ അകത്താണ് വിദ്യാലയത്തിന്‍റെ ഭൗതിക ഘടനയും മറ്റ് സംവിധാനങ്ങളും. ഗോത്ര മേഖലയില്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഒരു മേന്‍മയായി ഒരുപക്ഷേ നമുക്ക് എടുത്തുപറയാനാകുന്നതും ഇതുതന്നെയാകും.

കുട്ടിയുടെ ജൈവികമായ ഗാര്‍ഹികാന്തരീക്ഷത്തില്‍ തന്നെ ഒരുക്കിയിരിക്കുന്ന സാമൂഹ്യപഠനമുറിയിലേക്ക് ക്ലാസ്മുറികളെ എത്തിക്കുകയാണിതെന്ന് പറയാം. ഒരര്‍ത്ഥത്തില്‍ ടീച്ചറും പാഠപുസ്തകവും പഠനവും കുട്ടിയുടെ വീട്ടിലെത്തുന്നു. അന്യഥാബോധമില്ലാത്ത കുട്ടിക്ക് പഠനത്തിലേര്‍പ്പെടാം. അത് ഗോത്ര ഭാഷയില്‍ – തങ്ങളുടെ മാതൃഭാഷയില്‍ തന്നെയാകുമ്പോള്‍ ഒരു പടികൂടി കടന്ന് മുന്‍നിരയിലെത്തുകയാണ്. മുതിര്‍ന്ന ഒരാളുടെ മേല്‍നോട്ടവും പ്രത്യേകം തയ്യാറാക്കിയ സമയക്രമം പാലിച്ച് കുട്ടികളെ സ്ക്രീനിന് മുന്നില്‍ എത്തിക്കുകയെന്നതും ഏറെ പ്രധാനമാണ് താനും.

ഇത്തരത്തില്‍ ഓണ്‍ലൈന്‍ പഠനത്തിന് മാത്രമല്ല അട്ടപ്പാടിയില്‍ നിന്ന് നാമാവശേഷമായിക്കൊണ്ടിരിക്കുന്ന ഗോത്രഭാഷകളുടെ വീണ്ടെടുപ്പ് കൂടിയാണ് സമഗ്രശിക്ഷ കേരളയുടെ ഈ പ്രയത്നം. വരുംനാളുകളില്‍ കേരളം ഏറെ ചര്‍ച്ച ചെയ്യപ്പെടാന്‍ പേകുന്നതും ദേശീയതലത്തില്‍തന്നെ മാതൃകയാകാന്‍ ഒരുങ്ങുന്നതുമാണ് ഗോത്രഭാഷയിലെ ഈ ബീമമുള്ള് പു. അങ്ങനെ അട്ടപ്പാടിയില്‍ ഭാഷയുടെ മഴവില്‍പൂവ് വിരിയിക്കുകയാണിവര്‍.

 

 

 

സിന്ധു സാജൻ

COMMENTS

COMMENT WITH EMAIL: 0